നായകൾക്ക് മനുഷ്യരുടെ വിഷമം മനസ്സിലാകും; അത് അവരെയും വിഷമിപ്പിക്കും: പുതിയ പഠനം
Mail This Article
ഏകദേശം 30,000 വർഷങ്ങളായി മനുഷ്യരും നായകളും ഉറ്റസുഹൃത്തുക്കളാണെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ ഉടമകളുടെ സംസാരവും പെരുമാറ്റവും വിലയിരുത്തി അവരുടെ വൈകാരിക നിലകൾ കണ്ടെത്താൻ ഇവയ്ക്ക് കഴിവുണ്ടെന്ന് ഗവേഷകർ പറയുന്നു. മണം പിടിക്കാനും നായകൾക്കുള്ള കഴിവ് പ്രസിദ്ധമാണ്. ആളുകളുടെ വിയർപ്പിന്റെ മണം പിടിച്ചും അവരുടെ മനോസമ്മർദ്ദം നായകൾക്കു കണ്ടെത്താമത്രേ. എന്നാൽ കണ്ടെത്തുക മാത്രമല്ല, ഉടമയുടെ മനോനിലയോട് വൈകാരികമായി പ്രതികരിക്കാനും നായകൾക്ക് കഴിവുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്.
സയന്റിഫിക് റിപ്പോർട്ട്സ് എന്ന പ്രസിദ്ധ ജേണലിലാണ് ഇതു സംബന്ധിച്ച പഠനം വന്നത്. ബ്രിട്ടനിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ 18 നായകളെയും വൊളന്റിയർമാരെയും ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ആളുകളുടെ സമീപം നിൽക്കുമ്പോൾ നായകൾക്ക് വിഷമവും സന്തോഷവും സമാധാനവും അനുഭവിക്കുന്നവർക്കരികിൽ നിൽക്കുമ്പോൾ നായകൾക്ക് സന്തോഷവും തോന്നുമെന്ന് ഗവേഷകർ പറയുന്നു.
ജന്തുലോകത്തെ കാനിഡേ ജീവികുടുംബത്തിൽപെട്ടതാണ് നായകൾ. ചെന്നായ്ക്കൾ, കൊയോട്ടികൾ, കുറുക്കൻമാർ തുടങ്ങിയവയൊക്കെ ഈ കുടുംബത്തിൽപെട്ടവരാണ്. പ്രാചീന കാലത്ത് ചെന്നായ്ക്കൾക്കും നായകൾക്കും ഒരൊറ്റ പൊതു പൂർവികരായിരുന്നു. മനുഷ്യർ ചെന്നായകളെ ഇണക്കിവളർത്തിയതോടെയാണ് ഇതു സംഭവിച്ചതെന്നു കരുതപ്പെടുന്നു. ഇതോടെ വന്യമൃഗങ്ങളിൽ നിന്ന് ഗാർഹിക രീതികളുമായി പൊരുത്തപ്പെടുന്ന തരത്തിൽ നായകളുടെ ആവിർഭാവമായി. പിൽക്കാലത്ത് വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യമായ നിലയിൽ നായകളെ മനുഷ്യൻ ബ്രീഡ് ചെയ്ത് വളർത്താൻ തുടങ്ങി. ഇന്നു കാണുന്ന വിധത്തിൽ വൈവിധ്യപൂർണമായ നായ വിഭാഗങ്ങളുണ്ടായത് ഇങ്ങനെയാണ്.
കംപാനിയൻ ഡോഗ്, വേട്ടപ്പട്ടികൾ, ഗാർഡ് ഡോഗ്, പെറ്റ് ഡോഗ് തുടങ്ങി ഒട്ടേറെ തരങ്ങളിൽ നായകൾ മനുഷ്യരുമായി ഇന്ന് ഇണങ്ങി ജീവിക്കുന്നു.