കങ്കണ : കലഹജീവിതത്തിന്റെ കറുപ്പും വെളുപ്പും

Mail This Article
ഇത്രയും ടാലന്റഡ് ആയ, ധീരയായ, ഒറ്റയ്ക്കൊരു ബോളിവുഡ് സിനിമ ഹിറ്റ് ആക്കാൻ കെൽപുള്ള അവരുടെ ഇപ്പോഴത്തെ പോക്കിൽ ശരിക്കു സങ്കടമുണ്ട് – നടി കങ്കണ റനൗട്ടിനെക്കുറിച്ചാണ്. വെള്ളിവെളിച്ചത്തിന്റെ യാതൊരു ഗുമ്മുമില്ലാത്ത ഞങ്ങൾ കൂട്ടുകാരികളുടെ വർത്തമാനത്തിനിടെ വീണ വാക്കുകൾ. കങ്കണയുടെ രാഷ്ട്രീയമോ വ്യക്തിപരമായ നിലപാടുകളോ അല്ല, ഞങ്ങൾ ഉദ്ദേശിച്ചത്. ദ്വേഷം ചീറ്റുന്ന വാക്കുകൾ, വ്യക്തികളെ അവരുടെ സ്വകാര്യതയുടെ ഉള്ളറകളിൽ വരെ കയറി പരസ്യമായി അപമാനിക്കൽ, എന്തിനോടും ഏതിനോടും കലഹിക്കൽ, മതത്തിന്റെ പേരിലുള്ള ‘കൊലപാതക’ ആഹ്വാനങ്ങൾ... ഇതൊക്കെ കാണുമ്പോൾ എന്താണു കങ്കണയുടെ മനസ്സിൽ എന്നറിയാൻ പലപ്പോഴും തോന്നിയിട്ടുണ്ട്.


എന്തൊരു സ്നേഹവും ബഹുമാനവുമാണ് സത്യത്തിൽ അവരോട്. കൗമാരപ്രായത്തിൽ മനാലിയുടെ സ്വച്ഛമായ തണുപ്പിൽ നിന്ന് മുംബൈയുടെ കള്ളച്ചിരികളിലേക്ക് അമ്പരപ്പോടെ വന്ന ചുരുണ്ടമുടിക്കാരി. ലൈംഗിക, ശാരീരിക പീഡനങ്ങളിൽ നിന്ന്, തെരുവിലുറങ്ങിയ രാവുകളിൽ നിന്ന്, ബോളിവുഡ് പൊങ്ങച്ചങ്ങളുടെ കളിയാക്കലുകളിൽ നിന്ന്, നെഞ്ചുപറിക്കുന്ന ഒറ്റപ്പെടുത്തലുകളിൽ നിന്ന് അവർ എത്ര പ്രഭയോടെയാണ് സിംഹാസനമേറിയത്! ബോളിവുഡിലെ റാണിയായത്. എത്ര തീക്ഷ്ണതയോടെയാണു തലയുയർത്തി നിന്നത്. വിവാദങ്ങളുടെയും റാണിയായപ്പോഴും കയ്യടിച്ചു പോയിട്ടുണ്ട്. ബോളിവുഡ് പ്രതാപികളുടെയും അവരുടെ പഞ്ചാരക്കുട്ടികളുടെയും ജാഡകളെ നോക്കി കങ്കണ ഉറക്കെച്ചിരിച്ചപ്പോൾ ‘മിടുക്കി’ എന്ന് എത്രവട്ടമാണു പറഞ്ഞത്. വെല്ലുവിളികൾക്കു മീതെ പറക്കാൻ വെമ്പുന്ന ഏതു പെണ്ണിനും ലോകത്ത് എവിടെയുമുള്ള പെൺജ്വാലകൾ വെളിച്ചമാകുമല്ലോ. ആ നാളം ഉലയുകയാണോ എന്ന ആശങ്ക, പ്രിയപ്പെട്ടൊരാൾ പെട്ടെന്നൊരുനാൾ അപരിചിതയാകുന്നതുപോലെ തന്നെ വിങ്ങലുണ്ടാക്കും.
കാരമുൾ ഇന്നലെകളോ കാരണം?
