മനുഷ്യാവസ്ഥകളെപ്പറ്റി സംസാരിച്ച ചലച്ചിത്രകാരൻ; ശ്യാം ബെനഗൽ എന്ന പ്രതിഭ
Mail This Article
മനുഷ്യജീവിതമെന്ന ലെൻസിലൂടെ ചരിത്രത്തെ വായിച്ചെടുത്ത ചലച്ചിത്രകാരനാണ് കാലത്തിന്റെ തിരശ്ശീലയ്ക്കു പിന്നിൽ മറഞ്ഞത്. ഇന്ത്യയുടെ ഗ്രാമജീവിതത്തെ പശ്ചാത്തലമാക്കി, ചരിത്രത്തെയും മനുഷ്യനെയും നിശിതശ്രദ്ധയോടെ അവതരിപ്പിച്ചാണ് ശ്യാം ബെനഗൽ ഇന്ത്യൻ സമാന്തര സിനിമയുടെ ചരിത്രത്തിൽ തന്റെ പേരു കൂടി എഴുതിച്ചേർത്തത്. റിയലിസ്റ്റിക് സിനിമകളും ചരിത്രസിനിമകളും കുട്ടികൾക്കായുള്ള സിനിമകളുമടക്കം ആഖ്യാനത്തിലും പ്രമേയത്തിലും തികഞ്ഞ വൈവിധ്യം പുലർത്തിയപ്പോൾത്തന്നെ, ബെനഗലിന്റെ സിനിമകൾ സംസാരിച്ചത് മനുഷ്യാവസ്ഥകളെപ്പറ്റിയാണ്.
ചുറ്റുമുള്ളതിനെയൊക്കെ, മനുഷ്യരെയും പ്രകൃതിയെയും സമൂഹത്തെയുമടക്കം, ദൃശ്യങ്ങളാക്കാനുള്ള ത്വര ശ്യാം ബെനഗലിന്റെ ചോരയിലുള്ളതായിരുന്നു. ഫൊട്ടോഗ്രഫറായിരുന്നു അച്ഛൻ ശ്രീധർ ബെനഗൽ. പന്ത്രണ്ടാം വയസ്സിൽ അച്ഛന്റെ ക്യാമറയിലാണ് ശ്യാം ആദ്യ സിനിമയെടുക്കൽ പരീക്ഷണം നടത്തിയത്. പിന്നീടു സാമ്പത്തിക ശാസ്ത്രം പഠിച്ചു. അതിനു ശേഷം ബോംബെയിലെ ഒരു പരസ്യക്കമ്പനിയിൽ പരസ്യവാചകമെഴുത്തുകാരനായി. പിന്നീട് അതിന്റെ ക്രിയേറ്റീവ് ഡയറക്ടർ വരെയെത്തി. അപ്പോഴും ഉള്ളിൽ സിനിമയുണ്ടായിരുന്നു. ആദ്യമെടുത്തത് ഒരു ഡോക്യുമെന്ററിയായിരുന്നു; ഗുജറാത്തി ഭാഷയിൽ – ഘേർ ബേത്താ ഗംഗ. അതിനു ശേഷം ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും ചെയ്തു.
പിന്നീടാണ് അക്കാല തവതരംഗ സിനിമയിൽ ബെനഗലിനെ അടയാളപ്പെടുത്തിയ ‘അങ്കുർ’ വരുന്നത്. 1934ൽ, തന്റെ ആദ്യ ഫീച്ചർ സിനിമയെടുക്കുമ്പോൾ 39 വയസ്സായിരുന്നു അദ്ദേഹത്തിന്. പിന്നാലെ നിഷാന്ത്, മന്ഥൻ, ഭൂമിക എന്നീ ചിത്രങ്ങളും പുറത്തു വന്നതോടെ അക്കാലത്ത് ഇന്ത്യയിലെ നവതരംഗ സിനിമയുടെ തുടക്കക്കാരിലൊരാളായി ബെനഗൽ കണക്കാക്കപ്പെട്ടു.
മുംബൈയും ഡൽഹിയും അടക്കമുള്ള നഗരങ്ങളും ബെനഗൽ സിനിമകളിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഗ്രാമീണ ജീവിതത്തിലാണ് അദ്ദേഹം തന്റെ സിനിമകളുടെ ജീവിതപരിസരം കണ്ടെത്തിയത്. അവയെ പശ്ചാത്തലമാക്കി ഇന്ത്യൻ ചരിത്രത്തിന്റെ സഞ്ചാരവഴികൾ ആ സിനിമകളിൽ പ്രത്യക്ഷപ്പെടുന്നു. ആദ്യ ചിത്രമായ ‘അങ്കുർ’ മുതൽ ഇതു കാണാം. പ്രണയവും കാമവും ഹിംസയും അധികാരത്തോടുള്ള ആസക്തിയും അതിന്റെ ക്രൗര്യവുമെല്ലാം ബെനഗൽ സിനിമകളിലുണ്ട്.
ശ്യാം ബെനഗൽ യാത്രയാകുമ്പോഴും തിരശീലയിൽ അദ്ദേഹമെഴുതിയ മനുഷ്യകഥാനുഗായികളായ സിനിമകൾ ഗാഢമായ ചരിത്രബോധം കൊണ്ടും ആഴമുള്ള ജീവിതാവബോധം കൊണ്ടും പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു.