ADVERTISEMENT

ഒരു കവിത അതു പുറപ്പെട്ടുവന്ന സ്ഥലത്തെ വഹിക്കുന്നുവെങ്കിലും പലപ്പോഴും വിമുഖതയോടെ വാക്കുകൾക്കിടയിൽ മറഞ്ഞിരിക്കുകയാവും. ഒരുദിവസം പൊടുന്നനെ അതു പുറത്തേക്കുവന്നു നിങ്ങളെ പിടിച്ചുവലിക്കുന്നു. മെഡിറ്ററേനിയൻ തീരം കാണാവുന്ന ഒരു മലയുടെ മുകളിലേക്കു കൊണ്ടുപോയി താഴ്‌വാരത്തു തീയാളുന്ന പട്ടണങ്ങളും നിലംപൊത്തിയ ഓറഞ്ചുതോട്ടങ്ങളും പൊട്ടിത്തകർന്ന സെമിത്തേരികളും കാട്ടിത്തരുന്നു. കരച്ചിലിനുപകരമുള്ള നീണ്ട നെടുവീർപ്പുകളെ നിങ്ങളുടെ തലച്ചോറിലേക്ക് അഴിച്ചുവിടുന്നു. അനക്കമുള്ള എന്തിനെയും പിന്തുടർന്നു ഛിന്നഭിന്നമാക്കുന്ന ഡ്രോണുകളെപ്പോലെ കാവ്യരസങ്ങളിൽ ഉപ്പും ലോഹവും കലർത്തുന്നു.

ഈ മാസാദ്യം ഗാസയിൽനിന്നു ഇസ്രയേൽ സേന അറസ്റ്റ് ചെയ്തുകൊണ്ടുപോയ പലസ്തീൻ കവി മൊസാബ് അബു ത്വാഹയെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂയോർക്കർ വാരിക ഒരു പ്രസ്താവന ഇറക്കിയിരുന്നു. അതു വായിച്ചശേഷമാണു ഞാൻ മൊസാബിന്റെ കവിതകൾ തിരഞ്ഞുപോയത്. ന്യൂയോർക്ക് റിവ്യൂ പ്രസ് (എൻവൈആർബി) ‘ഗാസയിൽനിന്നുളള കവിതകൾ’ എന്ന ഉപശീർഷകത്തോടെ 2022ൽ ഇറക്കിയ മൊസാബിന്റെ Things you May Find Hidden in My Ear വായിച്ചു പകുതിയായപ്പോഴേക്കും കവിയെ മോചിപ്പിച്ചതായി വിവരമെത്തി.

FromCityLightsPublishers
പലസ്തീൻ കവി മൊസാബ് അബു ത്വാഹ, Image Credit: City Lights Publishers

മൊസാബിന്റെ മകളുടെ പേര് യഫ എന്നാണ്. ഓറഞ്ചുകൾക്കു പ്രശസ്തമായിരുന്ന പലസ്തീൻ ദേശത്തിന്റെ പേരാണത്. ഇസ്രയേലിൽ ടെൽഅവീവിന്റെ ഭാഗവും. 1948ലെ നക്ബയുടെ കാലത്തു യഫയിൽനിന്നാണു മൊസാബിന്റെ വല്യുപ്പാപ്പ ഹസനും കുടുംബവും പലായനം ചെയ്തത്. ഹസന്റെ മൂന്നാം തലമുറയായ മൊസാബിനു താനൊരിക്കലും കണ്ടിട്ടില്ലാത്ത വല്യുപ്പാപ്പയാണു കവിതയിലെ സ്ഥിരസാന്നിധ്യം; പലസ്തീന്റെ മഹാകഷ്ടങ്ങളുടെ പ്രതീകം.

ഞാനെന്നും സെമിത്തേരിയിലേക്കുപോകുന്നു. ആ കബറിടം തിരയുന്നു. അങ്ങയെ മറവു ചെയ്തെന്ന് ഉറപ്പാണോ? അതോ അങ്ങ് ഒരു മരമായി മാറിക്കഴിഞ്ഞോ, അതുമല്ലെങ്കിൽ എവിടേക്കെന്നില്ലാതെ ഒരു പക്ഷിക്കൊപ്പം പറന്നുപോയോ?

യഫ ബീച്ചിനു സമീപമുളള വല്യുപ്പൂപ്പായുടെ വീടിന്റെ മുന്നിൽ ഒരു മരം നിന്നിരുന്നു. വീടുവിട്ടുപായുമ്പോൾ തോട്ടത്തിൽനിന്ന് കുറച്ചു ഓറഞ്ചുകൾ വല്യുമ്മാമ്മ പറിച്ചെടുത്തെങ്കിലും കനത്ത ഷെല്ലാക്രമണത്തിനിടെ അതുവീണുപോയി. ഏതാനും ദിവസങ്ങൾക്കകം മടങ്ങാമെന്നു വിചാരിച്ചു പോന്ന അവിടേക്കു പിന്നീടൊരിക്കലും അവർക്കു തിരിച്ചുപോകാനായില്ല. ആ വീടു തകർത്ത് അവിടെ കുടിയേറ്റക്കാർ പുതിയ വീടുപണിതു. 1986 ൽ ഗാസയിലെ അഭയാർഥിക്യാംപിലാണു ഹസൻ മരിച്ചത്. തുരുമ്പെടുത്ത ആ താക്കോൽ അദ്ദേഹം മരണം വരെ സൂക്ഷിച്ചു.

ഞങ്ങൾ വീടുപേക്ഷിച്ചുപോന്നു

രണ്ടു പുതപ്പുകൾ, ഒരു തലയണ,റേഡിയോയുടെ

മാറ്റൊലി എന്നിവ മാത്രം ഒപ്പമെടുത്തു

മൊസാബ് കവി മാത്രമല്ല ലൈബ്രേറിയൻ കൂടിയാണ്. ഗാസയിലെ ആദ്യ ഇംഗ്ലിഷ് ഗ്രന്ഥശാലയായ എഡ്വേഡ് സെയ്ദ് ലൈബ്രറി സ്ഥാപിച്ചത് അദ്ദേഹമാണ്. 2016 മുതൽ 2019 വരെ ഗാസയിൽ യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക് ഏജൻസിയിൽ (യുഎൻആർഡബ്ല്യൂഎ) ഇംഗ്ലിഷ് അധ്യാപകനായും സേവനം ചെയ്തു. 2014 ൽ ഇസ്രയേൽ ഗാസ ഇസ്ലാമിക് സർവകലാശാല സമുച്ചയത്തിൽ ബോംബിട്ടപ്പോൾ മൊസാബ് അവിടെ വിദ്യാർഥിയായിരുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചശേഷം അവിടെ ചെന്നപ്പോൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഒരു പുസ്തകം കിട്ടി. ഇംഗ്ലിഷ് കവിതകളുടെ സമാഹാരമായ ‘നോർട്ടൻ ആന്തോളജി’യായിരുന്നു അത്. താൻ രക്ഷിച്ച പുസ്തകത്തിന്റെ ഫോട്ടോ അന്നു മൊസാബ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു; ഒപ്പം ബോംബാക്രമണത്തിൽ കേടുപാടുപറ്റിയ സ്വന്തം വീടിന്റെ പടവും. അയൽപക്കത്തെ വീടിനു മുകളിൽ വീണ ബോംബിന്റെ ചീളുകൾ തെറിച്ച് മൊസാബിന്റെ ഹോം ലൈബ്രറിയായി ഉപയോഗിച്ചിരുന്ന മുറിയുടെ ഭിത്തിയിൽ വലിയ മൂന്നു ദ്വാരങ്ങളുണ്ടായിരുന്നു. നഷ്ടമായ പുസ്തകങ്ങൾക്കു പകരമായി സുഹൃത്തുക്കൾ പുസ്തകങ്ങൾ അയച്ചുതരാമെന്നു വാഗ്ദാനം ചെയ്തു. തുടർന്ന് അറുനൂറിലേറെ പുസ്തകങ്ങളാണു ലോകത്തിന്റെ പലഭാഗത്തുനിന്നായി ഗാസയിലെത്തിയത്. ഇതെത്തുടർന്നു നടത്തിയ ധനസമാഹാരണത്തിനൊടുവിലാണു ഗാസയിൽ എഡ്വേഡ‍് സെയ്ദ് ലൈബ്രറി സ്ഥാപിച്ചത്.

edward_said
എഡ്‌വേർഡ് സേയ്ദ്, Image Credit: Picture Alliance / Akp

സെയ്ദിനു സമർപ്പിച്ച കവിത ഇങ്ങനെ:

ഞാൻ അകത്തോ പുറത്തോ അല്ല

ഞാൻ ഇടയിലാണ്.

ഞാനൊന്നിന്റെയും ഭാഗമല്ല.

എന്തിന്റെയോ നിഴലാണു ഞാൻ.

ശരിക്കും പറഞ്ഞാൽ

ഞാൻ യഥാർഥത്തിൽ നിലവില്ലാത്ത

ഒരു വസ്തുവാണ്;

ഭാരശൂന്യം,

ഗാസയിലെ ഒരു തരി നേരം.

പക്ഷേ, ഞാനെവിടെയാണോ

അവിടെത്തന്നെ ശേഷിക്കും.

‘പലസ്തീൻ എ–സെഡ്’ എന്ന കവിതയിൽ ഗാസയുടെ വിധി ഇംഗ്ലിഷ് അക്ഷരമാല ക്രമത്തിലുള്ള 26 മുക്തകങ്ങളായി എഴുതിയിട്ടുണ്ട്. ‘വിനോദസഞ്ചാരികൾ തകർന്ന കെട്ടിടങ്ങൾക്കും കബറിടങ്ങൾക്കുമരികെ നിന്ന് ഫോട്ടോക്കു പോസു ചെയ്യുന്ന നഗരമാണു ഗാസ. മനസ്സിൽ മാത്രം നിലനിൽക്കുന്ന രാജ്യം. അതിന്റെ പതാകയ്ക്കു പാറാൻ ഇടമില്ല,എന്റെ രാജ്യക്കാരുടെ മയ്യിത്തുകട്ടിലിനു മുകളിലല്ലാതെ.’

SipaPress-RexFeatures
എഡ്‌വേർഡ് സേയ്ദ്, Image Credit: Sipa Press-Rex Features

ഗാസയിൽ നിങ്ങളുടെ കുറ്റമെന്താണെന്ന് നിങ്ങൾക്കറിയില്ല, മൊസാബ് എഴുതുന്നു, കാഫ്കയുടെ ഒരു നോവലിൽ ജീവിക്കുന്നതുപോലെയാണത്. കടലിൽ മീൻ പിടിക്കാനോ, സഞ്ചരിക്കാനോ അനുമതിയില്ലാത്ത ഗാസയിൽ 47 ശതമാനം പേർക്കും ജോലിയില്ല. വൈദ്യുതി എപ്പോൾ വരുമെന്നോ പോകുമെന്നോ ആർക്കുമറിയില്ല. പട്ടാപ്പകലും അതിനാൽ വിളക്കുകൾ എല്ലാവരും ഓൺ ചെയ്തുവയ്ക്കുന്നു, വൈദ്യുതി വന്നാലറിയാൻ വേണ്ടി.

ഗാസ സിറ്റിയിലെ അൽ ഷാതി അഭയാർഥി ക്യംപിലാണു മൊസാബ് ജനിച്ചത്. ഇതേ ക്യാംപിലാണു മൊസാബിന്റെ പിതാവും ജനിച്ചത്. മൊസാബിന്റെ മാതാവ് ഗാസയിലെ ഏറ്റവും വലിയ അഭയാർഥി ക്യാംപാണ് ജബാലിയയിലും. ഒൻപതാം വയസ്സിൽ 2000 ൽ മൊസാബ് ബയ്ത് ലാഹിയ ക്യാംപിലേക്കു മാറി. അവിടെനിന്നു നോക്കിയാൽ തെക്കൻ ഇസ്രയേലിലെ അഷ്കെലോൺ പട്ടണം കാണാം. 1948ൽ ഇസ്രയേൽ കയ്യേറും മുൻപ് അത് അസ്കലാൻ ആയിരുന്നു.

MohammadZayed
പലസ്തീൻ കവി മൊസാബ് അബു ത്വാഹ, Image Credit: Mohammed Zayed

‘നവംബറിലാണു ഞാൻ ജനിച്ചത്. ഉപ്പയോടൊപ്പം കടൽത്തീരത്തു നടക്കുകയായിരുന്നുവെന്ന് ഉമ്മ എന്നോടു പറഞ്ഞു. പെട്ടെന്ന് ആകാശമിരുണ്ടു മഴപെയ്യാൻ തുടങ്ങി. ഉമ്മയ്ക്കു നോവു തുടങ്ങി. ഒരു മണിക്കൂറിനുശേഷം ഞാൻ ജനിച്ചു. എനിക്ക് കടലും മഴയും ഇഷ്ടമാണ്; ഈ ഭയങ്കരലോകത്തേക്കു വരും മുൻപേ അവസാനമായി ഞാൻ കേട്ട രണ്ടു കാര്യങ്ങൾ’.

നീ കണ്ണുകളടച്ചു കടലിൽ നടക്കുക. കൈകൾ വെള്ളത്തിലിളക്കി നിന്റെ കവിതയ്ക്കായി വാക്കുകൾ പിടിക്കുക. മേഘങ്ങൾക്കുമീതേ വാക്കുകളെഴുതുക. വിഷമിക്കരുത്, അവ സ്വന്തം മണ്ണ് കണ്ടെത്തും. 

നീ കണ്ണുകൾ തുറക്കുക. രാത്രിയിൽ കടൽ നീലയല്ല. ചുറ്റും നോക്കൂ, വീഴുന്ന മഴത്തുള്ളികളിൽ നിന്റെ വിരാമചിഹ്നങ്ങൾ തിരയുക. നീന്തൽക്കുപ്പായമിട്ടു ആഴത്തിലേക്കു മുങ്ങിപ്പോയി നിന്റെ ഇതിഹാസത്തിനു ഒരു പേരു തിരയുക. സഞ്ചരിക്കുന്ന നിന്റെ ജന്മനാടിലേറി –നിന്റെ ബോട്ടിൽ–പോകുക. ഉറക്കത്തിൽ നിന്റെ സ്വപ്നം ഓർത്തെടുക്കാൻ തുടങ്ങുക...

ഒരു കവിയെ പിന്തുടരുമ്പോൾ മടങ്ങിപ്പോരാനുളള വഴി ഞാൻ മറക്കുന്നു. ബുള്ളറ്റുകൾ തുള വീഴ്ത്തിയ മേൽക്കൂരയിലെ വിടവിലൂടെ മൊസാബ് ആകാശം നോക്കുന്നതു കാണുന്നു. 2014 ലെ യുദ്ധത്തിൽ നഷ്ടമായ മൂന്നുകൂട്ടുകാരുടെ ജനാസയ്ക്കു മുന്നിൽ തലതാഴ്ത്തി നിൽക്കുന്നു. ഡ്രോണുകളുടെ ഇരമ്പം തീരുന്നതും വൈദ്യുതി വരുന്നതും കാത്ത് മേശയ്ക്കു മുന്നിലിരിക്കുന്നു. ഞാൻ ഒരുകാര്യം ഉറച്ചുവിശ്വസിക്കുന്നു: കവിത അനീതിയെ വിളിച്ചുപറയുന്നതാകയാൽ അതു തീരെ മറഞ്ഞിരിക്കുന്നില്ല. അതു നിശ്ശബ്ദമായോ വിഫലമായോ അവസാനിക്കുകയും ഇല്ല.

English Summary:

Unlocking the Pained Heart of Gaza: Poet Mosab Abu Toha's Arrest Raises Alarms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com