ADVERTISEMENT

പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് നെഞ്ചെരിച്ചിൽ. അന്നനാളത്തിൽ നിന്നും ഉദരത്തിലെ ആസിഡ് തിരിച്ചൊഴുകുന്നതു മൂലമാണ് എരിച്ചിൽ ഉണ്ടാകുന്നത്. ആസിഡ് റിഫ്ലക്സ് എന്നാണ് ഇത് അറിയപ്പെടുന്നത്. അന്നനാളത്തിന്റെ ആവരണത്തെ ഇത് അസ്വസ്ഥമാക്കുക വഴി, ഭക്ഷണം കഴിച്ച ശേഷവും കിടക്കുമ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടും. വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ നെഞ്ചെരിച്ചിലിന് പരിഹാരമേകും. ഉദരത്തിലെ ആസിഡിനെ ഇവ നിർവീര്യമാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. നെഞ്ചെരിച്ചിൽ അകറ്റാൻ സഹായിക്കുന്ന വസ്തുക്കൾ എതൊക്കെ എന്നു നോക്കാം.

1. മോര്
ലാക്റ്റിക് ആസിഡ് ധാരാളം അടങ്ങിയ മോര്, ഉദരത്തിലെ ആസിഡിനെ നിർവീര്യമാക്കുകയും പെട്ടെന്നു തന്നെ നെഞ്ചെരിച്ചിൽ അകറ്റുകയും ചെയ്യും. മോരിൽ പ്രോബയോട്ടിക്സ് ഉള്ളതിനാൽ ദഹനം മെച്ചപ്പെടുത്തുകയും ആസിഡ് റിഫ്ലക്സ് വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണശേഷം ഒരു ഗ്ലാസ് തണുത്ത മോര് കുടിക്കാം. ഇന്തുപ്പോ ജീരകം പൊടിച്ചതോ ഇതിൽ ചേർത്താൽ രുചിയും ദഹനവും മെച്ചപ്പെടും.

fennel-AmyLv-Shutterstock
Representative image. Photo Credit: AmyLv/Shutterstock.com

2. പെരുംജീരകം
പെരുംജീരകത്തിൽ അനെഥോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഉദരത്തിലെ പാളിയെ മൃദുവാക്കുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും. ഇത് നെഞ്ചെരിച്ചിൽ തടയും. ദഹനം മെച്ചപ്പെടുത്താനും വായുകോപം തടയാനും പെരുംജീരകം സഹായിക്കുന്നു. ഭക്ഷണശേഷം പെരുംജീരകം ചവയ്ക്കാം. അല്ലെങ്കിൽ പെരുംജീരകം ഇട്ട് തിളപ്പിച്ച വെളളം കുടിക്കുന്നതും നല്ലതാണ്.

3. ഇഞ്ചി
ഇഞ്ചിക്ക് ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് ആസിഡിന്റെ ഉൽപാദനം കുറച്ച് ഉദരത്തിന് ആശ്വാസമേകുന്നു. ഇഞ്ചി ദഹനം മെച്ചപ്പെടുത്തുന്നു. അതോടൊപ്പം അന്നനാളത്തിലേക്ക് ആസിഡ് തിരിച്ചൊഴുകുന്നത് തടയുകയും ചെയ്യുന്നു. വെള്ളത്തിൽ ഇഞ്ചി കഷണങ്ങളിട്ട് ഇഞ്ചിച്ചായ തയാറാക്കാം. ഇത് കുടിക്കുന്നതും ഭക്ഷണ േശഷം ഇഞ്ചി വായിലിട്ട് ചവയ്ക്കുന്നതും നെഞ്ചെരിച്ചിൽ തടയും. കൂടാതെ ഇഞ്ചി ചെറുതായി അരിഞ്ഞ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.

jeera-water
Image Credit: Shutterstock

4. ജീരകം
ജീരകം ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം വായുകോപവും തടയുന്നു. ഇത് നെഞ്ചെരിച്ചിൽ അകറ്റും. ജീരകം, ഉമിനീരിന്റെ ഉൽപാദനം വർധിപ്പിക്കും. ഇത് ദഹനം മെച്ചപ്പെടുത്താനും ഉദരത്തിലെ ആസിഡുകളെ നിർവീര്യമാക്കാനും സഹായിക്കുന്നു. ഒരു ടീസ്പൂൺ ജീരകം ഇട്ട് വെള്ളം തിളപ്പിക്കുക. ഈ വെള്ളം ഭക്ഷണശേഷമോ നെഞ്ചെരിച്ചിൽ അനുഭവപ്പെടുമ്പോഴോ കുടിക്കുക.

5. തുളസിയില
തുളസിയില വായുകോപം ഇല്ലാതാക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. നെഞ്ചെരിച്ചിലിൽ നിന്ന് ആശ്വാസമേകുന്നു. ഉദരപാളികളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ഭക്ഷണശേഷം ഏതാനും തുളസിയില ചവച്ചു തിന്നുന്നത് നല്ലതാണ്. അതുപോലെ തുളസിയില ചൂടുവെള്ളത്തിൽ ഇട്ട് തുളസിച്ചായ ഉണ്ടാക്കി കുടിക്കുന്നതും നല്ലതാണ്. ചൂടോടെ ഈ ചായ കുടിക്കുന്നത് നെഞ്ചെരിച്ചിൽ തടയും.

Representative image. Photo Credit: prabhjits/istockphoto.com
Representative image. Photo Credit: prabhjits/istockphoto.com

6. ശർക്കര
ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി കുറയ്ക്കാനും ശർക്കര സഹായിക്കും. വയറിന് തണുപ്പു നൽകുന്നതോടൊപ്പം നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങളെ അകറ്റാനും ശർക്കര സഹായിക്കുന്നു. ഭക്ഷണ ശേഷം ഒരു ചെറിയ കഷണം ശർക്കര കഴിക്കാം. ഇത് ഉദരാരോഗ്യം മെച്ചപ്പെടുത്തും.

7. നെല്ലിക്ക
നെല്ലിക്കയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള െനല്ലിക്ക, ദഹനം മെച്ചപ്പെടുത്തുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു. ഉദരത്തിലെ ആസിഡുകളെ ബാലൻസ് ചെയ്ത് നെഞ്ചെരിച്ചിലിൽ നിന്ന് നെല്ലിക്ക ആശ്വാസമേകുന്നു. കുറച്ച് വെള്ളം ചേർത്ത് നേർപ്പിച്ച നെല്ലിക്കാ ജ്യൂസോ, െനല്ലിക്ക കഷണങ്ങളാക്കി അൽപം ഉപ്പു ചേർത്തോ കഴിക്കാം. നെല്ലിക്കാപ്പൊടി വെള്ളത്തിൽ കലക്കി കുടിക്കുന്നതും നെഞ്ചെരിച്ചിൽ അകറ്റും.
പാർശ്വഫലങ്ങളൊന്നും ഇല്ലാതെ തന്നെ ഇത്തരത്തിൽ നമുക്ക് വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് നെഞ്ചെരിച്ചിൽ അകറ്റാവുന്നതാണ്.

English Summary:

Effective Home Remedies for Heartburn: 7 Natural Solutions You Can Try Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com