ചിലർ പറയുന്നു, ജീവിതത്തിൽ നേരിട്ട കടുത്ത അനുഭവങ്ങളാണു കങ്കണയുടെയും ചേച്ചി രംഗോലിയുടെയും സ്വഭാവത്തിനു കടുപ്പം കൂട്ടിയതെന്ന്. ഹിമാചൽ പ്രദേശിലെ സാധാരണ കുടുംബം. അമ്മ സ്കൂൾ ടീച്ചർ. അച്ഛൻ വ്യവസായി. അവരുടെ ‘വേണ്ടാക്കുട്ടി’ ആയിരുന്നു കങ്കണ. രംഗോലിക്കു ശേഷം വീണ്ടും പെൺകുട്ടി ഉണ്ടായതു വീട്ടുകാർക്കു പിടിച്ചില്ല. അനിയനായി അക്ഷത് കൂടി പിറന്നതോടെ തീർത്തും ഒറ്റപ്പെട്ടു. അനിയനു തോക്കും തനിക്കു പാവയും വാങ്ങിവരുന്ന പപ്പയോട് അന്നേ വഴക്കിടുമായിരുന്നു, കങ്കണ. എല്ലാവർക്കും ഒരേ പോലെയുള്ള കളിപ്പാട്ടം മതിയെന്നാണ് ആവശ്യം. ഡോക്ടറാക്കാനാണു വീട്ടുകാർ ശ്രമിച്ചത്, സ്വന്തം വഴി കണ്ടെത്താൻ കങ്കണയും.

അങ്ങനെ പ്ലസ്ടു കഴിഞ്ഞയുടൻ വീടുമായി പിണങ്ങി ഡൽഹിയിലേക്ക്. മോഡൽ ആകാനുള്ള പരിശ്രമം പതിയെപ്പതിയെ വിജയിച്ചു. ബ്രഡും അച്ചാറും മാത്രം കഴിച്ച്, ഷെയർ ബെഡിൽ കഴിഞ്ഞ നാളുകൾ. സിനിമയിൽ ഒരു കൈ നോക്കാൻ അതിനിടെ മുംബൈയിലേക്ക്. ഗോഡ് ഫാദറില്ല, വീട്ടുകാരുടെ പിന്തുണയില്ല. മോഡലിങ്ങിൽ നിന്നു മിച്ചംപിടിച്ച കാശുമായി ഏതാനും നാളത്തെ അഭിനയപരിശീലനം. പിന്നെ അവസരങ്ങൾക്കുള്ള ശ്രമം. ഒടുവിൽ 19ാം വയസ്സിൽ ആദ്യ ചിത്രം ഗാങ്സ്റ്റർ (2006).

പക്ഷേ, അതിനിടയിൽ കുടിച്ചുതീർത്തത് യാതനയുടെ കടുംകയ്പാണ്. ‘രക്ഷകൻ’ ആയി എത്തിയയാൾ മകളെക്കാൾ പ്രായം കുറഞ്ഞ അവളെ പലതരത്തിൽ പീഡിപ്പിച്ചു. ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ച് അയാൾ അപ്പാർട്മെന്റിന്റെ കതകുതുറക്കും മുൻപേ ജനൽ വഴി ചാടി അവൾ തെരുവിലേക്കോടി. വഴിയിൽ കിടന്നുറങ്ങി. അയാളുടെ ഭാര്യയോടു സങ്കടം പറഞ്ഞുനോക്കി, രക്ഷയുണ്ടായില്ല. ലൈംഗിക, ശാരീരിക പീഡനങ്ങളിൽ വീണുപോയ നാളുകൾക്കൊടുവിൽ രണ്ടും കൽപിച്ച് പൊലീസിൽ പരാതി കൊടുത്തു. കഥയിലെ വില്ലൻ ആദിത്യ പാഞ്ചോളിയുടെ പേര് ഇപ്പോൾ എല്ലാവർക്കുമറിയാം. പ്രായപൂർത്തിയാകും മുൻപേ ഉള്ളിലേറ്റ മുറിവുകൾ കങ്കണയെ കരിച്ചുകളഞ്ഞില്ല.
രംഗോലി മറ്റൊരു ഉയർത്തെഴുന്നേൽപിന്റെ കഥയാണ്. എൻജിനീയറിങ്ങിനു പഠിക്കുമ്പോൾ 22ാം വയസ്സിൽ, പ്രണയാഭ്യർഥന നിരസിച്ചതിന് അവൾക്കു നേരിടേണ്ടി വന്നത് ആസിഡ് ആക്രമണം. ഒപ്പമുണ്ടായിരുന്ന കങ്കണയെ തല്ലിച്ചതച്ചു റോഡിലിട്ടു. 5 വർഷത്തിനിടെ രംഗോലിക്ക് അൻപതിലേറെ ശസ്ത്രക്രിയകൾ. എങ്കിലും ഒരു ചെവിയെ രക്ഷിച്ചെടുക്കാനായില്ല. സൗന്ദര്യം കൈവിട്ടുപോയി. ദേഹത്തെല്ലായിടത്തും ഗ്രാഫ്റ്റ് ചെയ്തുവച്ച ത്വക്ക്. രാവും പകലും മോഡലിങ് ജോലികൾ ചെയ്തും ചെറിയ റോളുകളിൽ അഭിനയിച്ചും ചേച്ചിയുടെ ചികിത്സയ്ക്കായി കങ്കണ ഓടിനടന്നു. നാളുകൾ പിന്നിട്ടപ്പോൾ രംഗോലി ഛന്ദേലിനു കുടുംബമായി ഒപ്പം ഒരു ജോലി കൂടി; കങ്കണയുടെ മാനേജർ.
ഋതിക് റോഷൻ വിവാദവും ആസ്പെഗർ രോഗവും

ശരിക്കും ഋതിക്കും കങ്കണയും പ്രേമത്തിലായിരുന്നോ ? ഒന്നും പിടികിട്ടാത്ത വഴിക്കണക്കു പോലെ ആ ചോദ്യം അങ്ങനെ കിടക്കുന്നു. പ്രേമമായിരുന്നെന്നു കങ്കണയും അല്ലെന്നു ഋതിക്കും ഏറെ ശക്തിയിൽ പറയുന്നു. ഋതിക്കും ഭാര്യ സൂസെയ്നുമായി വേർപിരിയാൻ കാരണം കങ്കണയാണെന്നു വരെ വാർത്തകളുണ്ടായി. കങ്കണയാകട്ടെ തങ്ങൾ പ്രേമത്തിലാണെന്നു തുറന്നടിക്കുകയും ചെയ്തു. അവർ തനിക്ക് 3000 ഇമെയിലുകൾ അയച്ചതല്ലാതെ വേറൊന്നും അറിയില്ലെന്നു പറഞ്ഞു ഋതിക് മാനനഷ്ടക്കേസ് കൊടുത്തു.

നടന്റെ മെയിലിൽ നിന്നു വന്ന കത്തുകൾ പരസ്യമാക്കിയായിരുന്നു കങ്കണയുടെ മറുപടി. വ്യാജ മെയിലിൽ നിന്ന് ആരോ അയച്ചതാണ് അവയെല്ലാമെന്നു ഋതിക്. ഇപ്പോഴും അതു കടങ്കഥ തന്നെ. അതിനിടെ, കങ്കണയുടെ മെയിലുകളിലൊന്നിൽ ആസ്പെഗർ രോഗത്തെ കുറിച്ചു പരാമർശിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയായി അടുത്ത വിവാദം. ഔചിത്യത്തോടെ, ഓരോ സമയത്തിനും അനുയോജ്യമായ രീതിയിൽ സമൂഹത്തിൽ ഇടപെടാൻ സാധിക്കാത്ത മാനസിക, ബൗദ്ധിക അവസ്ഥയാണ് ആസ്പെഗർ എന്നു ചുരുക്കിപ്പറയാം. കങ്കണയ്ക്കു മാനസിക പ്രശ്നമുണ്ടെന്ന കളിയാക്കലുകളായി പിന്നീട്. അതിനിടെ, മുൻ കാമുകൻ ആധ്യായൻ സുമന്റെ വീട്ടുകാർ മറ്റൊരു ആരോപണം കൂടി ഉന്നയിച്ചു – ദുർമന്ത്രവാദം വശമുണ്ടെന്ന്!
