ADVERTISEMENT

പ്രിയ സുഹൃത്തേ, 

കത്തുകളിൽ ചിലതിലെങ്കിലും പി. ഭാസ്കരനുണ്ണിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളവും ഇരുപതാം നൂറ്റാണ്ടിലെ കേരളവും എഴുതിയ അദ്ദേഹത്തിന് നമ്മൾ ഉചിതമായൊരു സ്മാരകം നൽകിയോ എന്ന സങ്കടമാണ് പലപ്പോഴായി പറഞ്ഞിട്ടുള്ളത്. സ്മാരകം എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഇത്രയേറെ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു മനുഷ്യനെ വേണ്ട വിധത്തിൽ ആദരിക്കുവാൻ നമുക്കായിട്ടുണ്ടോ എന്നാണ്.

ഇല്ല. പലപ്പോഴും ഭാസ്ക്കരനുണ്ണി ജീവിതമത്രയും നടന്ന് സമ്പാദിച്ച വിവരശേഖരങ്ങൾ അദ്ദേഹത്തെ പരാമർശിക്കാതെ ഉപയോഗിക്കുന്നത് കാണാറുണ്ട്. ഈ കൃതഘ്നത അക്കാദമിക് രംഗത്ത് മാത്രമല്ല സാഹിത്യരംഗത്തും കുറവല്ല. സാഹിത്യത്തിനു ലഭിച്ച സാമൂഹ്യമേൽക്കൈ മറ്റ് രചനകൾക്ക് മലയാളത്തിൽ നേടാനായിട്ടില്ല.

ചരിത്രരചയിതാക്കളോ ശാസ്ത്രരചയിതാക്കളോ അതിനാൽത്തന്നെ പൊതുദൃഷ്ടിയിൽ നിന്നും ഏറെ അകലെയാവുകയും ചെയ്തു. ഗവേഷകരായ പലരും അപ്രസക്തരായി.മലയാളത്തിലെ ദുര്യോഗം അറിഞ്ഞിട്ടുപോലും തങ്ങളുടെ മേഖലയിൽ ഇനി ലഭിക്കാനിരിക്കുന്ന സമ്മതത്തെയും പുരസ്കാരങ്ങളെയും വിഗണിച്ച് പ്രവൃത്തിയെടുക്കുന്നവർ ഉണ്ട്.അവരിലൊരാളായിരുന്നു പി ഭാസ്കരനുണ്ണി.

പി. ഭാസ്കരനുണ്ണി രചിച്ച 'പട്ടിണിയും അവരോധവും' എന്ന കൃതി കാഴ്ചയിൽ ചെറുതാണ്. എന്നാൽ ഈ കൃതിയിൽ അദ്ദേഹം പരിചയപ്പെടുത്തുന്ന കാലവും അധികാര രൂപങ്ങളും സാധാരണക്കാർക്ക് അപരിചിതമായേക്കാം. അതുമാത്രമല്ല എങ്ങനെ ഗാന്ധിജി ഉപവാസ സമരതന്ത്രം സൃഷ്ടിച്ചു എന്നതും വിലയിരുത്തുന്നു. ഈ പുസ്തകം നമ്മുടെ ഭൂതകാലത്തിലേക്ക് സഞ്ചരിക്കുവാനുള്ള യാത്രയുടെ ആരംഭമായി കാണുന്നതാവും നല്ലത്. അതിനാൽത്തന്നെ ഇത് മറഞ്ഞുപോയ ഒരു കാലത്തിനുള്ള ആമുഖമായും കാണാം. 

bhaskaranunni-book

പഴയ 'പട്ടിണി'യും മഹാത്മജിയുടെ നിരാഹാരവും എന്നാണ് ആദ്യ അധ്യായത്തിന്റെ തലക്കെട്ട്. ഗാന്ധിജിയുടെ രാമരാജ്യവും രാമനും എന്തായിരുന്നു? ഇന്ന് ആ ചോദ്യം പ്രസക്തവുമാണല്ലോ. ഭാസ്കരനുണ്ണി ഇങ്ങനെ തുടങ്ങുന്നു: 'ലക്ഷ്യം പോലെ മാർഗവും മഹത്തും വിശുദ്ധവുമായിരിക്കണമെന്ന് നിർബന്ധമുള്ള വ്യക്തിയായിരുന്നുവല്ലോ മഹാത്മജി.

