ടെസ്ലയെ വെല്ലാൻ ഒരേയൊരു ബിവൈഡി, കുറഞ്ഞ വിലയിൽ ആറ്റോ 2
Mail This Article
ടെസ്ലയെ വെല്ലാന്‍ പോന്ന ഒരേയൊരു രാജ്യാന്തര ഇവി വാഹന ബ്രാന്‍ഡായി ബിവൈഡി മാറി കഴിഞ്ഞു. ബിവൈഡിയുടെ ഏറ്റവും പുതിയ ആറ്റോ 2 ഇവി എസ്യുവി ബ്രസല്‍സ് മോട്ടോര്‍ ഷോയിലൂടെ രാജ്യാന്തര വിപണിയിലെത്തിയിരിക്കുകയാണ്. നിലവില്‍ കൂടുതല്‍ വലിയ മോഡലായ ആറ്റോ 3 ഇന്ത്യന്‍ വിപണിയില്‍ ബിവൈഡി വില്‍ക്കുന്നുണ്ട്. ഭാവിയില്‍ മാരുതി ഇ വിറ്റാര, ഹ്യുണ്ടേയ് ക്രേറ്റ ഇലക്ട്രിക് എന്നിവക്ക് ഭീഷണിയാവുന്ന അട്ടോ 2വിനെ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും.
എക്സ്റ്റീരിയര്‍
ആറ്റോ 3(4,455എംഎം)യേക്കാള്‍ നീളം കുറഞ്ഞ ആറ്റോ 2വിന്(4,310എംഎം) യഥാക്രമം 1,830 എംഎം വീതിയും 1,675എംഎം ഉയരവുമാണുള്ളത്. മൊത്തത്തില്‍ ആറ്റോ 3യുടെ ലുക്ക് തന്നെയാണ് ആറ്റോ 2വിനുമുള്ളത്. മുന്നിലെ ബ്ലാക്ക് ക്ലാഡിങ്ങോടെയുള്ള എല്‍ഇഡി ഹെഡ്ലൈറ്റുകളും എല്‍ഇഡി ഡിആര്‍എല്ലുകളും സമാനം. പിന്നില്‍ കണക്ടഡ് എല്‍ഇഡി ടെയില്‍ ലാംപുകളാണ്. പുള്‍ ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകളാണ്. ബ്ലാക്ക് ക്ലാഡിങ്ങുള്ള വീല്‍ ആര്‍ക്കുകളും ആറ്റോ 3യുടേതിനു സമാനമാണ്.
ഇന്റീരിയര്‍
ബിവൈഡി സീലിലുള്ളതുപോലെ റൊട്ടേറ്റബിള്‍ 15.6 ഇഞ്ച് ടച്ച്സ്ക്രീനാണ് ആറ്റോ 2വിലുള്ളത്. ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ആമ്പിയന്റ് ലൈറ്റിങ്, ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകള്‍ എന്നിവയാണ് പ്രധാന ഇന്റീരിയര്‍ ഫീച്ചറുകള്‍. 400 ലീറ്ററാണ് ബൂട്ട് സ്പേസ്. ഇന്ധനകാര്യക്ഷമതയും പാരിസ്ഥിതിക പ്രത്യാഘാതവും അടക്കമുള്ളവ നോക്കുന്ന ഗ്രീന്‍ എന്‍സിഎപിയില്‍ 5 സ്റ്റാര്‍ റേറ്റിങും ആറ്റോ 2 നേടിയിട്ടുണ്ട്. ജിഎന്‍സിഎപി, ബിഎന്‍സിഎപി പോലുള്ള ക്രാഷ് ടെസ്റ്റുകളില്‍ നിന്നും വ്യത്യസ്തമാണ് ഈ ഗ്രീന്‍ എന്‍സിഎപി പരിശോധന.
ബാറ്ററിയും റേഞ്ചും
ഫ്രണ്ട് വീല്‍ ഡ്രൈവ് മോഡലായിട്ടായിരിക്കും തുടക്കത്തില്‍ ആറ്റോ 2 ഇറങ്ങുക. 176എച്ച്പി കരുത്ത് പുറത്തെടുക്കുന്ന ഇലക്ട്രിക് മോട്ടോര്‍. 45.1kWh ബ്ലേഡ് സെല്‍ ബാറ്ററി പാക്ക്. ആദ്യം പുറത്തിറങ്ങുന്ന മോഡലില്‍ 312 കിലോമീറ്റര്‍ റേഞ്ചാണ് ബിവൈഡിയുടെ വാഗ്ദാനം. കൂടുതല്‍ റേഞ്ചുള്ള(402 കിലോമീറ്റര്‍) മോഡല്‍ പിന്നീട് ഇറങ്ങും. ഏകദേശം 20 ലക്ഷം രൂപക്കടുത്ത് വില പ്രതീക്ഷിക്കാം. ഇന്ത്യന്‍ വിപണിയില്‍ ആറ്റോ 2 എപ്പോള്‍ എത്തുമെന്ന് ഔദ്യോഗികമായി ബിവൈഡി അറിയിച്ചിട്ടില്ല. ഇന്ത്യയില്‍ MG ZS EV, ടാറ്റ കര്‍വ് ഇവി, മഹീന്ദ്ര ബിഇ 6, മാരുതി ഇ വിറ്റാര, ഹ്യുണ്ടേയ് ക്രേറ്റ ഇവി എന്നിവയാണ് ആറ്റോ 2വിന്റെ പ്രധാന എതിരാളികള്‍.