അപൂർവം! രണ്ട് മഹാസമുദ്രങ്ങളിലേക്ക് ഒഴുകുന്ന അരുവി; യാത്ര പസിഫിക്കിലേക്കും അറ്റ്ലാന്റിക്കിലേക്കും
Mail This Article
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമുദ്രങ്ങളാണ് പസിഫിക്കും അറ്റ്ലാന്റിക്കും. ഇവ തമ്മിൽ കൂടിക്കലരുന്ന സ്ഥലങ്ങൾ അപൂർവമാണെങ്കിലും ഉണ്ടെന്നു പറയാം. വളരെ പ്രശസ്തമായ കപ്പൽപാതയായ പാനമ കനാൽ ഇത്തരമൊരു ജംക്ഷനാണ്. അമേരിക്കൻ വൻകരകളുടെ മധ്യഭാഗത്ത് പനാമയെന്ന രാജ്യത്ത് നിലനിൽക്കുന്ന ഈ കനാൽ പസിഫിക് സമുദ്രത്തിനും അറ്റ്‌ലാന്റിക് സമുദ്രത്തിനുമിടയിൽ ഒരു ജലപാലമാകുന്നു.
കപ്പൽ ഗതാഗതത്തിന്റെ ആവശ്യത്തിനായാണ് പാനമ കനാൽ പണികഴിപ്പിക്കപ്പെട്ടത്. തെക്കൻ അമേരിക്കയുടെ മുനമ്പ് ചുറ്റിപ്പോകേണ്ടിയിരുന്ന കപ്പലുകൾക്ക് പാനമ കാനൽ വഴി യാത്രാദൈർഘ്യവും സമയവും കുറഞ്ഞുകിട്ടി. വലിയ ഇന്ധനലാഭത്തിനും സാമ്പത്തിക മെച്ചത്തിനും ഇത് അരങ്ങൊരുക്കി. ലോകത്തിലെ ഏറ്റവും വലിയ എൻജിനീയറിങ് പ്രോജക്ടുകളിലൊന്നായിരുന്നു പാനമ കനാൽ. വലിയ തോതിലുള്ള എൻജിനീയറിങ് വൈദഗ്ധ്യവും സന്നാഹങ്ങളും ഇതിനായി ഉപയോഗിക്കപ്പെട്ടു.
എന്നാൽ പാനമ കനാൽ അല്ലാതെ പസിഫിക് സമുദ്രവും ശാന്ത സമുദ്രവും തമ്മിലൊരു ബന്ധനപാതയുണ്ട്. അമേരിക്കൻ സംസ്ഥാനമായ വ്യോമിങ്ങിൽ സ്ഥിതി ചെയ്യുന്ന ഒരു അരുവിയാണ് ഇത്. ടു ഓഷ്യൻ പാസ് (Two Ocean pass) എന്നറിയപ്പെടുന്ന ഈ അരുവി സ്ഥിതി ചെയ്യുന്നത് യെലോസ്‌റ്റോൺ ദേശീയോദ്യാനത്തിലാണ്. ഇവിടെ വച്ച് ഇത് രണ്ട് ദിശകളായി തിരിഞ്ഞുപോകുന്നു. പാർട്ടിങ് ഓഫ് വാട്ടേഴ്‌സ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.
അറ്റ്‌ലാന്റിക് ക്രീക്ക് എന്നറിയപ്പെടുന്ന ഒരു ഭാഗം അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഭാഗമായ മെക്‌സിക്കോ ഉൾക്കടലിലേക്കും പസിഫിക് ക്രീക്ക് എന്നറിയപ്പെടുന്ന മറ്റൊരു ഭാഗം പസിഫിക് സമുദ്രത്തിലേക്കും പോകുന്നു. കപ്പലുകൾക്കോ മറ്റു ജലവാഹനങ്ങൾക്കോ ഒന്നും ഈ അരുവി ഉപയോഗിക്കാനാവില്ല.
വ്യോമിങ്ങിലെ ടെറ്റൺ എന്ന മേഖലയിൽ വച്ചാണ് അരുവി വേർപിരിയുന്നത്. അറ്റ്‌ലാന്റിക് ഭാഗത്തേക്കുള്ള അരുവി പിന്നീട് യെലോസ്‌റ്റോൺ നദിയുടെ ഭാഗമായി അതു പിന്നീട് മിസിസിപ്പി, മിസോറി നദികളിൽ കലർന്നാണ് അറ്റ്‌ലാന്റിക് സമുദ്രത്തിൽ പതിക്കുന്നത്. പസിഫിക് ഭാഗത്തേക്കുള്ള അരുവി സ്‌നേക് നദിയുടെ ഭാഗമായി ഒഴുകി കൊളംബിയ നദിയിൽ ചേർന്നാണ് പസിഫിക് സമുദ്രത്തിൽ പതിക്കുന്നത്.
അപൂർവും തനതു മേഖലകളിൽ മാത്രം കാണപ്പെടുന്നതുമായ ചില മീനുകൾക്ക് താമസമേഖല മാറാൻ ഈ അരുവി അവസരമൊരുക്കിയിട്ടുണ്ട്.