'രാമരാജ്യ'മെന്ന തന്റെ സങ്കൽപ്പത്തിന്റെ പുനർനിർമിതിക്ക് അദ്ദേഹം ആവിഷ്ക്കരിച്ച മാർഗങ്ങളും ശ്രീരാമന്റെ കാലത്തിനു പരിചിതമായ ചില കർമാനുഷ്ഠാനങ്ങളോ വ്രതനിഷ്ഠകളോ ആയിരുന്നു. 'രാമനും മുന്നേ നിലനിന്നിരുന്ന ആർഷമൂല്യ പ്രസിദ്ധങ്ങളായ സത്യാഗ്രഹവും അഹിംസയും എന്തായിരുന്നു എന്ന് അദ്ദേഹം പിന്നീട് വിശദമാക്കുന്നു. 'ഉപവാസത്തിന്റെ  ഉൽപ്പത്തിസ്ഥാനമേതെന്ന് പലർക്കും അജ്ഞാതമത്രേ. അത് ശ്രീരാമന്റെ കാലത്തിനും മുമ്പ് ഭാരതത്തിൽ നിലനിന്നു പോന്നിരുന്ന ക്ഷേത്രസംബന്ധമായ ഒരു ചടങ്ങിന്റെ ആവർത്തനം മാത്രമായിരുന്നു. രാഷ്ട്രീയാവശ്യങ്ങൾ നേടാൻ മതപരമായ പരീക്ഷണങ്ങളെ തിഞ്ഞ വിവേകത്തോടും സൂക്ഷ്മതയോടും പ്രയോഗിച്ച് വിജയ പ്രാപ്തിയിലെത്തിക്കാമെന്ന ആത്മവിശ്വാസം ഗാന്ധിജിക്കുണ്ടായിരുന്നു എന്ന് ഭാസ്ക്കരനുണ്ണി വിലയിരുത്തുന്നു.

gandhiji-article
ഗാന്ധിജി

ഗാന്ധിജിയുടെ ധർമമര്യാദയും ഉപ്പിനോടുള്ള നിസ്സംഗത്വവുമെല്ലാം തന്റെ മതമനുശാസിക്കും വിധമായിരുന്നു എന്നാണ് ഇവിടെ അദ്ദേഹം സൂചിപ്പിക്കുന്നത്. ഇവിടെ ഭാസ്ക്കരനുണ്ണി സൂചിപ്പിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് പറയേണ്ടതുണ്ടെന്ന് തോന്നുന്നു. ഉപ്പ് വ്രതനിഷ്ഠയിൽ വർജ്യവസ്തുവാണ്. എന്നാൽ ഉപ്പ് കുറുക്കലിലൂടെ ഗാന്ധിജി മറ്റൊരു ധീരസമരവും നടത്തുന്നു. സമരതന്ത്രത്തിൽ ഒരിടത്ത് ഉപ്പ് ഉപേക്ഷിക്കുന്നു. മറ്റൊരു സമരത്തിൽ ഉപ്പ് ഉത്പാദിപ്പിക്കുന്നു. ഗാന്ധിജിയെ നാം അറിയേണ്ടത് നിരാസത്തിന്റെയും സ്വീകരണത്തിന്റെയും വഴികളിൽത്തന്നെയാണന്ന് തോന്നുന്നു. ഗാന്ധിജിയുടെ സമര മാർഗ്ഗങ്ങൾ അദ്ദേഹം തന്റെ ശരീരം കൊണ്ട് വെളിപ്പെടുത്തുകയായിരുന്നു.

