‘സ്പ്ലെൻഡർ ചതിക്കില്ല ആശാനെ, ഇതു ആ ചോപ്പറിന് ഒപ്പം എത്തും’; തരുണ്‍ മൂർത്തിയോട് രാഹുൽ മാങ്കൂട്ടത്തിൽ

Mail This Article
‘എമ്പുരാന്റെ’യും ‘തുടരും’ സിനിമയുടെയും പോസ്റ്റർ പങ്കുവച്ച് തരുൺ മൂർത്തി പങ്കുവച്ച കുറിപ്പും അതിന് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ‘‘ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്’’എന്നായിരുന്നു എമ്പുരാന്റെയും തുടരും സിനിമയുടെയും പോസ്റ്ററുകൾ പങ്കുവെച്ച് തരുൺ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഹെലികോപ്റ്ററിനു മുന്നിലൂടെ നടന്നു വരുന്ന മോഹൻലാലിനെയാണ് എമ്പുരാൻ പോസ്റ്ററിൽ കാണാനാകുക. സ്പ്ലെൻഡർ ബൈക്കിൽ പായുന്ന താരത്തെ തുടരും പോസ്റ്ററിൽ കാണാം.
തരുണിനു മറുപടിയായി ‘‘സ്പ്ലെൻഡർ ചതിക്കില്ല ആശാനെ, ഇതു ആ ചോപ്പറിന് ഒപ്പം എത്തും’’ എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മറുപടി. നിമിഷ നേരം കൊണ്ട് തന്നെ ആരാധകടക്കം ഈ പോസ്റ്റും കമന്റും ഏറ്റെടുത്തു. ഹെലികോപ്റ്റര്‍ ആയാലും സ്പ്ലെൻഡര്‍ ആയാലും രണ്ടിലും ഉള്ളത് മോഹൻലാൽ ആണെന്നും അതുകൊണ്ട് പേടിവേണ്ട എന്നായിരുന്നു ആരാധകരുടെ മറുപടി.

1993ലായിരുന്നു മിഥുനവും ദേവാസുരവും പുറത്തിറങ്ങിയത്. മിഥുനത്തിലെ മോഹൻലാൽ 'അളിയൻ ഈ വീട്ടിൽ ഇനി ഈ വീട്ടിൽ ഹലുവ കൊണ്ട് വരരുത്' എന്ന് നിസഹായനായപ്പോൾ, ദേവാസുരത്തിൽ 'ഹൃദയം നിറയെ സ്നേഹം കൊണ്ടുനടക്കുന്ന താന്തോന്നിയായി' താരം. മോഹൻലാലിലെ നടന്റെ 'സ്വാഗ് സ്വിങ്' മലയാളിക്ക് പുത്തരിയല്ല. അതുപോലെ ഗംഭീരമായ വ്യത്യാസത്തിൽ രണ്ടു സിനിമകൾ ഈ വർഷവും മോഹൻലാലിന്റേതായി പുറത്തിറങ്ങും. ഒന്ന് തരുൺ മൂർത്തിയുടെ ‘തുടരും’, മറ്റൊന്ന് ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ ‘എമ്പുരാൻ’.
തീർത്തും സാധാരണക്കാരനായ വിന്റജ് മോഹൻലാലാണ് ‘തുടരും’ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുക എന്ന് സംവിധായകൻ തരുൺ മൂർത്തി പറഞ്ഞിരുന്നു. പ്രേക്ഷകർ നെഞ്ചേറ്റുന്ന മോഹൻലാൽ–ശോഭന താരജോഡികളുടെ തിരിച്ചുവരവ് കൂടിയാകും ചിത്രമെന്നാണ് പ്രതീക്ഷ.
മോഹൻലാൽ എന്ന നടനിൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ‘വീട്ടിലെ ഒരാൾ’ എന്ന എലമെന്റിന് മുൻതൂക്കം നൽകുന്ന സിനിമയാകും ‘തുടരും’. കള്ളിമുണ്ട് ഉടുത്ത്, കവലയിലിരുന്ന് തമാശ പറയുകയും കുട്ടികൾക്കൊപ്പം പാട്ടു പാടി അവരെ രസിപ്പിച്ചു നടക്കുകയും ചെയ്യുന്ന ലാളിത്യമുള്ള ഒരു സാധാരണക്കാരൻ. അത്തരമൊരു കഥാപാത്രമാണ് ‘തുടരും’ എന്ന സിനിമ ഒരുക്കി വച്ചിരിക്കുന്നതും. ഒരേ വർഷം രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന, ഏറെ റേഞ്ചുള്ള രണ്ടു കഥാപാത്രങ്ങളായി മോഹൻലാൽ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നതിൽ ആരാധകർക്കുള്ള ആവേശം ചെറുതൊന്നുമല്ല. ഇതു തീർച്ചയായും ബോക്സ്ഓഫിസിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.