നാല്പത്തിരണ്ടിലും ഹെവി വർക്ഔട്ടുമായി നിമ്രത് കൗർ; വിഡിയോ
Mail This Article
നടി നിമ്രത് കൗറിന്റെ വർക്ഔട്ട് വിഡിയോ ശ്രദ്ധ നേടുന്നു. ''അവധി ദിവസങ്ങളിലെ വർക്ഔട്ടുകൾ ഇങ്ങനെയാണ്,'' എന്ന കുറിപ്പോടു കൂടിയാണ് നിമ്രത് കൗർ വിഡിയോയും ചിത്രങ്ങളും പങ്കുവച്ചത്. കൃത്യമായ വ്യായാമവും ജീവിതശൈലിയുമാണ് ആരോഗ്യത്തിന്റെ രഹസ്യം എന്ന് 42 വയസ്സുള്ള നിമ്രത് മുൻപ് വെളിപ്പെടുത്തിയിരുന്നു.
മോഡലായാണ് നിമ്രത് കരിയർ തുടങ്ങിയത്. 2012ൽ പുറത്തിറങ്ങിയ അനുരാഗ് കശ്യപ് സിനിമ 'പെഡ്‍ലേഴ്സ്' കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ഇതിനുശേഷം 2013ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രമായ 'ദ ലഞ്ച് ബോക്സിൽ' നടൻ ഇർഫാൻ ഖാനുമായി ചേർന്ന് അഭിനയിക്കുകയും ഈ ചിത്രത്തിലെ വേഷം നിരൂപകപ്രശംസ നേടുകയും ചെയ്തു.
‘ഡയറി മിൽക്കി’ന്റെ പരസ്യത്തിലൂടെയാണ് നിമ്രത് പ്രശസ്തയാകുന്നത്. പിന്നീടങ്ങോട്ട് കരിയറിൽ നിമ്രതിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിനിമയ്ക്കൊപ്പം തന്നെ ടെലിവിഷൻ ഷോകളിലും വെബ്സീരിസുകളിലും സജീവ സാന്നിധ്യമായി താരം.
1982ൽ രാജസ്ഥാനിലെ ഒരു സിഖ് കുടുംബത്തിലാണ് നിമ്രത് ജനിച്ചത്. ഇന്ത്യൻ ആർമിയിൽ മേജറായിരുന്ന ഭൂപീന്ദർ സിങ്ങാണ് നിമ്രതിന്റെ പിതാവ്. പിതാവ് ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നതു കൊണ്ടുതന്നെ വിവിധയിടങ്ങളിലായിരുന്നു നിമ്രതിന്റെ ബാല്യകാലം. 1994ൽ പിതാവ് ഭൂപീന്ദർ സിങ്ങിനെ കശ്മീർ ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. പതിനൊന്നു വയസ്സായിരുന്നു അന്ന് നിമ്രതിന്റെ പ്രായം. തുടർന്ന് അമ്മ അവിനാശ് കൗർ, സഹോദരി റുബിന കൗർ എന്നിവർക്കൊപ്പം നിമ്രത് നോയിഡയിലേക്കു താമസം മാറി.
നോയിഡയിലെ ഡൽഹി പബ്ലിക് സ്കൂൾ, ശ്രീറാം കോളജ്, ഡൽഹി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു നിമ്രതിന്റെ വിദ്യാഭ്യാസം. മോഡലിങ്ങിനൊപ്പം നാടകത്തിലും തുടക്കം മുതൽ നിമ്രത് താൽപര്യം പ്രകടിപ്പിച്ചിരുന്നു. 2004ൽ കുമാർ സാനുവിന്റെയും ശ്രേയ ഘോഷാലിന്റെയും മ്യൂസിക് വിഡിയോയിൽ അഭിനയിച്ചതോടെയാണ് സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നത്. 2013ൽ ഇർഫാൻ ഖാൻ നായകനായെത്തിയ ‘ലഞ്ച് ബോക്സി’ലെ അഭിനയത്തിലൂടെ നിമ്രത് കൗർ ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടി.