ADVERTISEMENT

ദോഹ∙ ബഹിരാകാശത്ത് പുതിയ ചരിത്രം കുറിച്ച് ഇന്ത്യയുടെ ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയപ്പോൾ രാജ്യത്തിന്റെ സുവർണ നേട്ടം കാണാൻ അച്ഛൻ ഒപ്പമുണ്ടായിരുന്നങ്കിലെന്ന് പ്രവാസലോകത്തിരുന്ന് ആഗ്രഹിക്കുന്ന മകനുണ്ട്- തിരുവനന്തപുരം സ്വദേശി ചന്ദ്രശേഖർ.

1963 നവംബറിൽ തിരുവനന്തപുരത്ത് തുമ്പയിൽ നിന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ആദ്യമായി ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപിച്ചപ്പോൾ അന്നത്തെ റോക്കറ്റ് എൻജിനീയർ സി.ആർ.സത്യയുടെ അസിസ്റ്റന്റായിരുന്ന തിരുവനന്തപുരം കരമന സ്വദേശിഎൻ.വേലപ്പൻ നായരുടെ മകനാണ് ചന്ദ്രശേഖർ. അന്ന് എൻജിനീയർ സത്യയ്‌ക്കൊപ്പം വേലപ്പൻ നായർ സൈക്കിളിൽ വച്ചുകെട്ടിയ റോക്കറ്റിന്റെ നോസ് കോണുമായി തുമ്പയിലേക്ക് പോകുന്ന ചിത്രം ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. 

അന്നവിടെ ഉണ്ടായിരുന്ന ഫ്രഞ്ച് ഫോട്ടോഗ്രഫർ ഹെൻട്രി കാർട്ടിയർ-ബ്രെസൺ ആണ് ഇരുവരുടെയും ചിത്രം പകർത്തിയത്. വർഷങ്ങൾക്കിപ്പുറം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ത്രിവർണപതാക എത്തിയപ്പോൾ അതു കാണാൻ, അഭിമാനിക്കാൻ പക്ഷേ വേലപ്പൻ നായർ ഇല്ല. 88-ാം വയസ്സിൽ 2020 ലാണ് അദ്ദേഹം മരിച്ചത്.

ഇന്ത്യ ചരിത്രനേട്ടം കൈവരിച്ചപ്പോൾ ചന്ദ്രശേഖറും അമ്മ ശാരദയും ജീവിതത്തിൽ ഏറ്റവുമധികം അച്ഛന്റെ സാമീപ്യം ആഗ്രഹിച്ച നിമിഷമായിരുന്നത്. 

velappan-nair
ചന്ദ്രശേഖർ അച്ഛൻ വേലപ്പൻ നായർക്കും അമ്മ ശാരദയ്ക്കും ഒപ്പം. (ഫയൽ ചിത്രം)

കൊച്ചിൻ നേവൽ ബേസിൽ മെക്കാനിക്കൽ ഇൻസ്ട്രക്ടർ ആയിരുന്ന വേലപ്പൻ നായരെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം നേരിട്ട് ഇന്റർവ്യൂ ചെയ്താണ് ഐഎസ്ആർഒയിൽ നിയമിച്ചത്. ശ്രീഹരിക്കോട്ടയിൽ എസ്എൽവി-3 യുടെ ലോഞ്ചിങ്ങിലും അദ്ദേഹം ഉണ്ടായിരുന്നു. 1992 ൽ സയന്റിസ്റ്റ് എൻജിനീയർ എസ്ഡി ആയാണ് ഐഎസ്ആർഒയിൽ നിന്ന് വേലപ്പൻ നായർ വിരമിച്ചത്.

റോക്കറ്റിന്റെ നോസ് കോണുമായി എൻജിനീയർക്കൊപ്പം സൈക്കിളിൽ പോകുന്ന ചിത്രത്തിന്റെ പ്രാധാന്യം ബാല്യത്തിൽ തന്നെ അച്ഛൻ മനസ്സിലാക്കി തന്നിരുന്നുവെന്ന് ചന്ദ്രശേഖർ പറഞ്ഞു. ചന്ദ്രശേഖറിന് ഒരു സഹോദരൻ കൂടിയുണ്ട്-ഭാസ്‌കർ. 

ആഗോള തലത്തിലുള്ള ഇന്ത്യയുടെ ചരിത്ര നേട്ടം ആഘോഷമാക്കുമ്പോൾ ആദ്യ റോക്കറ്റ് വിക്ഷേപണത്തിൽ പങ്കാളിയായ വേലപ്പൻ നായരുടെ മകനായി ജനിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് ഖത്തർ പൊലീസ് അക്കാദമിയിൽ പബ്ലിക് റിലേഷൻ വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ചന്ദ്രശേഖർ. 

English Summary: Nri in qatar remembers his father Velappan Nair, who participated in the first rocket launch.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com