തിരുനക്കര പൂരത്തിനു പടിഞ്ഞാറൻ ചേരുവാരത്തിൽ തൃക്കടവൂർ ശിവരാജു സ്വർണത്തിടമ്പേറ്റും

Mail This Article
കോട്ടയം ∙ തിരുനക്കര പൂരത്തിനു പടിഞ്ഞാറൻ ചേരുവാരത്തിൽ (ശിവശക്തി ഓഡിറ്റോറിയത്തിനു സമീപം) തൃക്കടവൂർ ശിവരാജു തിരുനക്കരയപ്പന്റെ സ്വർണത്തിടമ്പേറ്റും. തിരുനക്കരയുടെ സ്വന്തം ആനയായ തിരുനക്കര ശിവൻ മദപ്പാടിലായതിനാൽ എഴുന്നള്ളിക്കുന്നതിനു വെറ്ററിനറി ഡോക്ടർമാരുടെ അനുമതി ലഭിച്ചില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനകളിൽ ഒട്ടേറെ മികവുകളുടെ പട്ടികയിൽ സ്ഥാനം നേടിയ ആനയാണു തിരുനക്കര ശിവൻ.
ഉത്തമ ലക്ഷണങ്ങളിൽ പലതും ശിവനു സ്വന്തം. പകരം തിടമ്പേറ്റുന്ന ശിവരാജു, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ആനകളിൽ ഏറ്റവും ലക്ഷണമൊത്ത കൊമ്പനാണ്. നിലത്തിഴയുന്ന തുമ്പിക്കൈ, കൊമ്പിൽ തുമ്പിക്കൈചുറ്റിയുള്ള നടത്തം, മുന്നിലേക്ക് തളളിനിൽക്കുന്ന മസ്തകം, മസ്തകത്തിൽ കൂട്ടിയടിക്കുന്ന വലിയ ചെവികൾ, ഉയർന്ന് വെണ്മയാർന്ന കൊമ്പുകൾ, കരിവീട്ടി നിറം, നീളമുള്ള വാൽ, ബലവത്തായ നടയും അമരവും തുടങ്ങിയ ഘടകങ്ങൾ ഒത്തിണങ്ങിയ ആനയാണ്. ഗണപതികോവിലിനു സമീപം കിഴക്കൻ ചേരുവാരത്തിൽ ഉഷശ്രീ ശങ്കരൻകുട്ടി തിടമ്പേറ്റും. തേൻനിറമുള്ള കണ്ണുകൾ, ലക്ഷണമൊത്ത 18 നഖങ്ങൾ, നല്ല ഇടനീളം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ ഉള്ളതാണ് ശങ്കരൻകുട്ടി ആന. 20 നു 4നാണ് പൂരം.
തിരുനക്കര ക്ഷേത്രത്തിൽ ഇന്ന്
ക്ഷേത്ര സന്നിധിയിൽ: ശ്രീബലി എഴുന്നള്ളിപ്പ്– 7.15, ആനയൂട്ട്– 10.30, ഉത്സവബലി ദർശനം– 2.00, ദീപക്കാഴ്ച– 6.00, വിളക്ക് എഴുന്നള്ളിപ്പ് –9.30.
ശിവശക്തി കലാവേദിയിൽ: സോപാന സംഗീതാർച്ചന– വിനോദ് സൗപർണിക– 9.00, ഭജന– ശ്രീഭദ്ര ഭജൻമണ്ഡലി–11.00, തിരുവാതിരക്കളി– 12.00, നാരായണീയ പാരായണം– 12.30, സംഗീതസദസ്സ്– അശ്വതി സംഗീത വിദ്യാലയം – ആർഎൽവി സിസി വിനോദ്– 1.30, ഹരികഥ– ശാസ്താംകാവ് ക്ഷേത്ര കലാവേദി– 2.30, തിരുവാതിരക്കളി– 3.30, വീണക്കച്ചേരി – ടി.എ.ദേവനന്ദ– 4.00, നൃത്താർച്ചന– 4.30, തിരുവാതിരക്കളി– എൻഎസ്എസ് കരയോഗം – 5.30, കാഴ്ചശ്രീബലി– 6.00, മെഗാ ഫ്യൂഷൻ സംഗീതനിശ– 8.30, കഥകളി– തോരണയുദ്ധം– 10.00.
കാഴ്ചശ്രീബലി ഇന്ന് ആരംഭിക്കും
ഉത്സവത്തിന്റെ ഭാഗമായി കിഴക്കേ ഗോപുരനടയ്ക്ക് മുന്നിൽ കാഴ്ചശ്രീബലി ഇന്ന് ആരംഭിക്കും. വൈകിട്ട് 6 മുതൽ 8.30 വരെയാണ് കാഴ്ചശ്രീബലി. വേല, സേവ – കാട്ടാമ്പാക്ക് കൊട്ടാരം ദേവീക്ഷേത്രം വേലകളി സംഘം, മയൂരനൃത്തം – ആർപ്പൂക്കര സതീശ് ചന്ദ്രൻ, ശ്രീജിത്ത് വാര്യമുട്ടം. തോട്ടയ്ക്കാട് രാജശേഖരൻ ആനയാണ് തിടമ്പേറ്റുന്നത്. 4 ആനകൾ അകമ്പടിയാകും.