ദുബായിൽ പൊതുമാപ്പ് ലഭിച്ചവർ 27,173
Mail This Article
ദുബായ് ∙ യുഎഇയിൽ പൊതുമാപ്പ് ആരംഭിച്ച് 24 ദിവസം പിന്നിട്ടതോടെ ദുബായിലെ ആമർ സെന്ററുകൾ മുഖേന 27,173 അപേക്ഷകളിൽ നടപടികൾ വിജയകരമായി പൂർത്തിയാക്കി. ഇതിൽ 19,772 അപേക്ഷകർ താമസം നിയമവിധേയമാക്കിയപ്പോൾ 7,401 പേർക്ക് രാജ്യം വിടാനുള്ള എക്സിറ്റ് പെർമിറ്റ് വിതരണം ചെയ്തു. ഈ മാസം ഒന്നു മുതൽ ദുബായിലെ 86 ആമർ സെന്ററുകൾ മുഖേന ലഭിച്ച അപേക്ഷകളിലാണ് നടപടി പൂർത്തിയാക്കിയതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) അറിയിച്ചു.
പൊതുമാപ്പിന്റെ ഭാഗമായുള്ള സേവന പ്രവർത്തനങ്ങൾ ആമർ സെന്ററുകളിൽ സജീവമായി തുടരുകയാണ്. റസിഡൻസ് പെർമിറ്റ് പുതുക്കൽ, സ്റ്റേറ്റസ് ക്രമീകരിക്കൽ, എക്സിറ്റ് പെർമിറ്റ് നൽകൽ, നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കാനുള്ള നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ സേവനങ്ങൾ നൽകിവരുന്നു. അപേക്ഷകരെ സഹായിക്കുന്നതിനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. ആമർ സെന്ററുകൾ മുഖേനയോ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലൂടെയോ എത്തുന്ന അപേക്ഷകർക്ക് പൂർണ പിന്തുണ നൽകുമെന്നും കൂട്ടിച്ചേർത്തു
യുഎഇയുടെ മാനവിക മൂല്യങ്ങളെയാണ് പൊതുമാപ്പ് പദ്ധതി പ്രതിഫലിപ്പിക്കുതെന്നും നിയമലംഘകർക്ക് ശിക്ഷ കൂടാതെ പദവി ശരിയാക്കി രാജ്യത്ത് തുടരാനോ സ്വന്തം രാജ്യത്തേക്കു മടങ്ങാനോ അവസരം നൽകുന്നതാണ് ഇതിൽ പ്രധാനമെന്നും പറഞ്ഞു. ഇതേസമയം സെപ്റ്റംബർ ഒന്നിനു ശേഷം വീസാ കാലാവധി കഴിഞ്ഞവർ, ഒളിച്ചോടിയവർ, ജിസിസി രാജ്യങ്ങൾ നാടുകടത്താൻ വിധിക്കപ്പെട്ടവർ എന്നിവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.
800 5111
വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ
800 5111ൽ വിളിക്കാം