ADVERTISEMENT

‘മോദിജി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ളത് രമ്യാജി ആയിരിക്കും’. രാജസ്ഥാനിലെ ജയ്സാൽമിറിലെ ഹോട്ടലുടമയും ടൂറിസ്റ്റ് ഗൈഡുമായ ദിൽബറിന്റെ തമാശ കലർന്ന ഈ വാചകത്തിൽ വായിച്ചെടുക്കാം രമ്യ എസ്. ആനന്ദ് നടത്തിയിട്ടുള്ള യാത്രകളുടെ ആഴവും പരപ്പും. ആ യാത്രകളിലേക്ക് പലപ്പോഴും നയിച്ചതാകട്ടെ വായനയും പുസ്തകങ്ങളും. മാധവിക്കുട്ടിയെ വായിച്ച് കൊൽക്കത്ത, എംടിയുടെ മഞ്ഞ് വായിച്ച് കുമയൂൺ കുന്നുകൾ, എം.മുകുന്ദന്റെ രമേശനെ തേടി ഹരിദ്വാർ, ആർതർ കോനൽ ഡോയലിന്റെ ദ് ഫൈനൽ പ്രോബ്ലം വായിച്ച് സ്വിറ്റ്സർലൻഡ്, വിജയനെ വായിച്ച് തസ്റാക്ക്, ആർ.കെ. നാരായണനെ വായിച്ച് അഗുംബേ. ഈ യാത്രകളിൽ കണ്ടുമുട്ടിയ ചില മനുഷ്യർ യാത്ര അവസാനിച്ച് മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും രമ്യയുടെയുള്ളിൽ ജീവിക്കുന്നു. അങ്ങനെയുള്ള 19 മനുഷ്യരുടെ കഥയാണ് ‘വഴികളിൽ തെളിയുന്ന മുഖങ്ങൾ’ എന്ന രമ്യയുടെ പുസ്തകം. 19 വ്യത്യസ്ത സംസ്കാരങ്ങൾ, ഭക്ഷണരീതികൾ, ചെടികൾ, മൃഗങ്ങൾ, പ്രകൃതി, മനുഷ്യർ തുടങ്ങിയവ കൂടിയാണ് ഈ  ജീവിതങ്ങളിലൂടെ രമ്യ നമുക്കായി അടയാളപ്പെടുത്തുന്നത്. എല്ലാ ഭാഷകൾക്കും മേലേ നിൽക്കുന്ന സ്നേഹത്തിന്റെ ഭാഷയിലാണ് രമ്യയുടെ എഴുത്ത്. അതിനാൽ നേരെ നമ്മുടെ ഹൃദയത്തിലേക്കാണു പ്രവേശനം.

അഹമ്മദാബാദിലെ മേരി ലാബോ ആന്റിയും വിയന്നയിൽ മൊസാർട്ട് പ്രതിമയായി അഭിനയിക്കുന്ന ചാൾസും തിരുവല്ല റയിൽവേ സ്റ്റേഷനിലെ അജ്ഞാത ഗായികയും നാഗാലാൻഡിലെ അഛക് അപ്പൂപ്പനും മട്ടാഞ്ചേരിയിലെ സാറാ മുത്തശിയും മ്യൂണിക്കിലെ മൈക്കിൾ സെർണിയും ഹിമാചലിലെ ഭരതും സ്വീഡനിലെ ജിസൽ അമേയ്ഡും ചെമ്പിലെ മുഹമ്മദ് കുട്ടിയുടെ ഉമ്മച്ചിയും രമ്യയുടെ വാക്കുകളിലൂടെ ചറപറാന്ന് അവരുടെ ജീവിതം പറയുകയാണ് ഒറ്റയിരിപ്പിനു വായിച്ചുതീർക്കാവുന്ന ഈ പുസ്തകത്തിൽ. വായന കഴിയുമ്പോൾ അവരും നമുക്കൊപ്പം പോരുകയാണ്. ആരംഭത്തിൽ സൂചിപ്പിച്ച രാജസ്ഥാനിലെ ദിൽബറിന്റെ ജീവിതകഥ തന്നെ യാത്രകളിൽ രമ്യ നടത്തുന്ന സൂക്ഷ്മനിരീക്ഷണത്തിന് ഉദാഹരണമാണ്. ഗ്രാമത്തെക്കുറിച്ചു രമ്യ ചോദിച്ചപ്പോഴാണ് ദിൽബർ അവന്റെ ജീവിത കഥ പറയുന്നത്. കുട്ടിക്കാലം അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെയായിരുന്നു. രണ്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളു. മികച്ച രീതിയിൽ തൊഴിലെടുക്കുന്ന, നന്നായി പെരുമാറുന്ന, നല്ല ഇംഗ്ലിഷ് സംസാരിക്കുന്ന ഒരാളായി മാറാൻ ഇത്ര വിദ്യാഭ്യാസം മതിയോ എന്നു രമ്യ അത്ഭുതപ്പെടുന്നുമുണ്ട്. 

സ്കൂളിൽ പോകുന്നതു നിർത്തിയ ദിൽബർ പിന്നീട് പശുവിനെ മേച്ചും ആടിനെ കറന്നും അപ്പൂപ്പന്റെ കൂടെ ഒട്ടകത്തിന്റെ പുറത്തേറിയും നടന്നു. കൂടെയുള്ള ചിലർ ജയ്സാൽമിറിലെ റിസോർട്ടുകളിൽ ജോലിക്കു പോകുന്നതു കണ്ടാണ് ആ വഴിക്ക് തിരിഞ്ഞത്. അവിടുത്തെ റാണി മഹൽ എന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ പണി തുടങ്ങുമ്പോൾ 15 വയസാണു ദിൽബറിന്റെ പ്രായം. അടുക്കളയിലായിരുന്നു തുടക്കം. അവിടെവച്ച് ഒന്നാന്തരം ദാൽ മഖാനിയും പനീർ ബട്ടർ മസാലയുമൊക്കെ ഉണ്ടാക്കാൻ പഠിച്ചു. ഏഴെട്ടു വർഷം അങ്ങനെ പോയി. അടുക്കളയിൽ ഒതുങ്ങിക്കൂടിയാൽ പോരെന്നു തോന്നിയപ്പോൾ പുറത്തേക്കിറങ്ങി ടൂറിസ്റ്റ് ഗൈഡ് ആയി. അതൊരു വലിയ മാറ്റമായിരുന്നു. അത്യാവശ്യം പണമൊക്കെ കയ്യിൽ വന്നു തുടങ്ങി. അതൊക്കെ ഭദ്രമായി കൂട്ടിവച്ചു. അതു കഴിഞ്ഞു രണ്ടു വർഷം ഡൽഹിയിൽ ഒരു ട്രാവൽ ഏജൻസിയിലും ജോലി ചെയ്തു. ഇംഗ്ലിഷും ടൂറിസം ബിസിനസിന്റെ ബാലപാഠങ്ങളും ദിൽബർ സ്വയത്തമാക്കിയത് അവിടെ നിന്നാണ്. 

ഡൽഹിയിൽ നിന്നു മടങ്ങി ജയ്സൽമിറിലെത്തി ഇത്തിരി സ്ഥലം വാങ്ങി കെട്ടിടം പണിതു. അതാണ് ദിൽബർ സഫാരിയുടെ തുടക്കം. ഇതുവരെ ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി ഒന്നരലക്ഷം അതിഥികളെങ്കിലും ദിൽബർ സഫാരി വഴി രാജസ്ഥാന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയിട്ടുണ്ടെന്നു രമ്യ പറയുന്നു. ഒരു രണ്ടാം ക്ലാസുകാരൻ വലിയ വലിയ സ്വപ്നങ്ങൾ കാണുന്നതും ഓരോന്നായി അതെല്ലാം എത്തിപ്പിടിക്കുന്നതും എന്തൊരു മാസ്മരിക കാഴ്ചയാണ്. രമ്യയ്ക്കൊപ്പം വായനക്കാരും സന്തോഷിക്കുന്നു. ദിൽബർ കൂടുതൽ ഉയരങ്ങളിലേക്കു വളരട്ടെയെന്ന് മനസ്സിൽ ആശംസിക്കുന്നു. രമ്യയുടെ പുസ്തകത്തിലെ ഓരോ മുഖങ്ങൾക്കും ദിൽബറിനെപ്പോലെ ഓരോ കഥകൾ പറയാനുണ്ട്. അതാകട്ടെ വായനക്കാരെ പുതുക്കിയെടുക്കുന്നത്ര മൗലികമായതുമാണ്. 

