ADVERTISEMENT

ഉടലാകെ നനഞ്ഞ ഒരു മത്സ്യകന്യകയെപ്പോലെ ഉമ മണല്‍പ്പരപ്പിലിരുന്ന് അസ്തമയസൂര്യനെ വരവേറ്റു. ചുമലൊപ്പം മുറിച്ചിട്ട മുടിയിഴകളില്‍ വിരലോടിച്ച് അവള്‍ പങ്കജ് ഉദാസിന്‍റെ ഗസല്‍ ഈണത്തില്‍ ആലപിച്ചുകൊണ്ട് ഗോപനെ നോക്കി. അവളുടെ നീലമിഴികള്‍ സ്നേഹത്തിന്‍റെ ഉറവകളാല്‍ തിളങ്ങുന്നുണ്ടായിരുന്നു. ഭയവും വിധേയത്വവും മാത്രമുണ്ടായിരുന്ന അവളുടെ മുഖത്ത് പ്രണയത്തിന്‍റെയും സ്നേഹത്തിന്‍റെയും നക്ഷത്രപ്പൊട്ടുകള്‍ മിന്നി. മുപ്പത്തിരണ്ട് വര്‍ഷം തന്‍റെ അടിമയായി കഴിഞ്ഞിരുന്ന ഒരു സ്ത്രീ എത്ര വേഗമാണ് പ്രണയത്തിന്‍റെ ലഹരിയിലേക്ക് പരിണാമപ്പെട്ടത്, അയാളെ പരിണാമപ്പെടുത്തിയത് എന്നോര്‍ത്തപ്പോള്‍ ഗോപന് അതിശയം തോന്നി.

മദ്യലഹരിയില്‍ വാഹനമോടിച്ചതിന് പൊലീസ് പിഴ ചുമത്തിയതിന്‍റെ അരിശവുമായാണ് ഗോപന്‍ അന്ന് വീട്ടിലേക്ക് കയറിവന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പഴമൊഴിയെ അങ്ങാടിയില്‍ തോറ്റതിന് ഭാര്യയോട് എന്ന് തിരുത്തി ഉപയോഗിക്കുന്ന എണ്ണമറ്റ ഭര്‍ത്താക്കൻമാരില്‍ ഒരാളായിരുന്നു ഗോപന്‍. ഭാര്യയും രണ്ടു മക്കളുമുള്ള വിരമിച്ച ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍. മൂത്ത മകള്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ക്ലാസിലെ ഏതോ ഒരു പൊടിമീശക്കാരന്‍ അവളോട് പ്രണയാഭ്യർഥന നടത്തിയതിന് കോളിളക്കമുണ്ടാക്കുകയും പ്രേമമെന്നല്ല "പ്രേ" എന്നുപോലും ഉച്ചരിക്കരുതെന്ന് കഠിനമായ നിയമം പാസാക്കുകയും ചെയ്ത കര്‍ക്കശക്കാരനായ അച്ഛന്‍. ഒന്‍പതാം ക്ലാസുകാരനായ ഇളയ മകന്‍ നോട്ടുബുക്കില്‍ ഹൃദയചിഹ്നമിട്ടെഴുതിവെച്ചിരുന്ന പേര് അന്നുതന്നെ ആരും കാണാതെ നുള്ളിക്കീറി കളഞ്ഞു. പക്ഷേ എത്രയൊക്കെ അയിത്തം കല്‍പ്പിച്ചാലും ചിന്തയും പ്രവൃത്തിയും അടങ്ങിയിരിക്കില്ലല്ലോ. അതുകൊണ്ടാകും വളര്‍ന്നു വളര്‍ന്ന് വലുതായപ്പോള്‍ അവര്‍ പ്രേമിച്ച് വിവാഹം കഴിച്ചു. ഹാ! അതുപോട്ടെ നമ്മള്‍ പറഞ്ഞത് ഗോപന്‍റെയും ഉമയുടെയും കാര്യമല്ലേ. കഥ പറയാനിരുന്നാല്‍ ഇതാണ് കുഴപ്പം മനസ് ഒരു വഴി, കഥ വേറൊരു വഴി. 

അന്നും പതിവുപോലെതന്നെ വന്നുകയറിയതുമുതല്‍ സ്ത്രീധനത്തിന്‍റെ ബാക്കികൊടുക്കാതിരുന്ന ഉമയുടെ അച്ഛനെയും ആങ്ങളമാരെയും ചീത്തവിളിച്ചു. പരലോകത്തിരുന്ന് അച്ഛനും വിദേശത്തും സ്വദേശത്തുമിരുന്ന് ആങ്ങളമാരും തുമ്മിത്തുമ്മി മരിച്ചിട്ടുണ്ടാകും. ടേബിളില്‍ ഒരു ദിവസത്തെ പത്രം അധികമിരുന്നതിന്, ടി.വി.യുടെ റിമോട്ട് അയാള്‍ വെച്ചിരുന്നതില്‍നിന്ന് അല്‍പ്പം മാറിയതിന്, കുളിക്കാന്‍ പിടിച്ചുവെച്ച വെള്ളത്തിന് ചൂട് കുറഞ്ഞതിന് എന്നുവേണ്ട എല്ലാത്തിനും അവളെ ശകാരിച്ചു. "നീയിവിടെ എന്തെടുക്കുവാടീ എപ്പോ നോക്കിയാലും ടി.വീടെ മുന്നിലാ വീട്ടിലൊരു വക ചെയ്യില്ല" വഴക്കിന്‍റെ പിന്നാലെ നീണ്ട തെറികളും ചേര്‍ത്ത് ഗോപന്‍ ഉമയുടെ ചെവിയിലേക്ക് തീ കോരിയൊഴിച്ചു. ഇതിനിടയില്‍ ഉന്തും തള്ളും ഒന്നുമയാള്‍ മറന്നില്ല. പുട്ടിന് പീരപോലെ വേണ്ടത് അളന്നുകുറിച്ച് അയാള്‍ അവള്‍ക്ക് നല്‍കിക്കൊണ്ടേയിരുന്നു. മുപ്പത്തിരണ്ടുവര്‍ഷമായി സ്ഥിരം അരങ്ങേറുന്ന നാടകത്തിലെ ഡയലോഗുകള്‍ എല്ലാം അവള്‍ക്ക് മന:പാഠമായിരുന്നു ഇന്ന് പത്രമാണെങ്കില്‍ നാളെ ചെടിച്ചട്ടി, മറ്റന്നാള്‍ അയാളുടെ വാച്ച്. സാധനങ്ങള്‍ മാറിമാറി വന്നു. അയാളുടെ ശകാരത്തിന്‍റെ ശൈലിയും കടുപ്പവും പഴയതുപോലെ തന്നെ മാറ്റമില്ലാത്തതുകൊണ്ടാകാം ഉമയുടെ മുഖത്ത് ഭാവഭേദമില്ലായിരുന്നു.

അയാള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്തുകൊണ്ട് നില്‍ക്കുമ്പോഴാണ് കറിക്ക് ഉപ്പും എരിയും കൂടിയെന്നുപറഞ്ഞ് പാത്രത്തോടുകൂടി കറിയും അയാളുടെ കയ്യും ഉമയുടെ മുഖത്തേക്ക് വീണത്. അപ്രതീക്ഷിതമായ ശിക്ഷയായതുകൊണ്ടാണ് ഉമ ഒഴിഞ്ഞുമാറുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്തതെന്നുകരുതണ്ട. പ്രതീക്ഷിതമായാലും അപ്രതീക്ഷിതമായാലും അവള്‍ ഒഴിഞ്ഞുമാറില്ല. ഒരിക്കല്‍ ഒഴിഞ്ഞുമാറിയതിന്‍റെ ഓര്‍മ്മ ഇടയ്ക്കിടെ ഇടതുകാല്‍മുട്ടിനു താഴെയുള്ള നെടുനീളന്‍ മുറിവിലിരുന്ന് ഉമയെ വേദനിപ്പിക്കാറുണ്ട്. തകര്‍ന്നുപോയ എല്ലിനെ കമ്പിയിട്ട് ബലപ്പെടുത്തിയതിന്‍റെയും തുടര്‍ചികിത്സയില്‍ രണ്ടാമത് ഓപ്പറേഷന്‍ ചെയ്യേണ്ടിവന്നതിന്‍റെയും കുറ്റം മുഴുവന്‍ ആക്സിഡന്‍റിന്‍റെ കള്ളപ്പേരിലെഴുതിച്ചേര്‍ത്ത് മനുഷ്യരായ മനുഷ്യരെയെല്ലാം കബളിപ്പിച്ചതിന്‍റെയും വേദന അയാളുടെ ശകാരങ്ങളില്‍നിന്ന്, ശാരീരിക ഉപദ്രവങ്ങളില്‍നിന്ന്, രതിയില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കാന്‍ അവളെ പഠിപ്പിച്ചു. ഒഴിഞ്ഞുമാറിയാല്‍ അയാള്‍ ഇപ്പോഴുള്ളതിനേക്കാള്‍ ക്രൗര്യമുള്ള ഒരു കാട്ടുമൃഗമായി മാറും എന്ന് ഉമയ്ക്ക് നന്നായറിയാം. അയാള്‍ ആ വീടിന്‍റെയും ഓരോ വസ്തുക്കളുടെയും അവളുടെയും ഉടമസ്ഥനായിരുന്നു, അധികാരിയായ ഉടമസ്ഥന്‍. അയാള്‍ ഭക്ഷണം കഴിച്ചുതീരുന്നതുവരെയും എരിയുന്ന ശിരസുമായി ഉമ അവിടെ നിന്നും. അത് വാശികൊണ്ടല്ല, ഒച്ചയുണ്ടാക്കുകയോ അനങ്ങുകയോ ചെയ്താല്‍ അടുത്ത പ്രഹരം വീഴുമെന്നുള്ളതുകൊണ്ടാണ്. 

കുളിമുറിയിലെ ഷവറിന്‍റെ ചുവട്ടില്‍ നില്‍ക്കുമ്പോള്‍ ഉമയ്ക്ക് പതിവില്ലാത്ത സങ്കടം വന്നു. നെറ്റിയില്‍ പാത്രം വീണുണ്ടായ മുഴയേക്കാള്‍ വലിപ്പത്തില്‍ മുപ്പത്തിരണ്ട് വര്‍ഷത്തെ നരകയാതന അവള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഭയത്തിന്‍റെ ഭാരമുള്ള ഹൃദയവുമായി കിടപ്പുമുറിയിലെത്തുമ്പോഴും അടക്കിപ്പിടിച്ച ശ്വാസോച്ഛ്വാസവുമായി കട്ടിലിന്‍റെ ഓരത്ത് കിടക്കുമ്പോഴും അവൾ അധികാരിയില്‍നിന്നും അകലം പാലിച്ചു. അടിമയ്ക്ക് പ്രതിഷേധിക്കാന്‍ എന്തവകാശം എന്ന ഭാവത്തില്‍ ഗോപന്‍ ഉമയെ ശരീരത്തിലേക്ക് വലിച്ചടുപ്പിച്ചു. ബലം പ്രയോഗിച്ചോ മദ്യലഹരിയിലോ മാത്രമേ അയാള്‍ അവളെ ഭോഗിച്ചിട്ടുള്ളു. അതും അയാള്‍ക്കിഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ള രീതിയില്‍ മാത്രം. അടിമയുടെ ആഗ്രഹങ്ങള്‍ക്കും അവശതകള്‍ക്കും പുല്ലുവില മാത്രം. തന്‍റെ ശരീരത്തിലേക്ക് മുരള്‍ച്ചയോടുകൂടി താഴ്ന്നുവരുന്ന അയാളെ കാണുമ്പോള്‍ ഉമയ്ക്ക് കാട്ടുപോത്തിനെ ഓര്‍മ്മവരും. രാത്രികാലങ്ങളെ ഭീതിയിലാഴ്ത്തുന്ന, സ്നേഹവും പ്രണയവും തൊട്ടുതീണ്ടിയിട്ടില്ലാത്ത, ആണധികാരത്തിന്‍റെ അഹന്തകൊണ്ടുമാത്രം സ്ത്രീയെ പ്രാപിക്കാന്‍ ശ്രമിക്കുന്ന ഒരു കാട്ടുപോത്ത്. പാത്രത്തില്‍ കിടന്ന് തിളച്ചുതുള്ളുന്ന ഇറച്ചിക്കഷണം പോലെ ഉമയുടെ ഹൃദയം പടപടാ മിടിച്ചു. 

അവര്‍ അയാളെ തള്ളിമാറ്റി കട്ടിലില്‍നിന്ന് ചാടിയെഴുന്നേറ്റ് വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവളുടെ മുടിയില്‍ ചുറ്റിപ്പിടിച്ച് അയാള്‍ പിന്നിലേക്ക് വലിച്ച് കഴുത്തില്‍ കുത്തിപ്പിടിച്ചു. ഉമയ്ക്ക് ശ്വാസം മുട്ടി. "എനിക്കാവശ്യമുള്ളതൊക്കെ തരാനാടീ നിന്നെയിങ്ങോട്ട് കെട്ടിയെടുത്തെ" അയാള്‍ മുരണ്ടു. ശ്വാസം കിട്ടാതെ പിടയുന്നതിനിടയില്‍ ഉമയുടെ കൈകള്‍ അയാളുടെ കഴുത്തില്‍ മുറുകി. അയാള്‍ പിടിവിട്ടു. വേദനയും സങ്കടവും ഉമയുടെ കണ്ണില്‍നിന്നും പുറത്തുചാടി. ഒരു നിമിഷം ഉമ കരിമേഘനിറമുള്ള ഉഗ്രരൂപിണിയായി മാറി. പരിണതഫലത്തെക്കുറിച്ച് നന്നായി അറിയാമായിരുന്നിട്ടും അവള്‍ അയാളുടെ കരണത്ത് ഒന്നുകൊടുത്തു. മുപ്പത്തിരണ്ട് വര്‍ഷത്തെ വേദന, അപമാനം, അവഗണന ഒക്കെചേര്‍ന്ന് കഠിനമായ പ്രഹരം. അയാളൊന്ന് ഞെട്ടി. ഏഴോ എട്ടോ വയസില്‍ പ്രായത്തിന് ചേരാത്ത തെറിവിളിച്ചതിന് വലിച്ചിരിഞ്ഞ കാപ്പിക്കമ്പുകൊണ്ട് തല്ലിയ അമ്മയെയും "ചെറുക്കനെ തല്ലുന്നോടീ" എന്നാക്രോശിച്ച് അമ്മയുടെ നടുമ്പുറത്ത് പ്രഹരിച്ച അച്ഛനെയും അയാള്‍ ഉമയുടെ നിഴലില്‍ കണ്ടു. അമ്മ പിന്നീട് അയാളെ തല്ലിയിട്ടില്ല. എന്തുതെറ്റ് ചെയ്താലും. "ആണുങ്ങളായാല്‍ അങ്ങനാ" എന്ന് പക്ഷം പറയുന്ന മുത്തശ്ശിയുടെയും അച്ഛന്‍റെയും ബന്ധുക്കളുടെയും തണലില്‍ വളര്‍ന്ന അയാള്‍ക്ക് ആ പ്രഹരമേല്‍പ്പിച്ച ആഘാതത്തില്‍നിന്ന് പുറത്തുകടക്കാന്‍ ദീര്‍ഘനേരം വേണ്ടിവന്നു.

അഭയകേന്ദ്രമായ അടുക്കളയില്‍ ഉഴറിനടന്ന് വരാന്‍പോകുന്ന സമയത്തിന്‍റെ ഭീകരതയെക്കുറിച്ചാലോചിക്കുന്ന ഉമയ്ക്കടുത്തേക്ക് ക്രോധാവേശനായ ഗോപന്‍ പാഞ്ഞെത്തി. കൈയ്യില്‍ കിട്ടിയ കത്തി അവള്‍ ആദ്യം അയാള്‍ക്കുനേരേ ചൂണ്ടി. പിന്നെ സ്വന്തം ഹൃദയത്തിനുനേര്‍ക്ക് മുന നീട്ടിപ്പിടിച്ചുകൊണ്ട് "എന്‍റെ അനുവാദമില്ലാതെ മേലില്‍ എന്‍റെ ശരീരത്തില്‍ തൊടരുത്..." എന്ന് അലറുമ്പോള്‍ ഭയംകൊണ്ട് അവളുടെ ഒച്ച വിറച്ചിരുന്നു. അയാള്‍ക്ക് പെട്ടെന്ന് അവളുടെ പേര് ഓര്‍മ്മവന്നില്ല. "എടീ" എന്ന് ആക്രോശിക്കാന്‍ തുടങ്ങിയതിനെ തടസ്സപ്പെടുത്തിക്കൊണ്ട് ഉമ ഒച്ചയുയര്‍ത്തി. തടവറ ചാടാനുള്ള അടിമയുടെ ആദ്യ പരിശ്രമം. "മക്കളെയോര്‍ത്താ ഞാനിത്രേം കാലം സഹിച്ചത്. അവര്‍ രണ്ടും സ്വന്തം കാലിലായി. ഇനി വയ്യ... ഇനി വയ്യ എടിയെന്നും നീയെന്നും വിളി കേട്ടുകേട്ട് ഞാനെന്‍റെ പേരുപോലും മറന്നുപോയി" ഉമയുടെ കൈയ്യും സ്വരവും വിറച്ചു. "ഇത് നിങ്ങടെ വീടാ നിങ്ങള്‍ക്ക് മാത്രം അധികാരമുള്ള വീട്. എനിക്കൊന്നു തുമ്മണമെങ്കിലോ ചുമയ്ക്കണമെങ്കിലോ പോലും നിങ്ങളുടെ അനുവാദം വേണം." ഈ മുപ്പത്തിരണ്ട് വര്‍ഷത്തിനിടയില്‍ ചേട്ടാ, അതേയ്, ഒന്ന് നോക്കിയേ എന്നൊക്കെ മാത്രം സംബോധന ചെയ്തിരുന്നവള്‍ പെട്ടെന്നൊരുദിവസം അന്യരെയെന്നപോലെ നിങ്ങളെന്നു വിളിച്ചത് ഗോപനെ അങ്കലാപ്പിലാക്കി എന്ന് പറയേണ്ടല്ലോ. അല്ലെങ്കിലും ഭാര്യയുടെ കയ്യില്‍നിന്നും തല്ലുകിട്ടുന്നതിലും വലുതല്ലല്ലോ നിങ്ങളെന്നൊരു വിളി. 

"നിങ്ങളുണരുന്നത് മുതല്‍ ഉറങ്ങുന്നതുവരെ എല്ലാ ആവശ്യങ്ങളും മുറതെറ്റാതെ നടത്തിത്തന്നിട്ടും നിങ്ങളെനിക്കൊരിറ്റ് സ്നേഹം തന്നിട്ടുണ്ടോ? കരുണയോടെ ഒന്ന് നോക്കിയിട്ടുണ്ടോ? എനിക്കെന്തെങ്കിലും ആഗ്രഹമുണ്ടോ, ആവശ്യമുണ്ടോ എന്ന് നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ?" അവള്‍ തന്നോട് എന്തെങ്കിലും ആഗ്രഹം പറഞ്ഞിട്ടുണ്ടോ എന്ന് ഗോപന്‍ കൂലങ്കഷമായി ചിന്തിച്ചു. കല്യാണം കഴിഞ്ഞ സമയത്തെപ്പോഴോ മുംബൈയിലെ ജുഹൂ ബീച്ച് കാണണമെന്ന് പറഞ്ഞതല്ലാതെ അവളുടെ ഒരാഗ്രഹവും അയാളുടെ മനസിലേക്ക് വന്നില്ല. "നിനക്കാവശ്യമുള്ളതൊക്കെ ഞാന്‍ വാങ്ങിത്തരുന്നില്ലേ പിന്നെന്താ?" അയാളുടെ ഒച്ചയില്‍ ധാര്‍ഷ്ട്യം കലര്‍ന്നു. "സാരിമുതല്‍ അടിവസ്ത്രംവരെ നിങ്ങള്‍ക്കിഷ്ടമുള്ള നിറത്തിലല്ലാതെ എനിക്കിഷ്ടപ്പെട്ടതെന്തെങ്കിലും നിങ്ങള്‍ വാങ്ങിത്തന്നിട്ടുണ്ടോ? എനിക്കിഷ്ടപ്പെട്ട നിറമോ ഭക്ഷണമോ എന്തെങ്കിലും നിങ്ങള്‍ക്കറിയാമോ? ഒരടിമയോട് എങ്ങനാ പെരുമാറുന്നത് അതുപോലെയല്ലേ നിങ്ങളെന്നോട് പെരുമാറുന്നത്? ഈ മുപ്പത്തിരണ്ട് വര്‍ഷത്തിനിടയ്ക്ക് നിങ്ങളെത്രതവണ എന്‍റെ അച്ഛനും അമ്മയ്ക്കും വിളിച്ചിട്ടുണ്ട്? ഞാന്‍ എപ്പോഴെങ്കിലും നിങ്ങളുടെ അച്ഛനോ അമ്മയ്ക്കോ പറഞ്ഞിട്ടുണ്ടോ? പറഞ്ഞാല്‍ത്തന്നെ നിങ്ങള്‍ കേട്ടോണ്ട് നില്‍ക്കുമോ?" ഭാര്യയുടെ വീട്ടുകാരെ ദാക്ഷിണ്യമില്ലാതെ ആക്ഷേപിക്കാനുള്ള അധികാരം ഭര്‍ത്താവിന് പാരമ്പര്യമായി പതിച്ചുകിട്ടിയതാണെന്ന് നിനക്കറിയില്ലേ എന്നൊരു ഡയലോഗ് ഇഷ്ടന്‍റെ തൊണ്ടയില്‍ മുട്ടിവിളിച്ചതാണ്. പക്ഷേ കൈയ്യിലെ കത്തിയും പ്രതികൂലമായ സാഹചര്യവും കൊണ്ട് അയാള്‍ ആ ചോദ്യം വിഴുങ്ങിക്കളഞ്ഞു. "ആരെന്തുചെയ്താലും കുറ്റം മുഴുവന്‍ എന്‍റെ തലയിലടിച്ചേല്‍പ്പിക്കുന്നതല്ലാതെ ഒരു നല്ല വാക്കെന്നോട് പറഞ്ഞിട്ടുണ്ടോ?" അവളുടെ ഒച്ച കൂടുതല്‍ വിറച്ചു. അതിപ്പോള്‍ വഴിയേ പോകുന്ന കാക്കയാണെങ്കിലും വീട്ടിലെ മക്കളാണെങ്കിലും തെറ്റുചെയ്താല്‍ അമ്മയെ കുറ്റം പറയുക എന്നുള്ളതാണല്ലോ അതിന്‍റെയൊരു ഇത്? അല്ല ശരിയല്ലേ? 

ഉമയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഗോപന്‍റെ ഓരോ രോമകൂപത്തിലും കലിയായി പടര്‍ന്നുകയറി. അരിശം സഹിക്കവയ്യാതെ അവള്‍ക്ക് നേരെ കൈ ഉയര്‍ത്തുമ്പോഴാണ് കോളിംഗ് ബെല്‍ ശബ്ദിച്ചത്. കാറ്റിനേക്കാള്‍ വേഗത്തില്‍ അയാളെ മറികടന്ന് ചെന്ന് ഉമ വീടിന്‍റെ വാതില്‍ തുറന്നു. മകളെയും മരുമകനെയും കണ്ടപ്പോള്‍ ഒരു നിമിഷം അവളുടെ മനസ്സില്‍ ഒരു മഞ്ഞുമല വീണുടഞ്ഞു. കൈയ്യില്‍ കത്തിയുമായി നില്‍ക്കുന്ന അമ്മയെ കണ്ടപ്പോള്‍ മകളുടെ ഉള്ളില്‍ കനലെരിഞ്ഞു. "നിന്നോടാരു പറഞ്ഞ് എന്‍റെ മുറ്റത്ത് കയറാന്‍?" എന്ന് ഒച്ച വച്ചു കൊണ്ട് ഗോപന്‍ അവര്‍ക്കരികിലേക്ക് പാഞ്ഞുവന്നു. മകള്‍ക്ക് നേരെ ഉയര്‍ന്നു വന്ന കൈ തട്ടിമാറ്റി "തൊട്ടുപോകരുത് എന്‍റെ കുഞ്ഞിനെ.. ഞാന്‍ വിളിച്ചിട്ടാ അവര്‍ വന്നത്. നിങ്ങടെ കൂടെ ചത്തുജീവിച്ച് എനിക്ക് മതിയായി. ഇനി വയ്യ" എന്ന് ഉമ അലറി. ജീവിതത്തിൽ ഒരിക്കലും അവളുടെ ഒച്ച ഇത്രയും ഉയർന്നിട്ടുണ്ടാകില്ല എന്ന് അയാൾക്ക് തോന്നി. കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടെങ്കിലും ഉമയുടെ ശബ്ദം ദൃഢമായിരുന്നു. കൈയ്യിലിരുന്ന കത്തി അയാള്‍ക്ക് മുന്‍പിലേക്ക് വലിച്ചെറിഞ്ഞ് ഉമ മകളെ ചേര്‍ത്തുപിടിച്ച് പുറത്തേക്കിറങ്ങി. ഒന്ന് തിരിഞ്ഞുനോക്കാതെ ഇട്ടിരുന്ന വേഷത്തില്‍ കൈയ്യിലൊന്നുമില്ലാതെ ഉമ അവര്‍ക്കൊപ്പം ആ ഗേറ്റ് കടന്നുപോയി. ബോധമില്ലാത്ത മദ്യപാനിയെപ്പോലെ കാറ്റ് വീശിയടിച്ചു. എവിടെയൊക്കെയോ നായ്ക്കള്‍ കുരയ്ക്കുകയും ഓരിയിടുകയും ചെയ്തു. തൊട്ടാലുരുകുന്ന ആസിഡിനെക്കാള്‍ വീര്യമുള്ള തെറിവാക്കുകള്‍ക്കൊപ്പം "പോടീ.... പോ... നീ പോയാ എനിക്ക് പുല്ലാ..." എന്ന് ബഹളം വെച്ച് അയാള്‍ വാതില്‍ വലിച്ചടച്ചു. അന്തമില്ലാത്ത ഇരുട്ടിനൊപ്പം ഉറക്കമന്വേഷിച്ച് പോകുന്നതിനിടയില്‍ ഏകാന്തതയുടെ ഭൂതങ്ങള്‍ അയാളെ തുറിച്ചുനോക്കി. 

മദ്യത്തിന്‍റെ ലഹരിയിറങ്ങിയപ്പോഴാണ് ഗോപന്‍ ഉണര്‍ന്നത്. സമയം എത്രയായി എന്നറിയില്ല. തലപൊളിയുന്ന വേദന. ഒന്‍പതരയിലേക്ക് നടന്നുകയറുന്ന ഘടികാരസൂചികളെ കണ്ട് അയാള്‍ എഴുന്നേറ്റു. ചായയുടെയും പ്രാതലിന്‍റെയും സമയം തെറ്റിയതുകൊണ്ടാകും അയാള്‍ക്ക് വയറെരിഞ്ഞു. ആ എരിച്ചില്‍ നാവില്‍ പുകഞ്ഞപ്പോള്‍ അയാള്‍ "എടീ" എന്ന് അലറി. ദിനചര്യകള്‍ തെറ്റിയതിന്‍റെ ദേഷ്യത്തില്‍ അകവും പുറവുമെരിയുന്ന ലോഹകഷ്ണംപോലെ അയാള്‍ അടുക്കളയിലേക്ക് ചെന്നു. വിറകടുപ്പും ഗ്യാസും അടുക്കളയും ഹര്‍ത്താലിന്‍റെ മൂകതയെ അനുകരിച്ചു. അടുക്കള കതകും മുന്‍വാതിലും തുറന്നിട്ടില്ല. "നീയെവിടെ പോയി കിടക്കുവാടീ?" എന്ന് ഒച്ചയുണ്ടാക്കിക്കൊണ്ട് അയാള്‍ വീടുമുഴുവന്‍ ഉമയെ അന്വേഷിച്ച് നടന്നു. അലക്ഷ്യമായ സഞ്ചാരത്തിനിടയില്‍ മുന്‍വാതിലിന് സമീപത്ത് കിടന്ന കത്തിയില്‍ അയാളുടെ കാലുതട്ടി മുറിഞ്ഞു, അല്‍പം രക്തം പൊടിഞ്ഞു. ഓര്‍മ്മകളില്‍ തലേദിവസത്തെ രുദ്രതാണ്ഡവത്തിന്‍റെ ചുവടുകളിളകി. അയാള്‍ കതക് തുറന്ന് പാലും പത്രവുമെടുത്ത് അടുക്കളയിലേക്കു നടന്നു. എണ്ണമില്ലാത്ത പാത്രങ്ങള്‍ക്കിടയില്‍ ചായപ്പാത്രം അന്വേഷിക്കുമ്പോള്‍ ഒന്നുരണ്ട് തവണ ഏമ്പക്കമിട്ടു. വയറ്റെരിച്ചില്‍ കൂടിയപ്പോള്‍ അന്വേഷണമവസാനിപ്പിച്ച് കിട്ടിയ പാത്രത്തില്‍ ചായ തിളപ്പിച്ച് ഗ്ലാസിലേക്ക് പകര്‍ന്നു കുടിക്കുമ്പോള്‍ തേയിലത്തരികള്‍ വായില്‍ കയറി. പഞ്ചസാരയെ കടത്തിവെട്ടുന്ന കയ്പുകാരണം അയാള്‍ക്ക് ഛര്‍ദ്ദിക്കാന്‍ തോന്നി. അടുക്കളപ്പണിയുടെ പാകങ്ങളില്‍ താനൊരു പരാജയമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അയാള്‍ക്ക് ഉമയെ ഓര്‍മ്മ വന്നു. കടുപ്പവും മധുരവും പാലും വെള്ളവും ചൂടും പാകം തെറ്റാതെ അവള്‍ എങ്ങനെയാണ് ചായ കൂട്ടിയിരുന്നത്? എരിവ് അധികം ഇഷ്ടമല്ലാത്ത തനിക്ക് എങ്ങനെയാകും കൃത്യമായ കണക്കില്‍ കറികള്‍ ഉണ്ടാക്കിയിരിക്കുക? അവള്‍ക്കൊരിക്കലും ചോറിന്‍റെ പാകമോ കറിയുടെ രുചികളോ ഒന്നും തെറ്റിയിരുന്നില്ല  എന്നിട്ടും ഓരോ കാരണം പറഞ്ഞ് എത്ര തവണ അവളെ തല്ലിയിട്ടുണ്ട്. ഓർത്തപ്പോള്‍ അയാള്‍ക്ക് ശരീരം തളര്‍ന്നു. 

വീട് പൂട്ടി പുറത്തേക്കിറങ്ങുമ്പോള്‍ വെയില്‍ അയാളോട് ലേശവും കാരുണ്യമില്ലാതെ പെരുമാറി. ബാറിലെ തീറ്റയും കുടിയും കഴിഞ്ഞ് ഇരുട്ട് കനത്തപ്പോള്‍ അയാള്‍ തിരികെ വന്നു. വെളിച്ചമില്ലാതെ അനാഥയെപ്പോലെ കിടക്കുന്ന വീടിന്‍റെ തിണ്ണയിലിരുന്ന് അയാള്‍ ഉമയെയും അവളുടെ വീട്ടുകാരെയും അയാളുടെ മക്കളെയും തെറിവിളിച്ചു. ബാറും വീടിന്‍റെ വരാന്തയുമായി അയാള്‍ എത്ര ദിവസം കഴിച്ചുകൂട്ടി എന്നറിയില്ല. ഛര്‍ദ്ദിലിന്‍റെ ദുര്‍ഗന്ധങ്ങളുമായി ഉണരുന്ന പകലുകളും മദ്യത്തിന്‍റെ ദുര്‍ഗന്ധം വഹിക്കുന്ന രാത്രികളും അയാള്‍ക്ക് വിരസമായി തോന്നി. പാകം തെറ്റിയ ഭക്ഷണം അയാളുടെ കുടലിനെ തീത്തൈലത്തില്‍ മുക്കിയെടുത്തു. ഏകാന്തതയും ഇരുട്ടും അയാളെ ഭയപ്പെടുത്തി. അധികം ഒന്നും സംസാരിക്കില്ല എങ്കിലും ഉമയുടെ മറുപടികള്‍ ഇല്ലാത്ത വീടിനെ അയാള്‍ വെറുത്തുതുടങ്ങി. അനുസരിക്കാനും ഭയപ്പെടാനും വീട്ടുമൃഗമില്ലാതെയാകുമ്പോള്‍ യജമാനന് തോന്നുന്ന മനോവികാരങ്ങള്‍ അയാളുടെ തലച്ചോറില്‍ മൂളിപ്പറന്നു. കൈകളില്‍ തരിപ്പ് പടര്‍ന്നു. വൃത്തിയില്ലാതെ കിടക്കുന്ന വീട് കണ്ടപ്പോള്‍ ഭ്രാന്തിളകി, മുഷിഞ്ഞ തുണികളുടെ ഗന്ധം അയാളുടെ ശ്വാസകോശത്തെ ചതച്ചു പിഴിഞ്ഞു. മദ്യത്തെ കുറിച്ചോര്‍ത്തപ്പോള്‍ മനസ്സ് നീറി. ഇനി എന്തുചെയ്യുമെന്നോര്‍ത്തപ്പോള്‍ ഹൃദയം പിടച്ചു. ഈ ലോകത്ത് തനിച്ചാണെന്ന തിരിച്ചറിവ് അയാളുടെ ഉള്ളില്‍ പടര്‍ന്നുപിടിച്ചപ്പോള്‍ അയാള്‍ക്ക് കരയാന്‍ തോന്നി. ആണുങ്ങള്‍ കരയാന്‍ പാടില്ല എന്ന് ആരൊക്കെയോ അയാളെ ചുറ്റും നിന്ന് വിലക്കി. ഉമയുടെ ചോദ്യങ്ങളോരോന്നും അയാളുടെ ചെവിയില്‍ മുഴങ്ങികേട്ടു. ഉമ പറഞ്ഞതത്രയും ശരിയാണെന്ന് അയാള്‍ക്ക് തോന്നി. 

താനവളെ സ്നേഹിച്ചിട്ടില്ല, ലാളിച്ചിട്ടില്ല, വിശ്വസിച്ചിട്ടില്ല, അവളുടെ നിറവും മണവും രുചിയും കാഴ്ചയും കേള്‍വിയും വരെ അധികാരച്ചങ്ങല ഉപയോഗിച്ച് ബന്ധിച്ചു. അനുസരണയുടെ വൃത്തംവരച്ച് അതിനുള്ളില്‍ മാത്രം നടക്കാന്‍ അവളെ പരിശീലിപ്പിച്ചു. കാരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും തല്ലി, വേദനിപ്പിച്ച് രസിച്ചു. അവളുടെ ഇഷ്ടമറിയാതെ ഭോഗിച്ചു. എവിടെ പോകണം, എങ്ങനെ പോകണം, എപ്പോള്‍ പോകണം എന്നൊക്കെ തീരുമാനിച്ചു. എന്തിന് അവള്‍ കുളിക്കാന്‍ ഏതു സോപ്പ് ഉപയോഗിക്കണമെന്നുവരെ അയാള്‍ തീരുമാനിച്ചു. വിലയ്ക്കെടുത്ത ഒരടിമയെപ്പോലെമാത്രം അവളെ കണ്ടു. സമൂഹത്തിന്‍റെ ചോദ്യങ്ങളെ ഭയന്നുമാത്രം അസ്വാതന്ത്ര്യത്തിന്‍റെ, അടിമത്വത്തിന്‍റെ ഇരുമ്പഴികള്‍ക്കുള്ളില്‍ ഉഴറി ജീവിക്കുന്ന ഒരു സ്ത്രീയുടെ ദയനീയത ഉമയുടെ കണ്ണുകളില്‍ ഉണ്ടായിരുന്നു. അവള്‍ക്ക് ഇറങ്ങിപ്പോകാന്‍ ഇടമില്ലെന്ന ധൈര്യമാണ് ഇപ്പോള്‍ തകര്‍ന്നടിഞ്ഞത്. ഒരിക്കലും തന്നെ ഉപേക്ഷിച്ച് പോകാതിരിക്കാനാണോ താനവളെ ഇത്രയധികം വരിഞ്ഞുമുറുക്കിയത്. ഉത്തരങ്ങളില്ലാതെ അയാള്‍ ഏറെ നേരം പകച്ചു നിന്നു.

മകളുടെ വീട്ടുമുറ്റത്ത് ഭിക്ഷക്കാരനെപ്പോലെ ചെന്നുനില്‍ക്കുമ്പോള്‍ അയാളിലെ അധികാരി തീര്‍ത്തും അപ്രത്യക്ഷനായിരുന്നു. അകത്തെ മുറിയില്‍ മകളുടെ കുഞ്ഞിനെ ഉറക്കുകയായിരുന്ന ഉമയ്ക്കടുത്തേക്ക് ഇടറിയ ചുവടുമായി ഗോപന്‍ നടന്നുചെന്നു. താടി രോമങ്ങള്‍ വളര്‍ന്ന് ഉലഞ്ഞ ഷര്‍ട്ടും മുണ്ടും ധരിച്ച് നടന്നുവരുന്ന മനുഷ്യനെ ഉമ അവിശ്വസനീയതയോടെ നോക്കി. അധികാരത്തിന്‍റെ കിരീടവും ചെങ്കോലും നഷ്ടപ്പെട്ട് ഒരു രോഗിയുടെ ഭാവവുമായി അടുത്തേക്ക് വരുന്ന  ഭര്‍ത്താവിനെ കണ്ടപ്പോള്‍ ഉമയുടെ കണ്ണില്‍ ഭയം നിറഞ്ഞു. ഇടതു തോളില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് പിറകിലേക്ക് നടക്കുമ്പോള്‍ ഉമ അയാളുടെ ഇരുകൈകളിലും മാറി മാറി നോക്കി. അവ ആയുധരഹിതമാണെന്ന് കണ്ടപ്പോള്‍ അൽപം ആശ്വാസം തോന്നി. കട്ടിലിന്‍റെ പടിയില്‍ തട്ടി പിന്നില്‍ സ്ഥലം ഇല്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവള്‍ കുഞ്ഞിനെ ഒന്നുകൂടി ചേര്‍ത്തുപിടിച്ചു. മകളെ വിളിക്കാന്‍ വാ തുറന്നെങ്കിലും ശബ്ദം പുറത്തുവന്നില്ല. അപ്രതീക്ഷിതമായി അവളുടെ വലതു തോളിലേക്ക് വീണു അയാള്‍ പൊട്ടിക്കരഞ്ഞപ്പോള്‍ ഉമ ഞെട്ടിപ്പോയി. അയാളുടെ ശബ്ദം കേട്ട് കുഞ്ഞ് ഉണര്‍ന്ന് നിലവിളിച്ചു. കുഞ്ഞിനേക്കാള്‍ ഉച്ചത്തില്‍ അയാളും. ഇരുവരുടെയും നിലവിളികേട്ട് എന്ത് ചെയ്യണമെന്നറിയാതെ മുറിക്കുപുറത്തുനിന്ന മകള്‍ ഓടിവന്നു. അമ്മയുടെ ഇരുവശങ്ങളിലുമായി നിലവിളിയുയര്‍ത്തുന്നവരെ കണ്ട് മകള്‍ പരിഭ്രമിച്ചു. കുഞ്ഞിനെ വാങ്ങാന്‍ കണ്ണുകൊണ്ട് ഉമ അവള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

അലറിക്കരയുന്ന കുഞ്ഞുമായി മകള്‍ മുറിക്ക് പുറത്തേക്കിറങ്ങുമ്പോള്‍ അയാള്‍ ഉമയിലേക്ക് കൂടുതല്‍ പറ്റിച്ചേര്‍ന്നു. കരച്ചിലിനിടയില്‍ പുറത്തുവന്ന വാക്കുകളില്‍ "എനിക്കാരുമില്ല" എന്നത് മാത്രമാണ് ഉമയ്ക്ക് മനസ്സിലായത്. ഉമയുടെ വസ്ത്രങ്ങളിലും ശരീരത്തിലും അയാളുടെ കണ്ണുനീര് ഉപ്പ് നിറച്ചു. മുറിയുടെ വാതിലില്‍ നിന്ന് ഇതെന്താ എന്ന ഭാവത്തില്‍ മകള്‍ അമ്മയെ നോക്കി. അറിയില്ലെന്ന മറുഭാവവുമായി മകളെ നോക്കുമ്പോള്‍ ഉമയ്ക്ക് കരച്ചിലും ചിരിയും ഒരുപോലെ വന്നു. എത്ര നേരമാണ് അയാള്‍ അങ്ങനെ കരഞ്ഞതെന്ന് അറിയില്ല. ഇടിഞ്ഞുവീണ ഹിമാലയം പോലെയായ അയാളെ ചേര്‍ത്തണച്ചപ്പോള്‍ അവള്‍ക്ക് തന്‍റെ മകനെ ഓര്‍മ്മവന്നു. നെഞ്ചു വിങ്ങി വാത്സല്യം പതഞ്ഞുപൊങ്ങി. ഇടതുവശത്തും വലതുവശത്തും ഓരോ ഹൃദയങ്ങളുമായി നില്‍ക്കുമ്പോള്‍ ഉമ മുപ്പത്തിരണ്ട് വര്‍ഷത്തെ ദു:ഖങ്ങളെ മറന്നു. അയാള്‍ ഇതിനു മുന്‍പ് ഒരിക്കലും ഇത്ര ആത്മാര്‍ഥമായും അല്ലാതെയും ഉമയെ ആശ്ലേഷിച്ചിരുന്നില്ല. ആ ആത്മാര്‍ഥത തിരിച്ചറിഞ്ഞതുകൊണ്ടാണ് മകളുടെ വാക്കിലും നോക്കിലും ഭയം തിങ്ങിനിറഞ്ഞതവഗണിച്ച് ഉമ അയാള്‍ക്കൊപ്പം വീണ്ടും ആ വീട്ടിലേക്ക് അയാളുടെ ജീവിതത്തിലേക്ക് തിരികെ പോയത്.

സന്ദര്‍ശകരുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ ജുഹൂബീച്ചിലെ മണല്‍പരപ്പില്‍ ഉമയ്ക്കൊപ്പമിരിക്കുമ്പോള്‍ അന്ധമായ അഹങ്കാരംകൊണ്ട് ജീവിതത്തിലെ മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തിയതിനെക്കുറിച്ചോര്‍ത്ത് അയാൾ ദു:ഖിച്ചു. ഉമയ്ക്ക് ഇത്ര മനോഹരമായി പുഞ്ചിരിക്കാനും വര്‍ത്തമാനങ്ങള്‍ കൊണ്ട് രസിപ്പിക്കാനും കഴിയുമെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. കാറ്റിന്‍റെ താളത്തിനൊപ്പം തിര അയാളുടെ ഹൃദയത്തിലേക്ക് തുള്ളിച്ചിതറി. യുഗങ്ങള്‍ക്ക് മുന്‍പ് പിരിഞ്ഞുപോയ രണ്ടാത്മാക്കള്‍ വീണ്ടും കണ്ടുമുട്ടിയതുപോലെ അയാളും അവളും പരസ്പരം സംസാരിച്ചുകൊണ്ടേയിരുന്നു. ഇടതുകവിളില്‍ കൈത്തലമമര്‍ത്തി "നിനക്കീ ബുദ്ധി നേരത്തെ തോന്നാത്തതെന്താ വിജയാ?" എന്ന് അയാള്‍ ഒരു തമാശ പൊട്ടിച്ചപ്പോള്‍ "എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസാ" എന്ന് അവളും ചിരിയുടെ മറുപടിയമ്പെയ്തു. പൊട്ടിച്ചിരികള്‍ക്കും ചേര്‍ത്തുപിടിക്കലുകള്‍ക്കുമിടയിലിരിക്കുമ്പോള്‍ ഭര്‍ത്താവിന്‍റെ അധികാരമോ ഭാര്യയുടെ വിധേയത്വമോ അവരിലില്ലായിരുന്നു. നിങ്ങള്‍ക്ക് മനസ്സിലായോ? എവിടുന്ന്? എടോ വായനക്കാരന്‍ വിഡ്ഢീ.. കൃത്യമായി പറഞ്ഞാല്‍ ആ തല്ലുകൊണ്ടുണ്ടായ ഗുണം അന്‍പത്തിയെട്ടാം വയസ്സില്‍ അയാളൊരു കാമുകനും അന്‍പത്തിരണ്ടാം വയസ്സില്‍ അവളൊരു കാമുകിയുമായി എന്നതാണ്. ഇനി സിനിമയിലൊക്കെ കാണുന്നതുപോലെ അവരുടെ പ്രണയം പൊലിപ്പിക്കാന്‍ പാട്ടും ഡാന്‍സും ഒന്നും വരുമെന്ന് കരുതരുത് കാരണം. ഇത് പ്രണയമാണ് ആത്മാവിന്‍റെയും മനസിന്‍റെയും ഭാഷകൊണ്ടുമാത്രം ഒരാള്‍ക്ക് മറ്റൊരാളോട് പങ്കുവയ്ക്കാന്‍ കഴിയുന്ന വികാരം കടലുപോലെ പരന്നൊഴുകി ഒരു ഹൃദയത്തില്‍ നിന്നും മറ്റൊന്നിലേക്ക് വ്യാപിക്കുന്ന വികാരം.

