ഇതു നല്ലൊരു ആലോചനയാണ്; നായ്ക്കൾക്ക് നല്ല ഇണകളെ കണ്ടെത്താൻ പെറ്റ് മാട്രിമോണി സ്റ്റാർട്ടപ്
Mail This Article
ഏതു പട്ടിക്കുമുണ്ട് നല്ലൊരു ദിവസം എന്നു പറയുന്നതു വെറുതെയല്ല; ഇണയെ കണ്ടെത്തുന്ന കാര്യത്തിൽ നമ്മുടെ നാട്ടിലെ പട്ടികൾക്കും നല്ല കാലം വരുന്നു. പ്രായം, ആരോഗ്യം, ശരീരവലുപ്പം, കുലമഹിമ എന്നിവയൊക്കെ വിലയിരുത്തി യോജിക്കുന്ന ഇണയെ കണ്ടെത്താനുള്ള അവസരമാണ് പെറ്റ് മാട്രിമോണി സ്റ്റാർട്ടപ് ഒരുക്കുന്നത്. കേരള വെറ്ററിനറി സർവകലാശാലയിൽ ബിവിഎസ്‌സി പൂർത്തിയാക്കി ഇന്റേൺഷിപ് ചെയ്യുന്ന മലയാറ്റൂർ സ്വദേശി നടുവട്ടം പുതുശ്ശേരി വീട്ടിൽ അബിൻ ജോയിയുടെ ആശയമാണ് പെറ്റ് മാട്രിമോണി.
ആദ്യം കേള്‍ക്കുമ്പോള്‍ തമാശയെന്നു തോന്നുമെങ്കിലും അങ്ങനെയല്ല കാര്യം. നായ്ക്കല്യാണമല്ല നായ് ബ്രീഡിങ്ങാണ് വിഷയം. സംസ്ഥാനത്ത് ഡോഗ് ബ്രീഡിങ് അത്രയൊന്നും ശാസ്ത്രീയമായല്ല നടക്കുന്നത്. നല്ല ഇണകളിൽനിന്നാണ് നല്ല സന്താനങ്ങൾ ജനിക്കുന്നത്. പ്രായവും ആരോഗ്യവും പെഡിഗ്രിയുമെല്ലാം അതിൽ പ്രധാനമാണ്. ഇവയൊന്നും കണക്കിലെടുക്കാതെ ലാഭം മാത്രം നോക്കിയുള്ള ബ്രീഡിങ് ബിസിനസ് ആണ് നടക്കുന്നതെങ്കിൽ അത് അരുമ നായ്ക്കളുടെ വംശഗുണത്തെ ദോഷകരമായി ബാധിക്കും. യോജിക്കുന്ന ഇണകളെ പരസ്പരം ലഭ്യമാക്കുകയാണ് അതിനു പരിഹാരം. പെറ്റ് മാട്രിമോണി ലക്ഷ്യമിടുന്നതും അതുതന്നെ. അരുമകളെ പരിപാലിക്കുന്നവർ അതാഗ്രഹിക്കുന്നുണ്ട് എന്നതിനു തെളിവാണ് സ്റ്റാർട്ടപ്പില്‍ വരുന്ന വിപുലമായ അന്വേഷണങ്ങളെന്ന് അബിൻ പറയുന്നു. സംസ്ഥാന സർക്കാരിന്റെ കെ–ഡിസ്കിലുൾപ്പെടുത്തി നൂതന ആശയത്തിനുള്ള ആദ്യഘട്ട പിന്തുണയായി ഒന്നര ലക്ഷം രൂപയും പെറ്റ് മാട്രിമോണിക്കു ലഭ്യമായി.
ആലോചനകൾ ക്ഷണിക്കുന്നു
അരുമ നായ്ക്കളെ അങ്ങേയറ്റം സ്നേഹത്തോടെ പരിപാലിക്കുന്നവർ അവയുടെ ബ്രീഡിങ്ങിനെയും കരുതലോടെയാണു കാണുന്നത്. നമ്മുടെ നാട്ടിൽ ഇന്നു പലരുടെയും കയ്യിൽ മുന്തിയ ബ്രീഡ് നായകളുണ്ട്. അവർക്കും ബ്രീഡിങ്ങിന്റെ കാര്യത്തിൽ അതീവ ശ്രദ്ധയുണ്ട്. അവരാഗ്രഹിക്കുന്ന മേന്മകളുള്ള ഇണകൾ പല ബ്രീഡർമാരുടെയും കൈവശം കാണണമെന്നില്ല. എന്നുമാത്രമല്ല, അശാസ്ത്രീയ ബ്രീഡിങ് വഴി ഗുണമേന്മയില്ലാത്ത കുഞ്ഞുങ്ങൾ പിറക്കുന്നതും അപൂർവമല്ല. അവർക്കെല്ലാം കൂടുതൽ ബ്രീഡർമാരുടെയും കെന്നൽ ഉടമകളുടെയുമെല്ലാം വിവരങ്ങൾ ലഭിക്കാൻ പെറ്റ് മാട്രിമോണി ഉപകാരപ്പെടും.
അരുമകൾക്ക് ഇണയെ തേടുന്നവർക്കായി vet-igo.in എന്ന വെബ്സൈറ്റാണ് അബിൻ ഒരുക്കിയിരിക്കുന്നത്. നിലവിൽ സേവനം സൗജന്യമാണ്. അരുമകളുടെ ഉടമകൾക്ക് സൈറ്റിൽ നായയുടെ വിവരങ്ങൾ റജിസ്റ്റർ ചെയ്യാം. ഒപ്പം മുൻപ് റജിസ്റ്റർ ചെയ്തവയിൽനിന്ന് അനുയോജ്യമായവയെ കണ്ടെത്തുകയും ചെയ്യാം. നായയുടെ പ്രായം മുതൽ ഏതൊക്കെ വാക്സീനുകൾ എടുത്തിട്ടുണ്ട് എന്നതുൾപ്പെടെ എല്ലാ വിവരങ്ങളും സൈറ്റിൽ ലഭ്യമാകും. നിലവിൽ പ്രാഥമിക ഘട്ടമായ റജിസ്ട്രേഷനിലാണ് ശ്രദ്ധ വച്ചിരിക്കുന്നതെന്ന് അബിൻ. കെ–ഡിസ്കിൽനിന്ന് തുടർ ഫണ്ട് ലഭ്യമാകുന്നതിന് അനുസൃതമായി കൂടുതൽ സൗകര്യങ്ങളും സാധ്യതകളും സജ്ജമാക്കി വെബ്സൈറ്റ് ശക്തിപ്പെടുത്താനാണു തീരുമാനം. ‘വെരിഫൈഡ് പ്രൊഫൈലു’കളാണ് അവയിൽ പ്രധാനം.
നിശ്ചിത തുക അടച്ച് റജിസ്റ്റർ ചെയ്യുന്നവരുടെ അരുമയെ വിദഗ്ധ ഡോക്ടർമാർ നേരിൽ പരിശോധിച്ചു ബോധ്യപ്പെടും. അവയുടെ പ്രൊഫൈലുകൾ ‘വെരിഫൈഡ്’ എന്ന ലേബൽ നൽകിയാകും സൈറ്റിൽ ലഭ്യമാക്കുക. അതായത്, ഇത്തരം ഇണകളെ നൂറു ശതമാനം ബോധ്യത്തോടെ തന്നെ ആവശ്യക്കാർക്ക് തിരഞ്ഞെടുക്കാം. വിദഗ്ധ ഡോക്ടർമാരുടെ ചികിത്സാസേവനം ഉൾപ്പെടെ കൂടുതൽ സൗകര്യങ്ങളും താമസിയാതെ സൈറ്റിൽ ലഭ്യമാക്കുമെന്ന് അബിൻ പറയുന്നു.
പെറ്റ് മേഖലയെ കൂടുതൽ ഉത്തരവാദിത്തബോധമുള്ള രംഗമാക്കി വളർത്താൻ ഇത്തരം സംരംഭങ്ങൾക്കു കഴിയുമെന്ന് വെറ്ററിനറി സർവകലാശാലയുടെ ടെക്നോളജി ബിസിനസ് ഇൻകുബോഷൻ സെന്റർ മേധാവിയും ന്യൂട്രീഷൻ വിഭാഗം അസി.പ്രഫസറുമായ ഡോ. ദീപ ആനന്ദും ന്യൂട്രിഷൻ വിഭാഗത്തിലെ അസി.പ്രഫസറായ ഡോ. കെ.എസ്.അജിത്തും പറയുന്നു. സർവകലാശാലയുടെ ടെക്നോളജി ബിസിനസ് ഇൻകുബേഷൻ സെന്ററിന്റെ നേതൃത്വത്തിൽ വേറെയും നൂതനാശയങ്ങളും സ്റ്റാർട്ടപ്പുകളും സജ്ജമാകുന്നുണ്ട്. പശുക്കളിൽ കൃത്രിമ ബീജാധാനം എളപ്പമാക്കാനും പ്രത്യുൽപാദന പ്രശ്നങ്ങൾ കൂടുതൽ ശാസ്ത്രീയമായി വിലയിരുത്താനും സഹായകമായ ലഘു ഉപകരണം അബിൻ തന്നെയും വികസിപ്പിച്ചിട്ടുണ്ട്. മൃഗസംരക്ഷണമേഖല കൂടുതൽ ആധുനികീകരിക്കാനും ഈ രംഗത്ത് സ്റ്റാർട്ടപ് സംരംഭകർക്ക് മുന്നേറാനും നിലവിൽ അവസരങ്ങളുണ്ടെന്നും ഡോ. ദീപയും ഡോ. അജിത്തും പറയുന്നു.
ഫോൺ: 8078271161
വെബ്സൈറ്റ്: vet-igo.in