രണ്ടാഴ്ച കാക്കേണ്ട, പ്രത്യേക ഫീസും അടയ്ക്കേണ്ട, ഒഇടി പരീക്ഷാഫലം അഞ്ചുദിവസത്തിനുള്ളിൽ

Mail This Article
കൊച്ചി ∙ ഒഇടി പേപ്പർ- ബേസ്‌ഡ് പരീക്ഷാഫലം അഞ്ചു ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് ഹെൽത്ത് കെയർ പ്രഫഷനലുകൾക്കുള്ള ഇംഗ്ലിഷ് ഭാഷാ ടെസ്റ്റ് സേവന ദാതാക്കളായ ഒഇടി (ഒക്കുപ്പേഷനൽ ഇംഗ്ലിഷ് ടെസ്റ്റ്). നേരത്തെ ഇത് 14 ദിവസമായിരുന്നു. ‘‘അഞ്ചു ദിവസം കൊണ്ട് ഫലമറിയാൻ കഴിയുമെന്നത് വിദേശ ജോലിക്ക് ശ്രമിക്കുന്ന ഹെൽത്ത് കെയർ പ്രഫഷനലുകൾക്ക് അവരുടെ മറ്റു നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ പരീക്ഷാഫലം നൽകുന്ന മറ്റൊരു ടെസ്റ്റ് സേവന ദാതാക്കളും ഇല്ല. അഞ്ചു ദിവസത്തിനുള്ളിൽ ഫലം ലഭിക്കാൻ ഉദ്യോഗാർഥികൾ പ്രത്യേക ഫീസ് അടക്കേണ്ടതില്ല’’ – ഒഇടി ദക്ഷിണേഷ്യ റീജനൽ ഡയറക്ടർ അമിത് ഉപാധ്യായ് മനോരമ ഓൺലൈനോട് പറഞ്ഞു.
യുകെ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ജോലി നേടാൻ ശ്രമിക്കുന്ന ഹെൽത്ത്കെയർ പ്രഫഷനലുകളുടെ എണ്ണം വളരെക്കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വേഗത്തിൽ പരീക്ഷാഫലം നൽകാൻ കഴിയുന്നതിനാൽ, ജോലി നേടാനുള്ള അവരുടെ ശ്രമങ്ങൾ പിന്തുണയ്ക്കാൻ ഒഇടിക്ക് സാധിക്കും. ‘‘2023-ൽ ഒഇടി ലോകമെമ്പാടും 2,00,000 പരീക്ഷകൾ നടത്തി. അതിൽ നല്ലൊരു പങ്ക് ഉദ്യോഗാർഥികളും ഇന്ത്യയിൽ നിന്നായിരുന്നു. ഇന്ത്യയിൽ തന്നെ ഒഇടി പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ കേരളത്തിൽ നിന്നുമാണ്. അതുകൊണ്ടു തന്നെ കേരളം ഒഇടിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമാണ്.’’ – അമിത് കൂട്ടിച്ചേർത്തു.
