സൗത്ത് വെസ്റ്റ് വിമാനത്തിൽ യുവതി നഗ്നയായി ഓടി; കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമിച്ചതായി ആരോപണം

Mail This Article
ഹൂസ്റ്റൺ∙ ഹൂസ്റ്റണിൽ നിന്ന് ഫീനിക്സിലേക്കുള്ള സൗത്ത് വെസ്റ്റ് വിമാനത്തിൽ യുവതി നഗ്നയായി ഓടിയത് യാത്രക്കാരെ ഞെട്ടിച്ചു. തിങ്കളാഴ്ച വില്യം പി. ഹോബി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. യാത്രക്കാരുടെ മുന്നിൽ വച്ച് വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ യുവതി ബോയിങ് 737 വിമാനത്തിന്റെ ഇടനാഴിയിലൂടെ നഗ്നയായി ഓടുകയായിരുന്നു.
ബീസ്റ്റ് ഗെയിംസ് മത്സരാർഥി മാസി എസ്റ്റെവെസ് പകർത്തിയ ദൃശ്യങ്ങളിൽ, യുവതി നഗ്നയായി നൃത്തം ചെയ്യുന്നതും കാണാം. ഏകദേശം 25 മിനിറ്റ് നേരം യുവതി ഇങ്ങനെ ഓടിയെന്നും അധികൃതർ എത്തിയ ശേഷമാണ് അവരെ തടഞ്ഞതെന്നും എസ്റ്റെവെസ് പറഞ്ഞു.

ഹൂസ്റ്റൺ പൊലീസ് ഉദ്യോഗസ്ഥർ യുവതിയെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയി. എന്നാൽ കേസെടുക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സൗത്ത് വെസ്റ്റ് എയർലൈൻസ് പ്രസ്താവന ഇറക്കി. "ഹൂസ്റ്റണിൽ നിന്ന് ഫീനിക്സിലേക്കുള്ള ഫ്ലൈറ്റ് 733, തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഒരു യാത്രക്കാരി കാരണം ഗേറ്റിലേക്ക് മടങ്ങി. കാലതാമസത്തിന് ഞങ്ങൾ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നു" പ്രസ്താവനയിൽ എയർലൈൻസ് അറിയിച്ചു.
സംഭവത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. എന്നാൽ വിമാനത്തിൽ നിന്ന് ഇറങ്ങാൻ യുവതി ആവശ്യപ്പെട്ടതായും തനിക്ക് ബൈപോളാർ ഡിസോർഡർ ഉണ്ടെന്ന് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതിയെ അധികൃതർ തടഞ്ഞുവെന്നും റിപ്പോർട്ടുണ്ട്.
സമാനമായ സാഹചര്യത്തിൽ യാത്രക്കാർ ശാന്തരായിരിക്കുകയും, അക്രമാസക്തമായ വ്യക്തിയിൽ നിന്ന് അകന്നു നിൽക്കുകയും, അത്യാവശ്യമെങ്കിൽ മാത്രമോ ജീവനക്കാർ നിർദ്ദേശിക്കുകയാണെങ്കിലോ ഇടപെടുകയും വേണമെന്ന് വിദഗ്ധർ പറഞ്ഞു.