ജെയിംസ് കാമറൂൺ ഇറങ്ങിച്ചെന്നത് മനുഷ്യൻ കാലുകുത്താത്ത മരിയാന ട്രഞ്ചിലേക്ക്; ആഴങ്ങളിലെ അന്യഗ്രഹം
Mail This Article
എവറസ്റ്റ് കൊടുമുടിയും ബഹിരാകാശവും ചന്ദ്രനുമൊക്കെ കീഴടക്കിയ മനുഷ്യന് കാലുകുത്താനാകാത്ത ഒരിടം ഈ ഭൂമിയിൽ തന്നെ അവശേഷിക്കുന്നുണ്ട്. പസിഫിക് സമുദ്രത്തിൽ എവറസ്റ്റ് കൊടുമുടിയെ വിഴുങ്ങാനാകുന്നത്ര വലുപ്പവുമായി വിസ്മയിപ്പിക്കുന്ന മരിയാന ട്രഞ്ച്!. വിരലിലെണ്ണാവുന്നവർ മാത്രമാണ് മരിയാന ട്രഞ്ചിന്റെ ആഴങ്ങൾ കണ്ടത്. അക്കൂട്ടത്തിൽ ലോകോത്തര ചലച്ചിത്ര സംവിധായകൻ ജെയിംസ് കാമറൂണും ഉണ്ട്. മരിയാന ട്രഞ്ചിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന മൂന്നാമത്തെ മനുഷ്യനാണ് അദ്ദേഹം.
11 കിലോമീറ്ററിനടുത്താണ് മരിയാന ട്രഞ്ചിന്റെ ആഴം. 2012 മാർച്ച് 26 നായിരുന്നു മരിയാന ട്രഞ്ചിന്റെ നിഗൂഢതകളിലേക്ക് കാമറൂൺ ഡൈവ് ചെയ്തത്. യുഎസ് നേവി മരിയാന ട്രഞ്ചിലേക്ക് ആളുകളെ അയച്ചതായിരുന്നു ലോകത്തിന്റെ അടിത്തട്ട് കാണാനുള്ള കാമറൂണിന്റെ പ്രചോദനം. വിദഗ്ധരായ എൻജിനീയർമാരുടെ സഹായത്തോടെ തയ്യാറാക്കിയ ഡീപ് സെ ചലഞ്ചർ എന്ന സബ്മേഴ്സിബിളിലാണ് കിടങ്ങിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നത്. പൂർണമായി ഇറങ്ങി ചെല്ലാൻ രണ്ടുമണിക്കൂർ വേണ്ടിവന്നു. കോടിക്കണക്കിന് മനുഷ്യരിൽ നിന്നും മൂന്നുപേർക്ക് മാത്രം ലഭിച്ച അപൂർവഭാഗ്യമായിരുന്നു അത്. മൂന്നു മണിക്കൂർ അദ്ദേഹം ട്രഞ്ചിനുള്ളിൽ സമയം ചെലവിട്ടു.
സാമ്പിളുകൾ ശേഖരിച്ചും ചിത്രങ്ങൾ പകർത്തിയും ഉപകാരപ്രദമായേക്കാവുന്ന ഒട്ടേറെ വിവരങ്ങളും കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മടക്കം. കിടങ്ങിന്റെ ആഴങ്ങളിലേക്ക് ഒരാൾ തനിച്ച് നടത്തുന്ന ആദ്യത്തെ യാത്രയും ഇതായിരുന്നു. അങ്ങനെ കാമറൂൺ ചരിത്രത്തിൻ്റെ ഭാഗവുമായി. ഭൂമിയിലെ ഒരു സ്ഥലമാണിതെന്ന് വിശ്വസിക്കാൻ സാധിച്ചില്ലെന്നാണ് മരിയാന സാഹസിക യാത്രയെക്കുറിച്ച് കാമറൂൺ വിവരിച്ചത്. ഈ അനുഭവം നേടുന്നതിനായി യാത്ര പൂർണ്ണമായും ആസൂത്രണം ചെയ്തതും പണം ചെലവഴിച്ചതും കാമറൂൺ തനിയായിരുന്നു. ചെറുപ്പം മുതൽ സമുദ്ര പര്യവേക്ഷണം അത്രത്തോളം പാഷനായി ഉള്ളിൽ കൊണ്ടുനടന്ന കാമറൂൺ മരിയാന ട്രഞ്ചിൽ ആകൃഷ്ടനായതിൽ അദ്ഭുതമൊന്നുമില്ല.
ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മരിയാന ട്രെഞ്ചിന് ചുറ്റുമുള്ള പരിസ്ഥിതി പോലും അങ്ങേയറ്റം വ്യത്യസ്തമാണ്. സൾഫറും കാർബൺഡയോക്സൈഡും കുമിളകളായി പുറത്തേക്ക് വരുന്ന വിടവുകൾ, ചെളി പുറന്തള്ളുന്ന പർവ്വതങ്ങൾ, സമുദ്രനിരപ്പിനേക്കാൾ ആയിരം മടങ്ങ് മർദം നിറഞ്ഞ പരിസ്ഥിതിയോട് പൊരുത്തപ്പെട്ട് ജീവിക്കുന്ന സമുദ്രജീവികൾ തുടങ്ങി അലൗകികം എന്ന് വിശേഷിപ്പിക്കാവുന്ന പലതും ഇവിടെയുണ്ട്. മരിയാന ട്രഞ്ചിന്റെ തെക്കേയറ്റമാണ് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ പോയിന്റ് . ചലഞ്ചർ ഡീപ്പ് എന്നാണ് ഈ പോയിന്റ് അറിയപ്പെടുന്നത്. ഈ സ്ഥലത്തിന്റെ ആഴം കൃത്യമായി തിട്ടപ്പെടുത്താൻ ഇനിയും സാധിച്ചിട്ടില്ല എന്നതും വസ്തുതയാണ്. 2010 മുതൽ പല കാലങ്ങളിലായി ഇതിനുള്ള ശ്രമങ്ങൾ ഏകദേശം കണക്കുകളാണ് ഇന്നും നിലനിൽക്കുന്നത്. 35875 അടിയാണ് ഈ പോയിന്റിന്റെ ഏകദേശ ആഴം.
സമുദ്രത്തിലെ ഏറ്റവും ആഴം ചെന്ന രണ്ടാമത്തെ പോയിന്റും മരിയാന ട്രഞ്ചിൽ തന്നെയാണ്. സിരേന ഡീപ്പ് എന്നറിയപ്പെടുന്ന ഈ സ്ഥലം 35462 അടി ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്. 2542 കിലോമീറ്ററാണ് കിടങ്ങിന്റെ ആകെ നീളം. എന്നാൽ വെറും 69 കിലോമീറ്റർ വീതി മാത്രമേയുള്ളൂ. രണ്ട് ടെക്‌റ്റോണിക് പ്ലേറ്റുകൾ കൂട്ടിമുട്ടുകയും ഒന്ന് മറ്റൊന്നിൻ്റെ അടിയിലേക്ക് പതിക്കുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന സബ്‌ഡക്ഷൻ എന്ന പ്രക്രിയയിലൂടെയാണ് കിടങ്ങ് രൂപപ്പെട്ടത്. 1875 ൽ കടലിന്റെ അടിത്തട്ട് മാപ്പ് ചെയ്യാനുള്ള ശ്രമങ്ങൾക്കിടെ ബ്രിട്ടീഷ് റോയൽ നേവി ചലഞ്ചർ പര്യവേഷണ സംഘമാണ് കിടങ്ങ് ആദ്യമായി കണ്ടെത്തിയത്.
അമേരിക്കൻ നേവി ലെഫ്റ്റനൻ്റായ ഡോൺ വാൽഷും സ്വിസ്സ് ഓഷ്യാനോഗ്രാഫറായ ജാക്വസ്റ്റ് പികാർഡുമാണ് ആദ്യമായി കിടങ്ങിലേക്ക്ക് ഇറങ്ങിയ മനുഷ്യർ.1960 ലായിരുന്നു മരിയാന ട്രഞ്ചിന്റെ രഹസ്യം തേടിയുള്ള ഇവരുടെ യാത്ര. ഇതിനുശേഷം ആറ് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും ഇന്നും 20 ൽ താഴെ ആളുകൾ മാത്രമാണ് ഇവിടെ എത്തിപ്പെട്ടിട്ടുള്ളത്. എന്നാൽ ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യന് ഇന്നോളം ഭൂമിയിൽ സ്ഥിതിചെയ്യുന്ന മരിയാന ട്രഞ്ചിന്റെ ആഴത്തിൽ കാൽപാദം പതിപ്പിക്കാൻ സാധിച്ചിട്ടില്ല എന്നതും കൗതുകകരമാണ്.