ADVERTISEMENT

"ദേ... അമ്മേ നോക്ക്, അത് കണ്ടോ. ആ നായയെ നോക്ക്. അതിന്റെ തൊലി കണ്ടോ. പാവം ആരും നോക്കാഞ്ഞിട്ടാവും അല്ലേ."

പതിവു ഞായറാഴ്ച യാത്രകൾക്കിടയിൽ കാറിന്റെ സൈഡ് സീറ്റിലിരുന്ന് പുറത്തേക്ക് നോക്കുന്നതിനിടയിൽ ഇളയ മകൻ ഉണ്ണിക്കുട്ടന്റെ കണ്ണിൽപ്പെട്ടതാണ് ആ നായ.

അമ്മ വെറ്ററിനറി ഡോക്ടറായതു കൊണ്ട് കുട്ടികൾക്കുള്ള ടൈം നിഷേധിക്കാനാവില്ലല്ലോ. അതുകൊണ്ട് ഒഴിവു ദിവസങ്ങളിൽ കർഷക ഭവനങ്ങളിൽ പോകുമ്പോൾ മൂന്നു മക്കളിൽ ഓരോരുത്തരെയായി കൂടെ കൂട്ടും. ഇന്ന് ഇളയവനായ ഉണ്ണിക്കുട്ടന്റെ ഊഴമാണ്.

അവൻ പറഞ്ഞപ്പോഴാണ് ആ നായയെ ഞാനും ശ്രദ്ധിക്കുന്നത്. ദേഹത്തെ രോമമെല്ലാം പോയിരിക്കുന്നു. തലയിലും കാലിലും മാത്രം അൽപം രോമം അവശേഷിച്ചിട്ടുണ്ട്. എന്നാൽ, മറ്റു ഭാഗങ്ങളിലെ തൊലിക്ക് അൽപം കറുപ്പ് രാശിയുമുണ്ട്.

മുഖത്തെ രോമങ്ങൾ കാണുമ്പോഴാണ് ആൾ പോമറേനിയനാണെന്ന് മനസ്സിലാകുന്നത്. രോഗം ഭേദമാവില്ല എന്നു തോന്നിയപ്പോൾ തെരുവിലേക്കിറക്കി വിട്ടതാകുമോ?

ഡോഗ് ലൈസൻസിങ് നിർബന്ധമാകണം എന്ന് ഇതൊക്കെ കാണുമ്പോഴാണ് തോന്നുന്നത്. പെറ്റ് പേരന്റിങ് വളരെ ഉത്തരവാദിത്തമുള്ള ഒരു കാര്യമാണ്.

"അമ്മേ... അതിനെന്തു പറ്റിയതാ?"

"ങാ... അതോ... അതൊരു അസുഖത്തെക്കാളുപരി ഒരു സൗന്ദര്യ പ്രശ്നമാണ് മോനേ."

"സൗന്ദര്യ പ്രശ്നമോ?"

"അതേ...  ഈ അവസ്ഥയുള്ള നായ്ക്കൾക്ക് തലയിലെയും കാലിലെയും രോമം ഒഴിച്ച് ബാക്കി രോമങ്ങളെല്ലാം കൊഴിഞ്ഞു പോയി തൊലി കാണുന്ന രീതിയിലാകുന്നു. എന്നാൽ, വിശപ്പിനോ ദാഹത്തിനോ ഒന്നും ഒരു പ്രശ്നവും ഉണ്ടാകില്ല. വേറെ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. നായ വളരെ പ്രസരിപ്പോടുകൂടെത്തന്നെ കാണപ്പെടും."

"പിന്നെ രോമം പോകുന്നതോ?"

"ഇതു ഹോർമോണൽ അസന്തുലിതാവസ്ഥ മൂലം ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. വളർച്ചാഹോർമോൺ, മെലാട്ടോണിൻ എന്നിവയൊക്കെ ഇതോടു ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഒരു വയസ്സു മുതൽ 10 വയസ്സുവരെ എപ്പോൾ വേണമെങ്കിലും വരാം. പോമറേനിയനിലാണ് സാധാരണ കാണുന്നത്."

"ഈ അസുഖം സാധാരണയായി കാണുന്നതാണോ?"

"ഏയ് അല്ല. അപൂർവമാണ്. എങ്കിലും ഉണ്ട്. ശരിയായി രോഗനിർണയം നടത്തിയില്ലെങ്കിൽ ചികിത്സിച്ചു മടുക്കും."

"അപ്പോ ഇത് ചികിത്സിച്ചാൽ ശരിയാകില്ലേ?"

"ഇല്ല എന്നു തന്നെ പറയാം. ഹോർമോൺ തെറാപ്പി കൊണ്ടൊന്നും വലിയ ഫലം കിട്ടില്ല."

"അപ്പോൾ പിന്നെ എന്തു ചെയ്യും?"

"എന്തു ചെയ്യാനാ. ആ സത്യം അങ്ങ് അംഗീകരിക്കുക. അത്ര തന്നെ. കൂടുതൽ ബുദ്ധിമുട്ടാണെങ്കിൽ ആ ഭാഗം മറയുന്ന രീതിയിലുള്ള ഉടുപ്പൊക്കെ ഇട്ടു കൊടുക്കാം. നായയ്ക്ക് ആരോഗ്യപരമായി ഒരു പ്രശ്നവും കാണില്ല."

"ആട്ടെ. എന്താണിതിന്റെ പേര്?"

"അലോപേഷ്യ എക്സ് (Alopecia X). ബ്ലാക്ക് സ്കിൻ ഡിസീസ് എന്നും ഒരു പേരുണ്ട്"

"അലോപേഷ്യ എക്സ്... പേര് കേട്ടിട്ട് ഏതോ ഡിറ്റക്ടീവിനെപ്പോലെയുണ്ട്."

"ഡിറ്റക്ടീവ് അല്ല. ഇവൻ പിടികിട്ടാപ്പുള്ളിയാ. അലോപേഷ്യ എക്സ് എന്ന പിടികിട്ടാപ്പുള്ളി."

English Summary:

Alopecia X in Dogs: A Veterinarian's Encounter and Lessons Learned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT