ADVERTISEMENT

ഒരുമാസം മുൻപാണ് സർക്കാർ കുറേയേറെ തരം നായകളെ വളർത്തുന്നതിനുള്ള പെർമിറ്റുകൾ നൽകരുതെന്ന് നിർദേശം സംസ്ഥാനങ്ങളിലെ തദ്ദേശസ്ഥാപനങ്ങൾക്കായി നൽകിയത്. ഇക്കൂട്ടത്തിൽ വളരെ ചിരപരിചിതമായ ഒരു നായയുമുണ്ടായിരുന്നു. പിറ്റ്ബുൾ. ഉപകാരിയും അതേസമയം അപകടകാരിയുമായ ഇനം!

1993ൽ വീല എന്ന പിറ്റ്ബുൾ ഇനത്തിൽ പെട്ട നായ ടിഹ്വാന നദിയിലെ ഒരു ഡാമപകടത്തിൽപെട്ടവരിൽ നിരവധിപേരെ രക്ഷിച്ചിരുന്നു. വെള്ളത്തിൽപെട്ടുപോയ ഒട്ടേറെ ആളുകൾക്കും വളർത്തുമൃഗങ്ങൾക്കും ഭക്ഷണമെത്തിക്കാനും വീല മിടുക്കുകാട്ടി. പിൽക്കാലത്ത് ഈ നായയ്ക്ക് ഉന്നതപുരസ്‌കാരവും ലഭിച്ചു. എന്നാൽ ലോകമെമ്പാടും പരിചിതമായ പിറ്റ്ബുൾ അക്രമസംഭവങ്ങളുടെ പേരിലും ശ്രദ്ധ നേടിയിട്ടുള്ള നായയാണ്.

82-year-old Lucknow woman mauled to death by pitbull

സ്റ്റാഫോഡ്ഷയർ ബുൾ ടെറിയർ, അമേരിക്കൻ സ്റ്റാഫോഡ്ഷയർ ടെറിയർ, അമേരിക്കൻ പിറ്റ്ബുൾ ടെറിയർ എന്നീ ബ്രീഡുകളെയാണു പൊതുവായി പിറ്റ്ബുൾ എന്നു പറയുന്നത്. അമേരിക്കൻ ബുൾഡോഗ്, ബുൾ ടെറിയർ എന്നീ നായ ഇനങ്ങളെയും ചിലപ്പോൾ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താറുണ്ട്. പ്രത്യേകതയുള്ള വലിയ ശിരസ്സും നീണ്ടു മടങ്ങിയ ചെവികളും പേശീബലമുള്ള ശരീരവും ഉറപ്പുള്ള കഴുത്തും ഇവയ്ക്കുണ്ട്. യുഎസിൽ 30 ലക്ഷത്തിനും 50 ലക്ഷത്തിനുമിടയിൽ പിറ്റ്ബുൾ നായകളുണ്ടെന്നു കണക്കാക്കപ്പെടുന്നു. ആറടിപ്പൊക്കമുള്ള മതിലുകൾ പോലും ചാടിക്കടക്കാൻ ഇവയ്ക്കു കഴിവുണ്ട്.

pitbull

19ാം നൂറ്റാണ്ടിൽ ബ്രീഡ് ചെയ്യപ്പെട്ട പോർനായയായ ബ്രിട്ടിഷ് ബുൾ ആൻഡ് ടെറിയറിൽ നിന്നാണ് പിറ്റ്‌ബുള്ളുകളുടെ ഉദ്ഭവം. 2019ൽ യുഎസിൽ നായകടി മൂലം സംഭവിച്ച 48 മരണങ്ങളിൽ 69 ശതമാനവും പിറ്റ്‌ബുള്ളുകളാണു കാരണക്കാരെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ മൂലം അപകടകാരിയായ നായ എന്ന പരിവേഷം പിറ്റ്‌ബുള്ളുകൾക്ക് വന്നു ചേർന്നിട്ടുണ്ട്.

പണ്ട് യുഎസിലും മറ്റും കുട്ടികളെ നോക്കാനായി നിയോഗിക്കുന്ന നാനി ഡോഗുകളായി പിറ്റ്‌ബുള്ളുകളെ ഉപയോഗിച്ചിരുന്നു. അടിസ്ഥാനപരമായി സൗഹൃദമനോഭാവവും കൂട്ടുകൂടാനുള്ള പ്രവണതയും പിറ്റ്‌ബുള്ളുകൾക്കുണ്ടെന്ന് ചില വിദഗ്ധർ പറയുന്നു. എന്നാൽ വളരുന്ന സാഹചര്യവും ലഭിക്കുന്ന പരിശീലനവും ഇവയുടെ സ്വഭാവത്തിൽ വലിയ സ്വാധീനം ചെലുത്താം. കടിച്ചാൽ ഇവയുടെ താടിയെല്ലിനു പൂട്ടുവീഴുമെന്നും പിന്നീട് പിടിവിടില്ലെന്നും, ലോകത്തിൽ ഏറ്റവും ഉയർന്ന കടിബലമുള്ള നായ ഇവയാണെന്നും പ്രചാരണങ്ങളുണ്ട്. എന്നാൽ ഇവയൊന്നും സത്യമല്ലെന്നും വിദഗ്ധർ പറയുന്നു.

ഓസ്ട്രേലിയ, ബെലാറൂസ്, ഡെൻമാർക്ക്, ഇക്വഡോർ, ഫ്രാൻസ്, അയർലൻഡ്, ഇസ്രയേൽ, ഇറ്റലി, മലേഷ്യ, ന്യൂസീലൻഡ്, നോർവേ, യുകെ, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളിൽ പിറ്റ്‌ബുള്ളുകളെ വളർത്തുന്നതിന് നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary:

New Pitbull Permit Restrictions Spark Debate on Canine Safety vs Heroism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com