കാടറിഞ്ഞ ഫൊട്ടോഗ്രാഫർ പറയുന്നു: ‘മനുഷ്യ–മൃഗ സംഘർഷം ഇല്ലാതാക്കാൻ ഒറ്റക്കാര്യം ചെയ്താൽ മതി’
Mail This Article
കാടുകളിലെ മനോഹര ചിത്രങ്ങൾ നാടിനു സമ്മാനിക്കാൻ തുടങ്ങിയിട്ടു കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ ഫൊട്ടോഗ്രാഫർ. ബിജു കാരക്കോണത്തിന്റെ വന യാത്രകൾക്കു കണക്കില്ല. എടുത്ത ചിത്രങ്ങൾക്കും... ഒട്ടേറെ ഫോട്ടോ പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും ദേശീയ ഫൊട്ടോഗ്രാഫി മത്സരങ്ങളിൽ വിധികർത്താവുമാകുന്ന ബിജുവിനു കേരളത്തിലെ ഒട്ടുമിക്ക കാടുകളും പരിചിതം. മൃഗങ്ങളും മനുഷ്യരും മുഖാമുഖം പോരാടുമ്പോൾ യഥാർഥ പരിഹാരത്തിന് ആരും ശ്രമിക്കുന്നില്ലെന്നാണു ബിജുവിന്റെ പരാതി.
‘‘വിവിധ രാജ്യങ്ങളും ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളും കാട്ടിനുള്ളിൽ മൃഗങ്ങളുടെ അവാസവ്യവസ്ഥ ശക്തിപ്പെടുത്താൻ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ശല്യമുണ്ടാക്കാനായി മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങില്ല. ഭക്ഷണമാണ് അവയുടെ പ്രശ്നം. അതു സാധ്യമാക്കിയാൽ പ്രശ്നങ്ങൾ തീരും. ആദിവാസി സമൂഹം ഈ മൃഗങ്ങളുമായി കാര്യമായ പ്രശ്നങ്ങളില്ലാതെ കഴിയുന്നുണ്ടെന്ന് ഓർക്കണം. ഒറ്റപ്പെട്ട സംഭവങ്ങൾ എല്ലാക്കാലത്തും ഉണ്ടായിരുന്നു.’’– ബിജു പറയുന്നു.
ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ വഴി മുറിച്ചാണു പലയിടത്തും മലയോര റോഡുകൾ നിർമിച്ചത്. ശക്തമായ പ്രകാശമുള്ള ലൈറ്റുകളുമായി എത്തുന്ന വാഹനങ്ങൾ ആനകൾക്ക് അസ്വസ്ഥത ഉണ്ടാക്കും. ഹോൺ അവയ്ക്ക് പഥ്യവുമല്ല. ശബ്ദമുണ്ടാക്കി തുരത്താനുള്ള ശ്രമത്തെ ശത്രുതയായേ ആനകൾ കാണുകയുള്ളൂ. കാട്ടിലെ ആനയ്ക്ക് പാപ്പാനും ചങ്ങലയും ഇല്ലെന്നു മനുഷ്യർ ഓർക്കാറില്ല. വന്യമൃഗ പദവി ഉണ്ടെങ്കിലും നാട്ടിൽ ജനിച്ചുവളർന്ന് ഇരതേടിക്കഴിയുന്ന പാമ്പുകളും കുരങ്ങുകളും പന്നികളും കാട്ടിൽ ജീവിക്കില്ല. ഇവയെ പിടികൂടി കാട്ടിലേക്കു വിടുന്ന പതിവ് ഉപേക്ഷിക്കുന്നതാണു നല്ലത്. കാട്ടിൽ ഇര തേടാനറിയാത്ത ഇവ തിരികെ ജനവാസ മേഖലയിലേക്കുതന്നെ വരും. അല്ലെങ്കിൽ കാട്ടിനുള്ളിൽ പട്ടിണികിടന്നു ചാകും. തന്റെ അനുഭവത്തിൽ കാടിന്റെ ഏറ്റവും വലിയ ഭീഷണി പ്ലാസ്റ്റിക്കാണെന്നു ബിജു പറയുന്നു.
ഉൾക്കാട്ടിൽ വരെ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം കണ്ടിട്ടുണ്ട്. വനപ്രദേശത്ത് പ്ലാസ്റ്റിക് ഉപയോഗം പൂർണമായി നിരോധിക്കണം. പ്ലാസ്റ്റിക് കവറിൽ കിട്ടുന്ന ആഹാരസാധങ്ങൾ എടുത്തു കഴിച്ചിട്ട് കവർ ഉപേക്ഷിക്കാൻ നമുക്കറിയാം. പക്ഷേ ആഹാര അവശിഷ്ടങ്ങൾ പുരണ്ടിരിക്കുന്ന കവറുകൾ മൃഗങ്ങൾ പൂർണമായും ഭക്ഷിക്കും. കാടിലൂടെ നടക്കുമ്പോൾ മൃഗങ്ങൾ ചത്തുകിടക്കുന്നതു കാണാറുണ്ട്. ഇതിൽ ഏറെയും പ്ലാസ്റ്റിക് കവറുകൾ ഉള്ളിൽ ചെന്നുള്ള മരണം തന്നെ. അതുപോലെയാണു ചില്ലു കുപ്പികൾ വലിച്ചെറിയുന്നതും. മൃഗങ്ങളുടെ കാലുകളിൽ കുപ്പിച്ചില്ലുകൾ തറച്ചാൽ അവ അവിടെ കിടന്നു ഭക്ഷണം കഴിക്കാതെ ചാകും. ചിത്രം എടുത്തു തുടങ്ങിയ കാലവുമായി താരതമ്യം ചെയ്യുമ്പോൾ മനുഷ്യർ മനഃപൂർവമല്ലാതെ കൊല്ലുന്ന മൃഗങ്ങളുടെ എണ്ണം പതിന്മടങ്ങിലേറെ വർധിച്ചെന്നും ബിജു വ്യക്തമാക്കി.