ആക്സിഡന്റല്‍ ഡയറക്ടറോ, ഞങ്ങളും ലൂസിഫര്‍ കണ്ടിട്ടുണ്ട്: പൃഥ്വിയോട് പ്രഭാസ്
Mail This Article
പൃഥ്വിരാജ് വെറുമൊരു നടൻ മാത്രമല്ല ഒരു സൂപ്പർസ്റ്റാറും, ബ്ലോക്ക് ബസ്റ്റർ സിനിമകൾ ചെയ്യുന്ന താരവും കൂടിയാണെന്ന് പ്രഭാസ്. നമ്മുടെ രാജ്യത്തിന് ഒരേയൊരു പൃഥ്വിരാജ് മാത്രമാണ് ഉള്ളതെന്നും ബഹുമുഖ പ്രതിഭയാണ് അദ്ദേഹമെന്നും പ്രഭാസ് പറഞ്ഞു. രാജമൗലി അവതാരകനായെത്തിയ അഭിമുഖത്തില്‍ പൃഥ്വിരാജിനും പ്രശാന്ത് നീലിനുമൊപ്പം സംസാരിക്കുകയായിരുന്നു പ്രഭാസ്.
‘‘നമ്മുടെ രാജ്യത്തിന് ഒരേയൊരു പൃഥ്വിരാജേ ഉള്ളൂ. വെറുമൊരു നടൻ മാത്രമല്ല അദ്ദേഹം ബ്ലോക്ക് ബസ്റ്റർ സിനിമകൾ ചെയ്യുന്ന ഒരു സൂപ്പർസ്റ്റാർ കൂടിയാണ്. പൃഥ്വിരാജ് ഒരുപാട് കാര്യങ്ങൾ ഏറെ പ്രഫഷനലായി ചെയ്യാൻ കഴിയുന്ന ആളാണ്. ഹിന്ദിയിൽ സാഹോയും രാധേശ്യാമും ചെയ്തപ്പോൾ അത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ഹിന്ദി സിനിമയും തമിഴ് സിനിമയും കാണാറുണ്ട് എന്നിട്ടുപോലും എനിക്ക് ഹിന്ദി ചെയ്യാൻ ബുദ്ധിമുട്ട് തോന്നി. പക്ഷേ പൃഥ്വിരാജ് ആദ്യമായാണ് തെലുങ്ക് സിനിമ ചെയ്യുന്നത്.
ഷൂട്ടിങ്ങിനിടെ അവസാന നിമിഷം പ്രശാന്ത് ഡയലോഗിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ ഞാൻ ചോദിക്കും സാർ അവസാന നിമിഷം ഇത് മാറ്റിയാൽ എങ്ങനെ ശരിയാകും. പക്ഷേ പൃഥ്വിരാജ് അങ്ങനെ ചോദിക്കുന്നതേ ഞാൻ കണ്ടിട്ടില്ല. ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ അദ്ദേഹം എപ്പോഴും കൂളായിരുന്നു. ഞാൻ യഥാർഥത്തിൽ പൃഥ്വിരാജുമായി പ്രണയത്തിലായി. സിനിമയിലെ നായികയായ ശ്രുതിയേക്കാൾ ഞാൻ പ്രണയിച്ചത് പൃഥ്വിരാജിനെയാണ്. അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചെറിയ ദേഷ്യം പോലും ഒരിക്കലും ഞാൻ കണ്ടിട്ടില്ല.
ഞാൻ ഇടയ്ക്ക് പ്രശാന്തിനോടു പറയും, സർ നിങ്ങൾ നീണ്ട ഡയലോഗുകൾ കൊടുത്ത് പൃഥ്വിരാജിനെ വട്ടം കറക്കുകയാണെന്ന്. തെലുങ്ക് അദ്ദേഹത്തിന് ഒരു ഫോറിൻ ഭാഷപോലെയാണ്. അദ്ദേഹം ആകെ കണ്ടിട്ടുള്ളത് ബാഹുബലി ഒന്നും രണ്ടും പോലെയുള്ള ഒന്നോ രണ്ടോ തെലുങ്ക് ചിത്രങ്ങൾ അല്ലെങ്കിൽ നാലോ അഞ്ചോ സിനിമകളായിരിക്കാം. എന്നിട്ടും അദ്ദേഹം എത്രനന്നായി ചെയ്തു.
സലാറിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ഡബ്ബിങ് വളരെ മികച്ചതാണ്. അത് എങ്ങനെ ചെയ്തുവെന്ന് എനിക്കറിയില്ല. ഡയലോഗുകൾ ഏകദേശം തൊണ്ണൂറ് ശതമാനവും തെലുങ്ക് ആയിരുന്നു. ഞാൻ ചോദിക്കും പൃഥ്വി നിങ്ങൾക്ക് എത്ര കഴിവുകളാണ് ഉള്ളത്, അഭിനയിക്കുന്നു, സംവിധാനം ചെയ്യുന്നു, നിങ്ങൾക്ക് നിരവധി ഭാഷകൾ അറിയാം, ഇംഗ്ലിഷിൽ നല്ല പ്രാവീണ്യമുണ്ട്. നിങ്ങൾക്ക് മികച്ച വിദ്യാഭ്യാസമുണ്ട്, നിങ്ങൾ വഴിതെറ്റി സിനിമ സംവിധാനത്തിലേക്ക് വന്നതല്ല അതിന്റെ തെളിവാണ് ഞങ്ങൾ കണ്ട ലൂസിഫർ.’’ –പ്രഭാസ് പറഞ്ഞു.
പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകനായ പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറില്‍ വരദരാജ മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. 200 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വി വില്ലന്‍ കഥാപാത്രത്തെയാണോ അവതരിപ്പിക്കുന്നതെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ‘വരദരാജ മന്നാർ, ദ് കിങ്’ എന്ന അടിക്കുറിപ്പോടെയാണ് പുറത്തുവിട്ട പൃഥ്വിയുടെ പോസ്റ്റർ ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. ശ്രുതി ഹാസനാണ് സലാറിലെ നായിക. ജഗപതി ബാബു, ഈശ്വരി റാവു, മധു ഗുരുസ്വാമി എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളില്‍ എത്തുന്നത്. ചിത്രം ഡിസംബർ 22ന് തിയറ്റുകളിലെത്തും.