98 കിലോ ഭാരം, 18 അടി നീളം,പിടിയിലായത് ഏറ്റവും വലിയ പെരുമ്പാമ്പ്, വയറിനുള്ളിൽ 122 മുട്ടകൾ
Mail This Article
ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് നിന്നാണ് ഗവേഷകർ കൂറ്റൻ ബർമീസ് പെരുമ്പാമ്പിനെ പിടികൂടി റെക്കോഡ് സ്വന്തമാക്കിയത്. 18 അടി നീളവും 98 കിലോ ഭാരവുമുള്ള കൂറ്റൻ പെൺ പെരുമ്പാമ്പിനെയാണ് ഗവേഷകർ പിടികൂടിയത്. പിന്നീട് പാമ്പിനെ ദയാവധത്തിന് വിധേയമാക്കി. ഇതിന്റെ വയറിനുള്ളിൽ നിന്ന് 122 മുട്ടകളും കണ്ടെത്തി.കൺസർവൻസി ഓഫ് സൗത്ത്‌വെസ്റ്റ് ഫ്ലോറിഡയിലെ ജന്തുശാസ്ത്ര ഗവേഷകരാണ് പാമ്പിനെ പിടികൂടിയത്.
അധിനിവേശ ജീവികളായ ബർമീസ് പെരുമ്പാമ്പുകൾ പെറ്റുപെരുകിയതോടെ പ്രാദേശിക ജീവികൾക്ക് ഇവ കടുത്ത ഭീഷണിയായി .ഇതോടെയാണ് ബർമീസ് പെരുമ്പാമ്പുകളെ വേട്ടയാടാൻ അനുമതി നൽകാൻ ഫ്ലോറിഡയിലെ വന്യജീവി വിഭാഗം നിർബന്ധിതരായത്. ഫ്ലോറിഡയിൽ വർഷം തോറും പൈതൺ ഹണ്ടിങ് പ്രോഗ്രാം നടത്താറുണ്ട്. ഈ വേട്ടയാടലിൽ ആറ് മുതൽ എട്ടടി വരെയുള്ള പെരുമ്പാമ്പുകളെ പിടികൂടിയിട്ടുണ്ട്. 2019 ൽ 17 അടി നീളവും 63.5 കിലോ ഭാരവുമുള്ള പെൺ പെരുമ്പാമ്പിനെയും പിടികൂടിയിരുന്നു. എന്നാൽ ഇത്രയധികം വലുപ്പമുള്ള ഒരു പെരുമ്പാമ്പിനെ പിടികൂടുന്നത് ഇതാദ്യമാണെന്ന് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ വ്യക്തമാക്കി.
ഏഷ്യയാണ് ബർമീസ് പെരുമ്പാമ്പുകളുടെ സ്വദേശം. അവിടെയുള്ള പെരുമ്പാമ്പുകൾക്ക് 18 മുതൽ 20 അടിവരെ നീളം വയ്ക്കാറുണ്ട്. എന്നാൽ ഫ്ലോറിഡയിൽ ഇതാദ്യമായാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തുന്നത്. ഇവിടെ കണ്ടെത്തിയ പെൺ പെരുമ്പാമ്പിൽ വിരിയാൻ തയാറായ 122 മുട്ടകളുമുണ്ടായിരുന്നു. ജനുവരി മുതൽ ഏപ്രിൽവരെയാണ് ബർമീസ് പെരുമ്പാമ്പുകളുടെ പ്രജജന കാലം. ആൺ പെരുമ്പാമ്പുകളുടെ ശരീരത്തിൽ ഘടിപ്പിച്ചു വിട്ടിരിക്കുന്ന ടാഗും റേഡിയോ ട്രാൻസ്മിറ്ററുകളാണ് പെൺ പെരുമ്പാമ്പുകളെ കണ്ടെത്താൻ ഗവേഷകരെ സഹായിക്കുന്നത്. സ്കൗട്ട് എന്നാണ് ഈ ആൺ പെരുമ്പാമ്പുകൾ അറിയപ്പെടുന്നത്. ഡയൺ എന്നു വിളിക്കുന്ന ആൺ പെരുമ്പാമ്പാണ് ഗവേഷകരെ ഈ വലിയ പെൺപെരുമ്പാമ്പിന്റെ വാസസ്ഥലത്തേക്ക് എത്തിച്ചത്.
അധിനിവേശ പെരുമ്പാമ്പുകളെ ഇല്ലാതാക്കുക മാത്രമല്ല ചെയ്യുന്നത്. ഗവേഷണത്തിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും എങ്ങനെയാണിവ വനത്തിൽ കഴിയുന്നതെന്ന് വ്യക്തമായ പഠനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കണ്ടെത്തിയ പെരുമ്പാമ്പിന്റെ വയറിനുള്ളിൽ നിന്ന് വൈറ്റ് ടെയ്‌ൽഡ് വിഭാഗത്തിൽ പെടുന്ന മാനിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ബർമീസ് പെരുമ്പാമ്പുകളുടെ എണ്ണം നിയന്ത്രിക്കാൻ നിരവധി പരിപാടികൾ ഇവർ ആസൂത്രണം ചെയ്തിരുന്നു. ഇതിൽ ആദ്യത്തേത് ബിഗ് സൈപ്രസ് ഉൾപ്പെടെയുള്ള മേഖലകളിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ കാണപ്പെടുന്ന പെരുമ്പാമ്പുകളെ കൊല്ലാനുള്ള അനുവാദം വ്യക്തികൾക്കു നൽകുകയായിരുന്നു. പിന്നീട് ഹണ്ടിങ് മത്സരങ്ങൾ സംഘടിപ്പിച്ചു. പരിസരത്തെവിടെയെങ്കിലും പെരുമ്പാമ്പിനെ കണ്ടെത്തിയാൽ സ്ഥലം ഉൾപ്പെടെ വിവരങ്ങൾ കൈമാറനും നിർദേശം നൽകി. മത്സരങ്ങൾ സംഘടിപ്പിച്ച് പാമ്പിനെ കൊല്ലുന്നവർക്ക് പാരിതോഷികങ്ങൾ കൈമാറാനും മറന്നില്ല. ഇതെല്ലാം പാമ്പുകളുടെ എണ്ണം കുറയ്ക്കാൻ സഹായകരമാകുന്നുണ്ട്.
In record, Florida biologists capture nearly 100-kg Burmese python with 122 eggs