വീടിന്റെ ആധാരം വരെ പണയപ്പെടുത്തി സിനിമ ഒരുക്കി; ലോക്ഡൗൺ ഏൽപിച്ച ആഘാതം

Mail This Article
സിനിമയെന്ന സ്വപ്നത്തിനുമേല്‍ ലോക്ഡൗണ്‍ ഏല്പിച്ച ആഘാതത്തില്‍ നിന്നും ഷാജി യൂസഫ് എന്ന സംവിധായകന് മുക്തനായിട്ടില്ല. വര്‍ഷങ്ങള്‍ മനസിലിട്ട ആഗ്രഹം പൂര്‍ത്തികരിച്ചതിനു ഇദ്ദേഹത്തിനു കൊടുക്കേണ്ടിവന്ന വിലചെറുതല്ല. ഷാജി യൂസഫ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത എണ്‍പതുകളിലെ ഏഭ്യന്മാര് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞെങ്കിലും ലോക്ഡൗണിനെ തുടര്‍ന്നു പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇതു സാമ്പത്തികമായി വലിയ ബാധ്യത സൃഷ്ടിച്ചു. വീടിന്റെ ആധാരം വരെ പണയപ്പെടുത്തിയാണു ഷാജി ചിത്രം ഒരുക്കിയത്.
സിനിമാസ്വപ്നം
സീരിയലുകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ച ഷാജിക്കു തിരക്കഥ എഴുതുന്നതിലായിരുന്നു താത്പര്യം. എന്നാല്‍ സുഹൃത്തുക്കളോടു പങ്കുവച്ച ചില കഥകള്‍ സിനിമയായതിനെ തുടര്‍ന്നു നിരാശനായി സിനിമവിട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം മക്കളിലൊരാള്‍ സൗണ്ട് എഞ്ചിനീയറും, ഒരാള്‍ എഡിറ്ററും ആയി. അങ്ങനെ വീണ്ടും സിനിമയെന്ന സ്വപ്നത്തിനു പിന്നാലെയായി യാത്ര.
ബിസിനസിലുണ്ടായ തകര്‍ച്ച
മക്കള്‍ മുതിര്‍ന്നപ്പോള്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോ ആരംഭിച്ചു. തുടര്‍ന്ന് അയ്യപ്പഭക്തിഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു സിഡി നിര്‍മിച്ചു. ചില കാരണങ്ങളാല്‍ ഇതിന്റെ റിലീസ് നടന്നില്ല. പിന്നീടു ബിസിനസുമായി മുന്നോട്ടു പോയെങ്കിലും നോട്ടുനിരോധനവും മറ്റും പ്രതികൂലമായി ബാധിച്ചു. കടം ഉയര്‍ന്നപ്പോള്‍ വില്ക്കാന് കൈയിലുണ്ടായിരുന്നതു നിധിപോലെ സൂക്ഷിച്ച ക്യാമറയും മറ്റുഉപകരണങ്ങളും ആയിരുന്നു.
എണ്‍പതുകളിലെ ഏഭ്യന്മാര്
ക്യാമറ വില്ക്കാന് ഒരുങ്ങിയപ്പോള്‍ സുഹൃത്തുക്കള്‍ സഹായത്തിന് എത്തി. സാജു കൊടിയന്‍, ഫസല്‍, ജോബി അന്റണി തുടങ്ങിവര്‍ നല്കിയ പിന്തുണയില്‍ വീണ്ടും സിനിമയെന്ന സ്വപ്നം പിറന്നു. ഏറെ ബുദ്ധിമുട്ടു സഹിച്ചാണു എണ്‍പതുകളിലെ ഏഭ്യന്മാര് എന്ന സിനിമ പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചു നടത്താന്‍ ഒരുങ്ങുമ്പോഴാണു ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. കൈയിലെ പണം മുഴുവന്‍ ചിത്രത്തിനു വേണ്ടി ചെലവഴിച്ചിരുന്നു. ചിത്രം ഏറ്റെടുക്കുവാന്‍ വിതരണക്കാര്‍ തയാറായെങ്കിലും പോസ്റ്റു പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ അതിനും സാധിച്ചില്ല.
ചെന്നൈെയിലെ സ്റ്റുഡിയോയിലാണു ബാക്കി ജോലികള്‍ നടക്കേണ്ടിയിരുന്നത്. അതെപ്പോള്‍ പൂര്‍ത്തിയാക്കാനാകുമെന്നു ഷാജി യൂസഫിന് അറിയില്ല. ഓരോ ദിവസംകഴിയുംതോറും ബാങ്കില്‍ നിന്നെടുത്ത വായ്പയുടെ പലിശ ഉയരുകയാണ്. സ്വന്തമായി ഒരു വീടുപോലും അടുത്തകാലം വരെ ഉണ്ടായിരുന്നില്ല. പിന്നീടു വളരെ കഷ്ടപ്പെട്ടു പണിത വീടിന്റെ ആധാരവും ബാങ്കിലായി. മക്കള്‍ക്കുവേണ്ടി നിര്‍മിച്ച സ്റ്റുഡിയോയും കൈവിട്ടുപോകുമെന്ന അവസഥയാണ്.
എണ്‍പതുകളിലെ ഏഭ്യന്മാര് എന്ന ചിത്രത്തിലെ നായക വേഷം ചെയ്തിരിക്കുന്നത് ഇദ്ദേഹത്തിന്റെ മകന് നിസാം ആണ്. സോഫിയ, റിയ, ഐശ്വര്യ എന്നിവര്‍ നായികമാരായി എത്തുന്നു. ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നതു വിജയ് യേശുദാസാണ്. സംഗീതസംവിധായകന് ശരത്തിന്റെ സഹോദരന് രജഞിത്താണു മ്യൂസിക് ഒരുക്കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റ മകള്‍ വര്‍ഷയും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. അഫ്സല്, ജിതിന് രാജ് എന്നിവരാണു മറ്റു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഗാനങ്ങളുടെ രചന നിര്‍വഹിച്ചിരിക്കുന്നതു ഷാജി യൂസഫ് തന്നെയാണ്. സീമാ ജി. നായര്‍, കുളപ്പുള്ളി ലീല, ജയകൃഷ്ണന് എന്നിവരാണു മറ്റ് അഭിനേതാക്കള്‍. റോബി തങ്കച്ചനാണു ക്യാമറ.