'സമ്മാനമായി അവള്ക്ക് പ്രിയപ്പെട്ട വീട് വാങ്ങി', ഇരുപത് വർഷമായി അയാൾ കാത്തിരിക്കുന്നു...
Mail This Article
നിന്റെ വിമാനം പുറപ്പെടാറായോ മുകുന്ദ്? ഞാനിതാ എന്റെ വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞു. രണ്ട് രാജ്യങ്ങളിൽ നിന്ന് വരുന്നതായാലും, ഒന്നിച്ചാണല്ലോ നമ്മുടെ വിമാനങ്ങൾ ഇറങ്ങുക. ഇറങ്ങുന്ന സമയം അഞ്ചു നിമിഷത്തിന്റെ മാത്രം വ്യത്യാസം. ഒരുപക്ഷേ ഒന്നിച്ചു തന്നെയാകും എത്തുക. ഇമ്മിഗ്രേഷൻ കൗണ്ടറിന് മുമ്പിലുള്ള വിശ്രമ സ്ഥലത്ത് നീ കാത്തിരിക്കണം, നടപടികൾ ഒന്നിച്ചു പൂർത്തീകരിച്ചു പുറത്തിറങ്ങാം. ഒന്നര മണിക്കൂർ കഴിഞ്ഞാൽ നിന്റെ വിമാനം എന്റെ വിമാനത്താവളത്തിന് മുകളിലൂടെ കടന്നുപോകും, ഒരുപക്ഷെ ഞങ്ങൾ നിങ്ങൾക്ക് പുറകിൽ പറക്കാൻ തയാറെടുക്കുകയാകും. ആലോചിച്ചപ്പോൾ വളരെ രസകരമായി തോന്നി, പണ്ട് കോളജിൽ പഠിക്കുമ്പോൾ മത്സരയോട്ടം നടത്തുന്ന ബസ്സുകളെ ഓർത്തുപോയി. ആകാശത്ത് നമ്മുടെ വിമാനങ്ങൾ മത്സരയോട്ടം നടത്തുന്നുണ്ടാവുമോ?
നിനക്ക് ജനാലക്കരികിലെ സീറ്റ് തന്നെ കിട്ടിയോ? ചിലപ്പോഴെങ്കിലും വളരെ ദൂരെക്കൂടെ എതിർദിശയിലേക്ക് പറക്കുന്ന വിമാനങ്ങൾ കാണുമ്പോൾ കണ്ണുകൾ, ആ വിമാനം കാഴ്ച്ചയിൽ നിന്ന് മറയുന്നത് വരെ ആകാംക്ഷയോടെ നോക്കുമെന്ന് പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. നീ എന്നിൽ നിന്ന് നടന്നകലുമ്പോൾ, ഞാനും നിന്നെ കാഴ്ച്ചയിൽ നിന്ന് മറയുന്നത് വരെ നോക്കി നിൽക്കാറുണ്ട്. അപ്പോൾ നീയല്ല നടന്നകലുന്നത്, എന്റെ ശരീരത്തിന്റെ ഒരു ഭാഗം എന്നിൽ നിന്ന് പറിഞ്ഞുപോവുകയാണ് എന്നാണ് എനിക്ക് തോന്നാറുള്ളത്. നാട്ടിൽ വിമാനത്താവളത്തിലേക്ക് വിമാനം താഴുമ്പോൾ തീർച്ചയായും ഇടത് വശത്തെ മലനിരകൾ ശ്രദ്ധിക്കണം, ഇടനിലക്കാരൻ പറഞ്ഞുതന്ന ആ വലിയ പാറയും മരക്കൂട്ടങ്ങളും അതിനടുത്ത കൊടിമരവും നിനക്ക് കാണാൻ കഴിയുമോന്ന് നോക്കണം. ഞാൻ നമ്മുടേതാകുന്ന, മറ്റാരുമറിയാത്ത ആ ഇടം കാണാനുള്ള ധൃതിയിലും, ആകാംക്ഷയിലും ആണ്. അത് സ്വന്തമാക്കിയിട്ട് വേണം, നിന്നെ ഔദ്യോഗികമായി സ്വന്തമാക്കാൻ.
ഞാൻ അയക്കുന്ന സന്ദേശങ്ങൾ നിനക്ക് കിട്ടുന്നുണ്ടോ എന്ന സംശയം ഉണ്ടായിരുന്നു. നീയതെല്ലാം കണ്ടെന്ന് ഇമ്മിഗ്രേഷന് മുമ്പ് തന്നെ എന്നെ കാത്തിരിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി. നിന്റെ ആലിംഗനത്തിൽ പതിവിൽ കവിഞ്ഞ പ്രണയവും, സന്തോഷവും, ഒന്നാവാനുള്ള കൊതിയും, എന്നിലേക്ക് അലിഞ്ഞു ചേർന്നു. രണ്ട് ഹൃദയങ്ങളും മനസ്സും ആത്മാവും ഒന്നായിക്കഴിഞ്ഞാൽ എന്തിനാണ് അവർ രണ്ട് ദേഹങ്ങളായി തുടരുന്നത് എന്ന് ഞാൻ പലപ്പോഴും എന്നോട് തന്നെ ചോദിക്കാറുണ്ട്. ഒട്ടിച്ചേർന്ന രണ്ടുപേർ രണ്ടായി തുടരുന്നത്, ജീവിതത്തിലെ മറ്റ് പരീക്ഷണങ്ങൾ കൂടി നേരിടാനാണോ? പുറത്ത് കാറുമായി ഇടനിലക്കാരൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മലനിരകളിലേക്കുള്ള സാഹസികയാത്രയിൽ വളയം പിടിക്കണമെന്നത് എന്റെ കൊതിയായിരുന്നു. മരുഭൂമിയിൽ വണ്ടി പറപ്പിക്കുന്നതല്ലേ എന്ന അഹങ്കാരമായിരുന്നു. നാട്ടിലെ റോഡുകൾ അവിടത്തെപ്പോലെ നേരെയല്ല, മാത്രമല്ല കുത്തനെയുള്ള കയറ്റങ്ങളും കാണും - എന്ന് നീ പറഞ്ഞെങ്കിലും, ഞാൻ തന്നെ വണ്ടിയോടിച്ചു.
മലനിരകളുടെ മുകളിലേക്ക് വളഞ്ഞും പുളഞ്ഞും കുത്തനെ കയറാൻ തുടങ്ങിയപ്പോൾ എന്റെ ആത്മവിശ്വാസം ഇല്ലാതെയായി. കുത്തനെയുള്ള ഒരു കയറ്റത്ത് വണ്ടി നിന്നപ്പോൾ ഞാൻ ഭയപ്പെട്ടു. പേടിക്കാനൊന്നുമില്ല ഒന്നാമത്തെ ഗിയറിൽ തന്നെ വണ്ടികയറിപൊക്കോളും എന്ന് ഇടനിലക്കാരൻ പറഞ്ഞെങ്കിലും, ഞാൻ ഭയപ്പെട്ടു. നീ ഉടനെ ഇറങ്ങി വന്ന് വണ്ടി അനായാസമായി മുകളിലേക്ക് ഓടിച്ചു കയറ്റി. മലനിരകളുടെ ഏറ്റവും മുകളിലെ പാറക്കൂട്ടത്തോട് ചേർന്ന് ഒരേക്കർ ഭൂമി. അവിടെ നിന്നപ്പോൾ ലോകത്തിന്റെ നെറുകയിലാണ് നമ്മളെന്ന് തോന്നി. നാലുവശത്തെ ഭൂമിയും അവിടെ നിന്നാൽ കാണാം. താഴെ കൃഷിയിടങ്ങൾ, നീണ്ടുപോകുന്ന റോഡുകൾ, സ്കൂളുകൾ, കോളജുകൾ, അവയുടെ മൈതാനങ്ങൾ. പൊട്ടുപോലെ മൈതാനത്ത് ഓടിനടക്കുന്ന, കളിക്കുന്ന മക്കൾ.. അവിടെയിരുന്നും ഈ സ്വർഗഭൂമി നീ നമുക്കായി കണ്ടെത്തി. നിന്നെ കെട്ടിപിടിച്ചു ഒരുമ്മ തരാൻ തോന്നി. ഇടനിലക്കാരനുള്ളതിനാൽ അത് പിന്നെക്കായി മാറ്റിവെച്ചു.
