ADVERTISEMENT

പത്തനംതിട്ട ∙ ജില്ലയുടെ കുതിപ്പിന് വഴിയൊരുക്കാൻ തയാറെടുക്കുകയാണ് പുനലൂർ- പൊൻകുന്നം പാത. കെഎസ്ടിപി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി ലോകബാങ്ക് സഹായത്തോടെ 737.64 കോടി രൂപ ചെലവിൽ നടത്തുന്ന റോഡ് വികസനമാണ് വേഗത്തിൽ മുന്നേറുന്നത്. യന്ത്ര സഹായത്തോടെ നടത്തുന്ന പണികൾ ഓരോ ദിവസവും റോഡിന് വലിയ രൂപമാറ്റമാണ് വരുത്തുന്നത്. മലയും കുന്നും ഇടിച്ചും കരിങ്കല്ലുകൾ പൊട്ടിച്ചു നീക്കിയും കൊക്കയുടെ വശങ്ങൾ കെട്ടി ഉയർത്തി നടത്തുന്ന പണികൾ ജില്ല കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ റോഡ് വികസനമാണ്.

പുനലൂർ - പൊൻകുന്നം പാത 3 ഭാഗമായി തിരിച്ചാണ് കരാർ നൽകിയത്. ഇതിൽ കോന്നി - പ്ലാച്ചേരി ഭാഗത്തെ 30.16 കിലോമീറ്ററിന്  274.24 കോ‌ടി രൂപയും പുനലൂർ - കോന്നി 29.84 കിലോമീറ്ററിന് 226.61 കോടി രൂപയും പ്ലാച്ചേരി - പൊൻകുന്നം  22.17 കിലോമീറ്ററിന്  236.79 കോടി രൂപയാണ് അടങ്കൽ തുക. ഇതിൽ കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള ഭാഗത്തെ പണികളാണ് ജില്ലയിൽ പ്രധാനമായും നടക്കുന്നത്.  ഇതിന്റെ വിശേഷങ്ങളിലേക്ക്:-

പൈപ്പും പോസ്റ്റും ഒരുമിച്ചിട്ട്

കുമ്പഴ വടക്ക് മുതൽ മണ്ണാരക്കുളഞ്ഞി ഭാഗത്തേക്ക് റോഡ് വീതി കൂട്ടുന്ന പണികൾ തീർന്ന ഭാഗത്ത് കോൺക്രീറ്റ് ഓട സ്ഥാപിക്കലും നടക്കുന്നു. ഇതിനു പുറമേ വൈദ്യുതി പോസ്റ്റുകൾ വശത്തേക്ക് മാറ്റുന്നതും ശുദ്ധജല കുഴലുകൾ ഇടുന്നതും നടക്കുന്നുണ്ട്. നിർമാണം പൂർത്തിയായ ശേഷം പൈപ്പ് സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാനാണിത്. റോഡിന്റെ കരാറുകാർ തന്നെയാണ് പൈപ്പിടുന്നതും വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതും.

പുനലൂർ- പൊൻകുന്നം പാതയിൽ മൈലപ്ര ജംക്​ഷനും മണ്ണാരക്കുളഞ്ഞി ചന്തയ്ക്കും മധ്യേ രണ്ടാം കലുങ്ക് ഭാഗത്തെ ‘എസ്’ വളവ് നേരെയാക്കാൻ പാറപൊട്ടിച്ച് നീക്കിയ ഭാഗം. ചിത്രം: മനോരമ

പാറ പൊട്ടിച്ചു നീക്കി, മല ഇടിച്ചു നിരത്തി

മൈലപ്രയ്ക്കും മണ്ണാരക്കുളഞ്ഞിക്കും മധ്യേ ഗതാഗതം പൂർണമായും നിരോധിച്ചുള്ള പണികളാണ് നടക്കുന്നത്. റോഡിന് ഏറ്റവും വലിയ രൂപ മാറ്റം വന്നത് രണ്ടാം കലുങ്ക് ഭാഗത്താണ്. ഇവിടുത്തെ ‘എസ്’ ആകൃതിയിലുള്ള വളവ് നേരെയാക്കാൻ പാറപൊട്ടിച്ച് നീക്കുകയാണ്. 6 മീറ്റർ വരെ ഉയരത്തിൽനിന്നു തൂക്കായി കരിങ്കല്ല് പൊട്ടിച്ചു നീക്കി. തയ്യിൽ പടിക്കു സമീപത്തെ ഒന്നാം കലുങ്ക് പുതിയ അലൈൻമെന്റ് അനുസരിച്ച് മാറ്റിയാണ് പണിയുന്നത്.

മൂഴിയാർമുക്കു മുക്ക് മുതൽ വെളിവയൽ പടി വരെയുള്ള ഭാഗം അപകട മേഖലയാണ്. ഇവിടെ മലയുടെ ഭാഗം ഇടിച്ച് വീതി കൂട്ടി. കല്ലുകൾ പൊട്ടിച്ചു നീക്കുന്ന പണികൾ നടക്കുന്നു. ഒപ്പം കൊക്കയുടെ ഭാഗത്ത് ഇരുമ്പ് വലയിൽ കരിങ്കല്ല്  അടുക്കിയാണ് സംരക്ഷണ ഭിത്തി നിർമിക്കുന്നത്. വലിയ വളവ് ഉള്ള ഭാഗത്ത് കലുങ്കിന്റെ പണികളും നടക്കുന്നു. ഉതിമൂട് ജംക്‌ഷൻ മുതൽ വലിയ കലുങ്ക് വരെയുള്ള  വീതികൂട്ടൽ 60 ശതമാനമായി. കോൺക്രീറ്റ് ഓട സ്ഥാപിക്കൽ, കലുങ്ക് നിർമാണം എന്നിവയും  വേഗത്തിലാണ് പൂർത്തിയാകുന്നത്.

മണ്ണാരക്കുളഞ്ഞി ആശുപത്രിക്കു സമീപം ഗതാഗതം നിരോധിച്ച് പുനലൂർ- പൊൻകുന്നം പാത 2 വരിയായി വികസിപ്പിക്കുന്നു. റോഡ് ഉയർത്തുന്നതിന് ഇറക്കിയ മണ്ണും കാണാം. ചിത്രം: മനോരമ

വളവ് നേരെയാക്കി, റോഡ് ഉയർത്തി

രണ്ടാം കലുങ്ക് മുതൽ മണ്ണാരക്കുളഞ്ഞി ചന്ത വരെയുള്ള ഭാഗത്ത് കൊക്കയുള്ള വശം കെട്ടി ഉയർത്തി മണ്ണിട്ട് നികത്തിയെടുക്കാനുള്ള പണികൾ നടക്കുന്നു. മണ്ണാരക്കുളഞ്ഞി ചന്തയ്ക്കു  സമീപത്തെ കൊടുംവളവ് നേരെയാക്കുന്ന ജോലികൾ പുരോഗമിക്കുന്നു, സ്ഥലം ഏറ്റെടുത്ത് കലുങ്ക് നിർമിച്ചാണ് ഇവിടെ വളവ് നേരെയാക്കുന്നത്. മണ്ണാരക്കുളഞ്ഞി ആശുപത്രിക്കും മൂഴിയാർ മുക്കിനും മധ്യേ റോഡ് നിർമാണത്തിൽ വലിയ പുരോഗതിയാണ് ഉള്ളത്. ഇവിടെ റോഡിന്റെ ഒരുവശം കെട്ടി ഉയർത്തി മണ്ണിട്ടു.  മേക്കൊഴൂർ വഴിയുള്ള റോഡ് ചേർന്ന ഭാഗത്ത്  വലിയ വീതിയിലാണ് വെട്ടുന്നത്.

ഇവിടെ വലിയ ഉരുളൻ കല്ലുകൾ യന്ത്രസഹായത്തോടെ വശം കെട്ടാൻ പാകത്തിൽ പൊട്ടിച്ചു മാറ്റുകയാണ്. മേക്കൊഴൂർ റോഡ് ചേരുന്ന ഭാഗം മുതൽ മൂഴിയാർ മുക്ക് വരെ കരിങ്കല്ല് അടുക്കി വശം കെട്ടി ഉയർത്തുന്ന ജോലികൾ പുരോഗമിക്കുന്നു.ഏറ്റവും ആകർഷകമായ പണികൾ നടക്കുന്നത് വാളിപ്ലാക്കൽ എൻഎംഎൽപി സ്കൂളിന് സമീപത്താണ്. വശം കെട്ടി ഉയർത്തുന്ന ജോലികളാണ്  ഇവിടെയും നടക്കുന്നത്.  റാന്നി വൈക്കം ഗവ. യുപി സ്കൂളിന്റെ മുറ്റം മുഴുവൻ റോഡിനായി എടുത്തു. കോൺക്രീറ്റ് ഭിത്തി കെട്ടുന്ന ജോലിയാണ് ഇവിടെ നടക്കുന്നത്.

ഇവിടെ ഇഴഞ്ഞിഴഞ്ഞ്

റാന്നി ബ്ലോക്ക് പടിക്കും ഉതിമൂടിനും ഇടയിൽ വളവുകൾ  നേരെയാക്കി പുതിയ അലൈൻമെന്റിലൂടെ  റോഡ് നിർമിക്കുന്ന ജോലികൾ നേരത്തെ തുടങ്ങിയതാണെങ്കിലും ഇഴഞ്ഞാണു നീങ്ങുന്നത്.

പ്രധാന വിവരങ്ങൾ
∙ റോഡിന്റെ ആകെ ദൂരം 82.11 കിലോമീറ്റർ
∙ ആകെ ചെലവ് 737.64 കോടി രൂപ
∙ 2 വരി പാത, ആകെ വീതി 14 മീറ്റർ. 10 മീറ്റർ വീതിയിൽ ടാറിങ്.
∙ റോ‍ഡിന്റെ 2 വശവും 2 മീറ്റർ വീതിയിൽ നടപ്പാത
∙ കോന്നി മുതൽ പ്ലാച്ചേരി വരെ 28 ജംക്‌ഷനുകൾ നവീകരിക്കും.
∙ ടൗണുകളിൽ 6.5 കിലോമീറ്റർ ദൂരത്തിൽ നടപ്പാതയും കൈവരിയും
∙ ടൗണുകളിൽ ബസ്‌ ബേ
∙ സ്കൂൾ മേഖലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com