‘കുറുപ്പ്’ മുതൽ ‘ബറോസ്’ വരെ; ഇത് ‘സേതു ശിവാനന്ദൻ കൺസപ്റ്റ്സ്’

Mail This Article
മലയാളികളുടെ പ്രിയനടൻ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് സിനിമാലോകവും ആരാധകരും വളരെ ആവേശത്തോടെയാണ് കാണുന്നത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്ററിലെ ക്യാരക്ടറിൽ ബറോസ് ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ ഇത് വിഭാവനം ചെയ്തത് ഒരു മലയാളിയാണ്. കൊല്ലം ഓച്ചിറ സ്വദേശി സേതു ശിവാനന്ദൻ.

ഹോളിവുഡിലും ബോളിവുഡിലും കോടികൾ മുടക്കി ചെയ്യുന്ന പ്രോസ്തെറ്റിക്സ് മേക്കപ്പ് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. ഇതിന് പരിഹാരമാവുകയാണ് സേതുവിന്റെ പുതിയ സംരംഭം. ക്യാരക്ടർ കൺസപ്റ്റ്സ് ആർട്ടിനൊപ്പം പ്രോസ്തെറ്റിക്സ് മേക്കിങ് കൂടി നിർവഹിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോയാണ് കായംകുളത്ത് ആരംഭിച്ചിരിക്കുന്ന 'സേതു ശിവാനന്ദൻ കൺസപ്റ്റ്സ്’. ചെറിയ ചെറിയ കാര്യങ്ങൾ വളരെ പ്രാധാന്യം കൊടുക്കുന്ന ആളാണ് മോഹൻലാലെന്ന് സേതു പറയുന്നു. ചെറിയ ഡീറ്റെയിൽസും കണ്ട് പിടിച്ച് മാറ്റം ഉണ്ടെങ്കിൽ അത് പറയും.

അധികമാരും പറഞ്ഞു കേൾക്കാത്ത ക്യാരക്ടർ കൺസപ്റ്റ്സ് ആർട്ട് മേഖലയിലാണ് സേതുവിന്റെ കരവിരുത്. 2008 ബിഎസ്എ പഠിച്ച സമയത്താണ് സേതു സിനിമയിൽ എത്തുന്നത്. യുഗപുരുഷൻ എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്യാൻ. പിന്നീടാണ് പണ്ട് പഠിച്ച ഗ്രാഫിക്സ് ഡിസൈനിങും അനിമേഷനും സേതുവിന്റെ രക്ഷയ്ക്കെത്തുന്നത്. 2012ൽ അർദ്ധനാരി സിനിമയുടെ സമയത്ത് പട്ടണം റഷീദിനെ പരിചയപ്പെട്ടു. വിജയരാഘവന്റെ 90 വയസ്സിലെ സെക്ച്ച് ചെയ്യാനായിരുന്നു സേതുവിന് കിട്ടിയ നിർദേശം. അത് മനോഹരമായി പൂർത്തിയാക്കിയതോടെ അടുത്ത പടവും കിട്ടി. പത്തേമാരി. അതാണ് സേതുവിന്റ കരിയറിലെ ബ്രേക്ക് ആയിമാറിയത്. ആദ്യം മേക്കപ്പ് ആർട്ടിസ്റ്റുകളാണ് ഇത്തരം വർക്കുകൾക്ക് വിളിച്ചിരുന്നത്. ഇപ്പോൾ സംവിധായകരും ഇതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നു. ഒടിയനിൽ തുടങ്ങി ബറോസ്, ട്വൽത്ത് മാൻ, എലോൺ തുടങ്ങിയ മോഹൻലാലിന്റെ പ്രോജക്ടുകളുടെയെല്ലാം കഥാപാത്രങ്ങളുടെ രൂപഭാവം സേതുവാണ് കണ്ടെത്തിയത്.
ദിവസങ്ങളുടെ അധ്വാനവും പരിശ്രമവും കൊണ്ടേ പ്രോസ്തെറ്റിക്സ് മേക്കപ്പ് പൂർത്തീകരിക്കാൻ കഴിയൂ. വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കളാണ് ഇതിന് ഉപയോഗിക്കുന്നത്. കൃത്യമായ ആസൂത്രണവും ക്ഷമയുമാണ് ഏറ്റവും വലിയ മുതൽ മുടക്ക്. സംവിധായകനോ തിരക്കഥാകൃത്തോ മനസ്സിൽ കാണുന്നത് തന്റെ കരവിരുതിലൂടെ അവർക്ക് മുന്നിൽ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഏതൊരു പ്രോസ്തെറ്റിക് ആർട്ടിസ്റ്റിന്റെയും മുന്നിലെ വെല്ലുവിളി. മലയാളത്തിൽ ആടുജീവിതത്തിനും സേതു പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ അന്യഭാഷകളിലെല്ലാം 'സേതൂസ് കൺസപ്ട്സ്' ഭാഗമായിക്കഴിഞ്ഞു. ഇത് കൂടാതെ മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് കൃത്രിമ കൈ–കാലുകളും മറ്റും നിർമിച്ച് കൊടുക്കാറുണ്ട്.