ADVERTISEMENT

മതി മറന്ന ചിരികള്‍ക്കും അപ്പുറം ചിലതുകൂടിയുണ്ട് ‘കനകം കാമിനി കലഹ’ത്തില്‍. അവതരണത്തിലും സങ്കേതത്തിലുമൊക്കെ സിനിമ പരീക്ഷണമായി മാറി. ഹ്യൂമറിന്റെ വിവിധ വകഭേദങ്ങളൊക്കെ വന്നു പോയ ചിത്രത്തിനെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത് സാങ്കേതിക മികവ് കൂടിയാണ്. സിനിമ പറഞ്ഞുപോയ വഴികളിലെ തുന്നിച്ചേര്‍ക്കല്‍ കുറച്ചൊന്നുമല്ല അതിന് സഹായകമായത്. ആക്‌ഷനുകളും റിയാക്‌ഷനുകളുമൊക്കെ കൃത്യമായി ചേര്‍ത്തുവച്ചത് ചിത്രത്തിനെ രസകരമാക്കി. പശ്ചാത്തല സംഗീതത്തിന്റെ അകമ്പടി ആവശ്യത്തിനു മാത്രം വന്നുപോയതോടെ ഓരോ സീനിലേക്കും പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നതില്‍ എഡിറ്റിങ് വഹിച്ച പങ്ക് ചെറുതല്ല. ‘കനകം കാമിനി കലഹം’ ശ്രദ്ധേയമായി മുന്നേറുമ്പോള്‍ തന്റെ എഡിറ്റിങ് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് എഡിറ്റര്‍ മനോജ് കണ്ണോത്ത്...

 

കനകംപോലെ കലഹമില്ലാതെ ചിത്രത്തിലേക്ക്...

 

ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് പൊതുവാളുമായി ഒരുപാട് കാലത്തെ അടുപ്പമുണ്ട്. ഞങ്ങള്‍ രണ്ടാളും പയ്യന്നൂരുകാരാണ്. രതീഷിന്റെ അപാരമായ ഹ്യൂമര്‍ സെന്‍സും കൗണ്ടര്‍ ഡയലോഗുകളിലെ ടൈമിങിനെക്കുറിച്ചുമെല്ലാം നേരത്തെ അറിയാം. ഈ ചിത്രത്തിലേക്ക് എന്നെ വിളിക്കുമ്പോഴും എന്തെങ്കിലുമൊക്കെ പുതുതായി കാണുമെന്ന് എനിക്കുറപ്പായിരുന്നു. രതീഷുമായുള്ള ആദ്യവട്ട സംഭാഷണങ്ങള്‍ സിനിമ എങ്ങനെയായിരിക്കും രൂപപ്പെടുക എന്നതു സംബന്ധിച്ച് കൃത്യമായ ധാരണകള്‍ തന്നു. അതുകൊണ്ട് തന്നെ എഡിറ്റിങ് സ്റ്റേജിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായിരുന്നു. എഡിറ്റിങിന്റെ ഓരോ ഘട്ടത്തിലും ഉണ്ടായ രതീഷിന്റെയും ഇടപെടല്‍ സിനിമയുടെ വിജയത്തില്‍ നിര്‍ണായകമാണ്.

 

ആദ്യ 16 മിനിറ്റ്

 

kanakam-kamini-kalaham

സിനിമയുടെ ആദ്യത്തെ 16 മിനിറ്റോളം എഡിറ്റ് ചെയ്യുന്നത് വലിയ ചലഞ്ചായിരുന്നു. നിവിന്റെയും ഗ്രേസിന്റെയും വൈവാഹിക ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഈ സീനുകളിലൂടെ  വന്നു പോകുന്നത്. ഏറെക്കുറേ സമാനസ്വഭാവമുഭള്ള സീനുകളാണെന്ന് തോന്നുമെങ്കിലും ഒരുപാട് കാര്യങ്ങള്‍ അവിടെ നമ്മളോട് സംവദിക്കുന്നുണ്ട്. ആ വിഷയങ്ങള്‍ പ്രേക്ഷകര്‍ക്കു കിട്ടുകയും വേണം എന്നാല്‍ മുഷിപ്പിക്കാനും പാടില്ല. അതുകൊണ്ടുതന്നെ ഏറെ സമയമെടുത്താണ് ആ ഭാഗങ്ങള്‍ ചെയ്തത്. ഒരു സീനില്‍ നിന്ന് അടുത്ത സീനിലേക്കുള്ള ചേര്‍ത്തുവയ്ക്കലുകളൊക്കെ ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പ്രേക്ഷകര്‍ക്ക് ബോറായി തോന്നിയേക്കാം. നിവിന്റെയും ഗ്രേസിന്റെയും കഥാപാത്രം എന്താണ് എങ്ങനെയാണ് എന്നൊക്കെ അറിയാന്‍ ഈ സീനുകള്‍ കൃത്യമായി വേണം താനും. വലിയ ഗിമ്മിക്കുകളൊന്നും ഇല്ലാതെ അത് ചെയ്യുക എന്നതായിരുന്നു പ്രധാന വെല്ലുവിളിയും. ഇത് കൂടാതെ ആദ്യത്തെ 20 മിനിറ്റിനു ശേഷം സിനിമ പൂര്‍ണമായും നടക്കുന്നത് ഒരു ഹോട്ടലിലാണ്. ഈ സീനുകളില്‍ വരുന്ന എല്ലാ നടന്മാര്‍ക്കും കൃത്യമായ സ്‌പേസ് കൊടുത്ത് പ്രേക്ഷകരെ ബോര്‍ അടിപ്പിക്കാതെ കൊണ്ട് പോവുക എന്നതും ഒരു ചലഞ്ച്  ആയിരുന്നു.

 

എഡിറ്റിങ് പറയും..

 

മിക്ക ഇന്ത്യന്‍ സിനിമകളിലും ഒരു സീന്‍ ആരംഭിക്കുന്ന ആദ്യത്തെ ഷോട്ടു മുതല്‍ പശ്ചാത്തല സംഗീതവും വന്നു തുടങ്ങും. എന്നാല്‍ ഈ കീഴ്വഴക്കത്തെ കനകം കാമിനി കലഹത്തില്‍ പൊളിച്ചടുക്കിയിട്ടുണ്ട്. സീന്‍ ആരംഭിച്ച് സ്വാഭാവികമായി ആ സീനിന്റെ മൂഡ് മനസിലാക്കി തന്ന ശേഷമാണ് പശ്ചാത്തല സംഗീതം വരുന്നത്. പല സ്ഥലങ്ങളിലും സൈലന്‍സിനെ പോലും നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചൂണ്ടിക്കാണിക്കാന്‍ ഇത്തരത്തിലുള്ള അധികം സിനിമകളൊന്നും മലയാളത്തില്‍ വന്നിട്ടുമില്ല. വിദേശ സിനിമകളുടെ ഒരു ഫോമും സ്ട്രക്ച്ചറുമായിരിക്കും മാതൃകകളെന്നു പറയാന്‍. പല കാര്യങ്ങളും ഒരു തരത്തില്‍ പരീക്ഷണ സ്വഭാവത്തിലുള്ളതായിരുന്നു. അത് കൊണ്ട് തന്നെ ഒരു എഡിറ്റര്‍ എന്ന നിലയില്‍ എനിക്കും പുതുമയുള്ള അനുഭമായിരുന്നു ഈ സിനിമ. ഇങ്ങനെയൊക്കെയുള്ള അവസരങ്ങള്‍ എപ്പോഴും നമുക്ക് കിട്ടാറുമില്ല. 

