ADVERTISEMENT

സിനിമാമേഖലയിൽ നിന്ന് വ്യക്തിപരമായി ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ല എന്ന് നടി ഗ്രേസ് ആന്റണി. ഓഡിഷൻ വഴിയാണ് താൻ സിനിമാരംഗത്തേക്ക് വന്നതെന്നും ആദ്യ സിനിമയായ ഹാപ്പി വെഡിങ്ങിലെ അഭിനയം കണ്ടിട്ടാണ് മറ്റു സിനിമകളിലേക്ക് വിളിച്ചതെന്നും ഗ്രേസ് പറയുന്നു. ചില സുഹൃത്തുക്കൾ സിനിമാമേഖലയിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ തനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ഗ്രേസ് പറഞ്ഞു.  

‘ദൈവം സഹായിച്ച് സിനിമാമേഖലയിൽ നിന്ന് എനിക്ക് ദുരനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.  എന്റെ സുഹൃത്തുക്കളിൽ ചിലർ തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങളെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്.  ഞാൻ ഓഡിഷൻ വഴിയിലാണ് ആദ്യസിനിമയായ ഹാപ്പി വെഡിങ്ങിലേക്ക് വന്നത്.  ഹാപ്പി വെഡിങ് കണ്ടിട്ടാണ് എനിക്ക് മറ്റു സിനിമകളിലേക്ക് അവസരം ലഭിച്ചത്.  എന്റെ അനുഭവത്തിൽ എനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല.  സുഹൃത്തുക്കളുടെ അനുഭവം കേട്ട് വിഷമം തോന്നിയിട്ടുണ്ട്.’ ഗ്രേസ് പറയുന്നു. 

‘തുല്യവേതനം വേണം എന്ന് എനിക്ക് പറയാൻ പറ്റില്ല.  ഒരു സിനിമ വിറ്റു പോകുന്നത് അത് ആരെ മുൻനിർത്തി എടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഒരു താരത്തെ മുൻ നിർത്തി സിനിമ എടുത്താൽ അയാൾക്ക് കൊടുക്കുന്ന പ്രതിഫലം എനിക്ക് ചോദിയ്ക്കാൻ കഴിയില്ല. പക്ഷെ മാന്യമായ പ്രതിഫലം നമുക്ക് കിട്ടണം. തുടക്ക സമയത്ത് എനിക്ക് വലിയ പ്രതിഫലം കിട്ടിയിട്ടില്ല അത് ചോദിക്കാനുള്ള അവകാശം പോലും ഇല്ലായിരുന്നു .  അന്നൊക്കെ നമ്മുടെ യാത്രാച്ചിലവും താമസസൗകര്യവും മാത്രമൊക്കെയേ കിട്ടിയിട്ടുള്ളൂ. അതൊക്കെ ഒരു പരാതിയും പറയാൻ കഴിയാത്ത രീതിയിലാണ് എനിക്ക് കിട്ടിയിട്ടുള്ളത്. എന്റെ കഴിവ് തെളിയിച്ചതിന് ശേഷമാണ് ന്യായമായ ഒരു പ്രതിഫലം ചോദിയ്ക്കാൻ എനിക്ക് കഴിഞ്ഞത്. ഏത് ജോലിയിൽ ആയാലും ഒരു കഷ്ടപ്പാടിന്റെ കാലം ഉണ്ടാകും. അത് കഴിയുമ്പോഴായിരിക്കും നല്ല പ്രതിഫലം ഒക്കെ ലഭിക്കുക. ഒരു സിനിമയ്ക്ക് വിളിക്കുമ്പോൾ നമുക്ക് സുരക്ഷയും വസ്ത്രംമാറാനും ടോയ്‌ലെറ്റിൽ പോകാനും വൃത്തിയും സുരക്ഷയും ഉള്ള സൗകര്യങ്ങൾ ഒരുക്കിത്തരേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അത് ചോദിക്കേണ്ട ആവശ്യം പോലും ഇല്ല.  പുരുഷന്മാർക്ക് എവിടെ നിന്നും ഡ്രസ്സ് മാറാം. സ്ത്രീകൾ ഉണ്ടെങ്കിൽ അവർക്ക് സൗകര്യം ചെയ്തു കൊടുക്കുക എന്നത് ഒരു കോമൺ സെൻസ് ആണ്.’ ഗ്രേസ് പറയുന്നു.     

‘ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതായി അറിഞ്ഞു പക്ഷെ അതിൽ എന്താണുള്ളതെന്ന് ഞാൻ വായിച്ചിട്ടില്ല.  ഇതിൽ ദുരനുഭവങ്ങൾ നേരിട്ടത് ആരാണെന്ന് അറിയില്ല.  അത്തരത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷണവിധേയം ആക്കേണ്ടതാണ്.  ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ എല്ലാവരെയും ഒരുപോലെ അടച്ച് ആക്ഷേപിക്കുന്ന അവസ്ഥയാണ് വരുന്നത് അതിൽ ദുഃഖമുണ്ട്. നമ്മളോട് നല്ല രീതിയിൽ പെരുമാറുന്നവരുടെ മുഖത്ത് കൂടി കരിവാരി തേക്കുന്ന അവസ്ഥയാണ് ഉള്ളത്.  സിനിമാമേഖലയിൽ ദുരനുഭവം നേരിട്ടുള്ളവർ ഉണ്ടാകാം പക്ഷെ എല്ലാരേയും ഒരുപോലെ കാണരുത് എന്നാണ് പറയാനുള്ളത്.’ ഗ്രേസ് ആന്റണി പറയുന്നു.

English Summary:

Grace Antony reacts on Hema Committee report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com