ഇഷ്ടം തുറന്നു പറഞ്ഞ് കാത്തിരുന്നു; 'ദിവസങ്ങൾ കഴിഞ്ഞിട്ടും അവൾ വന്നില്ല, തകർന്ന മനസ്സുമായി അവൻ വീടിനുള്ളിൽ ഒതുങ്ങിക്കൂടി'

Mail This Article
"ഹേയ് ഉടായിപ്പ് ഒന്നുമല്ല തനിക്ക് എന്നെ അറിയില്ലേ ഞാൻ തന്നെ കുഴപ്പത്തിലാക്കുന്ന എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നുണ്ടോ?" "ഉം മതി.. മതി... ഇയാൾ കാര്യം പറയ്." "അമ്മ വിളിച്ചിരുന്നു എന്റെ അഡ്മിഷന്റെ കാര്യമെല്ലാം ശരിയാക്കി എന്നോട് എത്രയും പെട്ടെന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു." ഋഷി ഇതു പറഞ്ഞതും ആതിരയുടെ മുഖം വാടി. "തനിക്കെന്താ ഒരു വിഷമം." ആതിരയുടെ ഭാവമാറ്റം കണ്ട് അവൻ ചോദിച്ചു. "എനിക്കെന്തു വിഷമം ഇയാൾ കാര്യം പറയൂ. ഇതിൽ ഞാൻ എന്ത് ഹെൽപ്പ് ചെയ്യാനാ." "എനിക്കിവിടം വിട്ടുപോവാൻ തീരെ താല്‍പര്യമില്ല. ഈ നാടും നാട്ടുകാരും എല്ലാം എനിക്ക് ഇപ്പൊ പ്രിയപ്പെട്ടതാണ്." പിന്നീട് പതുക്കെ ഋഷി പറഞ്ഞു പിന്നെ നീയും... "എന്ത്... എന്താ പറഞ്ഞത്" ആതിര ചോദിച്ചു. "ഏയ് ഒന്നുമില്ല" ഋഷി ഒന്നു പരുങ്ങി. ആതിരയെ കണ്ടപ്പോൾ തന്നെ അവന്റെ മനസ്സിൽ അവൾ പതിഞ്ഞിരുന്നു. തന്റെ മനസ്സിലെ പ്രണയം ആതിരയോട് തുറന്നു പറയാൻ പലതവണ ശ്രമിച്ചെങ്കിലും അവന് അതിന് ധൈര്യം വന്നില്ല. "ഇതൊക്കെ താൻ എന്തിനാ എന്നോട് പറയുന്നത് എനിക്ക് ഈ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ. ഇയാൾക്ക് അമ്മയോട് വിളിച്ചു പറഞ്ഞൂടെ എനിക്ക് വരാൻ താൽപര്യമില്ല ഇവിടെ നിന്ന് പഠിച്ചോളാം എന്ന്." "ഹേയ് അതൊന്നും പറ്റില്ലടൊ. ഞാൻ പറഞ്ഞാൽ അമ്മ കേൾക്കില്ല. അങ്കിൾ പറഞ്ഞാൽ അമ്മ സമ്മതിക്കും അതിന് നീ എന്നെ സഹായിക്കണം." ആതിര ഒന്നും മനസ്സിലാകാത്ത രീതിയിൽ ഋഷിയെ നോക്കി. അവൻ തുടർന്നു. "നിന്നെ അങ്കിളിന് വലിയ കാര്യമാണ്. നിനക്ക് നല്ല വിവേകവും പക്വതയും ആണെന്ന് അങ്കിൾ എപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്. അതുകൊണ്ട് നിന്റെ വാക്ക് അങ്കിള് തള്ളിക്കളയില്ല. നീ പറഞ്ഞാൽ അങ്കിൾ അതിനെ കുറിച്ച് ആലോചിക്കും."
"നല്ല കഥയായി ഇയാളുടെ കാര്യം ഞാൻ അങ്കിളിനോട് സംസാരിക്കാനോ. തനിക്കെന്താ ഭ്രാന്താണോ.. നിങ്ങളുടെ പേഴ്സണൽ കാര്യങ്ങളിൽ ഒക്കെ. പ്രത്യേകിച്ച് നിങ്ങളുടെ കരിയറിനെ കുറിച്ചൊക്കെ സംസാരിക്കാൻ ഞാൻ ആരാ.. വെറും ഒരു വീട്ടുവേലക്കാരി. കോളജിൽ പോലും പോകാത്ത ഞാനാണോ ഇയാളുടെ പഠനത്തെക്കുറിച്ച് ഒക്കെ അഭിപ്രായം പറയുന്നത്.." "താൻ അങ്ങനെ ഒഴിഞ്ഞുമാറല്ലേ താനൊന്ന് സൂചിപ്പിച്ചാൽ മതി. ഋഷിക്ക് ഇവിടെ നിൽക്കാനാണ് ഇഷ്ടം ഇവിടുന്നു പോകാൻ താൽപര്യം ഇല്ല എന്ന് ബാക്കി ഞാൻ നോക്കിക്കോളാം." "ഇത് ഇയാൾക്ക് തന്നെ പറഞ്ഞാൽ മതിയല്ലോ എന്റെ ആവശ്യം എന്താ.." "ഞാൻ പറഞ്ഞാൽ അങ്കിൾ സീരിയസ് ആയി എടുക്കില്ല. എന്റെ എടുത്തുചാട്ടമാണ് എന്നെ പറയൂ." "എനിക്കും അത് തന്നെയാണ് പറയാനുള്ളത് ഇയാൾ എടുത്തുചാടി ഇങ്ങനെയൊക്കെ തീരുമാനിക്കുന്നത് എന്തിനാ. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം പോലെ പഠിച്ചു നല്ല ജോലി ഉണ്ടാക്കാൻ നോക്ക്." "അതിനെന്താ ഇവിടെയും നല്ല കോളജ് ഒക്കെ ഉണ്ടല്ലോ. അവിടെ പഠിക്കാലോ" ഋഷി പറഞ്ഞു. അതിന് മറുപടിയൊന്നും പറയാതെ ആതിര അകത്തേക്ക് പോയി ചെറിയ ഒരു പ്രതീക്ഷയോടെ ഋഷിയും അവളുടെ പിറകെ നടന്നു. അവൾ അവളുടെ ജോലികളിൽ ഏർപ്പെട്ടു. ഋഷി അവളുടെ ജോലികൾ തീരുന്നത് നോക്കി പ്രതീക്ഷയോടെ കാത്തിരുന്നു. ഇടക്കിടക്ക് ആതിര ഋഷിയെ ഇടംകണ്ണിട്ട് നോക്കി ചിരിച്ചു. അവളുടെ ജോലികൾ തീർന്ന ശേഷം ഋഷി അവളുടെ അടുത്തേക്ക് വന്നു. ആതിര രോഗികൾ എല്ലാം പോയി അങ്കിൾ ഇപ്പോൾ ഫ്രീയാണ്. താൻ ചെന്ന് സംസാരിക്ക്.." "അത് വേണോ ഋഷി ഒന്നാമതായി എനിക്ക് ഇതിൽ വലിയ റോൾ ഒന്നുമില്ല.. മാത്രമല്ല തന്റെ അമ്മായി എങ്ങാനും ഇത് അറിഞ്ഞാൽ ഇവിടെ യുദ്ധം ആയിരിക്കും.. താൻ എന്റെ അന്നം മുട്ടിക്കരുത്."
"അതൊന്നും ആലോചിച്ച് താൻ പേടിക്കണ്ട താൻ അങ്കിളിനോട് സംസാരിക്കുന്നത് അമ്മായി അറിയാതെ ഞാൻ നോക്കിക്കോളാം." അവർ രണ്ടുപേരും അങ്കിളിന്റെ റൂമിന് അടുത്തെത്തി. "താൻ ചെല്ല് ഞാൻ ഇവിടെ നിൽക്കാം അമ്മായി വരുന്നുണ്ടെങ്കിൽ സിഗ്നൽ തരാം." അവൾ അങ്കിളിന്റെ മുറിയിലേക്ക് കടന്നു. ഋഷി അമ്മായി വരുന്നത് നോക്കി അങ്കിൾ കാണാതെ മുറിയുടെ പുറത്ത് മറഞ്ഞ് നിന്നു. അവൾ കയറി ചെല്ലുമ്പോൾ കരുണാകരൻ ഡോക്ടർ എന്തോ കാര്യമായി ബുക്കിൽ നോക്കുകയായിരുന്നു. "ഡോക്ടർ അങ്കിൾ." അവൾ പതിയെ വിളിച്ചു. "ആഹ് എന്താ മോളേ." അവൾ ഒന്നും പറയാതെ നിന്നു. "എന്താ കുട്ടി എന്തെങ്കിലും പറയാനുണ്ടോ ക്യാഷ് വല്ലതും വേണോ.." അവളുടെ പരുങ്ങിയുള്ള നിൽപ്പ് കണ്ട് കരുണാകരൻ ഡോക്ടർ ചോദിച്ചു. "അയ്യോ കാശൊന്നും വേണ്ട." "പിന്നെന്താ.." "എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു." "ആഹ് പറഞ്ഞോളൂ.." "അത് പിന്നെ ഋഷി.." അവൾ നിർത്തി. "ആ ഋഷി.. അവൻ എന്താ ചെയ്തേ.." "ഹേയ് ഒന്നും ചെയ്തില്ല.." "പിന്നെ.." "അവൻ എന്നോട് ഒരു സഹായം ചോദിച്ചു." "അത് കൊള്ളാം എന്ത് സഹായം." "ഋഷിക്ക് ഇവിടം വിട്ടുപോകാൻ താൽപര്യമില്ല എന്ന്. പുറം രാജ്യത്ത് പോയി പഠിക്കാതെ ഇവിടെ ഏതെങ്കിലും നല്ല കോളജിൽ ചേർന്ന് പഠിക്കാനാണ് താൽപര്യം. ഇതൊന്ന് അങ്കിളിനോട് സൂചിപ്പിക്കുമോ എന്ന് ചോദിച്ചു."