ഇതിന് പട്ടയമുണ്ടോ? തീർച്ചയായും, അതില്ലാതെ നമ്മൾ വാങ്ങുമോ, ആരും ഇറക്കിവിടാത്ത നമ്മുടേതായ ഒരിടം. ഇവിടിരുന്നാൽ എല്ലാം കാണാൻ കഴിയണം, മഴയും, മഞ്ഞും, വെയിലും, കാറ്റും എല്ലാം ശരീരത്തിലേക്കും ആവാഹിക്കണം. ലാപ്ടോപ്പ് തുറന്നു, നീ പ്ലാനുകൾ ഇടനിലക്കാരന് കാണിച്ചുകൊടുത്തു. അയാൾ അത് കണ്ട് അത്ഭുതപ്പെട്ടു. നിങ്ങൾ രണ്ടുപേരും എൻജിനീയർമാർ ആണെന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. കിഴക്കാംതൂക്കായ മലഞ്ചെരിവിലേക്ക് നീണ്ട് നിൽക്കുന്ന ബാൽക്കണി, കാഴ്ചകളെയും ആകാശത്തെയും എത്തിപ്പിടിക്കാൻ ഒരിടം. താഴേക്ക് വീഴാതിരിക്കാൻ കാഴ്ചകൾ മറക്കാത്ത ഗ്രില്ല് പോലുള്ള ഇരുമ്പു വേലി, ഒപ്പം അപാരതയിലേക്ക് കാഴ്ചകൾ തുറക്കുന്ന ഒരു ഇൻഫിനിറ്റി പൂൾ (നീന്തൽ കുളം). ഇരുമ്പ് വേലിയുടെ ഒരുഭാഗം ഒരാൾപൊക്കത്തിൽ ദൃഢമായ അഴികളോടെ - ഇതെന്തിനാണ് എന്ന ഇടനിലക്കാരന്റെ ചോദ്യത്തിന് നീയാണ് മറുപടി നൽകിയത്. എല്ലാർക്കും വയസ്സാകും, അപ്പോഴും കാഴ്ചകൾ കാണാൻ കണ്ണുകൾ തുടിക്കും, സ്വയം പിടിച്ചു നിൽക്കാൻ, വലിയൊരു കാറ്റ് വന്നാലും സുരക്ഷിതമായി നിൽക്കാൻ, ആ കാറ്റും അതിനൊപ്പമുള്ള മഴയും നമ്മളെ വാരിപ്പുണരാൻ.
തൊട്ടു മുമ്പിലൂടെ ഒരു വിമാനം, വിമാനത്താവളത്തിലേക്ക് താഴ്ന്നിറങ്ങുന്നു. ഇതാണ് ഇവിടത്തെ വിശേഷ കാഴ്ച, ഇനി പുറകിലേക്ക് നോക്കൂ, കാർമേഘങ്ങൾ ഇല്ലെങ്കിൽ ഇവിടെനിന്നാൽ അങ്ങ് ദൂരെ കടലും കാണാം. ഇടനിലക്കാരൻ പറഞ്ഞു. കോൺട്രാക്ടർ വന്നു. നീ പറഞ്ഞു, ആറ് മാസത്തിനകം പണി തീർന്നിരിക്കണം. നിർമ്മാണത്തിന്റെ ഗുണനിലവാരത്തിൽ ഒരു കുറവും വരുത്തരുത്. പിന്നെ വിമാനമിറങ്ങുമ്പോൾ കാണാവുന്ന തരത്തിൽ വീടിനുമുമ്പിൽ ഒരു നിറം അടിക്കണം. ഓരോ തവണ വന്നിറങ്ങുമ്പോഴും, ആകാശത്തുനിന്ന് തന്നെ വീട് കാണണം, തിരിച്ചറിയണം. രണ്ടിനും നല്ല വട്ടാണല്ലേ, അല്ലെങ്കിൽ ഈ മലമുകളിൽ ആരെങ്കിലും ഇങ്ങനെ വീട് വെക്കുമോ - നടന്നു നീങ്ങുമ്പോൾ കോൺട്രാക്ടർ ഇടനിലക്കാരനോട് പറയുന്നത് കേട്ടു.
മലയിറങ്ങുമ്പോൾ ഞാൻ തന്നെയാണ് വണ്ടിയോടിച്ചത്. എന്തായാലും ജീവിതത്തിൽ ഇങ്ങോട്ട് വണ്ടിയോടിച്ചല്ലേ മതിയാകൂ. താഴെയെത്തി കാപ്പികുടിക്കുമ്പോൾ നീ പറഞ്ഞു, ആറുമാസം, അതിനുള്ളിൽ നിനക്കുള്ള ഈ സമ്മാനം പണിതു തീർത്തിരിക്കും. എന്തുകൊണ്ടാണ് നീ ഈ ഭൂമി എന്റെ പേരിൽ മാത്രം വാങ്ങിയത്? ഞാൻ ചോദിച്ചു. നിന്നിലുള്ള എന്റെ വിശ്വാസം, നീയില്ലാതെ എനിക്കൊരു ജീവിതമില്ല. അവരവരുടെ വീട്ടിലേക്കായി പിരിയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു. ജീവിതം വളരെ പെട്ടെന്നാണ് മാറി മറിയുക. പതിവുപോലെ നമ്മുടെ ബന്ധമറിഞ്ഞു വീട്ടുകാർ പൊട്ടിത്തെറിച്ചു, തടവ്, മമ്മയുടെ ആത്‌മഹത്യ ഭീഷണി. വലിയ കുടുംബക്കാർ, നിന്നെപ്പോലും ബാക്കിവെക്കില്ല എന്ന ഭീഷണി എന്നെ തളർത്തിക്കളഞ്ഞു. പെട്ടെന്നുള്ള വിവാഹം, അമേരിക്കയിലേക്കുള്ള ജീവിതമാറ്റം. ഇരുപത് വർഷം അവിടെ. ഭർത്താവിന്റെ പെട്ടെന്നുള്ള മരണം നാട്ടിലേക്ക് തിരിച്ചെത്തിച്ചു.
ഒരു ദിവസം പഴയ ഇടനിലക്കാരൻ എന്നെത്തേടി വന്നു. മകനെയും കൂട്ടി വീണ്ടും മലകയറി. "അനിറ്റാസ് ഹെവൻ" എന്ന ഗേറ്റിലെ പേര് വായിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. ഇരുപത് വർഷം താജ്മഹൽ പോലെ ആ സ്വർഗം നീ എനിക്കായി സംരക്ഷിച്ചു, ഒരിക്കൽ മാത്രം നീ വന്നെന്ന് ഇടനിലക്കാരൻ പറഞ്ഞു, എല്ലാം നോക്കി, വേണ്ട മാറ്റങ്ങൾ പറഞ്ഞു. പിന്നെ നോക്കിനടത്താൻ അയാളെ ഏൽപ്പിച്ചെന്നും. എല്ലാ ആഴ്ചയും നീ ഓൺലൈനിലൂടെ ഈ സ്വർഗം കാണുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പിടിച്ചുനിൽക്കാൻ നീ ഒരുക്കിയ ആ ഇരുമ്പ് വേലിയിൽ പിടിച്ചു ദൂരേക്ക് നോക്കി ഞാൻ ഒരുപാട് കരഞ്ഞു. തോളിനോപ്പം വളർന്ന മകനോട് അവിടെയിരുന്ന് എല്ലാം പറഞ്ഞു. അവനാണ് പറഞ്ഞത് നിന്നോട് വരാൻ ആവശ്യപ്പെടാൻ.
"സർ, നമ്മൾ ലാൻഡ് ചെയ്യാൻ പോവുകയാണ്, സീറ്റ് മുകളിലേക്കുയർത്തി, സീറ്റ് ബെൽറ്റ് കെട്ടണം" മുകുന്ദിനെ വിളിച്ചുണർത്തി എയർഹോസ്റ്റസ് പറഞ്ഞു. വിമാനം താഴ്ന്ന് പറക്കാൻ തുടങ്ങുന്നു. ഇടതുവശത്തിരുന്ന അയാൾ മലയുടെ മുകളിലേക്ക് നോക്കി. അയാളുടെ കണ്ണുകൾ വിടർന്നു. അനിറ്റാസ് ഹെവൻ - അയാൾ വിമാനത്തിലിരുന്ന് തിരിച്ചറിഞ്ഞു. അതിന് മുന്നിൽ നിന്ന് ഒരാൾ കൈവീശുന്നുണ്ടോ? വിമാനമിറങ്ങി പുറത്തു വന്നപ്പോൾ തന്റെ പേരെഴുതിപ്പിടിച്ചു ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു. ഞാനാണ് മുകുന്ദ്. കൈനീട്ടി ചെറുപ്പക്കാരൻ പറഞ്ഞു - അലക്സ്. ആ ഹസ്തദാനം കുറച്ചധികം നീണ്ടു. കൈവിടുമ്പോൾ ആ ചെറുപ്പക്കാരൻ ചോദിച്ചു, "ഞാൻ അങ്ങയെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ" അലക്സിനെ കെട്ടിപ്പിടിച്ചു നിന്നപ്പോൾ മുകുന്ദിന്റെ കണ്ണുകൾ നിറഞ്ഞു. കാറിലേക്ക് നടക്കുമ്പോൾ അലക്‌സും കണ്ണുകൾ തുടക്കുകയായിരുന്നു.
കാറിന്റെ താക്കോൽ നീട്ടികൊണ്ട് അലക്സ് പറഞ്ഞു, "ഓടിച്ചോളൂ, മലയിലേക്ക് ഓടിച്ചുകയറുമ്പോൾ ഓർമ്മകൾ നിങ്ങളിൽ നിറയട്ടെ" പോകുന്ന വഴിയിൽ അലക്സ് പറഞ്ഞു, മമ്മക്ക് ചിലപ്പോൾ ഓർമ്മക്കുറവ് വരും, അപ്പോൾ ഞാൻ പോലും അപരിചിതമാണ്. എനിക്ക് ഉപരിപഠനത്തിനും ജോലിക്കുമായി അമേരിക്കയിലേക്ക് മടങ്ങണം. പക്ഷെ മമ്മ ഇനിയെങ്ങോട്ടുമില്ലെന്ന് പറഞ്ഞു. വീട്ടിലേക്ക് ചെല്ലുമ്പോൾ അനീറ്റ ആ ഇരുമ്പ് വേലിയിൽ പിടിച്ചു തന്നെ നിൽക്കുകയായിരുന്നു. താഴ്ന്നിറങ്ങുന്ന ഒരു വിമാനം നോക്കി അവർ കൈവീശിക്കൊണ്ടിരുന്നു. ഞാൻ വിളിച്ചു, അനീറ്റ. അവർ തിരിഞ്ഞു നോക്കിയില്ല, ശബ്ദം കേൾക്കാത്തപോലെ പറന്നിറങ്ങുന്ന ആ വിമാനത്തിൽ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. അലക്സ് അനീറ്റയെ തിരിച്ചു നിർത്തി. അനീറ്റ മുകുന്ദിനെ നോക്കി. എന്നാൽ അവരുടെ മുഖത്ത് ഒരു വ്യത്യാസവുമുണ്ടായില്ല. ആരാ ഇത് എന്നപോലെ അനീറ്റ അലക്സിനെ നോക്കി. അലക്സ് പറഞ്ഞു, മുകുന്ദ്.
മുകുന്ദ് ആകെ തകർന്നപോലെയായി. കുറച്ചു കഴിഞ്ഞു അയാൾ തിരിച്ചു നടക്കാൻ തുടങ്ങി. അപ്പോൾ അനീറ്റ ചോദിച്ചു - വൈ യു ടൂക്ക് സൊ ലോങ്ങ്? (എന്തുകൊണ്ട് നീ ഇത്ര നേരമെടുത്തു?). മുകുന്ദ് വെട്ടിത്തിരിഞ്ഞു അനീറ്റയെ കെട്ടിപ്പിടിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. നീയിനിയും മടങ്ങിപോകുമോ മുകുന്ദ്? അനീറ്റ ചോദിച്ചു. ഒരിക്കലുമില്ല. അയാൾ അനീറ്റയുടെ ചെവിയിൽ മന്ത്രിച്ചു. പെട്ടെന്നൊരു കനത്ത കാറ്റുവീശി. ആകാശം പെട്ടെന്ന് കറുത്തിരുണ്ടു. അനീറ്റയും മുകുന്ദും ഇരുമ്പ് വേലിയിൽ ചേർന്നു നിന്നു. കനത്ത മഴയും കാറ്റും അവരെ പൊതിഞ്ഞു.