'ജീവിതത്തിലെ ഓരോ വിഷമത്തെയും മറികടക്കാനാണ് ഇല്ലാത്ത പുഞ്ചിരികൾ ഞാൻ സൃഷ്ടിക്കുന്നത്...'

Mail This Article
രണ്ടാമത്തെ നിലയിലാണ് അയാൾ ജോലിയെടുക്കുന്ന ഓഫീസ്. നാലുവശവും കണ്ണാടിച്ചില്ലുകളാൽ ധാരാളം പകൽ വെളിച്ചം കിട്ടുന്ന പോലെയാണ് അതിന്റെ നിർമ്മാണം. നാലോ അഞ്ചോ നിലകൾ മാത്രമുള്ള ഒരുപാട് കെട്ടിടങ്ങൾ, അതിനിടയിൽ അഞ്ച് മീറ്റർ അകലം. അംബരചുംബികളായ കെട്ടിടങ്ങളിൽ നിന്നകന്ന് ഇപ്പോൾ ഇത്തരം നിർമ്മാണങ്ങളിലേക്കാണ് ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വികേന്ദ്രീകൃതവും വിശാലവുമായ സൗകര്യങ്ങൾ, അനേകം നിലകൾ കയറിപോകേണ്ട. ചില കെട്ടിടങ്ങളിൽ ചില കമ്പനികൾ ഒറ്റക്കാണ്, ഒന്നോ രണ്ടോ കമ്പനികൾ ചേർന്നും ചില കെട്ടിടങ്ങൾ വാടകക്ക് എടുത്തിരിക്കുന്നു. ഓരോ കെട്ടിടത്തിന്റെ മുകളിലും പതിപ്പിച്ചിരിക്കുന്ന പകലും രാത്രിയും വെട്ടിത്തിളങ്ങുന്ന അവരുടെ അടയാളചിഹ്നങ്ങൾ അവരുടെ മഹിമ വിളിച്ചോതുന്നു. ഒരുമാതിരിപ്പെട്ട കമ്പനികളെല്ലാം ബഹുരാഷ്ട്ര കമ്പനികൾ ആണ്.
അയാളിരിക്കുന്നതിന്റെ നേരെ എതിരെയാണ് താഴത്തെ നിലയിലെ അപ്പുറത്തുള്ള കെട്ടിടത്തിന്റെ അകത്തേക്കും പുറത്തേക്കും പോകുന്ന വാതിൽ. ആര് ആ വാതിലിലൂടെ വന്നാലും പോയാലും അയാൾക്ക് കാണാൻ കഴിയും. അതൊരു അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് കമ്പനിയാണ്. അയാൾ അവരെ ശ്രദ്ധിക്കാറുണ്ട്. എല്ലാവരും വിദ്യാസമ്പന്നരാണെന്ന് അവരുടെ മുഖവും വസ്ത്രങ്ങളും അവരുടെ ശാരീരിക ഭാവങ്ങളും എല്ലാവരോടും വിളിച്ചു പറയുന്നതുപോലെ. ഒരു പ്രത്യേകത എല്ലാവരും നാൽപത് വയസ്സിന് മുകളിൽ ഉള്ളവരാണ് എന്നതാണ്. ഒരുപക്ഷെ വളരെ പരിചയസമ്പന്നരായവരെ മാത്രമാകും അവർ തിരഞ്ഞെടുക്കുന്നത്. തീർച്ചയായും അവരൊന്നും ചെറിയ കച്ചവടക്കാരല്ല. മറ്റൊരു കാര്യം, സ്ത്രീകളാണ് അവിടെ കൂടുതൽ ജോലി ചെയ്യുന്നത് എന്നതാണ്. ആരും മോശക്കാരല്ല. അവരെല്ലാവരും ലോകത്തിലെ നൂതനമായ വസ്ത്രങ്ങളും ഫാഷനും പിന്തുടരുന്നവരാണ്. കൗതുകം എന്നതിനേക്കാൾ ഉപരി അവരിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന ഊർജ്ജമാണ് അയാളെ അവരെയെല്ലാം ഇടയ്ക്കിടെ നിരീക്ഷിക്കുവാൻ പ്രേരിപ്പിച്ചത്.
