വിചിത്ര പോസ്റ്റുമായി പാർവതി തിരുവോത്ത്; ഇത് ഗീതു മോഹൻദാസിനെ ഉദ്ദേശിച്ചെന്ന് ആരാധകർ
Mail This Article
അഭിനേത്രിയും സംവിധായികയുമായ ഗീതു മോഹൻദാസിനെ സമൂഹമാധ്യമത്തിൽ പാർവതി തിരുവോത്ത് ‘അൺഫോളോ’ ചെയ്തുവെന്ന തരത്തിൽ ചർച്ചകൾ സജീവമാകുന്നു. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ ടീസർ വിവാദമായ സാഹചര്യത്തിലാണ് ഈ നീക്കമെന്നാണ് സൂചന. പാർവതി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ ചിത്രവും ‘ടോക്സിക്’ സിനിമയുമായി ബന്ധപ്പെട്ട പ്രതികരണമായാണ് ആരാധകർ വിലയിരുത്തുന്നത്. ചിത്രത്തിനു താഴെയുള്ള കമന്റുകളിലും നിറയുന്നത് ഗീതു മോഹൻദാസിന്റെ വിവാദ സിനിമയാണ്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടോക്സിക് സിനിമയുടെ പ്രൊമോയിൽ നായകനായ യഷ് സ്ത്രീകളെ എടുത്ത് ഉയർത്തുന്നതും, അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുമുണ്ട്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഇതിനെത്തുടർന്നാണ് ചർച്ചകൾ സജീവമായത്.
കണ്ണിന്റെ സ്റ്റിക്കർ ചുണ്ടിൽ വച്ചുകൊണ്ട് താടിക്ക് കയ്യും കൊടുത്തിരിക്കുന്ന ചിത്രമാണ് പാർവതി തിരുവോത്ത് പങ്കുവച്ചത്. ഇതിനു താഴെ പലതരത്തിലുള്ള വ്യാഖ്യാനങ്ങളുമായി ആരാധകരെത്തി. ‘കണ്ടതു പറയും’ എന്നാണ് പാർവതി ഉദ്ദേശിച്ചതെന്നും ഗീതു മോഹൻദാസ് വിഷയത്തിലെ നിലപാടാണ് ഇതെന്നും പലരും പ്രതികരിച്ചു. അതിനിടെയാണ് സമൂഹമാധ്യമത്തിൽ താരം ഗീതു മോഹൻദാസിനെ അൺഫോളോ ചെയ്തതും.
കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമർശിച്ച വ്യക്തി ഒരുക്കിയ സിനിമയിൽ നായകൻ തന്നെ സ്ത്രീവിരുദ്ധതയെ ആഘോഷിക്കുകയാണെന്നാണ് ഗീതുവിനെതിരെ ഉയരുന്ന വ്യാപക വിമർശനം. സംവിധായകൻ നിതിൻ രഞ്ജി പണിക്കർ ഇക്കാര്യം ചൂണ്ടിക്കാട്ടി പരസ്യമായി രംഗത്തെത്തിയിരുന്നു.
"സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന 'ആൺനോട്ട'ങ്ങളിലാത്ത, 'കസബ'യിലെ 'ആൺമുഷ്ക്ക്' മഷിയിട്ടു നോക്കിയാലും കാണാൻ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം. ''SAY IT SAY IT'' എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോൾ 'അവരുടെ' സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി?" എന്നായിരുന്നു നിതിന്റെ പ്രതികരണം. ഈ വിഷയത്തിൽ പാർവതി തിരുവോത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും താരം പ്രതികരിച്ചില്ല.