ശരീരം മെഡിക്കൽ പഠനത്തിന്; വിവാഹ വേദിയിൽ വധുവിന്റെയും ഉറ്റവരുടെയും സമ്മതപത്രം

Mail This Article
ഒറ്റപ്പാലം∙ ആർഭാടങ്ങൾക്കപ്പുറം നന്മമനസ്സിന്റെ നല്ലപാഠമായി മാറി കതിർമണ്ഡപം. പുതിയ ജീവിതം തുടങ്ങും മുൻപ്, ജീവിതാനന്തരം ശരീരം ദാനം ചെയ്യാൻ സന്നദ്ധരായ നവവധുവും ബന്ധുക്കളും സുഹൃത്തുക്കളുമാണു വിവാഹത്തിനു വേറിട്ട മുഖം സമ്മാനിച്ചത്. ചുനങ്ങാട് മയിലുംപുറം വലിയ വീട്ടിൽ കുളങ്ങര സി.കെ.ദേവദാസിന്റെയും വസന്തകുമാരിയുടെയും മകൾ ശ്രീദേവിയുടെയും തൃശൂർ കൊടകര വെമ്മനാട്ട് പി.മോഹൻ - ബിന്ദു ദമ്പതികളുടെ മകൻ ദീപക് മോഹന്റെയും വിവാഹവേദിയിലാണ് സമ്മതപത്രം കൈമാറിയത്. വരോട്ടെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം.
വധു ശ്രീദേവി (26), അച്ഛൻ സി.കെ.ദേവദാസ് (63), അമ്മ വസന്തകുമാരി (59), ഇവരുടെ സഹോദരി മാധവിക്കുട്ടി (55), ശ്രീദേവിയുടെ സഹോദരി വിദ്യ പ്രസാദ് (32), സുഹൃത്തുക്കളായ ചുനങ്ങാട് കരുവാതുരുത്തി ശ്യാംജിത്ത് ആർ.കിരൺ (26), അനങ്ങനടി നെല്ലിൻകുന്നത്ത് തനൂജ (41), ചുനങ്ങാട് ചെറിയംപുറം വീട്ടിൽ ഷാജിത (33) എന്നിവരാണു മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് തൃശൂർ മെഡിക്കൽ കോളജിലേക്ക് ശരീരം ദാനം ചെയ്യാൻ സമ്മതപത്രം കൈമാറിയത്.ഡോണർ കാർഡ് കെ.പ്രേംകുമാർ എംഎൽഎയിൽ നിന്നു കുടുംബം ഏറ്റുവാങ്ങി. സമ്മതപത്രങ്ങൾ മെഡിക്കൽ കോളജ് അനാട്ടമി വിഭാഗം പ്രഫസർ ഡോ. വി.കെ.സതീദേവി സ്വീകരിച്ചു. വധുവിന്റെ അച്ഛൻ ദേവദാസ് ‘മലയാള മനോരമ’ ചുനങ്ങാട് ഏജന്റാണ്.