മുഞ്ജാൽ സഹോദരങ്ങളുടെ സ്വപ്നത്തിലേക്കുള്ള കുതിപ്പിന്റെയും കിതപ്പിന്റെയും കഥ; ‘ഹീറോ’ ജനകീയമായതിങ്ങനെ
Mail This Article
ഇന്നു പാക്കിസ്ഥാനിലുള്ള കമാലിയ എന്ന കൊച്ചുഗ്രാമത്തിലെ നാലു സഹോദരന്മാർ, ദയാനന്ദ്, സത്യാനന്ദ്, ബ്രിജ്മോഹൻ, ഓംപ്രകാശ്.. ഇവർ നാലുപേരും ഇപ്പോഴില്ല. പക്ഷേ ഇവർ ഒരുമിച്ചു കണ്ട സ്വപ്നത്തിന്റെ തിളക്കമാർന്ന സാക്ഷാത്കാരമായി ഹീറോ ഗ്രൂപ്പ് ഇന്നും ലോകത്തിന്റെ ബിസിനസ് ചാർട്ടിൽ സാഭിമാനം തലയുയർത്തി നിൽക്കുന്നു.
മുഞ്ജാൽ സഹോദരങ്ങളുടെ ആ സ്വപ്നത്തിലേക്കുള്ള കുതിപ്പിന്റെയും കിതപ്പിന്റെയും കഥ പറയുന്നത് കുടുംബത്തില രണ്ടാംതലമുറക്കാരനായ സുനിൽ കാന്ത് ആണ്; ഹീറോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും മാർഗദർശിയുമായ ബ്രിജ്മോഹൻ ലാൽ മുഞ്ജാലിന്റെ മകന്‍. സാധാരണക്കാരന്റെ വാഹനമെന്ന പേരിൽ തുടങ്ങി ഓട്ടമൊബീൽ രംഗത്തെ ഗ്ലാമർ താരമായി വരെ മാറിയ ഹീറോ ബ്രാൻഡിന്റെ ജനകീയതയ്ക്കും വിജയത്തിനും പിന്നിലുള്ള കൗതുകകരവും ആവേശജനകവുമായ ഒട്ടേറെ സംഭവങ്ങളുടെ ഓർമക്കുറിപ്പുകൾ കൂടിയാണ് ഈ പുസ്തകം.
മുഞ്ജാലിന് സ്നേഹപൂർവം..
പുസ്തകത്തിന്റെ മുഖവുരയിൽ ബ്രിജ്മോഹൻ മുഞ്ജാലിന്റെ തൊണ്ണൂറാം ജന്മദിനാഘോഷത്തെക്കുറി ച്ചൊരു ഓർമ സുനിൽകാന്ത് പങ്കുവയ്ക്കുന്നുണ്ട്. ‘അച്ഛന് പിറന്നാളിന് ഒരു സർപ്രൈസ് നൽകണ മെന്നുണ്ടായിരുന്നു. അച്ഛന്റെ പരിചയക്കാരോടും സുഹത്തുക്കളോടും കമ്പനിയുടെ ഡീലർമാരോടും സഹപ്രവർത്തകരോടുമെല്ലാം ഞാനൊരു കാര്യം ആവശ്യപ്പെട്ടു– അച്ഛനുമൊരുമിച്ചുള്ള അവരുടെ ഏറ്റവും പ്രിയപ്പെട്ട അനുഭവം എഴുതി അയയ്ക്കാൻ.
അവയിൽനിന്നു തിരഞ്ഞെടുത്തവ സമാഹരിച്ച് ബുക്ക് ഓഫ് ലെറ്റേഴ്സ് എന്ന പേരിൽ പ്രസിദ്ധീകരിച്ച് അച്ഛനു പിറന്നാൾ സമ്മാനമായി നൽകാനായിരുന്നു ഉദ്ദേശം. നൂറുനൂറു കത്തുകൾ വന്നു. ഓരോന്നിലും അച്ഛനെക്കുറിച്ചുള്ള വളരെ വ്യക്തിപരവും വൈകാരികവുമായ ഓർമകൾ... അതുവായിച്ചപ്പോൾ ഞങ്ങൾ എല്ലാവരും ചേർന്ന് ഒരു തീരുമാനമെടുത്തു. പുസ്തകമാക്കി പ്രസിദ്ധീകരിച്ച് വായനക്കാരിലേക്ക് എത്തിക്കേണ്ടതല്ല ബുക്ക് ഓഫ് ലെറ്റേഴ്സ്. കാരണം ഓരോ കത്തും അച്ഛനെ മാത്രം അഡ്രസ് ചെയ്തെഴുതിയ സ്നേഹത്തിന്റെയും കടപ്പാടിന്റെയും കൈപ്പടയിലായിരുന്നു. അച്ഛന് മാത്രം വായിക്കാനുള്ളത്.
അതുകൊണ്ട് ഞങ്ങൾ അതിന്റെ ഒരൊറ്റ കോപ്പി മാത്രം അച്ചടിച്ച് അച്ഛന് സമ്മാനിച്ചു. അതു സ്വീകരിച്ചുകൊണ്ട് അച്ഛൻ പറഞ്ഞത്, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമ്മാനമെന്നായിരുന്നു. ഓരോ ദിവസവും ഓഫിസിൽ അതിലെ ഓരോ കത്ത് അച്ഛൻ മറ്റുള്ളവരെ വായിച്ചു കേൾപ്പിച്ചു. എന്നും രാത്രി ഉറങ്ങാൻ പോകുമ്പോഴും അമ്മയ്ക്കൊപ്പമിരുന്ന് അച്ഛൻ ആ കത്തുകൾ വായിക്കുമായിരുന്നു.
ആദ്യപാഠം ഗുരുകുലത്തിൽനിന്ന്
അച്ഛനെക്കുറിച്ചു കേട്ട ആദ്യ കഥ പറഞ്ഞുകൊണ്ടാണ് സുനിൽ കാന്ത് ആദ്യ അധ്യായം തുടങ്ങുന്നത്. 1932. ബ്രിജ്മോഹന്റെ കുട്ടികാലം. സാധാരണ കുട്ടികളെ പോലെ സ്കൂളിൽ പോകുന്നതിന് അദ്ദേഹത്തിന് മടിയായിരുന്നു. പകരം , വീട്ടിൽ പോലും ആരെയും അറിയിക്കാതെ പടിഞ്ഞാറൻ പഞ്ചാബിലെ കമാലി യയിലുള്ള ഗുരുകുലത്തിൽ പോയി ചേർന്നു.
വേദവും സംസ്കൃതശ്ലോകവും തത്വശാസ്ത്രവുമൊക്കെയാണ് ഒൻപതാം വയസ്സിൽ ബ്രിജ്മോഹനെ ആകർഷിച്ചത്. തലമുണ്ഡനം ചെയ്ത് കാവിയുടുത്ത് വീട്ടിൽ ഭിക്ഷ യാചിച്ചെത്തിയപ്പോഴാണ് അമ്മ പോലും അറിയുന്നത്. ഏതാനും വർഷത്തോളം ഗുരുകുല വിദ്യാഭ്യാസം തുടർന്നു. എന്നാൽ, മകൻ ബ്രഹ്മചര്യ ജീവിതം നയിക്കുന്നതിൽ കടുത്ത എതിർപ്പുണ്ടായിരുന്ന വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ ബ്രിജ്മോഹൻ ഗുരുകുലത്തോടു യാത്ര പറഞ്ഞു.
എങ്കിലും ഭൗതികമായ ആഡംബരങ്ങളോടും സമ്പത്തിനോടുമുള്ള വിരക്തിയുടെ ആദ്യപാഠം പഠിച്ച ബ്രിജ്മോഹന് തുടർന്നങ്ങോട്ടുള്ള ജീവിതത്തിലെ പ്രതിസന്ധികളിലും ബിസിനസ് സാമാജ്യം കെട്ടിപ്പടുക്കുന്നതിന്റെ തിരക്കുകളിലും അന്നത്തെ ഗുരുകുലശിക്ഷണം ഒരനുഗ്രഹമായി മാറുകയായിരുന്നു.
കരീം: മറക്കാനാവാത്ത കടപ്പാട്
ഹീറോ ഗ്രൂപ്പിന്റെ നാൾവഴിയിൽ ഏറ്റവും എടുത്തുപറയേണ്ട പേരുകളിലൊന്ന് അച്ഛന്റെ ഓർമകളിൽനിന്ന് സുനിൽകാന്ത് വായനക്കാർക്കായി പങ്കുവയ്ക്കുന്നുണ്ട്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം മുസ്‍ലിംകൾ പാക്കിസ്ഥാനിലേക്കു ം ഹിന്ദുക്കൾ ഇന്ത്യയിലേക്കും പലായനം നടത്തുന്ന സമയം.
കയ്യിലൊതുങ്ങാവുന്നതെല്ലാം വാരിക്കൂട്ടി ലുധിയാനയിലേക്കു താമസം മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു അന്ന് മുഞ്ജാൽ കുടുംബം. സൈക്കിൾ പാർട്സ് ഉൽപാദനരംഗത്തേക്കു കാലൂന്നിയിട്ടേയുള്ളു അന്ന് അച്ഛനും സഹോദരങ്ങളും.. അന്നത്തെ അവരുടെ സപ്ലയർമാരിലൊരാളായിരുന്ന സുഹൃത്ത് കരീംദീൻ പാക്കിസ്ഥാനിലേക്കു പോകുന്നതിനു തൊട്ടുമുൻപ് ഓംപ്രകാശ് മുഞ്ജാലിനെ വന്നു കണ്ടു.
സ്വന്തമായൊരു ബ്രാൻഡിൽ സൈക്കിൾ സീറ്റു കവറുകൾ നിർമിക്കുന്ന ആളായിരുന്നു കരീം. അതെല്ലാം മതിയാക്കി പോകുന്നുവെന്നറിഞ്ഞപ്പോൾ ഓംപ്രകാശ് അദ്ദേഹത്തിന്റെ പക്കൽ അവശേഷിച്ച സൈക്കിൾ സീറ്റ് കവറുകൾ വാങ്ങി. ഒപ്പം അദ്ദേഹത്തിന്റെ ബ്രാൻഡ് നെയിം കൂടി മുഞ്ജാൽ കുടുംബത്തിനു തരാമോ എന്നു ചോദിച്ചു. കരീം സന്തോഷപൂർവം സമ്മതിക്കുകയും ചെയ്തു. അങ്ങനെയാണ് ഹീറോ എന്ന ബ്രാൻഡ് നെയിം മുഞ്ജാൽ കുടുംബത്തിന്റെ സൈക്കിൾ വ്യവസായത്തിനു വന്നുചേരുന്നത്.
ആദ്യ സൈക്കിൾ ആദ്യ സവാരി
സൈക്കിൾ ഫോർക്ക്, ഹാൻഡിൽ ബാർ, മഡ്ഗാർഡ്, ഫ്രെയിം അങ്ങനെ ഓരോന്നോരോന്നായി നിർമിച്ചുകൊണ്ടായിരുന്നു ഹീറോ ഗ്രൂപ്പിന്റെ തുടക്കം. ഒടുവിൽ ഹീറോയുടെ കയ്യൊപ്പു പതിഞ്ഞ ആദ്യ സൈക്കിൾ നിർമിച്ച ആ ദിവസം അച്ഛന് ജീവിതത്തിൽ മറക്കാനാവില്ലെന്ന് സുനിൽ കാന്ത് ഓർമിക്കുന്നു. ആദ്യ ഹീറോ സൈക്കിൾ സ്വയം ഓടിച്ചാണ് അച്ഛൻ അന്നു വൈകിട്ട് വീട്ടിൽ വന്നത്. പിന്നീട് ഏറെക്കാലം അച്ഛന്റെ യാത്രകൾ അതിൽ തന്നെയായിരുന്നു. സ്വന്തം കുഞ്ഞിനോടെന്ന പോലെയുള്ള വാൽസല്യമായിരുന്നു അച്ഛൻ അതിനോട്.
ഹീറോ– ഹോണ്ട
സൈക്കിൾ പാർട്സിൽനിന്ന് ഹീറോ സൈക്കിളിലേക്കും മജസ്റ്റിക് മോപ്പഡിലേക്കും വളർന്ന ഹീറോ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ വഴിത്തിരിവ് 1984ൽ ജപ്പാനിലെ ഓട്ടമൊബീൽ രംഗത്ത് ലോകോത്തര വിജയംനേടിയ ഹോണ്ടയുമായി കൈകോർത്തതായിരുന്നു. ഇന്ത്യയിലെ വിപണന സാധ്യത മുന്നിൽ കണ്ട് ഇവിടെയുള്ളവരുമായുള്ള പാർട്ണർഷിപ്പ് ഹോണ്ടയും ലക്ഷ്യമിട്ടിരുന്ന സമയം. 140ൽ ഏറെ കമ്പനികളുടെ അപേക്ഷയുണ്ടായിരുന്നു ഹോണ്ടയ്ക്കു മുന്നിൽ. അതുകൊണ്ടു തന്നെ അവർ ടാറ്റയെ പോലുള്ള വൻകിട ഗ്രൂപ്പുകളെ മാത്രമേ പരിഗണിക്കാൻ സാധ്യതയുള്ളൂ എന്ന മുൻവിധിയായിരുന്നു ഓംപ്രകാശിന്. എങ്കിലും ഹീറോയുടെ ജനകീയതയും സാങ്കേതിക മികവും പരിഗണിച്ച് ഒടുവിൽ മുഞ്ജാൽ കുടുംബത്തിനു തന്നെ നറുക്കുവീണു.
രണ്ടാംലോകമഹായുദ്ധത്തിനു മുൻപേ ജപ്പാനിൽ ആരംഭിച്ച ഹോണ്ടയുടെ സ്ഥാപകൻ സോയിചിറോ ഹോണ്ടയുമായി പങ്കാളിത്ത ഉടമ്പടിക്കു ശേഷമുണ്ടായ സൗഹൃദത്തെക്കുറിച്ചും മുഞ്ജാൽ വാചാലനാകുന്നുണ്ട് ഒരു സൈക്കിൾ റിപ്പെയർ ഷോപ്പിൽനിന്നായിരുന്നു ഹോണ്ടയുടെയും തുടക്കം. പിന്നീട് ടൊയോട്ടയുടെ സപ്ലയറായി. 1949ൽ പുറത്തിറക്കിയ ‘ഡ്രീം’ എന്ന മോട്ടർസൈക്കിൾ അവരുടെ ചരിത്രം തിരുത്തിക്കുറിച്ചു. 1960കളുടെ അവസാനത്തോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മോട്ടർസൈക്കിൾ നിർമാതാക്കളായി ഹോണ്ട മാറുകയും ചെയ്തു.
ഹോണ്ടയുമായുള്ള കരാറിനെക്കുറിച്ച് സംസാരിക്കാൻ ജപ്പാനിൽനിന്ന് അവരുടെ ചില ഉന്നത ഉദ്യോഗസ്ഥർ വന്ന അനുഭവം അച്ഛൻ പറഞ്ഞതു സുനിൽ ഓർക്കുന്നു. പൂമാലയിട്ട് സ്വീകരിച്ച് പൂച്ചെണ്ട് നൽകി പ്രത്യേകം തയാറാക്കിയ കാറിൽ ഹോട്ടലിലേക്കു കൊണ്ടുപോകാൻ വേണ്ടി അച്ഛനും കൂട്ടരും വിമാനത്താവളത്തിൽ കാത്തുനിന്നു. ഏറെനേരം കഴിഞ്ഞിട്ടും കാണാതെ വന്നതിനെത്തുടർന്ന് അവരെ വിളിച്ചപ്പോഴാണ് അറിയുന്നത്, ജപ്പാനിൽ നിന്നെത്തിയ ഹോണ്ട സംഘം ട്രാൻസ്പോർട്ട് ബസ് പിടിച്ച് നേരത്തേതന്നെ ഹോട്ടലിൽ എത്തിയിരുന്നെന്ന്! ജപ്പാനിലെ കമ്പനി ചെയർമാനും എംഡിയും വരെ പൊതുഗതാഗതസംവിധാനമാണ് ഉപയോഗിക്കുന്നതെന്നായിരുന്നു അവരുടെ വിശദീകരണം.
ചർച്ചയ്ക്കു മുന്നോടിയായി ഹീറോ ഗ്രൂപ്പിനെ മുഞ്ജാൽ പരിചയപ്പെടുത്താൻ തുടങ്ങിയപ്പോഴേക്കും അതിന്റെ ആവശ്യമില്ലെന്നു ഹോണ്ടയുടെ പ്രതിനിധികൾ പറഞ്ഞു. ഇന്ത്യയിലെ എല്ലാ ബിസിനസ് ഗ്രൂപ്പുകളുടെയും ജാതകം മനപ്പാഠമാക്കിയ ശേഷമായിരുന്നു അവരുടെ വരവ്. ഹീറോയ്ക്കൊപ്പമുള്ള കരാറിന്റെ ഏകദേശ ധാരണയും അവർക്കൊപ്പമുണ്ടായിരുന്നു. എന്തായാലും ആ കണക്കുകൂട്ടൽ പിഴച്ചില്ല. പ്രതിദിനം 16,000 മോട്ടർസൈക്കിൾ വരെ ഉൽപാദിപ്പിക്കുന്ന നിലയിലേക്ക് കമ്പനി വളർന്നു. 2011ൽ ഹോണ്ടയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചെങ്കിലും ഹീറോ ഗ്രൂപ്പിനു ലോകമൊട്ടാകെ നിന്നു നേടാനായ സൽപ്പേര് പിന്നെയും യാത്ര തുടരുകതന്നെ ചെയ്തു.
2013 ആയപ്പോഴേക്കും ഇതുവരെ ഒരു ഇന്ത്യൻ ടുവീലർ കമ്പനിയും ചെന്നുതൊടാത്തത്ര ഉയരത്തിൽ ഹീറോയുടെ അഭിമാനം ചെന്നുതൊട്ടു. ആ വിജയത്തിന്റെ ചാരിതാർഥ്യത്തോടെ തന്നെയാണ് 2015 നവംബറിൽ അച്ഛൻ ഒടുവിലത്തെ യാത്രയായതെന്നും സുനിൽ കാന്ത് ഓർമിക്കുന്നു; അളവറ്റ അധ്വാനത്തിന്റെയും ആത്മാർപ്പണത്തിന്റെയും ജീവിതപാഠം പിന്‍തലമുറയ്ക്കു പകർന്നുകൊണ്ട്. ഹീറോ, ഏതർഥത്തിലും, ഏതു പാതയിലും...
English Summary: The Making Of Hero By Sunil Kant Munjal