ADVERTISEMENT

കഴിഞ്ഞദിവസം കോഴിക്കോടു ചാവറ കൾച്ചറൽ സെന്ററിൽ നൊർവീജിയൻ എഴുത്തുകാരനായ യോൻ ഫോസയെക്കുറിച്ചു സംസാരിക്കാൻ പോയി. നാടകവും നോവലും കവിതയും നിറഞ്ഞ ആ കലാജീവിതത്തെ വിവരിക്കുന്നതിനിടെ,‘സെപ്റ്റോളജി ‘എന്ന നോവലിൽ സ്വീകരിച്ച പൂർണവിരാമ ചിഹ്നങ്ങൾ ഉപയോഗിക്കാത്ത, ഖണ്ഡികങ്ങൾ ഇല്ലാത്ത, സ്വഗതാഖ്യാനപരമായ ഗദ്യശൈലിയെപ്പറ്റി പരാമർശിച്ചു. അപ്പോഴാണ് ഒരു ചോദ്യം ഉയർന്നത്, എന്തിനായിരിക്കും എഴുത്തുകാരൻ പൊതുവേ വായനക്കാർക്കു പ്രയാസകരമായ ഗദ്യം ഉപയോഗിച്ചത്? 

യോൻ ഫോസെ, Photo Credit: Agnete Brun
യോൻ ഫോസെ, Photo Credit: Agnete Brun

ക്ലിഷ്ടത നിറഞ്ഞ ഗദ്യം അപൂർവതയല്ല. യൂറോപ്യൻ ആധുനികതയുടെ ഭാഗമായി വികസിച്ചുവന്ന പല ഭാഷകളിലെയും നോവൽരൂപങ്ങളിൽ നാം അതു കണ്ടിട്ടുണ്ട്. സാമുവൽ ബെക്കറ്റ്, ഗെട്രൂഡ്സ്റ്റൈൻ, ഹെർമൻ ബ്രോക്, ക്ലാരിസ് ലിസ്പെക്ടർ, ലസ്‌ ലോ കൃസ്‌നാഹോർക്കെ എന്നിവരൊക്കെ ഖണ്ഡികകളില്ലാത്ത നീണ്ട വാക്യങ്ങൾ ഉപയോഗിച്ചിരുന്നു. ഷുസെ സരമഗുവിന്റെ ഖണ്ഡികകളില്ലാത്ത, കോമകൾ ധാരാളമായി ഉപയോഗിക്കുന്ന ഗദ്യത്തിന്റെ വശ്യത എന്നെ ആകർഷിച്ചു. തന്റേത് വാമൊഴി ഭാഷയാണെന്നു സരമഗു പിന്നീടു വിശദീകരിക്കുകയുണ്ടായി. സരമഗുവിനെ വായിച്ചില്ലായിരുന്നുവെങ്കിൽ എന്റെ നോവൽസങ്കൽപങ്ങൾ പരിമിതമായിപ്പോയേനെ എന്നുപോലും തോന്നാറുണ്ട്. സരമഗു നൽകിയ ശീലം കൊണ്ടാകാം ഫോസെയിലേക്ക് എത്തുമ്പോൾ എനിക്ക് അതിൽ പ്രവേശിക്കാൻ പ്രയാസം തോന്നിയതുമില്ല. എന്നാൽ, ഫോസെയിൽ ഒരു മന്ത്രോച്ചാരണത്തിലെന്നപോലെ ഒരേകാര്യം, ഒരേ വാക്യങ്ങൾ,  ഉന്മാദകരമായി ആവർത്തിക്കുന്നത്, മനുഷ്യനിലെ ഏറ്റവും ആന്തരികമായ പ്രകമ്പനങ്ങൾ വരെ ഭാഷയായി പരിവർത്തനം ചെയ്യുമെന്നതിന്റെ പാഠമായി ഞാൻ കണ്ടു. 

Jose-Saramago-photo
ഷുസെ സരമഗു, Photo Credit: Renato Parada

നോവലിസ്റ്റ് ഒരു വാക്യമെഴുതുന്നു. അത് വിശദീകരിക്കാൻ തുടങ്ങുന്നു, പലമട്ടിൽ ആ വിശദീകരണം നീണ്ടുപോകുന്നു, അങ്ങനെ ആ വാക്യത്തിലേക്കു കേന്ദ്രീകരിക്കുന്ന തീവ്രമണ്ഡലം ഉണ്ടായിവരുന്നു. ചിത്തരോഗാശുപത്രിയിൽ ചിത്രകാരൻ ലാർസിന്റെ ജീവിതം വിവരിക്കുന്ന മെലങ്കളിയുടെ അവസാന ഭാഗത്തിൽ, നിദ്രാരാഹിത്യം മൂലം ഭ്രാന്തുപിടിച്ച പാവം, ആ രാത്രികളിൽ കടൽക്കാക്കകൾ കരയുന്നതു മാത്രം കേൾക്കുന്നു. ഈ കാക്കക്കരച്ചിൽ എന്നതു ആവർത്തിച്ചുകൊണ്ടിരിക്കുന്നു. വരയ്ക്കാനോ സ്വയംഭോഗം ചെയ്യാനോ അനുമതിയില്ലാതെ ആശുപത്രിവാസത്തിന്റെ ഭയാനകത ഈ കാക്കക്കരച്ചിലുകളിൽ നാം അറിയുന്നു. ഒരു തീവ്രാനുഭവം, അല്ലെങ്കിൽ തീവ്രവിചാരം തീക്ഷ്ണ ദൃശ്യമായി തെളിയുന്നതു വായിക്കുന്നു. ക്ലിഷ്ടതയല്ല, അഗാധതയാണു നാം അനുഭവിക്കുന്നത്‌.

ഫ്രഞ്ച് എഴുത്തുകാരി ആനി എർനോ നൊബേൽ സമ്മാനം സ്വീകരിച്ചു നടത്തിയ ഹ്രസ്വമായ പ്രഭാഷണം I will write to avenge my people എന്ന പേരിൽ പുസ്തകമായി ഈയിടെ പുറത്തുവന്നു. സാധാരണ കുടുംബത്തിലെ പ്രാരാബ്ധങ്ങൾക്കു നടുവിൽ വളർന്ന ഒരു പെൺകുട്ടി എഴുത്തുകാരിയാകാൻ അതിയായി മോഹിച്ചു. ഫ്ലോബേറും വിർജീനിയ വൂൾഫും എഴുതിയ നോവലുകളിൽ സ്വയം മറന്നുനടന്നു. സാഹിത്യത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടതായി വിശ്വസിച്ചു. എന്നാൽ അധ്യാപികയായി, വിവാഹിതയായി, രണ്ടു കുട്ടികളുടെ അമ്മയായി, വീട്ടുജോലികൾ കൂടി തലയിലായതോടെ അവൾ സാഹിത്യത്തിൽനിന്ന് അകന്നുപോയി. കാഫ്കയുടെ ദ് ട്രയലിലെ ‘നിയമത്തിനു മുന്നിൽ’ എന്ന ദൃഷ്‌ടാന്തം തന്റെ ജീവിതത്തിൽ യാഥാർഥ്യമാകുകയാണോ എന്ന് ഭയന്നു. നീതിതേടിയെത്തുന്ന മനുഷ്യൻ ഒരു തുറന്ന വാതിലിനു മുന്നിൽ അകത്തേക്കു പ്രവേശിക്കാനായി അനുമതിക്കായി ജീവിതമത്രയും കാത്തുനിൽക്കുന്നു. കാലം കഴിഞ്ഞുപോകുന്നു. അയാൾക്ക്‌ വയസ്സാകുന്നു, കാഴ്ച നഷ്ടമാകുന്നു, എണീറ്റുനിൽക്കാൻ പോലും വയ്യാതാകുന്നു. ഒരുദിവസം ആ വാതിൽ ഒരാൾ വന്ന് അടയ്ക്കുന്നു. അയാൾ പരിഭ്രാന്തിയോടെ ചോദിക്കുന്നു, തന്നെ ഇതേവരെ വിളിച്ചില്ലല്ലോ!  ഇത് നിങ്ങൾക്കുവേണ്ടി മാത്രം തുറന്ന വാതിലായിരുന്നു, നിങ്ങൾ പ്രവേശിക്കാത്തതിനാൽ ഇത് അടയ്ക്കുകയാണ് എന്ന മറുപടിയാണ് അയാൾക്കു കിട്ടിയത്. 

kafka
കാഫ്ക Image Credit: commons.wikimedia.org

തനിക്കുവേണ്ടി മാത്രം തുറന്ന വാതിൽ അടയുന്നതും നോക്കി മരിച്ചുപോകുന്ന ആ മനുഷ്യൻ, താൻ മാത്രമെഴുതേണ്ട നോവൽ ഒരിക്കലും എഴുതപ്പെടുതാതെ മണ്ണടിഞ്ഞുപോകുമോ എന്ന ആധി ആനി എർനോയിലേക്കു കൊണ്ടുവന്നു. 

താൻ വളർന്നുവന്ന സാമൂഹിക അന്തരീഷത്തിനുവിരുദ്ധമായി മറ്റൊരു ഭൂഖണ്ഡം പോലെയായിരുന്നു സാഹിത്യം. ജെൻഡർ വിവേചനം ശക്തമായിരുന്ന ഫ്രഞ്ച് സമൂഹത്തിൽ എഴുത്തുകാരനു കിട്ടുന്ന സ്വീകാര്യതയുടെ നാലിലൊന്നുപോലും എഴുത്തുകാരിക്കു കിട്ടിയിരുന്നില്ല. ആനി എർനോയുടെ ആദ്യ രണ്ടു നോവലുകൾ നിരസിക്കപ്പെടുകയും ചെയ്തു. ‘ഞാനെന്റെ ജനതയ്ക്കുവേണ്ടി പ്രതികാരം ചെയ്യും’ എന്ന് അർഥം വരുന്ന ഒരു വാക്യം 60 വർഷം മുൻപ് താൻ ഡയറിയിൽ എഴുതിവച്ചത് ഈ പ്രസംഗത്തിൽ എഴുത്തുകാരി ഓർക്കുന്നുണ്ട്. ഒരു സ്ത്രീയെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളെ സത്യസന്ധമായി എഴുതുക, താൻ വളർന്നുവന്ന സാഹചര്യങ്ങളെ അഭിമുഖീകരിക്കുക. ഇതാണു എഴുത്തിൽ താൻ ശ്രമിച്ചത്‌. തന്റെ സാഹിത്യലോകം പ്രൂസ്റ്റ്, ഫ്ലോബേർ, വിർജീനിയ വൂൾഫ് എന്നിവരുടേതായിരുന്നു. എന്നാൽ എഴുത്തിലേക്കു ചെന്നപ്പോൾ ഇവരാരും തനിക്കു സഹായമായില്ല. 

ernaux-books-main

ഗർഭനിരോധനമാർഗങ്ങൾ വിലക്കപ്പെട്ട ഒരു സമൂഹത്തിൽ, ഗർഭഛിദ്രം കുറ്റകരമായ ഒരു സമൂഹത്തിൽ ഒരു സ്ത്രീ എന്താണ്‌ എഴുതുക? അടിച്ചമർത്തിയ സ്മരണകളുടെ അകങ്ങളിലെ പറയരുതാത്തത്‌ ആണ് താൻ എഴുതാൻ ശ്രമിച്ചതെന്ന് ആനി എർനോ പറയുന്നു. തനിക്കുള്ളിൽത്തന്നെയുള്ള കോപവും പകയും വന്യതയും താൻ തിരിച്ചറിഞ്ഞതോടെ കലാപത്തിന്റെതായ ഭാഷ ഉണ്ടായിവന്നു. അപമാനിക്കപ്പെട്ടവരും മുറിവേറ്റവരും ഉപയോഗിക്കുന്ന ഭാഷയായിരുന്നു അത്. മറ്റുള്ളവരുടെ പരിഹാസങ്ങളോടും നാണക്കേടു തോന്നിയല്ലോ എന്നോർത്തുള്ള നാണക്കേടിനോടുമുള്ള പ്രതികരണം. 

ernaux-books

എഴുത്തിനെക്കുറിച്ചുള്ള സൂക്ഷ്മവിചാരം ഇല്ലാതെ എങ്ങനെയാണു ജീവിതത്തെക്കുറിച്ചുള്ള ചിന്ത ഉണ്ടാകുക എന്ന് ആനി എർനോ ചോദിക്കുന്നുണ്ട്. എന്തിനെഴുതുന്നുവെന്ന് വിചാരിക്കുമ്പോഴാണ് അതിലേക്കു ജീവിതം കടന്നുവരുന്നത്. ആ ജീവിതം ചിലപ്പോൾ ദരിദ്രയായ ഫെമിനിസ്റ്റിന്റേത്, അല്ലെങ്കിൽ ദരിദ്രനായ ചിത്രകാരന്റേത് ആകും. ഹീനമായ സാഹചര്യത്തിൽനിന്നു കലാജീവിതത്തിലേക്കു പോയ ഒരാൾ തനിക്ക് സമ്മാനമായി ലഭിച്ച ആദ്യത്തെ നല്ല ഉടുപ്പ്, സ്വെറ്റർ, ഷൂസ്, പെട്ടി എന്നിവ ദീർഘകാലം സൂക്ഷിച്ചുവയ്ക്കുകയും അവയുടെ ഓർമയിൽനിന്നു കഥകൾ ഉണ്ടാക്കുകയും ചെയ്യുന്നതു ഫോസെയിൽ പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. താൻ നടത്തിയ ആദ്യ ഗർഭഛിദ്രത്തിന്റെ കഷ്ടസ്മരണയിൽനിന്നാണ്‌ എർനോയുടെ ഏറ്റവും ശക്തമായ നോവലുകളിലൊന്നായ 'ഹാപ്പനിങ്‌‌' പിറന്നത്‌. നിന്ദയുടെയും വേദനയുടെയും സ്ത്രീശരീരം, 1960കളിൽ ഫ്രാൻസിലെ ഒരു ഗർഭഛിദ്ര കേന്ദ്രത്തിൽനിന്ന് 2023 ൽ ഇറാനിലെ തെരുവുകളിലേക്ക് എത്തുന്നു. അചഞ്ചലയായ ഫെമിനിസ്റ്റിന്റെ ഉയർന്ന ജീവിതാഭിമുഖ്യം നിറഞ്ഞ ശക്തവും മനോഹരവുമായ പ്രസംഗം ആയിരുന്നു അത്‌.

English Summary:

Ezhuthumesha Column by Ajay P Mangatt About Writing Process of Authors like Annie Ernaux

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com