"ഓ.. ഇതായിരുന്നോ.. ഞാൻ നിന്റെ പരിഭ്രമം കണ്ടപ്പോൾ വേറെ വല്ലതും ആണോ എന്ന് വിചാരിച്ചു..." "വേറെ എന്ത് അവൾ ചോദിച്ചു." "അല്ല കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നുണ്ട് നിങ്ങൾ നല്ല കൂട്ടാണല്ലോ. എപ്പോഴും ഒരുമിച്ച് കാണാം.. അപ്പോ ഇനി വല്ല.." അദ്ദേഹം ചിരിച്ച്കൊണ്ട് നിർത്തി. "അയ്യോ അങ്കിൾ അങ്ങനെ ഒന്നുമില്ല. ഋഷിക്ക് ഇവിടെ സംസാരിക്കാനും കൂട്ടുകൂടാനും ഒന്നും ആരുമില്ല എന്ന് പറഞ്ഞപ്പോൾ. പിന്നെ ഈ നാടൊക്കെ കാണാൻ ഒന്ന് സഹായിച്ചു എന്നൊള്ളു." "അല്ല ഇവരിത് എന്തൊക്കെയാ പറയുന്നത്. ഇനി അങ്കിളിന് വല്ല സംശയവും തോന്നിക്കാണുമോ. ഇത്രയും പ്രായമായ അങ്കിളിന് എന്റെ മനസ്സ് മനസ്സിലായി എന്നിട്ടും ആതിരക്ക് മനസ്സിലായില്ലല്ലോ ഈശ്വരാ.." അവരുടെ സംസാരം കേട്ട് നിന്ന ഋഷി ദൈവത്തോട് പരാതി പറഞ്ഞു. "ഞാൻ ചുമ്മാ പറഞ്ഞതാ മോളെ. നീ അതിന് ഇങ്ങനെ പേടിക്കുന്നത് എന്തിനാ. പിന്നെ നീ പറഞ്ഞ കാര്യം ഞാൻ അവനുമായി സംസാരിച്ചോളാം. എന്തായാലും ശുപാർശ കൊണ്ട് നീ വന്നതല്ലേ." അദ്ദേഹം ചിരിച്ചുകൊണ്ട് ആതിരയുടെ തോളിൽ തട്ടികൊണ്ട് പറഞ്ഞു. "എന്നാൽ ഞാൻ പോട്ടെ നേരം വൈകി." "ആഹ് മോള് പൊയ്ക്കോളൂ." അവൾ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി ഋഷിയെ മൈന്റ് ചെയ്യാതെ വേഗത്തിൽ ഗേറ്റ് ലക്ഷ്യമാക്കി നടന്നു.
"ആതിരാ..." ഋഷി നീട്ടി വിളിച്ചു. "താൻ എങ്ങോട്ടാ ഈ ഓടുന്നത് അങ്കിൾ എന്തു പറഞ്ഞു.." "എല്ലാം മുറിക്ക് പുറത്തുനിന്ന് കേട്ടതല്ലേ പിന്നെന്തിനാ ചോദിക്കുന്നത്.. ഇയാളുടെ ഒരു സഹായം." ആതിര ദേഷ്യത്തിൽ പറഞ്ഞു നിർത്തി. "എന്താടോ.." "വേണ്ട എന്നോട് ഇനി ഒരു സംസാരത്തിനും വരണ്ട. എന്നെ എന്റെ വഴിക്ക് വിട്ടേക്ക്. ഡോക്ടർ അങ്കിൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വല്ലാണ്ടായി." "താൻ എന്തു സില്ലി ആടോ അങ്കിൾ തന്നെ കളിപ്പിച്ചതല്ലേ. അല്ലെങ്കിൽ താൻ എന്നെ തട്ടിയെടുക്കോ എന്ന് തോന്നിക്കാണും അങ്കിളിന്" ഋഷി ചിരിച്ച് കൊണ്ട് പറഞ്ഞു. "ഋഷി ഇത് തമാശയല്ല. ഡോക്ടർ അങ്കിൾ നമ്മുടെ ബന്ധം തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു." "തെറ്റിദ്ധരിച്ചു എന്നോ? അങ്കിൾ നന്നായി തന്നെ ധരിച്ചു വച്ചിട്ടുണ്ട്. താനാണ് തെറ്റിദ്ധരിച്ചിരിക്കുന്നത്." എന്ത് ആതിര ഋഷിയുടെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു. "ആതിരാ ഞാൻ നിന്നെ സ്നേഹിക്കുന്നു. മറ്റെന്തിനേക്കാളും ഞാൻ നിന്റെ സാമിപ്യം ആഗ്രഹിക്കുന്നു." ഋഷി എങ്ങനെയോ പറഞ്ഞൊപ്പിച്ചു.. കുറച്ചു നേരം ഇരുവരും ഒന്നും മിണ്ടിയില്ല.. ആതിരയുടെ കൈ ഋഷിയുടെ കൈകളിൽ ആയിരുന്നു. ചുറ്റും ശൂന്യമാണെന്ന് അവർക്ക് തോന്നി.. പെട്ടന്ന് ബോധത്തിലേക്ക് വന്ന ആതിര അവളുടെ കൈ വലിച്ചു. "ഋഷി.. താനെന്താ പറയുന്നത് എന്നെ കുറിച്ച് എന്തറിഞ്ഞട്ടാ..." "ഈ ദിവസങ്ങൾ കൊണ്ട് ഞാൻ നിന്നെ ഒരുപാട് മനസ്സിലാക്കിയിട്ടുണ്ട്.. എനിക്കത് മതി മറ്റൊന്നും അറിയണ്ട." "അത് മാത്രം പോരാ ഋഷി. ഇയാളുടെ കൂടെ നടക്കുന്ന ആതിരയെ മാത്രം അറിഞ്ഞാൽ പോരാ.. ഇതുകൊണ്ടാണോ ഋഷി മെഡിസിൻ ചേരുന്നില്ല എന്ന് പറഞ്ഞത്." ഋഷി ഒന്നും പറഞ്ഞില്ല. "ഇനി എന്നെ കാണാനും സംസാരിക്കാനും വരരുത്." അവളുടെ വാക്കുകൾ കേട്ട് ഋഷി വിഷമിച്ചു നിന്നു.
