പക്ഷിപ്പനിയിൽ വിറച്ച് ആലപ്പുഴ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Mail This Article
ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വളർത്തുപക്ഷികളിലും കാക്ക, പരുന്ത് എന്നിവയ്ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കൈക്കൊള്ളേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ
- കാക്ക ഉൾപ്പെടെയുള്ള പ്രകൃതിയിലെ പറവകളിലും വളർത്തുപക്ഷികളിലും ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ അടുത്തുള്ള മൃഗാശുപത്രികളിൽ അറിയിക്കുക.
- കാക്കകളെയും മറ്റു പക്ഷികളെയും ആകർഷിക്കുന്ന തരത്തിൽ ചന്തകളിലെയും വീടുകളിലെയും മാലിന്യങ്ങൾ വലിച്ചെറിയുകയോ കൂട്ടി ഇടുകയോ ചെയ്യരുത്. ഫാമുകളിലും മാലിന്യങ്ങൾ പ്രകൃതിയിലെ പക്ഷികളെ ആകർഷിക്കുംവിധത്തിൽ കൂട്ടിയിടാൻ പാടില്ല.
- ഫാമുകളിലും കോഴിവളർത്തൽ കേന്ദ്രങ്ങളിലും പുറത്തുനിന്നുള്ളവരുടെ പ്രവേശനം കർശനമായി നിയന്ത്രിക്കണം. ജൈവസുരക്ഷ കർശനമായി പാലിക്കുക.
- രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക. നിരീക്ഷണ മേഖലയിൽ പക്ഷികളുടെ / ദേശാടന പക്ഷികളുടെ മരണം ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്.
- നന്നായി പാകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക.
- വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
- വ്യക്തിശുചിത്വം പാലിക്കുക.
- ചത്ത പക്ഷികളെയോ, രോഗം ബാധിച്ചവയെയെയോ, ദേശാടന കിളികളെയോ, ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനു മുൻപും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്.
- രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കയ്യുറയും മാസ്കും നിർബന്ധമായും ധരിച്ചിരിക്കണം.
- കോഴികളുടെ മാംസം (പച്ച മാംസം ) കൈകാര്യം ചെയ്യുന്നതിനു മുൻപും ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.
- പകുതി വേവിച്ച (ബുൾസ് ഐ പോലുള്ളവ ) മുട്ടകൾ കഴിക്കരുത്.
- ചത്ത പക്ഷികളെ പരിസരത്ത് കാണുകയാണെങ്കിൽ കയ്യുറയും മാസ്കും ധരിച്ച് ഏറ്റവും കുറഞ്ഞത് അര മീറ്റർ ആഴത്തിൽ കുഴിയെടുത്ത് അവയെ മറവ് ചെയ്യേണ്ടതാണ്. ഉപയോഗിച്ച മാസ്കും കൈയുറകളും കത്തിച്ചുകളയുകയും വേണം.
കൂടുതലായും പക്ഷികളിൽനിന്ന് പക്ഷികളിലേക്കു പകരുന്ന രോഗമാണ് പക്ഷിപ്പനി. മനുഷ്യരിലേക്കു പകരാനിടയുണ്ടെങ്കിലും സാധ്യത കുറവാണ്. എന്നാൽ, മനുഷ്യരിൽ രോഗബാധയുണ്ടായാൽ പകുതിയിലേറെ പേർക്കും അതു ഗുരുതരമാകാൻ സാധ്യതയുണ്ട്. പക്ഷികളുടെ കണ്ണ്, മൂക്ക്, വായ എന്നിവയിൽ നിന്നുള്ള സ്രവങ്ങളിലും കാഷ്ഠത്തിലും വൈറസ് സാന്നിധ്യം ഉണ്ടാകും. തൂവലുകളിൽ ആഴ്ചകളോളം വൈറസ് നിലനിൽക്കും. രോഗബാധിതരായ പക്ഷികളുമായി അടുത്ത് ഇടപഴകുമ്പോഴും മനുഷ്യരുടെ കണ്ണ്, മൂക്ക് വായ എന്നിവയിലെ നേർത്ത സ്തരങ്ങളിലൂടെയും ശ്വസിക്കുന്നതിലൂടെയും രോഗബാധയുള്ള പക്ഷികളുടെ സ്രവങ്ങൾ, കാഷ്ഠങ്ങൾ എന്നിവ വീണ പ്രതലങ്ങളും വസ്തുക്കളും സ്പർശിക്കുന്നതിലൂടെയും വൈറസ് മനുഷ്യ ശരീരത്തിൽ കടക്കാം. രോഗം ബാധിച്ച പക്ഷികളുടെ സ്രവങ്ങളും കാഷ്ഠങ്ങളും കലർന്ന വെള്ളത്തിലൂടെ രോഗം പകരാനുള്ള സാധ്യത കുറവാണ്.