കത്തെടുത്ത് അയാൾ വായിച്ചു, 'ഒന്ന് വരണം, മരിക്കുന്നതിന് മുമ്പ് ഒന്ന് കാണാനാണ്...'
Mail This Article
മഞ്ഞുകാലം പെട്ടെന്നാണ് വരിക. അതിരാവിലെ ഉണർന്നു ചൂട് വെള്ളത്തിൽ കുളിച്ചെങ്കിലും വാതിൽ തുറന്നപ്പോൾ കനത്ത തണുപ്പ്. അകത്ത് കയറി സ്വെറ്ററും, മഫ്ളറും ധരിച്ചു. നാലരക്ക് എത്തണമെന്ന് ഓട്ടോഡ്രൈവറോട് പറഞ്ഞതാണ്, കാണാനില്ലല്ലോ. സമയനിഷ്ഠ അയാൾക്ക് നിർബന്ധമാണ്, മറ്റെന്തും അയാൾ സഹിക്കും. കോളജിൽ പഠിക്കുമ്പോൾ എൻ സി സി യിൽ പരിശീലിച്ചെടുത്ത കൃത്യനിഷ്ഠത. പട്ടാളത്തിൽ ചേർന്നില്ല എന്നേയുള്ളൂ മനസ്സിൽ എപ്പോഴും ഒരു പട്ടാളക്കാരനാണ്. മറുതലക്ക് ഫോണെടുത്തപ്പോൾ തന്നെ അയാൾ പറഞ്ഞു, വൈകുമെങ്കിൽ നിനക്ക് സന്ദേശം അയക്കാമായിരുന്നു. അഞ്ചുമണിക്ക് ബസ്സ് പോകും, എനിക്ക് ആ വണ്ടിക്ക് തന്നെ പോകണം, നിർബന്ധമാണ്.
അയാളുടെ രീതികൾ പതിവായി അറിയുന്നതിനാൽ വണ്ടി നിർത്തുമ്പോൾ വണ്ടിക്കാരൻ ഒന്നും പറഞ്ഞില്ല. കുറച്ചു കഴിഞ്ഞു അയാൾ തന്നെ ചോദിച്ചു, "രാത്രി ഓട്ടം ഉണ്ടായിരുന്നോ?" "ഉണ്ടായിരുന്നു, ആശുപത്രിയിലേക്ക്, കിടക്കുമ്പോൾ കാലത്ത് ഏതാണ്ട് രണ്ടുമണിയായിക്കാണും. ഉറങ്ങാതെ വരാന്തയിലെ ചാര് കസേരയിൽ കിടക്കുകയായിരുന്നു. തണുത്ത കാറ്റിൽ മയങ്ങിപ്പോയി, ക്ഷമിക്കുക". "ആരായിരുന്നു?" "തൊട്ടടുത്ത വീട്ടിലെ നാരായണി അമ്മൂമ്മ, തിരിച്ചു കിട്ടുമെന്ന് തോന്നുന്നില്ല, എത്രയോ തവണയായി പല രാതികളിലും ഞാൻതന്നെ കൊണ്ട് പോയിരിക്കുന്നു. തിരിച്ചുവരുമ്പോൾ എന്നോട് തമാശയായി പറയും, കാലന് പോലും എന്നെ വേണ്ടാതായിരിക്കുന്നു, അതിൽ എല്ലാം ഉണ്ട്, മക്കൾക്ക് വേണ്ടാത്ത അമ്മമാർ ഭൂമിക്ക് അധികഭാരമാണ് എന്ന് കാണുമ്പോഴൊക്കെ പറയും, അമ്മയില്ലാത്ത എനിക്ക് അപ്പോൾ കണ്ണിൽ വെള്ളം നിറയും"
"കാലം മാറി, ആർക്കും ആരെയും വേണ്ടാതായി, അവനവൻ മാത്രം മതിയെന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്" സ്റ്റാൻഡിൽ വണ്ടി നിർത്തി ഇറങ്ങുമ്പോൾ അയാൾ പറഞ്ഞു, "തിരിച്ചു വരുമ്പോൾ പാതിരക്കാണ് എത്തുക, ഞാൻ തിരിക്കുമ്പോൾ വിളിക്കാം, വണ്ടി എത്തുമ്പോഴേക്ക് വന്നാൽ മതി". കാശ് വാങ്ങി അയാൾ തിരിച്ചുപോയി. "മാനന്തവാടി ബസ്സിന്റെ ടയർ മാറുകയാണ്, കാലത്താണ് വണ്ടി പഞ്ചറായി കണ്ടത്, കണ്ടത് നന്നായി, വഴിയിൽ കിടക്കേണ്ടി വരില്ലല്ലോ". പുറത്തു നിന്ന കണ്ടക്ടർ പറഞ്ഞു. സ്റ്റാൻഡിൽ നിന്ന് അയാൾ മാത്രമേ യാത്രക്കാരനായുള്ളൂ. മുന്നിലെ സീറ്റിൽ തന്നെയിരുന്നു. ചുരം കയറുമ്പോൾ കാഴ്ചകൾ നന്നായിക്കാണാം. കാറിൽപോകുമ്പോൾ കാഴ്ചകൾ കുറവായി തോന്നും. ബസ്സിൽ ഇരിക്കുമ്പോൾ കുറേക്കൂടെ ഉയരത്തിൽ കാഴ്ചകൾ കാണാം. തണുത്ത കാറ്റിൽ അയാൾ ഉറക്കത്തിലേക്ക് അറിയാതെ ആടിയാടി വീണു.
കോഴിക്കോട് എത്തിയപ്പോൾ കണ്ടക്ടർ വിളിച്ചു. "സർ കോഴിക്കോടെത്തി, ഇവിടെ ചായകുടിക്കാൻ കുറച്ചു സമയം നിർത്തും, ചുരം കയറുന്നതിന് മുമ്പ് വേണമെങ്കിൽ ഭക്ഷണം കഴിക്കാം. കുറച്ചു ഭക്ഷണവും വെള്ളവും കരുതണം, ചുരത്തിൽ എപ്പോഴാണ് തടസ്സങ്ങൾ വരുക എന്നറിയില്ല". അയാൾ അവർക്കൊപ്പം ഭക്ഷണം കഴിക്കാൻ ഇറങ്ങി, രണ്ടു കുപ്പി വെള്ളവും, പഴവും വാങ്ങി. കണ്ടക്ടർ പറഞ്ഞത് കൃത്യമായിരുന്നു. ചുരത്തിൽ തടസ്സങ്ങൾ, വണ്ടി ഇഴഞ്ഞാണ് നീങ്ങുന്നത്. മുകളിലേക്ക് ഇഴഞ്ഞു കയറുന്ന ജീവിതം, താഴേക്ക് അതിവേഗം പതിക്കുന്ന ജീവിതം. ഓരോ ദിവസവും കയറ്റിറക്കങ്ങൾ ആണ്. സംതുലനം നമുക്ക് എവിടെയും കണ്ടെത്താനാകുന്നില്ല. അല്ലെങ്കിൽത്തന്നെ ജീവിതത്തിന്റെ അർഥവ്യാപ്തികൾ അന്വേഷിക്കുന്നതിൽ ഒരു കാര്യവുമില്ലെന്ന് തോന്നാറുണ്ട്. എന്നിട്ടും എപ്പോഴും മനുഷ്യൻ ചിന്തകളിലേക്ക് ഊളയിട്ടുകൊണ്ടേയിരിക്കുന്നു. താനെന്താണ് ഇങ്ങനെ? തനിക്ക് മാത്രമാണോ ഇത്തരം പ്രശ്നങ്ങൾ?
താഴെ കണ്ണിന് കാണാവുന്നതിൽ കൂടുതൽ കാഴ്ചകൾ, ഭൂമിയുടെ മനോഹാരിത മനസ്സിനെ സജീവമാക്കുന്നു. ഉപവൻ റിസോർട് എന്ന ബോർഡ് വായിച്ചപ്പോഴാണ് പണ്ടെപ്പോഴോ ഇവിടെ വന്നു താമസിച്ച കാര്യം ഓർത്തത്. ഇതേ ബസ്സിൽ വന്നു പനമരം സ്റ്റോപ്പിൽ ഇറങ്ങി മറ്റൊരു ബസ്സിൽ കയറിയാണ് ഗോപി വൈദ്യരെ കാണാൻ പോയത്. വൈദ്യരുടെ പേര് അത് തന്നെയാണെന്നാണ് ഓർമ്മ. രോഗം തിരിച്ചറിഞ്ഞു മാത്രം കഷായങ്ങൾ തയാറാക്കുകയുള്ളു, അതിനാൽ കഷായങ്ങൾ തയാറാകുന്നത് വരെ കാത്തിരിക്കണം, കുപ്പികളിൽ തയാറാക്കി തരുന്ന കഷായവുമായി മടങ്ങുമ്പോൾ വൈകുന്നേരമാകും. "അച്ഛൻ ചെയ്തപോലെ തുടരുന്നു, കാത്തിരിക്കാൻ ആളുകൾക്ക് ഇഷ്ടമല്ല, മരുന്നുകൾ തയാറാക്കി വെച്ച് വേഗം മടക്കി അയക്കാം, കാശു കിട്ടും, അതല്ലല്ലോ ചികിത്സ". വൈദ്യർ പറഞ്ഞു. നേരത്തെ വന്നു കാത്തിരിക്കുകയായിരുന്നു. വലിയ തിണ്ണയിൽ പുൽപ്പായയിൽ കിടക്കുകയായിരുന്നു അയാൾ. വെള്ള വസ്ത്രങ്ങൾ ധരിച്ച ഒരു സാധാരണക്കാരൻ കടന്നു വന്നു. കിടക്കുന്നത് കണ്ടപ്പോൾ ചിരിച്ചുകൊണ്ട് ചോദിച്ചു, "ദൂരെന്നാകും അല്ലെ, കിടന്നോളൂ".
