'പരിചയപ്പെട്ടിട്ട് ദിവസങ്ങള് മാത്രം', മറക്കാനാവാത്ത യാത്ര സമ്മാനിച്ച് കൂട്ടുകാരൻ
Mail This Article
ഒരു പത്തു പതിനഞ്ചു വർഷങ്ങൾക്കു മുമ്പാണ് ഒരു കമ്പ്യൂട്ടർ കോഴ്സിനിടയിൽ വെച്ച് ഞാൻ മെർഷാബിനെ പരിചയപ്പെടുന്നത്, പരിചയപെട്ടു ഒരു മൂന്ന് നാല് ദിവസം കഴിഞ്ഞു അവൻ ഫോണിൽ വിളിച്ചു നാളെ ഒരു സിനിമയ്ക്കു പോയാലോന്ന് ചോദിച്ചു. സാധാരണ നമ്മളെ ചെക്കന്മാരൊപ്പമാണ് സിനിമക്കോക്കെ പോവാറു. ഇവനെ അങ്ങനെയങ്ങു അധികം പരിചയമില്ലാത്തോണ്ട് ഞാൻ ആദ്യം ഒന്ന് സ്‌തംഭിച്ചെങ്കിലും പിന്നെ പോവാൻ സമ്മതം മൂളി. ഞാൻ മെർഷബിനെ വിളിച്ചു ഞാൻ ശ്രീഹരി ബസിൽ കേറിയിട്ടുണ്ടെന്നും അവന്റെ സ്റ്റോപ്പ് ഒരു 30 മിനുട്ടു കൊണ്ടെത്തുമെന്നും പറഞ്ഞു. അവൻ ഏതാണ്ട് ആ സമയമാവുമ്പോഴേക്കും കൃത്യം ഞാനിരിക്കുന്ന ബസിൽ തന്നെ കയറി. എന്റെ സൈഡിലുള്ള സീറ്റ് കാലിയായത് കൊണ്ട് ഞാൻ അവനെ എന്റടുത്തു വിളിച്ചിരുത്തിച്ചു. ഞങ്ങൾ പിന്നെ സ്റ്റാൻഡ് എത്തുന്നത് വരെ സംസാരവും ബസിനു പുറത്തെ കാഴ്ചകളെ പറ്റിയും ഒക്കെ അങ്ങനെ കത്തിയടിച്ചോണ്ടിരുന്നു.
സ്റ്റാൻഡിൽ ഇറങ്ങി ഞങ്ങൾ സ്കൂൾ പിള്ളേരെപ്പോലെ കൈ ഒക്കെ പിടിച്ചു നേരെ തീയറ്ററിലോട്ട് നടക്കുന്ന വഴി തലയിൽ ഭാണ്ഡവും കൊണ്ട് എതിരെ വരുന്ന ഒരാൾ എന്റെ ചുമലിനിടിച്ചു താഴെ വീണു. ദാ കിടക്കുന്നു അയാളും ഭാണ്ഡവും. അയാൾ മൊത്തം കലിപ്പിൽ എഴുന്നേറ്റു തെറി വിളിക്കാനെന്നോനെ എന്റെ മുഖത്ത് നോക്കിയപ്പോഴേക്കും മെർഷു ഇടപെട്ടു. അവനെ കണ്ടതും അയാളെ ദേഷ്യം മൊത്തം തണുത്തപോലെയായി, ഒന്നും പറയാണ്ട് അയാൾ വീണ്ടും ഭാണ്ഡം തലയിൽ കെട്ടി വെച്ചോണ്ട് നടന്നു പോയി. അപ്പോഴാണ് അവനു ആളുകൾക്കിടയിലുള്ള സ്വാധീനം എനിക്ക് മനസിലായെ. നിന്നെ അയാള് കണ്ടത് നന്നായി ഇല്ലെങ്കിൽ അയാളെ വായിലുള്ള മൊത്തം കേട്ടേനെ എന്നും പറഞ്ഞു ഞാൻ അവന്റെ കൈയ്യും പിടിച്ചു വീണ്ടും നടന്നു.
