അമ്മയ്ക്ക് തീയറ്ററിൽ വരാനാകില്ല, അത് മാത്രമാണ് സങ്കടം; മോഹൻലാൽ
Mail This Article
ബറോസ് സിനിമ അമ്മയെ തീയറ്ററിൽ കാണിക്കാൻ സാധിക്കാത്തതിന്റെ വിഷമം പങ്കുവച്ച് മോഹൻലാൽ. അമ്മയ്ക്ക് സുഖമില്ല. തീയറ്ററിൽ പോയി സിനിമ കാണാനാകില്ല. അതിൽ സങ്കടമുണ്ട്. പക്ഷെ, എങ്ങനെയും സിനിമ അമ്മയെ കാണിക്കും എന്ന് മോഹൻലാൽ പറഞ്ഞു.
മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ചേർന്നു മനോരമ നല്ലപാഠത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ബറോസും ആയിരം കുട്ടികളും’ ചിത്രരചനാ മത്സരത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘'അമ്മയ്ക്കു സുഖമില്ല. തിയറ്ററിൽ കൊണ്ടുപോയി ത്രീഡി കണ്ണട വച്ച് ഈ ചിത്രം കാണിക്കാൻ പറ്റില്ലെന്ന സങ്കടമുണ്ട്. അമ്മയെ ബറോസിലെ പാട്ടുകളൊക്കെ കേൾപ്പിച്ചു. ഞാൻ ആദ്യമായി സംവിധാനം ചെയ്യാൻ പോകുകയാണെന്ന് അമ്മയ്ക്ക് അറിയാം. അമ്മയുടെ അനുഗ്രഹം എന്നോടൊപ്പമുണ്ടാകും''– സിനിമ സംവിധാനം ചെയ്യുന്ന കാര്യം അറിയിച്ചപ്പോൾ അമ്മയുടെ പ്രതികരണത്തെപ്പറ്റി കുട്ടികളുടെ ചോദ്യത്തിനു നടൻ മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
കുട്ടികളുടെ കൗതുകച്ചോദ്യങ്ങളോടുള്ള മറുപടിയിൽ മോഹൻലാലിൻറെ കുട്ടിക്കാലവും, പത്താം ക്‌ളാസിലെ മാർക്കും, കുസൃതികളുമെല്ലാം വിഷയമായി.