 

ചിരിപ്പിക്കാന്‍ മത്സരിച്ചു നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു എല്ലാവരുടേതും. എന്നാല്‍ ആ ചിരികളിലൂടെ  ഗൗരവതരമായ പല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നുമുണ്ട്. ആ ആശയങ്ങള്‍ ചോരാതെ ആള്‍ക്കാരില്‍ എത്തിക്കേണ്ടതുമായിട്ടുണ്ട്. അവരുടെ ആക്‌ഷനിലും റിയാക്‌ഷനിലുമൊക്കെ കോമഡിയുണ്ട്. ഇത്തരമൊരു സിനിമയില്‍ എവിടെ കട്ട് ചെയ്യുന്നു എന്നതൊക്കെ അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. റിയാക്‌ഷന്‍ ഷോട്ടൊക്കെ ഒരുപാട് എടുത്തിട്ടുമുണ്ടായിരുന്നു. അതെല്ലാം നോക്കി കൃത്യമായി ചേര്‍ക്കുന്നതിന് നന്നായി അധ്വാനിക്കേണ്ടി വന്നിരുന്നു. ചിലയിടത്തൊക്കെ ഓഫ് ആയ റിയാക്‌ഷന്‍സ് പോലും സീനിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ഉപയോഗിച്ചു. കഥാഗതിയുടെ വളര്‍ച്ചപോലെ കഥാപാത്രങ്ങള്‍ക്കും ചിത്രത്തില്‍ വളര്‍ച്ചയുണ്ട്. അതൊക്കെ കൃത്യമായി ചേര്‍ക്കാനും ശ്രമിച്ചിട്ടുണ്ട്.

 

സിംപിളായി മതി...

 

എന്റെ അഭിപ്രായത്തില്‍ പ്രേക്ഷകരുടെ സ്വാഭാവികമായ ആസ്വാദനം സുഗമമാക്കുക എന്നതാണ് നല്ല  എഡിറ്റിങ്. സിംപിള്‍ കട്ടുകളിലൂടെയാണ് സിനിമ പൂര്‍ണമായും പറയാന്‍ ശ്രമിച്ചത്. ടെക്‌നോളജിയുടെ അതിപ്രസരം സിനിമയില്‍ കൊണ്ട് വരാതിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. അത് കൊണ്ട് തന്നെ ജൈവികമായ സങ്കേതങ്ങള്‍ മാത്രമേ ട്രാന്‍സിഷന്‍സ് ആയി ഉപയോഗിക്കാറുള്ളൂ.   

 

നമുക്കിടയില്‍ ജൈവികമായി തന്നെ ക്യാമറയും എഡിറ്റിങുമൊക്കെയുണ്ടല്ലോ. കണ്ണാണ് ക്യാമറ. നമ്മുടെ കണ്‍പോളകള്‍ അടയുന്നതാണ് കട്ടുകള്‍. ആ ഒരു താളം സിനിമയിലും വരണമെന്നാണ് ആഗ്രഹിക്കുന്നത്. നിശബ്ദമായി നിന്ന് ആസ്വാദകരെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന ആളാണ് എഡിറ്റര്‍ എന്നാണ് എന്റെ വിശ്വാസം. സിനിമയില്‍ എഡിറ്ററുടെ സാന്നിധ്യം പ്രേക്ഷകര്‍ക്ക് അറിയാന്‍ ഇട കൊടുക്കരുത്. അതിങ്ങനെ ഒഴുകി നടക്കണം. ഒരു സിനിമ നന്നായി എഡിറ്റ് ചെയ്തോ ഇല്ലയോ എന്ന് പറയാന്‍ കഴിയുന്നത് അതിന്റെ സംവിധായകനും ക്യാമാറമാനും മാത്രമാകും. ഷൂട്ട് ചെയ്യപ്പെട്ട റഷസ് എന്താണെന്ന് കൃത്യമായി അറിയുന്നത് അവര്‍ക്ക് മാത്രമാണ്.  അത് കൊണ്ട് തന്നെ മറ്റാരെക്കാളും അവര്‍ക്കാണ് എഡിറ്റിങിനെ കൃത്യമായി വിലയിരുത്താന്‍ കഴിയുക.