∙വാക്കാഴം

ദൈവങ്ങളെ സൃഷ്ടിക്കുന്ന ഈ മനുഷ്യരെ ദാരിദ്ര്യം ഒരു തീരാരോഗം പോലെ പിന്തുടരുന്നത് എന്തുകൊണ്ടാണ്? ദൈവങ്ങളെ സൃഷ്ടിക്കുന്ന ഈ മനുഷ്യരെ ദൈവങ്ങൾക്ക് പരിചയമില്ലാതെ പോകുന്നത് എന്തുകൊണ്ടാണ്? കൊൽക്കത്തയിലെ കുമാർതുളിയിലെ ദൈവപ്രതിമകൾ സൃഷ്ടിക്കുന്നവരുടെ അതീവ ദാരിദ്ര്യാവസ്ഥയെപ്പറ്റി എഴുതുമ്പോൾ രമ്യയുടെ അക്ഷരങ്ങൾക്കും വേദനയുടെ നനവ്. ‘ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. മാതാപിതാക്കളെയും നോക്കണം. രണ്ടു തലമുറയായി ഈ തെരുവിൽ തന്നെയാണു ജീവിതം. ആകെ അറിയാവുന്ന തൊഴിൽ ഇതാണ്. പക്ഷേ, ദിവസവും ജോലി ചെയ്താലും കൂടപ്പിറപ്പായ ദാരിദ്ര്യത്തിന് ഒരു മാറ്റവുമില്ല. ജനുവരി മുതൽ ഒക്ടോബർ വരെയാണ് ഏറ്റവുമധികം ജോലി കിട്ടുന്നത്. അക്കാലങ്ങളിൽ കുറച്ചു ഭേദമാണു കാര്യങ്ങൾ’. കുമാർതുളിയിലെ ഇടുങ്ങിയ തെരുവിലിരുന്ന് കളിമണ്ണ് കുഴച്ചു ദൈവങ്ങളെ സൃഷ്ടിക്കുന്ന കലാകാരൻ വിശ്വനാഥ് പാൽ രമ്യയോടു ജീവിതം പറഞ്ഞതിങ്ങനെ. കണ്ണഞ്ചിക്കുന്ന അലങ്കാരങ്ങളിൽ തിളങ്ങുന്ന ദൈവരൂപങ്ങൾ തീർക്കുന്നവരുടെ ജീവിതം എത്രമേൽ നിറംകെട്ടതാണെന്ന് വിവരിക്കുന്നു ആ കാഴ്ചകൾ കണ്ട ആഘാതം വിടാതെ രമ്യ. ഇവിടെ നിർമിക്കപ്പെടുന്ന ദൈവരൂപങ്ങൾ കടൽ കടന്ന് ഫ്രാൻസിലും ഇംഗ്ലണ്ടിലും ജർമനിയിലും അമേരിക്കയിലുമൊക്കെ എത്തുന്നുണ്ട്. പക്ഷേ, ദൈവങ്ങളുടെ സൃഷ്ടാക്കളുടെ ജീവിതം മണ്ണുപുരണ്ടതും വിയർത്തൊലിക്കുന്നതും വിശക്കുന്നതും തന്നെ.

∙വായനോന്മാദം

ആഗ്രഹിച്ചതിലും അപ്പുറമാണ് യാത്രാജീവിതം സമ്മാനിച്ചതെന്ന് എഴുതുന്നു രമ്യ എസ്. ആനന്ദ്. അനാദിയായ ചക്രവാളത്തോടും അതിലേക്കെന്നപോലെ നീളുന്ന വഴികളോടും ആ വഴികളിലൂടെ കൂടെ ചരിക്കുന്ന മനുഷ്യരോടുമുള്ള പ്രണയം എല്ലായ്പ്പോഴും ജീവിതത്തിന് മേലേക്ക് ഇരമ്പിക്കയറി. മറ്റെല്ലാ നഷ്ടബോധങ്ങളും ആ വേലിയേറ്റത്തിൽ അപ്രസക്തമായി. യാത്രകൾ രമ്യയ്ക്ക് ഓർമകളുമാണ്. യാത്രകളിൽ കണ്ടുമുട്ടിയവരെ ഓർത്ത് രാത്രികളിൽ ചിലപ്പോൾ ഉറങ്ങാതെ കിടക്കാറുണ്ടെന്ന് എഴുതുന്നു രമ്യ. അവരിപ്പോൾ എന്തു ചെയ്യുകയാകും, അവർക്കു സുഖമാണോ എന്നൊക്കെ ആലോചിക്കും. ഓർമകളിൽ അവരുടെ മുഖങ്ങൾ തുടിച്ചു നിൽക്കും. ആ മുഖങ്ങൾ നമ്മുടെ ഓർമകളിലും വായന കഴിയുമ്പോൾ തുടിച്ചു നിൽക്കുന്നു.

English Summary:

Malayalam book Vazhikalil Theliyunna Mukhangal written by Remya S. Anand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com