മണികർണിക, കരൺ, ആലിയ
ഝാൻസി റാണിയുടെ കഥ പറയുന്ന ‘മണികർണിക’ ഷൂട്ടിങ് കുറച്ചു പിന്നിട്ടപ്പോൾ ഡയറക്ടർ ക്രിഷും കങ്കണയുമായി വഴക്ക്. ഒട്ടും മടിച്ചില്ല, ക്രിഷിനെ ഒഴിവാക്കി സംവിധാനം സ്വയം ഏറ്റെടുത്തു, കങ്കണ. സിനിമ പുറത്തിറങ്ങിയപ്പോൾ വിമർശകർ ഉൾപ്പെടെ കയ്യടിച്ചു. അതിനിടെ കങ്കണ ആഞ്ഞടിച്ചു, ‘‘ മറ്റു നടിമാരുടെ നല്ല അഭിനയം കണ്ടാൽ ഞാൻ അഭിനന്ദിക്കും. ഋതിക് റോഷൻ സംഭവത്തിനു ശേഷം ഞാനിവിടെ ഉണ്ടെന്ന ഭാവംപോലും നടിമാർ കാണിക്കുന്നില്ല. ആലിയ ഭട്ട് മികച്ച നടിയാണ്. പക്ഷേ, കരൺ ജോഹറിന്റെ പാവയാണ് അവർ. നട്ടെല്ലില്ലാത്ത കൂട്ടം’’. പിന്നെ ആലിയയുടെ മറുപടിയായി, മറ്റു നടിമാരുടെ ട്വീറ്റുകളായി അടുത്ത വിവാദം. ഏതായാലും നടി വിദ്യാ ബാലൻ പരസ്യമായി തന്നെ മണികർണികയ്ക്കു സല്യൂട്ടേകി. ബോളിവുഡിലെ വമ്പന്മാർ കാട്ടുന്ന എല്ലാ കൊള്ളരുതായ്മയ്ക്കും കൊടി പിടിക്കുന്നതു കരൺ ആണെന്നും സ്വജനപക്ഷപാതത്തിന്റെ തലതൊട്ടപ്പനാണു കരണെന്നും കങ്കണ പരസ്യമായി പറഞ്ഞതു പലവട്ടമാണ്.
പുൽവാമ, ഷബാന
100 കോടി ക്ലബിൽ കയറിയ മണികർണികയുടെ ആഘോഷം പുൽവാമ ആക്രമണത്തെ തുടർന്ന് കങ്കണ റദ്ദാക്കി. നടി ഷബാന ആസ്മിയും ഭർത്താവും കവിയുമായ ജാവേദ് അക്തറും കറാച്ചിയിൽ സാംസ്കാരിക പരിപാടിയിൽ പോകാനിരുന്നതിനെ കണക്കറ്റ് വിമർശിച്ച കങ്കണ, ഷബാനയെ ആന്റി നാഷനൽ എന്നു വിളിച്ചതോടെയാണു കമന്റുകളിലെ പൊളിറ്റിക്സിലേക്കു രാജ്യത്തിന്റെ ശ്രദ്ധ തിരിയുന്നത്. ഷബാനയും ജാവേദും കറാച്ചി പ്രോഗ്രാം ഒഴിവാക്കിയെങ്കിലും, ക്ഷണം സ്വീകരിച്ചതു പോലും ശരിയായില്ലെന്നു പറഞ്ഞു കങ്കണ ആഞ്ഞടിച്ചു. എങ്കിലും അതു ദേശസ്നേഹത്തിന്റെ വിപ്ലവവീര്യമായേ സമൂഹമാധ്യമങ്ങൾ കരുതിയുള്ളൂ. എന്നാൽ, പിന്നീടിങ്ങോട്ട് പല ട്വീറ്റുകളും ന്യൂനപക്ഷത്തെ കണക്കറ്റു കളിയാക്കിയതോടെ പലർക്കും സംശയമായി– എന്തുപറ്റി കങ്കണയ്ക്ക്? സംവിധായകൻ സുഭാഷ് ഝാ എഴുതിയതുപോലെ – പെട്ടെന്നു മൂഡ് മാറുന്ന, ഇഷ്ടമില്ലാത്ത എന്തെങ്കിലുമുണ്ടായാൽ ചുറ്റുപാടു നോക്കാതെ പൊട്ടിത്തെറിക്കുന്ന, എല്ലാവരോടും വഴക്കിടുന്ന കങ്കണയെ പക്ഷേ ആർക്കും സ്ഥായി ആയി വെറുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, പിന്നീട് ഒരാവശ്യവുമില്ലാതെ അവർ പലരുടെയും പേരെടുത്തുപറഞ്ഞ് അപമാനിക്കുന്നതു കണ്ടപ്പോൾ തോന്നിപ്പോയി – എനിക്കു പരിചയമുള്ള കങ്കണയേ അല്ല ഇതെന്ന്.’’
സുശാന്തും മഹാരാഷ്ട്ര സർക്കാരും രാഷ്ട്രീയ പിന്നാമ്പുറങ്ങളും
നടൻ സുശാന്ത് സിങ് രാജ്പുത് ദുരൂഹസാഹചര്യത്തിൽ മരിച്ചതിനു പിന്നാലെ, ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ ആഞ്ഞടിച്ച് കങ്കണ രംഗത്തെത്തി. അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ചാനലിലൂടെ കങ്കണ പുറത്തുവിട്ടത് സിനിമയുടെ തിളക്കത്തിനു പിന്നിലുള്ള വേർതിരിവിന്റെ ചിത്രം. അവരുടെ വാക്കുകൾ ഏറെ ചർച്ചയാകുകയും ചെയ്തു. എന്നാൽ, മഹാരാഷ്ട്ര സർക്കാരിനെയും മുംബൈ പൊലീസിനെയും കാരണമില്ലാതെ അധിക്ഷേപിച്ചതോടെ വിവാദത്തിനു രാഷ്ട്രീയഛായ കൂടുതലായി. മുംബൈ പാക്ക് അധിനിവേശ കശ്മീരിനെപ്പോലെയാണെന്ന പരിഹാസം അതിരുകൾ ലംഘിച്ചതോടെ പോര് മഹാരാഷ്ട്ര സർക്കാരും കേന്ദ്രവും തമ്മിലായി. കങ്കണയുടെ മുംബൈയിലെ ഫ്ലാറ്റിൽ അനധികൃതമായി നിർമിച്ചെന്ന് ആരോപിക്കപ്പെടുന്ന ഭാഗം പൊളിച്ചതോടെ പോരാട്ടം മുറുകി. കങ്കണയ്ക്ക് കേന്ദ്രം വൈപ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ചു. ഇതിനിടെ ബാബർ സേനയെന്നു പേരെടുത്തുവിളിച്ചുള്ള അവഹേളനങ്ങളായി കങ്കണയുടെ ട്വീറ്റിൽ. വിഷാദരോഗത്തെക്കുറിച്ചുള്ള വിവാദപരാമർശവും കർഷകസമരത്തെ ‘തീവ്രവാദികളുടെ ബഹളം’ എന്ന അധിക്ഷേപവും താണ്ഡവ് സീരീസിൽ ദൈവങ്ങളെ അപമാനിച്ചവരുടെ തലവെട്ടണമെന്ന ആഹ്വാനവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പില്ലാതെ തന്നെ തുടർച്ചയായി ഭരണമേൽപ്പിക്കണമെന്ന നിർദേശവും – അങ്ങനെ ഒന്നിനുപിന്നാലെ ഒന്നായി ട്വീറ്റുകൾ, വിവാദങ്ങൾ.
ആർക്കുവേണ്ടി കെട്ടുന്ന വേഷം?