അയാൾ വളരെ നേരത്തെ ഓഫീസിൽ എത്തുന്ന ആളാണ്. അപ്പുറത്തും അതേപോലെ നേരത്തെ എത്തുന്ന അമ്പതിനടുത്ത് പ്രായം തോന്നുന്ന ഒരു സ്ത്രീയുണ്ട്. അവരെക്കണ്ടാൽ അറിയാം, അവർ ആ സ്ഥാപനത്തിൽ വളരെ വലിയ പദവി അലങ്കരിക്കുന്നു എന്ന്. ഏതു നാട്ടുകാരിയാണ് എന്നറിയില്ല, എന്തായാലും പടിഞ്ഞാറൻ രാജ്യത്തുനിന്നാകാം, അല്ലെങ്കിൽ മധ്യേഷ്യയിൽ നിന്ന്. തന്റെ പരിചയക്കുറവിനാൽ മനുഷ്യരെ അവരുടെ മുഖംകൊണ്ട് രാജ്യം തിരിച്ചറിയാൻ കഴിയാത്തതിൽ അയാൾക്ക് നിരാശ തോന്നി. അയാളുടെ കഴിഞ്ഞവർഷം വരെയുണ്ടായ ബോസ്സ് ഒരു ലണ്ടൻകാരിയായിരുന്നു. ഇവരും ഒരുപക്ഷെ ലണ്ടൻകാരിയാകാം. അവരുടെ സർവാധികാരത്തിന്റെ ഭാവം മുഖത്ത് പതിപ്പിച്ചു വെച്ചിരിക്കും. അവർ ഓരോ അര മണിക്കൂറിലും സിഗരറ്റ് വലിക്കാൻ പുറത്തിറങ്ങും. രണ്ടു സിഗരറ്റ് അതിവേഗം വലിച്ചുവിട്ടു അവർ അകത്തേക്ക് കയറിപ്പോകും. തീർച്ചയായും അവർ ധാരാളം യോഗങ്ങളിൽ പങ്കെടുക്കുന്നു. ഓരോ യോഗം കഴിയുമ്പോഴും അതിന്റെ മാനസിക പിരിമുറുക്കം വലിച്ചുതള്ളാനാണ് അവർ പുറത്തിറങ്ങുന്നത്.
തന്റെ ഓഫീസിൽ നിന്നും ഇതുപോലെ ധാരാളം പേർ യോഗങ്ങൾ കഴിഞ്ഞു പുറത്തിറങ്ങി വലിച്ചു തള്ളുന്നത് അയാൾ ശ്രദ്ധിക്കാറുണ്ട്. കൂടുതൽ കൂടുതൽ വലിയ അധികാരങ്ങളിലേക്കും ഉത്തരവാദിത്വപ്പെട്ട ജോലിയിലേക്കും കയറിപ്പോകുമ്പോൾ മനുഷ്യർ കൂടുതൽ കൂടുതൽ സിഗരറ്റുകൾ പുകച്ചുതള്ളുകയാണ്. പുകവലിക്കാത്ത അയാൾ ഒരു ചായയുമായി ഇടയ്‌ക്ക് പുറത്തിറങ്ങും. അങ്ങനെ ചായയുമായി പുറത്തെ കൈവരിയിൽ ചാരിനിന്ന് ഹൈവേയിലെ തിരക്ക് നോക്കി നിൽക്കുമ്പോൾ ആണ് അവർ പുറത്തു വന്നത്. അയാളെ ശ്രദ്ധിക്കാതെ ഒരു സിഗരറ്റ് കൊളുത്തി ആഞ്ഞു വലിച്ചു അവർ ആരോടെന്നില്ലാതെ പറഞ്ഞു, അസംബന്ധം, ഞാൻ കുറച്ചുകൂടി നന്നായി തയാറെടുക്കണമായിരുന്നു. ജീവിതത്തിൽ ഇതൊക്കെ സാധാരണമല്ലേ മാം. ചിലപ്പോൾ നാം വിജയിക്കും, ചിലപ്പോൾ അടുത്ത തവണ വിജയിക്കാനുള്ള പാഠങ്ങൾ നാം ചില സംഭാഷണങ്ങളിൽ നിന്ന് പഠിച്ചെടുക്കും. ഞാൻ തോൽക്കുന്നില്ല, തോറ്റിട്ടില്ല, ഇനിയും എന്നെ ഞാൻ നന്നാക്കാൻ ഉണ്ട് എന്ന തോന്നൽ മാത്രം മതിയാകും നമുക്ക് മുന്നോട്ട് നടക്കുവാൻ.
അവർ അയാളെ നോക്കി. ആ നോട്ടത്തിന് - നീ ആരാടാ എന്നെ പഠിപ്പിക്കാൻ എന്ന ചോദ്യം ഒളിച്ചിരുന്നു എന്നയാൾക്ക് തോന്നി. അത് മനസ്സിലായപോലെ അയാൾ ചിരിച്ചു. സിഗരറ്റ് - അവർ സിഗരറ്റ് കൂട് അയാൾക്ക് നേരെ നീട്ടി. ഞാൻ വലിക്കാറില്ല. അയാൾ പറഞ്ഞു. അപ്പോൾ നീ ജോലിയിലെ വലിയ വെല്ലുവിളികൾ നേരിടാറില്ല എന്ന് ചുരുക്കം. അയാൾ അതിന് മറുപടി പറഞ്ഞില്ല. ഓരോ വാക്കിലും നിറഞ്ഞുനിൽക്കുന്ന അവരുടെ അധികാരഭാവത്തിന്റെ സ്വരഭേദം അയാൾ തിരിച്ചറിഞ്ഞിരുന്നു. അതൊക്കെ പോട്ടെ, ഞാൻ ജെനിൻ ബോണ്ട്, അവർ വലതുകൈ അയാൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു. അയാൾ വലതുകൈ നീട്ടി അവരെ ഹസ്തദാനം ചെയ്തു പേര് പറഞ്ഞു. നീ ഇന്ത്യക്കാരനാണ് അല്ലെ? അതെ. വീണ്ടും കാണാം, എനിക്ക് അടുത്ത യോഗത്തിന് സമയമായി.
തീർച്ചയായും ഇവർ ജെയിംസ് ബോണ്ടിന്റെ ആരോ ആണ്. അല്ലെങ്കിൽ ആ കുടുംബക്കാരി. വെറുതെയല്ല വലിയ പദവിയിൽ ഇരിക്കുന്നത്. വിദേശരാജ്യങ്ങളിൽ ജോലിയെടുക്കുമ്പോൾ ചില പേരുകൾ കേട്ടാൽ അറിയാം, ഇവർ മറ്റുള്ളവരെ ഭരിക്കുവാൻ, അല്ലെങ്കിൽ വലിയ കമ്പനികളിൽ ഏറ്റവും മുതിർന്ന പദവികൾ അലങ്കരിക്കാൻ മാത്രം ജനിച്ചവരാണെന്ന്. എന്ന് കരുതി അവർ മോശക്കാരൊന്നുമല്ല. അവരെ അങ്ങനെയുള്ള പദവികൾ അലങ്കരിക്കാൻ പ്രാപ്തരാക്കി അങ്ങനെ വളർത്തിക്കൊണ്ടു വരുന്നതാണ്. വലിയ സ്കൂളുകളിലെ പഠനം, ജീവിതത്തിൽ വെല്ലുവിളികളെ നേരിടാനുള്ള മറ്റു പരിശീലനങ്ങൾ, തീർച്ചയായും ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ഒരു ഡോക്ടറേറ്റോ, അല്ലെങ്കിൽ പ്രശസ്തമായ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ഒരു ഡോക്ടറേറ്റ് അങ്ങനെ പലതും അവർ അലങ്കരിക്കുന്നുണ്ടാകും. അവർക്ക് ജോലികിട്ടാൻ സി.വി യുടെ ആവശ്യമൊന്നുമില്ല. സാധാരണ കമ്പനിക്കാർ അവരെ അന്വേഷിച്ചു അങ്ങോട്ട് ചെല്ലുകയാണ് പതിവ്. അവരുടെ ഹസ്തദാനത്തിൽ പോലും അവരുടെ ദൃഢവിശ്വാസവും യോഗ്യതയും നാം തിരിച്ചറിയും. ഇത്തരം മനുഷ്യരെ പരിചയപ്പെടാൻ കഴിയുന്നത് വലിയ ഭാഗ്യമായി അയാൾ കരുതാറുണ്ട്. പിന്നെയും പലപ്പോഴായി അവരെ കണ്ടു. വളരെ കുറച്ചു സമയം മാത്രം നീണ്ടു നിൽക്കുന്ന സംഭാഷങ്ങളിൽ നിന്ന് അയാൾ അവരിൽ നിന്ന് പലതും പഠിച്ചുകൊണ്ടിരുന്നു.
അന്നൊരു വ്യാഴാഴ്ച ആയിരുന്നു. നിങ്ങൾ വെള്ളിയാഴ്ചകളിൽ ഓഫീസിൽ വരാറുണ്ട് അല്ലെ? അവർ അയാളോട് ചോദിച്ചു. ഉണ്ട്, അയാൾ പറഞ്ഞു. അവധി ദിവസങ്ങളിൽ വിശ്രമിച്ചുകൂടെ? സത്യത്തിൽ വിശ്രമിക്കാൻ എനിക്ക് അറിയില്ല, എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം. അയാൾ പറഞ്ഞു. എന്നെപ്പോലെ, അത് പറഞ്ഞു അവർ പൊട്ടിച്ചിരിച്ചു. നാളെ ജോലിയിൽ തിരക്കുണ്ടാകുമോ? അവധി ദിവസങ്ങളിലെ തിരക്ക് നാം സൃഷ്ടിച്ചെടുക്കുന്നതല്ലേ? ചിലപ്പോൾ ഞാൻ എന്റെതായ കാര്യങ്ങൾ ചെയ്തുതീർക്കാനാണ് വരുന്നത്. മുറിയിൽ ഇരുന്നാൽ നടക്കില്ല. പിന്നെ സമയം പാഴാക്കുന്നത് എനിക്കിഷ്ടമല്ല. ശരിയാണ്, സമയം പാഴാക്കുന്നത് എനിക്കും ഇഷ്ടമല്ല. എങ്കിലും നാളെ നിന്നിൽ നിന്നും കുറച്ചു സമയം ഞാൻ കടമെടുക്കാൻ ആഗ്രഹിക്കുന്നു. നിനക്ക് വിരോധമില്ലെന്ന് കരുതട്ടെ. ഹേയ് മാഡത്തിനായ് സമയം ചിലവഴിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. ജെനിൻ അതാണെന്റെ പേര്, അത് വിളിച്ചാൽ മതി. മാഡം എന്നെന്നെ വീണ്ടും വിളിക്കരുത്. ഞാൻ നാളെ ഒമ്പത് മണിക്ക് വരും. നിന്റെ നമ്പർ തരൂ. ഞാൻ പാർക്കിങ്ങിൽ വരുമ്പോൾ വിളിക്കാം, നീ അപ്പോൾ വന്നാൽ മതി, നമുക്കൊരിടംവരെ പോകാം. എനിക്കൊരു കൂട്ട് വേണം. അയാൾ സമ്മതിച്ചു.
അവരുടെ ഉയർന്ന ശ്രേണിയിലുള്ള കാറിനുള്ളിലെ പരിമളംതന്നെ വ്യത്യസ്തമായിരുന്നു. അതിലൊഴുകുന്ന സംഗീതം മറ്റേതോ ലോകത്തുനിന്ന് കടമെടുത്തതുപോലെ തോന്നി. കൊട്ടാരംപോലുള്ള ആ വീട്ടിലേക്ക് കടന്നപ്പോൾ അയാൾ അത്ഭുതപ്പെട്ടു. ഇന്ന് ജോലിക്കാർ എല്ലാം ഒഴിവാണ്. ഞാനും നീയും മാത്രം. അവർ പറഞ്ഞു. സോഫയിൽ അയാൾക്കെതിരെ വിസ്തരിച്ചിരുന്നു അവർ പറഞ്ഞു. ഓഫീസിൽ ഞാൻ എപ്പോഴും നിന്നെക്കാണാറുണ്ട്, നീ അവിടെയിരുന്നു ചെയ്യുന്നതൊക്കെ എനിക്ക് കാണാം. എന്റെ ഓഫീസ് നീ ഇരിക്കുന്നതിന് നേരെ എതിരെയാണ്. എന്നാൽ നിനക്ക് എന്നെ കാണാനാവില്ല. എനിക്ക് അതിലൂടെ ലോകം കാണാം. അതെന്റെ ജോലിയുടെ സുരക്ഷക്കായി ഒരുക്കിയിരിക്കുന്ന ചെറിയൊരു സംവിധാനം മാത്രം. പറഞ്ഞു വരുന്നത്, നീ എനിക്ക് അപരിചിതനല്ല എന്ന് മാത്രമാണ്. എന്റെ സമ്മർദ്ദ നിമിഷങ്ങളിൽ ഞാൻ നിന്നെ നോക്കാറുണ്ട്. നിന്റെ ശ്രദ്ധമുഴുവൻ നിന്റെ മുന്നിലെ സ്‌ക്രീനിൽ ആയിരിക്കും. ലോകത്തിന്റെ ഏതോകോണിൽ നിന്ന് എന്തോ കുഴിച്ചെടുക്കുന്നത് പോലെ. ചിലപ്പോൾ എന്തോ നിധി കിട്ടിയപോലെ നീ പുഞ്ചിരിക്കുന്നത് കാണാം. അപ്പോൾ ഞാൻ എന്നെ മറന്നുപോകും, എന്റെ സമ്മർദ്ദങ്ങളെ അതിജീവിക്കും. നീയറിയാതെ നിന്റെ പെരുമാറ്റരീതികൾ എന്നെ സഹായിക്കാറുണ്ട്.
