വേറെ ഏത് ഇൻഡസ്ട്രിയിലുണ്ട് ഇതുപോലൊരു കൂട്ടുകാര്‍: മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രശംസിച്ച് ഫറ ഷിബ്‌ല

Mail This Article
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മനോഹരമായ സൗഹൃദം നമുക്കേവർക്കും പ്രചോദനമാണെന്ന് നടി ഫറ ഷിബ്‌ല. മറ്റൊരു ഇൻഡസ്ട്രിയിലും സൂപ്പർ താരങ്ങൾ തമ്മിൽ ഇങ്ങനെയൊരു ഒത്തൊരുമ കാണാനാകില്ലെന്നും നടി പറയുന്നു.
‘‘ലാലേട്ടൻ മമ്മൂക്കയ്ക്കു വേണ്ടി വഴിപാട് നടത്തിയെന്ന വാർത്ത വലിയ സന്തോഷമാണ് നൽകിയത്. ഇരുവരുടെയും ഈ മനോഹരമായ കൂട്ടുകെട്ടിനെ പ്രശംസിക്കുന്നതിനുവേണ്ടിയാണ് ഈ വിഡിയോ. മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകളും കഥാപാത്രങ്ങളും സംഭാഷണങ്ങളുമൊക്കെയാണ് നമ്മുടെ കുട്ടിക്കാല ഓര്‍മകൾപോലും.
അവർ നമ്മുടെ ജീവിതത്തിന്റെ തന്നെ വലിയ ഭാഗമാണ്. അതവർ തിരിച്ചറിയുന്നുണ്ടോ എന്നറിയില്ല. മറ്റു പല ഇൻഡസ്ട്രികളിലും ഇതുപോലുള്ള വലിയ താരങ്ങൾ ഒരുമിച്ചൊരു വേദി പങ്കിടുന്നതുപോലും അപൂർവമാണ്. പക്ഷേ നമ്മുടെ ഇൻഡസ്ട്രിയിൽ അങ്ങനല്ല. ഇൻഡസ്ട്രിയുടെ നെടുംതൂണുകളായ മമ്മൂക്കയും ലാലേട്ടനും തമ്മിലുള്ള സൗഹൃദം നമുക്കൊക്കെ പ്രചോദനമാണ്. അവർ ഒന്നിച്ചുവരുന്ന വേദികൾ നമുക്കേറെ പ്രിയപ്പെട്ടതും മനോഹരവുമാണ്.
കരിയറിന്റെ ഈയൊരു സ്റ്റേജിലും ഇപ്പോഴും ഒന്നിച്ച് സിനിമ ചെയ്യുന്നവരാണവർ. ഒരാളുടെ വിജയത്തിനു വേണ്ടി പ്രാർഥിക്കുന്നതും വിജയത്തില്‍ സന്തോഷിക്കുന്നതും രണ്ടാമത്തെ ആളാണ്. എത്ര മനോഹരമല്ലേ. പ്രിയപ്പെട്ട മമ്മൂക്കാ, ലാലേട്ടാ നിങ്ങൾക്ക് എല്ലാ പ്രാർഥനകളും ആശംസകളും. ഇനിയും ഒരുപാട് കാലം നിങ്ങളുടെ ഈ സൗഹൃദം നിലനിൽക്കട്ടെ, അതു വഴി ഞങ്ങളെ പ്രകാശിപ്പിക്കാനും സാധിക്കട്ടെ.’’–ഫറ ഷിബ്‌ലയുടെ വാക്കുകൾ.