കഴിവിന്റെ കാര്യത്തിൽ കങ്കണയ്ക്ക് എ പ്ലസ് തന്നെയാണു മാർക്ക്. ജയലളിതയുടെ കഥ പറയുന്ന തലൈവി എന്ന ചിത്രം, പോസ്റ്റർ കൊണ്ടു തന്നെ ആരാധകരുടെ ഹൃദയം കവർന്ന ധാക്കഡ് – 3 വട്ടം ദേശീയ അവാർഡ് നേടിയ സൂപ്പർ നടിയുടെ വരും സിനിമകളും ഹിറ്റ് ആകുമെന്നുറപ്പ്. പക്ഷേ, ഒരു വിഭാഗത്തെയാകെ വെറുപ്പിച്ച്, പലയിടത്തും വഴക്കടിച്ച്, കങ്കണ–രംഗോലി പട്ടാളം എന്തു ചെയ്യാനാണു തീരുമാനിച്ചിട്ടുള്ളതെന്ന ചോദ്യം ബാക്കി. വെല്ലുവിളികളോടും പ്രതിബന്ധങ്ങളോടും കലഹിച്ച്, എതിർപ്പുകളെ അതിജീവിച്ച്, ആൺകോയ്മയുടെയും സ്തുതിപാഠങ്ങുടെയും മുഖത്തു തുപ്പി വളരുന്ന കങ്കണയെ കാണാനാണ് ഇഷ്ടം. അതിനായുള്ള യുദ്ധങ്ങളിലെല്ലാം കയ്യടിക്കുകയും ചെയ്യാം. പക്ഷേ, മതവിദ്വേഷത്തിന്റെ വിത്തെറിയുന്ന, സമൂഹത്തെ വിഭജിക്കാൻ വാളോങ്ങുന്ന റാണിയെ, അംഗീകരിക്കാൻ പ്രയാസമുണ്ട്. കേന്ദ്രസർക്കാരിന്റെ പിന്തുണയോടു കൂടിയുള്ള മുന്നേറ്റമാകാം കങ്കണയുടെ ലക്ഷ്യം. ആരെ വെറുപ്പിച്ചാലും ഭരണം കയ്യിലുള്ളവരുടെ സ്വന്തം ആളാകുമ്പോൾ അവസരങ്ങൾ തേടിയെത്തുമെന്ന ഉറപ്പ്. സുരക്ഷിതയാണെന്ന ആത്മവിശ്വാസം. അതൊക്കെയാണോ കങ്കണയെ നയിക്കുന്നത്?
സ്വന്തം രാഷ്ട്രീയത്തിൽ ഉറച്ചു നിന്ന്, അതിനനുസരിച്ച നിലപാടെടുക്കുന്നത് തീർച്ചയായും ശരി തന്നെ. എന്നാൽ, ധാർഷ്ട്യമെന്നും താൻ മാത്രമാണു ശരിയെന്ന അസഹിഷ്ണുതയെന്നും വ്യാഖ്യാനിക്കാവുന്ന അഭിപ്രായപ്രകടനങ്ങളിലൂടെ ന്യൂനപക്ഷത്തെ കൊച്ചാക്കുന്നതിനെ ന്യായീകരിക്കാനാകില്ല. അതു മാത്രമല്ല, തന്റെ ഭാഗം വെറുപ്പുകലരാത്ത ഭാഷയിൽ ശക്തമായിത്തന്നെ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഇവിടെയുണ്ടല്ലോ. നാളെ രാഷ്ട്രീയമാകുമോ കങ്കണയുടെ മനസ്സിൽ? പേഴ്സനൽ ഈസ് പൊളിറ്റിക്കൽ എന്നു പലവട്ടം അവർ തന്നെ പറഞ്ഞിട്ടുണ്ട്. രാജ്യത്തെ സംഭവങ്ങളോടു മുഖം തിരിക്കാനാകില്ലെന്നും പൗരൻ എന്ന നിലയിൽ അനീതികൾക്കെതിരെ പടപൊരുതുമെന്നും അഭിമുഖങ്ങളിലും വ്യക്തമാക്കുന്നു. രാഷ്ട്രീയപ്രവേശനത്തിനുള്ള തറയൊരുക്കലാണ് ഇതെങ്കിൽ– അപ്പോഴും ആശിക്കട്ടെ, പലരാണ്, പലതാണ് ഇന്ത്യ എന്ന തിരിച്ചറിവുണ്ടാകട്ടെ എന്ന്. വിദ്വേഷത്തിൽ കെട്ടുപോകാതെ ഇനിയുമിനിയും തെളിഞ്ഞു കത്തുന്ന റാണിയായി തുടരാനാകട്ടെ എന്ന്.