ഐസില്ലാതെ ഉത്തരധ്രുവമോ? അടുത്ത പതിറ്റാണ്ടോടെ സംഭവിക്കാമെന്ന് പഠനം
Mail This Article
ധ്രുവപ്രദേശങ്ങൾ എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്നത് മഞ്ഞുമൂടിയ ഭൂമിയും ഐസ് പാളികൾ നിറഞ്ഞ സമുദ്രവുമൊക്കെയാകും. എന്നാൽ ആ കാഴ്ചയ്ക്ക് വരുന്ന പതിറ്റാണ്ടിൽ തന്നെ മാറ്റമുണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിൽ കത്തുന്ന ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള വികിരണങ്ങൾ കൂടിയാൽ ഉത്തരധ്രുവമേഖലയിലെ കടൽഹിമം പൂർണതോതിൽ ഉരുകുമത്രേ.
2035 മുതൽ 2067 വരെയുള്ള കാലയളവിലെ വേനൽക്കാലങ്ങളില്‍ എപ്പോഴെങ്കിലുമാകാം ഇതു സംഭവിക്കുന്നത്. കാർബൺ വികിരണത്തോത് കൂടിയാൽ ഉത്തരധ്രുവത്തിലെ ഐസുരുകുന്ന പ്രക്രിയയും വേഗത്തിലാകുമെന്ന് ഗവേഷകർ പറയുന്നു. ഇത് ധ്രുവക്കരടികൾ, സീലുകൾ, വാൽറസുകൾ തുടങ്ങിയ ജീവികളുടെ ആവാസവ്യവസ്ഥയെയും അവിടത്തെ ജൈവവൈവിധ്യത്തെയും ബാധിക്കും.
യുഎസിലെ കൊളറാഡോ സർവകലാശാലയിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. വേനൽക്കാലങ്ങളിൽ ഇന്നു കാണുന്നതു പോലെ വെള്ളനിറത്തിലുള്ള ഭൂമിയായിരിക്കില്ല ആർട്ടിക്കിലെന്നും മറിച്ച് നീലനിറത്തിലുള്ള സമുദ്രത്താൽ ചുറ്റപ്പെട്ടാകും വൻകര കിടക്കാൻ പോകുന്നതെന്നും ഗവേഷകർ പറയുന്നു.
എന്നാൽ ഇങ്ങനെയൊക്കെ സംഭവിച്ചാലും പ്രത്യാശയ്ക്കു വകയുണ്ടെന്നും ഗവേഷകർ പറയുന്നു. ഗ്രീൻലൻഡിലും മറ്റുമുള്ള ഐസ് ആണ്ടുകൾക്ക് രൂപപ്പെട്ടതാണ്. എന്നാൽ ആർട്ടിക്കിൽ ഇതല്ല സ്ഥിതി. പൂർണമായി ഐസ് ഉരുകിയാലും വികിരണത്തോത് ഗണ്യമായി കുറയുന്ന പക്ഷം ഉത്തരധ്രുവത്തിലെ ഐസ് പഴയരൂപത്തിലേക്ക് മടങ്ങിവരുമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
എന്നാൽ ആർട്ടിക്കിൽ ഐസ് ഉരുകിമാറുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു വിദഗ്ധർ പറയുന്നു. ജീവികളെ മാത്രമായിരിക്കില്ല ഇതു ബാധിക്കുക. തീരത്തു താമസിക്കുന്ന മനുഷ്യരെയും ഇതു ബാധിക്കാം. ആർട്ടിക്കിലെ കട്ടിയേറിയ ഹിമം അഥവാ പെർമഫ്രോസ്റ്റിനുള്ളിൽ ചരിത്രാതീത കാലത്തുനിന്നൊക്കെയുള്ള മൃഗങ്ങളുടെ ശരീരങ്ങളും മറ്റും ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്. സൂക്ഷ്മജീവികളും ഇത്തരത്തിലുണ്ട്. ഹിമം പരിധിയിൽ കൂടുതൽ ഉരുകിയാൽ ഇവ പുറത്തെത്താം.
ലോകത്ത് ഇന്നുള്ളതിൽ നിന്നു വ്യത്യസ്തമായ മഹാമാരികളുണ്ടാകാൻ ഇതു വഴിവയ്ക്കാം. ഇങ്ങനെ സംഭവിച്ചാൽ അതു മനുഷ്യരാശിയെ മൊത്തം ബാധിക്കും.