അവൾ പോവാന്നേരം ഋഷി അവളെ തടഞ്ഞു കൊണ്ട് ചോദിച്ചു. "ഞാൻ ഒരു കാര്യം ചോദിക്കട്ടെ.." "എന്താ.." "നമ്മൾ ഒരുമിച്ചായ ഇത്രയും ദിവസങ്ങളിൽ താൻ എപ്പോഴെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ?" അവൾ ഒന്നും മിണ്ടാതെ നടന്നു. "മറുപടി തന്നിട്ട് പോ ആതിരാ." ഋഷി അലറി അവൾ കൂടുതൽ വേഗത്തിൽ നടന്നു. ഋഷിയിൽ നിന്ന് നടന്നകന്നപ്പോഴും ആതിരയുടെ മനസ്സ് അസ്വസ്ഥമായിരുന്നു അവൾക്ക് മനസ്സ് ഋഷിയിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയുന്നില്ലായിരുന്നു. അവൾ അവളുടെ ജീവിതത്തെ പഴിച്ചു. തനിക്ക് ഈ ഒരവസ്ഥ ഇല്ലായിരുന്നെങ്കിൽ തന്റെ അച്ഛൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്റെ ജീവിതം ഒരിക്കലും ഇങ്ങനെ ആവുമായിരുന്നില്ല.. ഒരു വേലക്കാരിയായി എനിക്ക് ഋഷിയുടെ മുൻപിൽ നിൽക്കേണ്ടി വരില്ലായിരുന്നു. ഋഷി എന്നേക്കാൾ ഒരുപാട് ഉയരത്തിലാണ്. എനിക്ക് ഒരിക്കലും അവന്റെ ഒപ്പം എത്താൻ കഴിയില്ല. അതുകൊണ്ടുതന്നെ അവന്റെ പ്രണയത്തെ എനിക്ക് നിരസിക്കാൻ മാത്രമേ കഴിയൂ. അവൾ സ്വന്തം മനസ്സിനെ പാകപ്പെടുത്തി. ഋഷിയുടെ മുഖം അവളുടെ മനസ്സിൽ നിന്നും പെട്ടെന്ന് മാറി ആ സ്ഥാനത്തേക്ക് അവളെ ആശ്രയിച്ച് കഴിയുന്ന അമ്മയുടെയും അനിയത്തിയുടെയും മുത്തശ്ശിയുടെയും പിന്നെ കരുണാകരൻ ഡോക്ടറുടെയും മുഖം വന്നു. അവൾ കണ്ണുകൾ തുടച്ചു. ഇല്ല ഇനി ഋഷിയെ കാണാനോ സംസാരിക്കാനോ പാടില്ല. അവൾ ഉറപ്പിച്ചു മുന്നോട്ട് നടന്നു. തിരിഞ്ഞ് ഋഷിയെ നോക്കാൻ അവളുടെ മനസ്സ് ഒരുപാട് പ്രേരിപ്പിച്ചു എങ്കിലും അവൾ മനസ്സിനെ ശരീരത്തോട് ബന്ധിപ്പിച്ച് നടന്നു.
അവൾ നടന്നകലുന്നതും നോക്കി ഋഷി വിഷമിച്ചു നിന്നു. ആദ്യമായി ഒരു പെൺകുട്ടിയോട് തോന്നിയ ഇഷ്ടം കുറച്ചു മടിച്ചിട്ടാണെങ്കിലും അവളോട് തുറന്നു പറഞ്ഞു എന്നാൽ അവന്റെ പ്രതീക്ഷയുടെ തീ അണച്ച് കൊണ്ട് അവൾ അവനിൽ നിന്നും അകന്ന് പോയി. ആതിരയുടെ പ്രതികരണം ഋഷിക്ക് ഉൾക്കൊള്ളാൻ ആയില്ല അവൻ ആകെ തകർന്നു. ഇതെല്ലാം കണ്ട് കരുണാകരൻ ഡോക്ടർ ജനൽ കമ്പി പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം പുറത്ത് വന്നു ഋഷിയെ വിളിച്ചു "മോനെ.." ഋഷി പെട്ടന്ന് കണ്ണ് തുടച്ചു അങ്കിളിന്റെ അടുത്തേക്ക് പോയി. അവന്റെ തകർന്ന മനസ്സ് അങ്കിൾ കാണാതിരിക്കാൻ അവൻ പ്രയാസപ്പെട്ടു. അങ്കിൾ അവനെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചു നിർത്തി. ഒരു നിമിഷം കൈവിട്ടു പോയി. അവൻ അങ്കിളിനെ കെട്ടിപ്പിടിച്ച് കരഞ്ഞു. അങ്കിൾ അവനെ സമാധാനിപ്പിച്ചു. "എനിക്ക് ആതിരയെ ഇഷ്ടമാണങ്കിൾ. എനിക്ക് അവളെ മറക്കാൻ കഴിയില്ല. അവൾ എന്റെ സ്നേഹം മനസ്സിലാക്കുന്നില്ല." തകർന്ന മനസ്സുമായി അവൻ പറഞ്ഞു. "ഇതൊക്കെ എല്ലാവരുടെ ലൈഫിലും നടക്കുന്നതല്ലേ മോനെ... ഈ അങ്കിൾ തന്നെ എത്ര പെൺപിള്ളേരോട് ഇഷ്ടമാണെന്ന് പറഞ്ഞു ചമ്മി പോയിട്ടുണ്ടെന്ന് അറിയോ.." ഇതു പറഞ്ഞ് അദ്ദേഹം ചിരിച്ചു. എന്നാൽ ഋഷിയുടെ ഭാവം കണ്ടു തന്റെ തമാശയൊന്നും ഇവിടെ ഏൽക്കില്ല എന്ന് മനസ്സിലായി. അവനെ എന്തു പറഞ്ഞു സമാധാനിപ്പിക്കണമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അത്രയും തകർന്നായിരുന്നു അവൻ നിൽക്കുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലായി. അവനെ മുറ്റത്തുള്ള ബെഞ്ചിൽ ഇരുത്തി അദ്ദേഹം അടുത്തിരുന്നു. കുറച്ചുനേരം അവനോടൊന്നും സംസാരിച്ചില്ല. പിന്നീട് സാവധാനം സംസാരിച്ചു തുടങ്ങി.
"അവളെപ്പോലൊരു പെൺകുട്ടിയോട് നിനക്ക് പ്രണയം തോന്നിയതിൽ എനിക്ക് അത്ഭുതം ഒന്നുമില്ല. ഏതൊരാണിനും ഇഷ്ടപ്പെടാവുന്ന എല്ലാ ഗുണങ്ങളും അവൾക്കുണ്ട്. എന്നാൽ ആ പ്രണയം അവൾക്ക് നിന്നോട് തോന്നണമെന്നില്ല, കാരണം ആ കുട്ടിക്ക് ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്, നിനക്കറിയോ മോനെ ഒരു കുടുംബം മൊത്തം അവളുടെ തലയിലാണ്. എന്റെ കൂട്ടുകാരനായിരുന്നു അവളുടെ അച്ഛൻ ദാമോദരൻ. അതുകൊണ്ടാണ് അവളെ ഞാൻ എന്റെ മോളെ പോലെ നോക്കുന്നത്. അവളുടെ അച്ഛനുള്ളപ്പോൾ ഒരു രാജകുമാരിയായാണ് അവൾ ജീവിച്ചിരുന്നത്. അത്രയ്ക്ക് സ്നേഹമായിരുന്നു അവളോട് ആ അച്ഛന്. എന്ത് ചെയ്യാനാ അച്ഛന്റെ സ്നേഹം മതിവരോളം ആസ്വദിക്കാൻ അവൾക്ക് ഭാഗ്യമുണ്ടായില്ല. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അവൾ. അവളെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു ദാമോദരന്റെ ആഗ്രഹം. എന്നോട് എപ്പോഴും പറയുമായിരുന്നു അത്. എന്ത് ചെയ്യാനാ വിധി ഇങ്ങനെയൊക്കെ ആയി." "എങ്ങനെ അദ്ദേഹം മരിച്ചത്" കണ്ണുതുടച്ചു കൊണ്ട് ഋഷി ചോദിച്ചു. "ക്യാൻസർ ആയിരുന്നു ക്യാൻസറിന്റെ അവസാന ഘട്ടത്തിലാണ് അറിയുന്നത്. അല്ലെങ്കിലും ചില രോഗങ്ങൾ അങ്ങനെയാണ് മോനെ നമ്മുടെ ശരീരം മുഴുവൻ കാർന്ന് തിന്നാലും നമ്മൾ അറിയില്ല. ദാമോദരനും എനിക്കും അറിയാമായിരുന്നു രക്ഷപ്പെടില്ല എന്നുള്ളത്. അതുകൊണ്ടുതന്നെയാണ് അവൻ എന്റെ അടുത്ത് വന്നത്. വേദന കുറയാൻ എന്തെങ്കിലും ചെയ്തു തന്നാൽ മതി എന്നാണ് അവൻ എന്നോട് പറഞ്ഞിരുന്നത്. വേറെ ഒരു ചികിത്സയും വേണ്ട എന്ന്. എന്നാൽ ആതിര സമ്മതിച്ചിരുന്നില്ല. അവൾക്ക് ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു. എല്ലാം വിറ്റു പെറുക്കി ചികിത്സിച്ചു. അവൾ പഠനം നിർത്തി.
അച്ഛനെയും കൊണ്ട് അവൾ കാണാത്ത ഡോക്ടർമാരില്ല പോവാത്ത അമ്പലങ്ങളില്ല. അവസാനം എല്ലാ ദൈവങ്ങളും ഡോക്ടർമാരും അവളെ കൈയൊഴിഞ്ഞു. അവൾക്ക് അച്ഛനെ നഷ്ടപ്പെട്ടു. ഒപ്പം അമ്മയെയും. അദ്ദേഹത്തിന്റെ രോഗവും മരണവും അവരെയും തളർത്തി. പാവം ഇത്രയും പ്രശ്നത്തിൽ നിൽക്കുന്ന അവൾക്ക് നിന്റെ പ്രണയമൊന്നും സ്വീകരിക്കാൻ കഴിയില്ല മോനെ." ഋഷിയുടെ കണ്ണ് നിറഞ്ഞൊഴുകി. "എനിക്ക് അവളെ ഇഷ്ടമാണങ്കിൾ. വെറും നേരമ്പോക്കിന് അല്ല ഞാൻ അവളെ പ്രണയിക്കുന്നത്. അവളെ മനസ്സിലാക്കിയിട്ട് തന്നെയാണ് ഈ ദുരിതത്തിൽ നിന്നും എനിക്ക് അവളെ രക്ഷിക്കാൻ കഴിയില്ലേ അങ്കിൾ." ഋഷി ഒരു കൊച്ചുകുട്ടിയെപ്പോലെ അങ്കിളിനെ കെട്ടിപ്പിടിച്ച് കരഞ്ഞു. പിറ്റേദിവസം അവൻ ആതിര വരുന്നതും നോക്കി കാത്തിരുന്നു. പക്ഷേ അന്ന് അവൾ വന്നില്ല. അടുത്ത ദിവസവും അവൻ അവളെ കാത്തിരുന്നു. അവൻ കാത്തിരിപ്പ് തുടർന്നു. ഒരാഴ്ച ആയിട്ടും അവൾ വന്നില്ല.. പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ട് തകർന്ന മനസ്സുമായി അവൻ വീടിനുള്ളിൽ ഒതുങ്ങി. അവന്റെ അവസ്ഥ കണ്ട് സഹിക്കാനാവാതെ കരുണാകരൻ ഡോക്ടർ അവനെയും കൂട്ടി ആതിരയുടെ വീട്ടിലേക്ക് പോയി. ആതിരയുടെ വീട് എത്താറായതോടെ ഋഷിയുടെ ഹൃദയമിടിപ്പ് കൂടി. ഒരാഴ്ചക്ക് ശേഷമാണ് അവൻ ആതിരയെ കാണാൻ പോകുന്നത്. അവർ ആതിരയുടെ വീട്ടുമുറ്റത്ത് എത്തി. "ആരാ ഇത് കരുണാകരൻ അല്ലേ. എന്താ മോനെ ഈ വഴിക്ക്..." ആതിരയുടെ മുത്തശ്ശി ഉമ്മറത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ ചോദ്യം കേട്ട് എന്തു പറയണമെന്ന് അറിയാതെ ഋഷി നിന്നു. "ഒന്നുമില്ല അമ്മേ ഇതുവരെ വരേണ്ട കാര്യമുണ്ടായിരുന്നു. അപ്പൊ ഇവിടെ കേറീട്ട് പോകാം എന്ന് കരുതി." "നന്നായി മോനെ കുറെ കാലമായല്ലോ നിന്നെ കണ്ടിട്ട്. നിന്നെ കാണുമ്പോൾ എനിക്ക് എന്റെ ദാമോദരനെ കാണുന്നത് പോലെയാണ്" മുത്തശ്ശി കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു. മാലതിക്ക് ഇപ്പോൾ എങ്ങനെയുണ്ട്.
ആതിരയുടെ അമ്മയാണ് മാലതി. മുത്തശ്ശി അതിന് മറുപടിയൊന്നും പറഞ്ഞില്ല അകത്തേക്ക് ചൂണ്ടിക്കാണിച്ച് തലതാഴ്ത്തിയിരുന്നു. അവർ അകത്തേക്ക് കയറി. രണ്ടു മുറിയുള്ള വീടാണ്. ഒരു മുറിയുടെ അറ്റത്ത് കുറച്ചു പാത്രങ്ങളുണ്ട് ഒരു ചെറിയ അടുപ്പും. പിന്നെ ഒരു കൊച്ചു മുറി ഒരാൾക്ക് കഷ്ടിച്ച് നിൽക്കാം. അവിടെയാണ് ആതിരയുടെ ഇടം. നിലത്ത് ഒരു പായ വിരിച്ചിട്ടുണ്ട് ബാക്കിയുള്ള ഇത്തിരി സ്ഥലത്ത് കുറേ പുസ്തകങ്ങളും... "ഇത് ചേച്ചിയുടെ മുറിയാണ്" ഋഷി ആ മുറിയിലേക്ക് നോക്കിനിൽക്കുന്നതു കണ്ട് ആതിരയുടെ അനിയത്തി പറഞ്ഞു. ഋഷി ഒന്നും മിണ്ടിയില്ല. കരുണാകരൻ ഡോക്ടർ ആതിരയുടെ അമ്മയുടെ അടുത്തേക്ക് പോയി. "മാലതി..." "ഡോക്ടർ സാറേ എന്താ ഈ വഴിക്ക്.." "വെറുതെ ഇതുവരെ വരേണ്ട ആവശ്യമുണ്ടായിരുന്നു അപ്പോ കയറിയതാ." "ഇതാരാ" ഋഷിയെ കണ്ട് മാലതി ചോദിച്ചു. "ഇത് എന്റെ പെങ്ങളുടെ മോനാണ് ഋഷി." "ഇതാണോ ആ ചേട്ടൻ. ചേട്ടനെക്കുറിച്ച് ചേച്ചി പറഞ്ഞിട്ടുണ്ട്." ആതിരയുടെ അനിയത്തി ഇടയ്ക്ക് കയറി പറഞ്ഞു. ഋഷി ഒന്ന് ചിരിച്ചു. "മോൻ എന്താ ചെയ്യുന്നത്" മാലതി ചോദിച്ചു. "ഞാൻ പഠിക്കുകയാണ് അമ്മേ.." ഋഷി മറുപടി പറഞ്ഞു. "മോളെ ഇവർക്ക് ചായ ഉണ്ടാക്ക്" ആതിരയുടെ അനിയത്തിയോട് അമ്മ പറഞ്ഞു. "അയ്യോ ഒന്നും വേണ്ട ഞങ്ങൾ ഇറങ്ങാൻ നോക്കട്ടെ. ആതിര എവിടെ അവളെ കണ്ടില്ലല്ലോ ഒരാഴ്ചയായി അങ്ങോട്ടും വരുന്നില്ല." കരുണാകരൻ ഡോക്ടർ ഇത് പറയുന്നത് കേട്ടാണ് മുത്തശ്ശി അകത്തേക്ക് വന്നത്.
"എന്തുപറ്റി എന്നറിയില്ല മോനെ എന്റെ കുട്ടിക്ക് എന്തോ വലിയ വിഷമം വന്നിട്ടുണ്ട്. അവളുടെ ഒരു ചെറിയ മാറ്റം പോലും എനിക്ക് മനസ്സിലാകും. ഇനി അങ്ങോട്ട് ജോലിക്കു വരുന്നില്ല എന്ന് പറഞ്ഞു. കാരണം ഒന്നും പറഞ്ഞില്ല ഒരാഴ്ചയായിട്ട് അത് ആരോടും മിണ്ടാതെ നടക്കുകയാണ് എന്റെ കുട്ടിക്ക് എന്തുപറ്റിയെന്ന് അറിയില്ല. എല്ലാ ഭാരവും ഇപ്പോൾ അതിന്റെ തലയിൽ ആണല്ലോ." കരുണാകരൻ ഡോക്ടർ ഋഷിയെ നോക്കി. ഋഷി വിഷമം പുറത്ത് കാണിക്കാതിരിക്കാൻ വല്ലാതെ പ്രയാസപ്പെട്ടു. "എന്നിട്ട് അവൾ എവിടെ ഒന്നു വിളിക്കൂ. എനിക്ക് അവളോട് ഒന്നു സംസാരിക്കണം." കരുണാകരൻ ഡോക്ടർ പറഞ്ഞു. "അവൾ ആ പുഴക്കരയിൽ ഉണ്ടാവും. എന്റെ കുട്ടിക്ക് ഒരു വിഷമം വന്നാൽ അവിടെ പോയിരിക്കാറാണ് പതിവ്. ദാമോദരൻ ഉണ്ടായിരുന്നപ്പോൾ അവളെയും കൊണ്ട് എപ്പോഴും വൈകുന്നേരം ആ പുഴയിൽ പോയി കുളിക്കുമായിരുന്നു. മോളെ ചേച്ചിയെ വിളിച്ചിട്ട് വാ" ആതിരയുടെ അമ്മ അനിയത്തിയോട് പറഞ്ഞു. "വേണ്ട ഞങ്ങൾ അവിടെ പോയി കണ്ടോളാം." ഋഷി പറഞ്ഞു. "എന്നാ ശരി ഞങ്ങൾ ഇറങ്ങട്ടെ" കരുണാകരൻ ഡോക്ടർ യാത്ര പറഞ്ഞു ഇറങ്ങി. ഇറങ്ങാൻ നേരം ആതിരയുടെ മുത്തശ്ശിയുടെ കയ്യിൽ കുറച്ച് പണം വെച്ചുകൊടുത്തു. മുത്തശ്ശി കണ്ണുതുടച്ചുകൊണ്ട് അവരെ യാത്രയാക്കി.. അവർ നേരെ പുഴയെ ലക്ഷ്യമാക്കി നടന്നു. ആതിര പുഴക്കരയിൽ ഒരു പാറയുടെ മുകളിൽ ഇരിക്കുന്നത് കണ്ട് കരുണാകരൻ ഡോക്ടർ പറഞ്ഞു "ഞാൻ ഇവിടെ നിക്കാം മോൻ പോയി സംസാരിക്ക്.."
