യുകെയിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി അഞ്ജു അമലിന്റെ വിയോഗം; വിടവാങ്ങിയത് വയനാട് സ്വദേശിനി

Mail This Article
നോർത്താംപ്ടൺ∙ യുകെയിൽ മലയാളി യുവതി പനി ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി അമൽ അഗസ്റ്റിന്റെ ഭാര്യ അഞ്ജു അമൽ (29) ആണ് മരിച്ചത്. പനിയെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം ഒരാഴ്ച മുൻപ് നോർത്താംപ്ടൺ എൻഎച്ച്എസ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ പ്രവേശിക്കുകയായിരുന്നു. ചികിത്സയിൽ തുടരവേ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.
നോർത്താംപ്ടണിലെ വില്ലിങ്ബ്രോയിൽ കുടുംബമായി താമസിച്ചുവരികയായിരുന്നു. അഞ്ചു വർഷങ്ങൾക്കു മുൻപ് പഠനത്തിനായി വിദ്യാർഥി വീസയിലാണ് അഞ്ജു യുകെയിൽ എത്തുന്നത്. ചെംസ്ഫോഡ് ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്നു. പഠനശേഷം പോസ്റ്റ് സ്റ്റഡി വർക് വീസയിൽ തുടരവേ സ്വകാര്യ സ്ഥാപനത്തിൽ എക്സ്പോർട്ട് ക്ലാർക്ക് ആയി രണ്ടര വർഷം മുൻപ് വർക് വീസ ലഭിച്ചു. രണ്ടു വർഷം മുൻപാണ് വിവാഹിതയായത്.

വയനാട് പുൽപ്പള്ളി മാരപ്പൻമൂല ആനിത്തോട്ടത്തിൽ ജോർജ് - സെലിൻ ദമ്പതികളുടെ മകളാണ്. സഹോദരി: ആശ. സംസ്കാരം നാട്ടിൽ നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നതായി സുഹൃത്തുക്കളും യുകെയിലുള്ള അഞ്ജുവിന്റെ ബന്ധുക്കളും അറിയിച്ചു. നാട്ടിൽ ഇരിട്ടി കല്ലുവയൽ സെന്റ് ആന്റണീസ് റോമൻ കത്തോലിക്കാ പള്ളിയിലെ അംഗങ്ങളാണ് അഞ്ജുവിന്റെ കുടുംബം.