ജീവിതത്തിൽ സമ്മർദ്ദങ്ങൾ ക്ലേശങ്ങൾ എല്ലാവർക്കുമുണ്ട് ജെനിൻ, ഓരോ നിമിഷവും അതിനെ മറികടക്കാനാണ് ഇല്ലാത്ത പുഞ്ചിരികൾ ഞാൻ സൃഷ്ടിക്കുന്നത്, അല്ലെങ്കിൽ ജീവിതത്തിൽ പുഞ്ചിരിക്കാനെ ഞാൻ മറന്നുപോകും എന്ന് എനിക്കുറപ്പായിരുന്നു. അതിന് മറുമരുന്നായാണ് സ്ക്രീനിന് തൊട്ടടുത്ത് വെച്ചിരിക്കുന്ന ചെറിയ കണ്ണാടിയിൽ നോക്കി ഞാൻ എന്നോടുതന്നെ പുഞ്ചിരിക്കുന്നത്. ഓ ഞാൻ നിന്നെ വേദനിപ്പിച്ചോ. ജെനിൻ പെട്ടെന്ന് എഴുന്നേറ്റ് അയാൾക്ക് തൊട്ടരികിൽ വന്നിരുന്നു. അയാളുടെ കൈകൾ അവരുടെ കൈത്തലങ്ങളിൽ ചേർത്ത് പിടിച്ചു അവർ പറഞ്ഞു, നമ്മൾ രണ്ടുപേരും നമ്മെത്തന്നെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്, അതിനാലാകാം ഞാൻ നിന്നെ കണ്ടെത്തിയത്. വരൂ, എനിക്ക് ഇന്ന് ഒരു വിശേഷപ്പെട്ട ദിവസമാണ്, അതിന് കൂട്ടായി എന്നെ അറിയുന്ന ഒരാൾ അടുത്തു വേണമെന്ന് തോന്നി. അവർ മേശപ്പുറത്തു അടച്ചുവെച്ചിരുന്ന ഒരു അലങ്കാര നിർമ്മിതമായ മൂടി തുറന്നു. ഒരു ചെറിയ കേക്ക് - അതിൽ എഴുതിയിരുന്ന വാക്കുകൾ അയാൾ വായിച്ചു. ഹാപ്പി ബർത്ത് ഡേ ജെനിൻ. എന്തുകൊണ്ടോ അയാൾ അവരെ പെട്ടെന്ന് ആശ്ലേഷിച്ചു പറഞ്ഞു - ഹാപ്പി ബർത്ത് ഡേ ജെനിൻ.
അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. മറ്റൊരാളിൽ നിന്ന് ആ വാക്കുകൾ കേട്ടപ്പോൾ എന്റെ ലോകത്ത് ഞാൻ മാത്രമല്ലെന്ന് തിരിച്ചറിയുന്നു. ജെനിൻ പറഞ്ഞു. കേക്ക് മുറിച്ചു അവർ പരസ്പരം പങ്ക് വെച്ചു. പഞ്ചസാരയുടെ അസുഖമുണ്ട്, അതാണ് ചെറിയ കേക്ക് വാങ്ങിയത്. ആർക്കാണ് അതില്ലാത്തത്, ജീവിതം തന്നെ പഞ്ചസാര നിറഞ്ഞിരിക്കുകയല്ലേ. അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു. ഭക്ഷണം കഴിച്ചു കാറിൽ കയറിയപ്പോൾ ജെനിൻ പറഞ്ഞു. ഈ സൗഹൃദത്തിന് നന്ദി. എന്റെ ഏകാന്തതയുടെ ലോകത്ത് അൽപം വെളിച്ചം പകർന്നതിന് ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു. ജീവിതത്തിലെ ഈ നിമിഷങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല. കാർ പാർക്കിങ്ങിൽ ഇറങ്ങിനടക്കുമ്പോൾ അയാൾ പറഞ്ഞു. ജീവിതത്തിന്റെ ഭ്രമണപഥങ്ങളിൽ എല്ലാവരും ഒറ്റക്കാണ്.