ഋഷി അവൾക്ക് അരികിലേക്ക് നടന്നു അവളുടെ അടുത്ത് എത്തിയതും ഋഷിയുടെ നെഞ്ചിടിപ്പ് കൂടി. അവന്റെ ഹൃദയം പൊട്ടി പോകുമോ എന്ന് പോലും അവൻ ഭയന്നു. "ആതിരാ.." ഋഷിയുടെ ശബ്ദം കേട്ടതും ഏതോ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണരുന്ന പോലെ ആതിര പെട്ടെന്ന് എഴുന്നേറ്റ് തിരിഞ്ഞു നോക്കി. "ഋഷി നീ എന്താ ഇവിടെ..." "നിന്നെ കാണാൻ വന്നതാ..." ആതിരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഋഷിക്ക് സ്വയം നിയന്ത്രിക്കാനായില്ല അവൻ ആതിരയെ കെട്ടിപ്പിടിച്ചു.. "എന്നെ വിട്ടു പോകല്ലേ ആതിര.. എനിക്ക് നീ ഇല്ലാതെ പറ്റില്ല." അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു.. "വിട് ഋഷി" ആതിര അവനെ തട്ടിമാറ്റാൻ നോക്കി. എന്നാൽ സ്നേഹത്തിന്റെ കരസ്പർശത്തിൽ നിന്നും അവൾക്ക് പുറത്തു കടക്കാൻ സാധിച്ചില്ല. അവൾ അവനെയും ചേർത്തുപിടിച്ചു അങ്ങനെ എത്രനേരം നിന്നു എന്ന് അവർക്ക് തന്നെ അറിയില്ല. അവരുടെ സ്നേഹം കണ്ട് കരുണാകരൻ ഡോക്ടറുടെ കണ്ണുനിറഞ്ഞു. ഋഷി ആതിരയുടെ മുഖം അവന്റെ കൈകളിലാക്കി അവളോട് പറഞ്ഞു "നിന്നെ ഞാൻ ഉപേക്ഷിക്കില്ല. ആതിര എനിക്ക് നീയില്ലാതെ ഒരു നിമിഷം പോലും പറ്റില്ല. നീ എന്നെ തള്ളിക്കളയരുത്." ഋഷിയോട് എന്തു പറയണമെന്ന് അറിയാതെ ആതിര പൊട്ടിക്കരഞ്ഞു. "ഞാൻ നിനക്ക് ചേരുന്ന പെണ്ണല്ല ഋഷി എന്നെ മറന്നേക്ക്. എനിക്ക് നിന്നെ പ്രേമിക്കാനുള്ള യോഗ്യതയില്ല" അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു. "ആതിരാ എനിക്ക് കിട്ടിയ നിധിയാണ് നീ, നിന്നെ ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല." ഋഷി അവളെ വീണ്ടും ചേർത്തുപിടിച്ചു.
കരുണാകരൻ ഡോക്ടർ അവരുടെ അടുത്തേക്ക് വന്നു "മക്കളെ ഈ സ്നേഹം എന്ത് പവിത്രമാണെന്നോ. അത് കളങ്കപ്പെടുത്താതെ നിങ്ങൾ ഒന്നിക്കൂ. നിങ്ങളെ ദൈവം മുന്നേ നിശ്ചയിച്ചു വച്ച ജോഡികളാണ്. നിങ്ങൾ ഒരിക്കലും പിരിയാൻ പാടില്ല." "എന്താ ഡോക്ടർ അങ്കിൾ എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന അങ്കിൾ ആണോ ഈ പറയുന്നത്." "അങ്കിളിന് മാത്രമല്ല എനിക്കും അറിയാം നിന്റെ എല്ലാ കാര്യങ്ങളും. നീ പഠനം തുടരണം. ആ മുറിക്കുള്ളിൽ വച്ചിരിക്കുന്ന പുസ്തകങ്ങൾക്ക് നിനക്ക് പുതിയ ജീവിതം തരാൻ കഴിയും" ഋഷി പറഞ്ഞു. "മോളെ നിന്റെ പഠന ചിലവ് ഞാൻ നോക്കിക്കോളാം നീ പഠിപ്പ് തുടങ്ങണം. അച്ഛന്റെ ആഗ്രഹം പോലെ ഒരു ഡോക്ടർ ആവണം. പിന്നെ നീ പറയില്ലല്ലോ ഞാൻ ഋഷിക്ക് ചേർന്ന പെണ്ണല്ല എന്ന്" ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു. "നോക്ക് ആതിരാ.. നീ ഡോക്ടർ ആവണം എന്നൊന്നും എനിക്കില്ല. എനിക്ക് എന്റെ അടുക്കളക്കാരി ആതിരയെ തന്നെയാണ് ഇഷ്ടം. പക്ഷേ നിന്റെ അച്ഛന്റെ ആഗ്രഹം അത് നിനക്ക് നിറവേറ്റണ്ടേ. നമുക്ക് രണ്ടുപേർക്കും ജോലി ചെയ്തു അങ്കിളിന്റെ കടങ്ങൾ വീട്ടാം അല്ലെ അങ്കിൾ." "പിന്നല്ലാതെ ഭാര്യയും ഭർത്താവും ഡോക്ടർമാർ ആകുമ്പോൾ നല്ലോണം സമ്പാദിക്കാലൊ" അങ്കിൾ അവരെ നോക്കി പറഞ്ഞു അവർ രണ്ടുപേരും ചിരിച്ചു. "ആതിര... നീ ഒന്ന് ചിരിക്ക്. അഡ്മിഷന്റെ കാര്യമെല്ലാം അങ്കിൾ ശരിയാക്കിയിട്ടുണ്ട്. പിന്നെ എന്റെ ശല്യം നിനക്കുണ്ടാവില്ല. ഞാൻ ഈ മാസം അവസാനം യുകെയിൽ പോകും. പിന്നെ ഞാൻ തിരിച്ചു വരുമ്പോൾ എന്റെ അച്ഛനെയും അമ്മയും കൂട്ടി വരും ഒരു കൊച്ചു ഡോക്ടറെ പെണ്ണ് കാണാൻ." ഋഷി അവളെ നോക്കി പറഞ്ഞു. ആതിര കണ്ണുകൾ തുടച്ചു പുഞ്ചിരിച്ചു. അങ്കിൾ അവരെ രണ്ടുപേരെയും ചേർത്ത് പിടിച്ചു.