ഭിക്ഷാടനത്തിന് കടിഞ്ഞാണിട്ട് ദുബായ് പൊലീസ്; റമസാനിലെ ആദ്യ 10 ദിവസത്തിനിടെ അറസ്റ്റിലായത് 33 പേർ

Mail This Article
ദുബായ് ∙ റമസാനിലെ ആദ്യ 10 ദിവസങ്ങളിൽ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത് 33 യാചകരെ. 'യാചകരില്ലാത്ത, ബോധമുള്ള സമൂഹം' എന്ന യാചനാ വിരുദ്ധ ക്യാംപെയ്ന്റെ ഭാഗമായാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ പിടികൂടിയത്.
ക്യാംപെയ്ന്റെ ഭാഗമായി റമസാനിലെ ആദ്യ ദിവസം 9 ഭിക്ഷാടകരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരിൽ അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടുന്നു. യുഎഇയിൽ ഭിക്ഷാടനം ഗുരുതര കുറ്റമായാണ് കണക്കാക്കപ്പെടുന്നത്. 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. യാചനാ സംഘങ്ങൾ രൂപീകരിക്കുക, ഭിക്ഷാടനത്തിനായി രാജ്യത്തിന് പുറത്തുനിന്നുള്ള വ്യക്തികളെ റിക്രൂട്ട് ചെയ്യുക എന്നീ കുറ്റങ്ങൾക്ക് ആറ് മാസം തടവും ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കും. കൂടാതെ, പെർമിറ്റ് ഇല്ലാതെ ഫണ്ട് സ്വരൂപിച്ചാൽ 5 ലക്ഷം ദിർഹം വരെ പിഴ ഈടാക്കും.
∙ഭിക്ഷാടനത്തിന് പലതരം വഴികൾ; കുട്ടികളെയും സ്ത്രീകളെയും ഉപയോഗിക്കുന്നു
ഭിക്ഷാടനത്തിൽ കുട്ടികളെയും രോഗികളെയും ദൃഢനിശ്ചയമുള്ള ആളുകളെയും ചൂഷണം ചെയ്യുന്നത് ഉൾപ്പെടെയുള്ള രീതികളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ ഉപയോഗിക്കുന്നത്. കുട്ടികളും സ്ത്രീകളും ഭിക്ഷാടനം നടത്തിയത് സംബന്ധിച്ച് ഒട്ടേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പുണ്യമാസത്തിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. യാചകർ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പട്രോളിങ് വർധിപ്പിക്കുന്നത് ഉൾപ്പെടെ ഭിക്ഷാടനത്തെ ചെറുക്കുന്നതിന് വർഷം തോറും സമഗ്രമായ സുരക്ഷാ പദ്ധതിയാണ് വികസിപ്പിച്ചിരിക്കുന്നത്.
ഭിക്ഷാടനം തടയുന്നതിനുള്ള പദ്ധതികളും പരിപാടികളും വികസിപ്പിക്കുന്നതിനായി യാചകർ ഉപയോഗിക്കുന്ന വഞ്ചനാപരമായ രീതികൾ വർഷം തോറും നിരീക്ഷിക്കുന്നുണ്ടെന്ന് അറിയിച്ചു. പ്രാർഥനാ ഒത്തുചേരലുകളിലും സാമൂഹിക സംഗമങ്ങളിലും യോഗങ്ങളിലും വിപണികളിലും കാണപ്പെടുന്നവരെയും ഓൺലൈൻ യാചന, വിദേശത്ത് പള്ളികൾ പണിയുന്നതിനായി സംഭാവനകൾ അഭ്യർഥിക്കൽ അല്ലെങ്കിൽ മാനുഷിക കാരണങ്ങളാൽ സഹായം ആവശ്യമാണെന്ന് അവകാശപ്പെടുന്നത് പോലുള്ള എല്ലാത്തരം യാചകരെയും ഈ ക്യാംപെയിൻ ലക്ഷ്യമിടുന്നു.
താമസക്കാർക്ക് മുന്നറിയിപ്പ് ; ഉടൻ വിളിക്കുക-901
റമസാൻ മാസത്തിൽ പൊതുജനങ്ങളുടെ അനുകമ്പയെ ചൂഷണം ചെയ്ത് സഹതാപം നേടാൻ ശ്രമിക്കുന്ന യാചകർ ഉപയോഗിക്കുന്ന തന്ത്രങ്ങൾക്കെതിരെ നഗരത്തിലുടനീളമുള്ള താമസക്കാർക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സാമ്പത്തിക സഹായം തേടുന്നവർക്ക് ഔദ്യോഗിക സ്ഥാപനങ്ങളും ചാരിറ്റബിൾ സംഘടനകളും 'നോമ്പിനുള്ള ഇഫ്താർ' പോലുള്ള സേവനങ്ങളും ലഭ്യമാണെന്ന് അതോറിറ്റി വ്യക്തമാക്കി.
യാചകരുടെ അപേക്ഷകൾക്ക് മറുപടി നൽകുകയോ അവരുമായി സഹതാപത്തോടെ ഇടപഴകുകയോ ചെയ്യരുതെന്ന് താമസക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 901 നമ്പർ വഴിയോ ദുബായ് പൊലീസിന്റെ സ്മാർട്ട് ആപ്പിലെ 'പൊലീസ് ഐ' സേവനം വഴിയോ യാചകരെക്കുറിച്ചുള്ള വിവരം ഉടൻ അറിയിക്കാനും 'ഇ-ക്രൈം' ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് യാചനാ കേസുകൾ റിപ്പോർട്ട് ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ഷാർജ പൊലീസ് അടുത്തിടെ ഒരു പരീക്ഷണം നടത്തുകയും റമസാനിൽ യാചകന്റെ വേഷം ധരിച്ച് താമസക്കാരുടെ വികാരങ്ങൾ ചൂഷണം ചെയ്തുകൊണ്ട് ഒരു മണിക്കൂറിനുള്ളിൽ 367 ദിർഹം പിരിച്ചെടുക്കുകയും ചെയ്തതായും അധികൃതർ വെളിപ്പെടുത്തി.