കനല്‍ത്തരികള്‍ പറക്കുന്ന അടുപ്പില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ചോളത്തിന്‍റെ ഗന്ധത്തിനടിയില്‍ കൂടി മണലുപ്പ് തൊട്ട് നടക്കുമ്പോള്‍ ഗോപന്‍റെ വലതുകൈ ഉമ തന്നോട് ചേര്‍ത്തു പിടിച്ചിരുന്നു. ഗോപന് എന്തുകൊണ്ടോ പെട്ടെന്ന് മകളെ ഓര്‍മ്മവന്നു. ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും അവളെ അകറ്റിനിര്‍ത്തിയതില്‍ പശ്ചാത്തപിച്ചു. അവളെ കുളിപ്പിക്കുകയോ മുടി കെട്ടിക്കൊടുക്കുകയോ ഭക്ഷണം വാരിക്കൊടുക്കുകയോ വാത്സല്യത്തോടെ ചേര്‍ത്തുപിടിക്കുകയോ ഉമ്മവയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് വേദനിച്ചു. വര്‍ണ്ണപ്പൊലിമയുള്ള വസ്ത്രങ്ങളണിഞ്ഞ ഐസ്ഗോളങ്ങള്‍ നുണഞ്ഞുകൊണ്ട് ഛത്രപതിശിവജിയുടെ സ്വര്‍ണ്ണനിറപ്രതിമ നില്‍ക്കുന്ന ഭാഗത്തുകൂടി ജുഹൂബീച്ചില്‍നിന്നും പുറത്തേക്കിറങ്ങുംമുന്‍പ് അവള്‍ ഒരിക്കല്‍ക്കൂടി ആ പടിക്കെട്ടില്‍നിന്ന് തിരിഞ്ഞുനോക്കി. സര്‍വ്വമനുഷ്യരുടെയും ദു:ഖമുള്‍ക്കൊണ്ട് അശാന്തമായി തുടിക്കുന്ന കടല്‍ അവളോട് വിടപറയാന്‍ മടിക്കുന്നതുപോലെ തോന്നി, മുപ്പത്തിരണ്ട് വര്‍ഷം അവളുടെ ഉള്ളില്‍ അടക്കിവെച്ചിരുന്ന ആഗ്രഹത്തെ കൈക്കുമ്പിളിലേക്ക് പകര്‍ന്നു നല്‍കിയതിന്‍റെ അത്യാഹ്ലാദംകൊണ്ടാകാം ഇരുട്ടിലല്ലാതിരുന്നിട്ടുകൂടി അവള്‍ അയാളെ ചുംബിച്ചു. മറ്റൊരാള്‍ക്കും തന്നെ ഇത്ര ഹൃദ്യമായി ചുംബിക്കാന്‍ കഴിയില്ല എന്നറിഞ്ഞപ്പോള്‍ ശരീരത്തിനുമപ്പുറം ആത്മാവിന്‍റെ തീരത്ത് അയാള്‍ക്ക് വിവരണാതീതമായ ഒരു ഹര്‍ഷമുണ്ടായി. കാമത്തിനും മീതെ സ്നേഹത്തിന്‍റെ, പ്രണയത്തിന്‍റെ വിശാലമായ തണലില്‍ അവര്‍ മധ്യവയസ്സില്‍നിന്നും യൗവനത്തിലേക്ക് സഞ്ചരിച്ചു. പിന്നില്‍ കടലും മനുഷ്യരും തിരയൊച്ചകളാസ്വദിച്ചുകൊണ്ടിരുന്നു.

ഉമയുടെ തല്ലുകൊണ്ട് ഗോപന്‍ നന്നായെന്നുകരുതി കഥയിലെ സന്ദര്‍ഭങ്ങള്‍ ജീവിതത്തിലേക്ക് പകര്‍ത്തിയാലുണ്ടാകുന്ന ലാഭത്തിനോ നഷ്ടത്തിനോ എനിക്ക് യാതൊരുവിധമായ ഉത്തരവാദിത്വവുമുണ്ടായിരിക്കില്ല എന്നൊരു മുന്നറിയിപ്പ് കഥയുടെ അവസാനം എഴുതിച്ചേര്‍ത്ത് പേനയടച്ചുവെച്ചപ്പോഴേക്കും കഥാകൃത്തിന്‍റെ ഭാര്യ അയാളുടെ സ്നേഹമില്ലായ്മയെക്കുറിച്ച് പരിഭവിച്ചുകൊണ്ട് മുറിയിലേക്ക് കടന്നുവന്നു. ജനലിനപ്പുറത്ത് കാലംതെറ്റിയ പേമാരി വരവറിയിച്ചു. ഇനി കലിതുള്ളലിന്‍റെ നേരമാണ്. മുറ്റത്തെ മരമുല്ലയുടെ മുടിയില്‍ പിടിച്ചുവലിച്ച് കാറ്റ് ആക്രമണത്തിന് അനുമതി നല്‍കി. പ്രകൃതിയും അവളും ഒരുപോലെ ഉറഞ്ഞുതുള്ളി. ഒച്ചയെടുത്തു, കുഴഞ്ഞുവീണു. പുലര്‍ന്നപ്പോള്‍ ഇരുവരും പതിവുപോലെ ശാന്തരായി.

English Summary:

Malayalam Short Story ' Living Together ' Written by Rajani Athmaja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com