കാലവർഷ മേഘങ്ങൾ കന്യാകുമാരിയിലേക്ക്; അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടാൽ ഗതി മാറും!
Mail This Article
പത്തനംതിട്ട ∙ ബംഗാൾ ഉൾക്കടലിൽ 24–ാം തീയതിയോടെ ന്യൂനമർദം എത്തുമ്പോൾ സംസ്ഥാനത്ത് മഴ ശക്തിപ്പെടാനാണു സാധ്യത എന്നു കാലാവസ്ഥാ നിരീക്ഷകർ. ഇതുമൂലം 31 ന് എത്തുമെന്നു പ്രഖ്യാപിച്ച കാലവർഷം ഏതാനും ദിവസം മുൻപ് കേരള തീരത്ത് സാന്നിധ്യമറിയിക്കാനാണു സാധ്യത. അതേ സമയം, അറബിക്കടലിലും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നു ചില നിരീക്ഷകർ പറയുന്നു. കാലവർഷ മേഘങ്ങൾ മാലദ്വീപും കടന്ന് കന്യാകുമാരിക്കു താഴെയുള്ള കോമോറിൻ കടൽ മേഖലയിൽ വരെ വൈകാതെ സാന്നിധ്യമറിയിക്കുമെന്ന് ന്യൂഡൽഹിയിലെ കേന്ദ്ര കാലാവസ്ഥാ വിഭാഗം സൂചിപ്പിച്ചു. ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി രൂപപ്പെടുന്ന ന്യൂനമർദം സാധാരണ രീതിയിൽ വടക്കോട്ടു നീങ്ങി ഒഡീഷയിലോ കൊൽക്കത്ത– സുന്ദർബൻ– ബംഗ്ലദേശ് തീരത്തോ ചിലപ്പോൾ മ്യാൻമറിലേക്കോ കയറുകയാണ് പതിവ്. ഇതേ സമയം അറബിക്കടലിലും ഒരു സമാന്തര ന്യൂനമർദം രൂപപ്പെട്ടാൽ രണ്ടും കൂടിയുള്ള പരസ്പര ആകർഷണം എങ്ങനെ മഴമേഘങ്ങളുടെ ഗതിയെ വഴിതിരിക്കുമെന്ന് പറയാനാവില്ല. അറബിക്കടലിൽ മാത്രം ന്യൂനമർദം രൂപപ്പെട്ട വർഷങ്ങളിൽ കാലവർഷം മുഴുവനായി ഒമാൻ തീരത്തേക്ക് മാറിപ്പോയ അനുഭവമുണ്ട്.
രാജ്യത്തെ തന്നെ ഉയർന്ന മഴ പത്തനംതിട്ട– ളാഹ മാപിനിയിൽ
ഞായർ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വർഷപാതം ലഭിച്ചത് പത്തനംതിട്ട ജില്ലയിലെ ളാഹ മഴമാപിനിയിൽ. ഏകദേശം 190 മില്ലീമീറ്റർ (19 സെമീ) മഴയാണ് ഏതാനും മണിക്കൂറുകൾ കൊണ്ട് പെയ്തിറങ്ങിയത്. കൊല്ലം ടൗണിലും ഏകദേശം 19 സെമീ മഴ ലഭിച്ചു. മറ്റിടങ്ങളിലെ മഴ: തിരുവല്ലയിൽ 13 സെമീ, കോന്നിയിൽ 10 സെമീ.
വെള്ളിയാഴ്ചയും ജില്ലയുടെ പല ഭാഗത്തും മഴ ലഭിച്ചു. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മഴ ഏനാദിമംഗലത്ത് (11 സെമീ) രേഖപ്പെടുത്തി. ജില്ലയിൽ പുതുതായി സ്ഥാപിച് സ്വയം നിയന്ത്രിത മാപിനികളിൽ നിന്നാണ് ഈ അളവുകൾ.
ഏതാനും ദിവസങ്ങളായി ജില്ലയിൽ കനത്ത മഴ ലഭിച്ചു തുടങ്ങിയതോടെ ചൂടിനു ശമനമുണ്ട്. 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന പകൽ താപം മിക്കയിടത്തും 33 ഡിഗ്രിയായും രാത്രിതാപം 23 ഡിഗ്രി വരെയായും കുറഞ്ഞു. റെഡ് അലർട്ടിനിടയിലും ജില്ലയിൽ തെളിയുന്ന വെയിലിന് ചൂടേറെയാണ്. അന്തരീക്ഷ ഈർപ്പം ഉള്ളതിനാൽ ഉഷ്ണം അനുഭവപ്പെടുന്നു.
പത്തനംതിട്ട ഉൾപ്പെടെ നാലു ജില്ലകളിൽ ശരാശരി വേനൽമഴ
സംസ്ഥാനത്ത് വേനൽമഴ ഏറ്റവും കൂടുതൽ ലഭിക്കുന്ന ജില്ലയിലെ മഴക്കുറവിനും ഏകദേശം പരിഹാരമായി കഴിഞ്ഞ ദിവസം വരെ 25 % മഴ കുറവായിരുന്നു ജില്ലയിൽ. മാർച്ച് 1 മുതൽ ഇന്നലെ വരെ ലഭിക്കേണ്ട മഴ 40.6 സെമീയാണ്. ലഭിച്ചത് 40.1. കുറവ് ഒരു ശതമാനം മാത്രം.
തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് ഇതുവരെ ആവശ്യത്തിലേറെ മഴ ലഭിച്ചത്. 28 സെമീ ലഭിക്കേണ്ട സ്ഥാനത്ത് 32 സെമീ ലഭിച്ചപ്പോൾ 14 % അധികം. കോട്ടയവും (–1%) പാലക്കാടുമാണ് (–7%) ശരാശരി മഴ ലഭിച്ച മറ്റു രണ്ടു ജില്ലകൾ. ബാക്കി പത്തു ജില്ലകളിലും മഴ കുറവാണ്. ഇടുക്കിയിലും കാസർകോട്ടും 43 % ആണ് മഴക്കുറവ്.