 

എഡിറ്റർമാരുടെ കാലം

 

എഡിറ്റിങ് എന്ന സങ്കേതം ആളുകള്‍ക്ക് കൂടുതല്‍ പരിചിതമായി കഴിഞ്ഞ കാലമാണിത്. നമ്മുടെ സ്മാര്‍ട്ട്ഫോണിലൊക്കെ എഡിറ്റിങ് ചെയ്യാനുള്ള സാധ്യതകളുണ്ട്. അതോടെ എഡിറ്റിങ് എന്താണെന്നും അത് ചെയ്യാനുള്ള ബുദ്ധിമുട്ടെന്താണെന്നും,അത്  കൊണ്ടുള്ള സാധ്യതകളെന്താണെന്നും ആളുകള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഞാന്‍ പൂനയില്‍ പഠിക്കുന്ന കാലത്തൊക്കെ ആളുകള്‍ എന്താ പഠിക്കുന്നത് എന്ന് ചോദിക്കും. എഡിറ്റിങ് എന്നു പറയുമ്പോള്‍ അവര്‍ അതിശയത്തോടെ നോക്കുമായിരുന്നു. എഡിറ്റിങ് എന്താണ് എന്ന് പറഞ്ഞു മനസ്സിലാക്കുക എന്നതും അത്ര എളുപ്പമല്ലല്ലോ. ഇതിങ്ങനെ പറഞ്ഞു ബോധിപ്പിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് പിന്നെ ചോദിച്ചവരോടൊക്കെ ലോ കോളേജില്‍ പഠിക്കുന്നു എന്നൊക്കെ വരെ പറയേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അതൊക്കെ മാറി. ആളുകള്‍ സിനിമ കാണുമ്പോള്‍ എഡിറ്ററ്റേഴ്സിനെയും ശ്രദ്ധിക്കാന്‍ തുടങ്ങി.

 

പുതുതലമുറയോട്

 

നല്ലൊരു എഡിറ്റര്‍ ആകാന്‍ എളുപ്പവഴി ഒന്നും ഇല്ല എന്നതാണ് സത്യം. നല്ല അച്ചടക്കവും ക്ഷമയുമൊക്കെ വേണ്ട ഒരു മേഖലയാണിത്. എഡിറ്റിങ് സോഫ്റ്റ്‌വയറുകളും ടൂള്‍സും പഠിച്ചെടുക്കുക എന്നുള്ളത് ഒരാഴ്ചത്തെ പണി മാത്രമേ ഉള്ളൂ.   മെഷീന്‍ ഓപ്പറേറ്ററും സെന്‍സിബിള്‍ ആയ ഒരു എഡിറ്ററും തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്ന് ആദ്യമേ മനസ്സിലാക്കുക.  സിനിമയുടെ ദൃശ്യഭാഷയെ മനസിലാക്കിയെടുക്കാന്‍ സമയമെടുക്കും. വായനയും നല്ല രീതിയിലുള്ള സിനിമ കാണലും നമ്മുടെ അഭിരുചി വളര്‍ത്തിയെടുക്കാന്‍ കൊറേയൊക്കെ സഹായിക്കും.  എഡിറ്റിങില്‍ മാത്രം ഒതുങ്ങാതെ  തിരക്കഥാരചന,  സിനിമാറ്റോഗ്രഫി, സൗണ്ട് ഡിസൈനിങ് എന്നിങ്ങനെയുള്ള മേഖലകള്‍ കൂടി മനസ്സിലാക്കാന്‍ ശ്രമിക്കുക. എഡിറ്റര്‍ എന്ന രീതിയില്‍ മുന്നോട്ടുള്ള യാത്രയെ മനസ്സിലാക്കുകയും അത് ആസ്വദിക്കുകയും ചെയ്യുക എന്നുള്ളും വളരെ പ്രധാനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com