ശരീരത്തിന് പുറത്തായിരുന്നില്ല ഒരു സമരവും. വാക്കല്ല പ്രവൃത്തിയാണ് സമരരീതിയെന്ന് വിശ്വസിച്ച ഒരാൾക്ക് മാത്രം സാധ്യമായ കടുംവഴിയാണത്. അതിനാൽത്തന്നെ ഗാന്ധിജിയെ അറിയുക എന്നത് ദുഷ്ക്കരവും ആണ്. ക്ഷമാശീലരായവർക്കേ ഗാന്ധിജിയുടെ രാഷ്ട്രീയ തീരുമാനങ്ങളെ ശരിയാംവണ്ണം അപ്രഗ്രഥിക്കാനാവൂ. വൈരുദ്ധ്യങ്ങളുടെയും സങ്കീർണതകളുടേയും ജീവിതമായിരുന്നു അത്. 

പ്രതിസന്ധി ഘട്ടങ്ങളിൽ സ്വപ്നമായോ വെളിച്ചമായോ ഗാന്ധിജിയിൽ രൂപംകൊണ്ട വെളിപാടുകളെക്കുറിച്ച് ഗാന്ധിജിതന്നെ എഴുതിയിട്ടുണ്ട് 'ഉറക്കത്തിനും ഉണർവിനും മധ്യേയുള്ള ആ മയക്കസ്ഥിതിയിൽ - അർധനിദ്രാവസ്ഥയിൽ - ആണ്, ഒരു സ്വപ്നത്തിലെന്ന പോലെ, ആ പുതിയ ആശയം എന്നിൽ പെട്ടന്ന് ഉദിച്ചത്'. 1919 മാർച്ചിലാണ് റൗലറ്റ്ബിൽ നിയമമായി ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത്. ഈ നിയമം വന്നാൽ അതിനെ എങ്ങനെ നേരിടണം എന്ന് മുൻപേ തന്നെ ഗാന്ധിജി ചിന്തിച്ചിരുന്നുവെങ്കിലും അതിനൊരു പ്രായോഗിക വഴി തെളിഞ്ഞിരുന്നില്ല. അതാണ് സ്വപ്നത്തിലൂടെ വെളിപ്പെട്ടത്.

bhaskaranunni-j

ഹർത്താൽ ആചരിക്കുക എന്നതായിരുന്നു സ്വപ്നത്തിൽ നിന്നും കിട്ടിയ സമരമാർഗ്ഗം. ഇവിടെ അദ്ദേഹം പ്രധാനമായും പറയുന്ന ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ്. മുസൽമാൻമാർക്ക് ഒരു ദിവസത്തിലധികം ഉപവാസം ദീർഘിപ്പിക്കാൻ പാടില്ലെന്നുള്ളതുകൊണ്ട് ഉപവാസ കാലം ഇരുപത്തിനാലു മണിക്കൂറായിരിക്കണം! ഇവിടെയാണ് ഗാന്ധിജിയുടെ മഹത്വം വെളിപ്പെടുന്നത്. ഈ അപരനദ്വേഷമില്ലായ്മയാണ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ചതും.

ഇനി ഉപവാസം എന്തെന്നു ഭാസ്കരനുണ്ണി വിശദീകരിക്കുന്നതിലേക്ക് മടങ്ങാം: ഉപവാസമെന്നാൽ പ്രായോപവേശത്തിന്റെ ഹ്രസ്വവും ഋജുവുമായ മറ്റൊരു രൂപഭേദമാണ്.കർമ, ധ്യാന, ഭക്തിമാർഗങ്ങളുമായി എപ്പോഴും പ്രവർത്തിക്കുന്നു ഇത്.അവകാശസംരക്ഷണത്തിനായോ മേൽക്കോയ്മയുടെ ഗർവ് ശമിപ്പിക്കാനോ ഒക്കെ പഴയ കാലത്ത് പ്രായോപവേശം ആചരിച്ചിരുന്നു.പ്രായോപവേശം എന്നാൽ 'പട്ടിണി'. എന്നാൽ ഈ പട്ടിണിയെക്കുറിച്ച് അറിയാൻ ഇതുകൂടി മനസ്സിലാക്കേണ്ടതുണ്ട്.ഇന്ത്യയിലെ മഹാക്ഷേത്രങ്ങൾ ആധ്യാത്മിക വിഷയങ്ങളിൽ മാത്രമല്ല സാമ്പത്തികം സാംസ്കാരികം സാമൂഹ്യം തുടങ്ങിയ ലൗകിക വിഷയങ്ങളിലും നേതൃത്വം വഹിച്ചിരുന്നു. ക്ഷേത്രനിയമങ്ങളും കീഴ്നടപ്പും രാജാവും പ്രജകളും ഒരുപോലെ ആദരിച്ചുവന്നു. ഇവയെ അമ്പലരാജ്യങ്ങൾ എന്നോ ക്ഷേത്രരാഷ്ട്രങ്ങളന്നോ പറയാം.

ക്ഷേത്രാധിപനായ ദേവന്റെ സങ്കേതത്തിൽപ്പെട്ട ഇടങ്ങളിൽ രാജാവിനുപോലും അവകാശമോ അധികാരമോ ഉണ്ടായിരുന്നില്ല.സങ്കേതം അക്കാലത്ത് ധർമം പുലരുന്ന ഇടമായിരുന്നു. അവിടെ ഭേദങ്ങളില്ലായിരുന്നു. ഒരാൾ തന്റെ വിഷമം അറിയിക്കുകയും അതിന് പരിഹാരം തേടുകയും ചെയ്യുന്നത് ദേശാധിപതിയുടെ അടുത്തായിരിക്കും. അവിടെ പക്ഷഭേദമുണ്ടെന്ന് ബോധ്യപ്പെട്ടാൽ ഗ്രാമക്ഷേത്രത്തിലെത്തി വിവരം അറിയിക്കും. ഇവിടെയും പരാജയപ്പെട്ടാൽ അവസാന കൈ എന്ന നിലയിൽ സ്വീകരിക്കുന്ന സമരമുറയാണ് 'പട്ടിണി' സ്വീകരിക്കുക എന്നത്.

ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന പട്ടിണികളുണ്ട്. ഒറ്റയ്ക്കുള്ളത് ശുദ്ധമായ  ഉപവാസമാണെങ്കിൽ കൂട്ടായിട്ടുള്ളത് ശത്രുസംഹാരത്തിനുള്ളതാണ്. കൊല്ലവർഷം 932-ൽ കോഴിക്കോട്ടു സാമൂതിരി കൊച്ചിരാജ്യം കീഴടക്കി തൃശ്ശിവപേരൂരിൽ താമസിച്ചു ഭരണം നടത്തിയ കാലത്ത് കൊച്ചിത്തമ്പുരാൻ വൈരി സംഹാരത്തിനായി ഒരു കൂട്ടപ്പട്ടിണി നടത്തുകയുണ്ടായി. കൊച്ചിരാജാവിന്റെ അഭിലാഷം ആ പട്ടിണി കൊണ്ടു സാധിച്ചുവെന്നാണ്  വിശ്വാസം. വടക്കുംനാഥക്ഷേത്രത്തിൽ 'പട്ടിണിപ്പുര'യുണ്ടായിരുന്നു. ഈ ഒറ്റയ്ക്കും കൂട്ടായുമുള്ള പട്ടിണി കിടക്കലിനെയാണ് ഗാന്ധിജി ആധുനിക സമരമുറയാക്കിയത്.

bhaskaranunni-book-o

സങ്കേതം എന്ത്? അവരോധമെന്നാൽ എന്ത്? ഇങ്ങനെ ചരിത്രത്തിലെ അറിയപ്പെടാത്ത ചില അധ്യായങ്ങളെ മികവോടെ ഭാസ്കരനുണ്ണി എഴുതിയിരിക്കുന്നു.ഒരേ കാര്യങ്ങൾ പല അധ്യായങ്ങളിലും ആവർത്തിക്കുന്നതാണ് ഒരു പോരായ്മ. എത്രയോ വർഷങ്ങളായി ഈ പുസ്തകം പ്രിന്റിൽ ഇല്ല എന്നതും സങ്കടകരമാണ്. 

സ്നേഹപൂർവ്വം 

UiR

English Summary:

Book Bum Column written by Unni R about Bhaskaranunni and Gandhiji

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com