ഞങ്ങൾ തീയറ്ററിലെത്തി നോക്കുമ്പോ അതാ നിക്കുന്നു ഒട്ടകങ്ങൾ വരി വരി വരിയായി നിര നിരയായി ടിക്കറ്റ് കൗണ്ടറിലേക്ക് നീണ്ട നിര. പണി പാളിയല്ലോ ഇന്നിനി ടിക്കറ്റ് കിട്ടുമെന്ന് തോന്നുന്നില്ല എന്ന് ഞാൻ പറഞ്ഞു. അതൊക്കെ ഇപ്പൊ ശരിയാക്കിത്തരാം മോനെ ഈ മെർഷബിന്റെ പവർ നീ കാണാൻ പോവുന്നേയുള്ളൂന്നും പറഞ്ഞു എന്റടുത്തു ലേഡീസ് കൗണ്ടറിലേക്കു നടക്കാൻ പറഞ്ഞു. അവിടെ നോക്കുമ്പോ മൂന്നോ നാലോ സ്ത്രീകളേയുള്ളു. മെർഷു എന്റടുത്തു പോയി ലേഡീസ് കൗണ്ടറീന്നു ടിക്കറ്റ് എടുത്ത് വരാൻ പറഞ്ഞു. ഞാൻ പറഞ്ഞു അതൊന്നും നടക്കൂല മെർഷു അവർ ആട്ടി വിടും. അവൻ പറഞ്ഞു അവരെന്തെങ്കിലും പറയാണെ നീ എന്നെ ചൂണ്ടി കാണിച്ച മതിയെന്ന്. ഞാൻ കുറച്ചു മടിച്ചു നടന്നു സ്ത്രീകള്‍ ഒക്കെ പോയപ്പോ കൗണ്ടറിനടുത്തു പോയി ടിക്കറ്റ് ചോദിച്ചു. അയാൾ അപ്പൊ തന്നെ എടോ ഇത് ലേഡീസ് കൗണ്ടർ ആണ് അപ്പുറത്ത് പോയി വരി നിക്കാൻ പറഞ്ഞു. ഞാൻ അപ്പൊ അവനെ ചൂണ്ടി കാണിച്ചു. അപ്പൊ അയാൾ ഒന്ന് നോക്കി വേഗം ടിക്കറ്റ് എടുത്ത് തന്നു.
അങ്ങനെ ഞങ്ങൾ സിനിമക്ക് കേറി, സിനിമക്കിടയിൽ ചില സീനുകൾ അവനു കൺഫ്യൂഷൻ ആയപ്പോ എനിക്ക് മനസിലായതു ഞാൻ അവനു പറഞ്ഞു കൊടുത്തു. അങ്ങനെ സിനിമ കഴിഞ്ഞു ടൗണിൽ നല്ല ബിരിയാണി കിട്ടുന്ന ഹോട്ടലിൽ പോയപ്പോ ദാ അവനെ കണ്ടു ഹോട്ടലിലെ വെയ്റ്റർ ഡോർ തുറന്നു തരുന്നു ഞങ്ങളെ ആനയിച്ചു വിളിച്ചിരുത്തിക്കുന്നു. ഫുൾ VIP പരിഗണന. നിന്റെ കൂടെ വന്നാൽ അടിപൊളിയാണല്ലോ മെർഷു, ഇതൊക്കെയെന്തെന്നു അവനും. ഞങ്ങൾ ഹോട്ടലിൽ നിന്നിറങ്ങി തിരിച്ചു വീട്ടിലേക്കുള്ള ബസ് കയറി. അവന്റെ സ്റ്റോപ്പ് എത്തിയപ്പോ ഞാനും അവനൊപ്പം ഇറങ്ങി അവന്റെ വീട് വരെ പോയി വീട്ടുകാരോടോക്കെ സംസാരിച്ചു പെട്ടെന്നിറങ്ങി. തിരിച്ചു ഞാൻ ബസിൽ പോവുമ്പോ മനസ്സിൽ എന്തെന്നില്ലാത ഒരു സന്തോഷമായിരുന്നു. പലവട്ടം ഇതേപോലെ സിനിമക്കു കൂട്ടുകാരോടൊപ്പം പോയെങ്കിലും ഇങ്ങനെ ഒരു യാത്ര ആദ്യമായിട്ടായിരുന്നു. നല്ല തണുത്ത കാറ്റടിച്ചപ്പോ ഞാൻ കുറച്ചുനേരം കണ്ണുകൾ അടച്ചു. മെർഷാബ് എങ്ങനെയായിരിക്കാം ഈ കാറ്റ് ആസ്വദിക്കുന്നതെന്ന് ഞാനൊന്നു സങ്കൽപ്പിച്ചു നോക്കി. അല്ലെങ്കിലും കാറ്റ് ആസ്വദിക്കാൻ കണ്ണുകൾ എന്തിനാലെ അകക്കണ്ണു കൊണ്ട് മാത്രം ആ കാറ്റാസ്വദിച്ച് ഞാൻ യാത്ര തുടർന്നു...