ആൾ വന്നു പായയുടെ ഒരു വശത്ത് ഇരുന്നു, എന്താ പ്രശ്നങ്ങൾ, എത്ര നാളായി അങ്ങനെ വിശദവിവരങ്ങൾ ചോദിച്ചറിഞ്ഞു. കുറച്ചു കഴിഞ്ഞു പറഞ്ഞു, ക്ഷീണം മാറിയോ എങ്കിൽ അകത്തേക്കിരിക്കാം. ഒരു ചെറിയ മേശയും കസേരയും മാത്രം. "ഞാൻ തന്നെയാണ് വൈദ്യർ" അദ്ദേഹം പറഞ്ഞു. ഇടയ്ക്ക് ഒരു കുട്ടി വന്നു, വൈദ്യർ ഷർട്ടിന്റെ മടക്കു താഴ്ത്തി, മടക്കി വെച്ച നോട്ടുകൾ അവർക്ക് കൊടുത്തു. ഒപ്പം കഷായം തയാറാക്കാനുള്ള ചീട്ടും. കാത്തിരിക്കണം, മുഷിയരുത്. സ്വന്തം ശരീരത്തോട് നാം മുഷിഞ്ഞത് കൊണ്ടാണല്ലോ രോഗങ്ങൾ വരുന്നത്. ശരീരത്തെ പ്രസന്നമായി തന്നെ നിർത്തണം. "കാശെത്രയായി" എന്നയാൾ ചോദിച്ചു. "മരുന്നിന്റെ വില ആ കുട്ടി പറയും. വൈദ്യരുടെ നോട്ടക്കൂലി താങ്കൾക്ക് ഇഷ്ടമുള്ളത് കൊടുക്കാം, ഇല്ലെങ്കിലും കുഴപ്പമില്ല". ഇങ്ങനെയും മനുഷ്യരോ, അയാൾ അത്ഭുതപ്പെട്ടു. ബസ്സ് മാനന്തവാടി അടുക്കാറായെന്ന് തോന്നുന്നു. ഒരിക്കൽ തിരുനെല്ലി ക്ഷേത്രത്തിൽ മുറി ബുക്ക് ചെയ്തതാണ്, എന്നാൽ അന്ന് വരാൻ കഴിഞ്ഞില്ല. ആദ്യമായാണ് മാനന്തവാടിയിലേക്ക്.
ബാഗ് തുറന്ന്, ഒരു കത്തെടുത്ത് അയാൾ വായിച്ചു. "മാഷെ ഒന്ന് വരണം, മരിക്കുന്നതിന് മുമ്പ് ഒന്ന് കാണാനാണ്". എന്തിനെന്നോ, ഏതിനെന്നോ എന്നൊന്നുമില്ല. പക്ഷെ, ആ വാക്കുകൾ മാത്രം ധാരാളം. കത്ത് കിട്ടിയപ്പോൾ പിന്നെ കാത്തുനിന്നില്ല, പിറ്റേന്ന് തന്നെ പുറപ്പെട്ടു. ആരാണ് ആദ്യം തീരുക എന്നറിയാത്ത ജീവിതം, ഒന്നും നീട്ടിവെക്കാനുള്ളതല്ല, ശ്വാസം വലിക്കാനാവുമ്പോൾ ശ്വസിക്കുക, അത് നിലച്ചതിനു ശേഷം എന്ത് സംഭവിക്കുന്നു എന്ന് നമുക്കറിയില്ലല്ലോ. വണ്ടിയിൽ നിന്ന് എല്ലാവരും ഇറങ്ങി. എപ്പോഴാണ് തിരിച്ചു പോവുക? അയാൾ കണ്ടക്ടറോട് ചോദിച്ചു. "രണ്ടരയാകും". "ചിലപ്പോൾ നാളെ ഞാൻ കാണും". "ഇറങ്ങുന്നില്ലേ" കണ്ടക്ടർ ചോദിച്ചു. "ഒരാൾ വരാനുണ്ട്, വണ്ടിയിൽ തന്നെ ഇരിക്കാനാണ് പറഞ്ഞിരിക്കുന്നത്" പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി, എല്ലാവരും മേൽക്കൂരയുള്ള ഭാഗത്തേക്ക് ഓടിക്കയറി. പുറകിലെ വാതിൽ തുറക്കുന്നത് അയാൾ അറിഞ്ഞു, പക്ഷേ, തിരിഞ്ഞു നോക്കിയില്ല. ചുമലിൽ ഒരു കൈ പതിഞ്ഞു, "മാഷെ, നമുക്ക് പോകാം" അയാൾ തിരിഞ്ഞുനോക്കി "മൂപ്പൻ".
തുടരും