പൂർണിമ ഇന്ദ്രജിത്തിന്റെ 'പ്രാണയുടെ ബാല്യ'ത്തിന് പൃഥ്വി നൽകിയ സർപ്രൈസ്

Mail This Article
‘‘ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടെങ്കിൽ, സ്വപ്നം കാണാൻ ധൈര്യമുണ്ടെങ്കിൽ, ആ സ്വപ്നങ്ങൾക്കു വേണ്ടി പ്രയത്നിക്കാൻ നിങ്ങൾക്കുള്ളിൽ ശക്തിയുണ്ടെങ്കിൽ ഒരുപാട് സൗന്ദര്യമുള്ള മുഹൂർത്തങ്ങൾ ജീവിതം നിങ്ങൾക്കു വേണ്ടി കാത്തു സൂക്ഷിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ഇന്ന് വേദിയിൽ നിൽക്കുന്ന എമ്പുരാൻ സിനിമയുടെ ടീം’’– എമ്പുരാന്റെ റിലീസിന് തലേദിവസം നടന്ന മനോരമ ഓൺലൈനിന്റെ പ്രത്യേക പരിപാടിയിൽ പൃഥ്വിരാജ് ഈ വാക്കുകൾ പറയുമ്പോൾ ഫാഷൻ പ്രേമികളുടെ കണ്ണുടക്കിയത് താരം ധരിച്ച ഓഫ് വൈറ്റ് നിറത്തിലെ ഷർട്ടിലായിരുന്നു. മലയാള നാടിന്റെ നൊസ്റ്റാൾജിയ ആവാഹിച്ച ആ ഷർട്ട്,
മലയാള സിനിമയെ ആഗോളതലത്തിൽ ചർച്ചയാക്കണമെന്ന് സ്വപ്നം കണ്ട യുവതാരത്തിന്റെ സ്വപ്നസാക്ഷാത്ക്കാര നിമിഷത്തിന്റെ സൗന്ദര്യം അപ്പാടെ അടയാളപ്പെടുത്തുന്നതായിരുന്നു.
പൂർണിമ ഇന്ദ്രജിത്തിന്റെ ‘പ്രാണ’ പുതിയതായി അവതരിപ്പിച്ച മെൻസ് വെയറിലെ ‘ബാല്യം’ പതിപ്പിലുൾപ്പെട്ട ഷർട്ടാണ് പൃഥ്വിരാജ് ധരിച്ചത്. പുതിയതായി ലോഞ്ച് ചെയ്ത മെൻസ് വെയർ ഔട്ട്ഫിറ്റുകളിലൊന്ന് സ്നേഹപൂർവം പൃഥ്വിരാജിന് സമ്മാനിച്ചപ്പോൾ ഇത്തരമൊരു ‘എമ്പുരാൻ സർപ്രൈസ്’ ആകുമെന്ന് കരുതിയില്ലെന്ന് പൂർണിമ പറയുന്നു. ആ സർപ്രൈസിനെക്കുറിച്ചും ‘ബാല്യം’ പതിപ്പിലെ മെൻസ് വെയർ ഔട്ട്ഫിറ്റിനെക്കുറിച്ചും സംസാരിച്ച് പൂർണിമ ഇന്ദ്രജിത് മനോരമ ഓൺലൈനിൽ.

‘ബാല്യം’ കലക്‌ഷനിലെ ‘മുസരിസ്’
പ്രാണ പുതിയതായി കൈത്തറിയിലുള്ള ഷർട്ടുകൾ സമ്മർ സ്പെഷൽ ആയി അവതരിപ്പിച്ചിരുന്നു. അതിലൊരു കലക്ഷനാണ് ‘ബാല്യം’. മലയാളികളുടെ നൊസ്റ്റാൾജിയയുടെ ഭാഗമായുള്ള കാഴ്ചകളിൽ ചിലത് കൈ കൊണ്ടു വരച്ചെടുത്തു. ആ സ്കെച്ചസ് മെഷീൻ എംബ്രോയ്ഡറിയിലൂടെ ഈ കലക്ഷനിലേക്ക് പകർത്തി. ചെറിയ മോട്ടിഫ് ആയിട്ടും സീനറി ആയിട്ടുമൊക്കെയാണ് എംബ്രോയ്ഡറി ചെയ്തിരിക്കുന്നത്.

പൃഥ്വിരാജ് ധരിച്ചത് ‘ബാല്യം’ കലക്‌ഷനിലെ ‘മുസരിസ്’ എന്ന് പേരിട്ടിരിക്കുന്ന ഷർട്ട് ആണ്. പ്രാണ മെൻസ് കലക്‌ഷൻ തുടങ്ങിയപ്പോൾ രാജുവിനോട് ഇക്കാര്യം പറഞ്ഞിരുന്നു. അതിലൊരു ഷർട്ട് സമ്മാനിക്കുകയും ചെയ്തിരുന്നു. പക്ഷേ, എമ്പുരാന്റെ പ്രമോഷന് അദ്ദേഹം അതു ധരിച്ചു വന്നത് ശരിക്കും സർപ്രൈസ് ആയി.
ടൊവീനോ വിളിച്ചു, ‘എനിക്കില്ലേ ഷർട്ട്?’
പൃഥ്വിരാജിന്റെ ഷർട്ട് കണ്ട് ഇഷ്ടപ്പെട്ട് ടൊവീനോ എന്നെ വിളിച്ചിരുന്നു. അപ്പോഴാണ് പൃഥ്വി ഈ ഷർട്ടാണ് ഇട്ടതെന്ന് ഞാൻ അറിയുന്നത്. ടൊവീനോയ്ക്ക് ഞാൻ ഇതുപോലെ ഒരു ഷർട്ട് കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. പൃഥ്വി ഇട്ടു കണ്ടപ്പോൾ ടൊവിക്ക് ഭയങ്കര ഇഷ്ടമായി എന്ന് എന്നെ വിളിച്ചു പറഞ്ഞു. അപ്പോഴാണ് ഞാൻ അറിയുന്നത്.
‘പ്രാണ’ ഇതുവരെ ഒരു വിമൻസ് ഫോക്കസ് ചെയ്തിട്ടുള്ള ഒരു ബ്രാൻഡ് ആയിരുന്നല്ലോ. കൈത്തറി വച്ച് മെൻസ് വെയർ ലോഞ്ച് ചെയ്യുമ്പോൾ അത് ജനങ്ങളിലേക്ക് എത്തണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. പൂർണമായും കൈത്തറിയിൽ ചെയ്യുന്ന ഈ ഷർട്ടുകളെക്കുറിച്ച് രാജുവിനോട് പറഞ്ഞിരുന്നു. ഇതെല്ലാം സംസാരിച്ചതിനു ശേഷമാണ് ഷർട്ട് സമ്മാനിച്ചത്. ഒരു ദിവസം ഇടാം എന്നു രാജു പറയുകയും ചെയ്തിരുന്നു.
കുട്ടികളായി ഇരിക്കുമ്പോൾ എല്ലാവരും വരയ്ക്കുന്ന ചിത്രങ്ങളില്ലേ... അങ്ങനെയുള്ള വരകളാണ് എംബ്രോയ്ഡറി ചെയ്തിരിക്കുന്നത്. ഹാൻഡ്‌ലൂം കളർ മുണ്ട് ഉപയോഗിച്ച് ഷർട്ടുകൾ ചെയ്തിട്ടുണ്ട്. കോട്ടൺ മെറ്റീരിയലുകളിലും ചെയ്തിട്ടുണ്ട്. രാജുവിന് ചെയ്തത് കോട്ടൺ മെറ്റീരിയലിൽ ആണ്.

പ്രാണയുടെ സ്വന്തം ‘ബാല്യം’
ഓണത്തിനാണ് ഞാൻ ആദ്യം ഇത് ലോഞ്ച് ചെയ്തത്. പക്ഷേ മൾട്ടിപ്പിൾ ഡിസൈൻസ് ഒന്നും ഉണ്ടായിരുന്നില്ല. ഓണത്തിന് ട്രയൽ റൺ തുടങ്ങി. ഇപ്പോൾ ഫുൾ സെറ്റ് ചെയ്തു. ഈ കലക്ഷൻ ഇപ്പോൾ സ്റ്റോറിൽ ലഭ്യമാണ്. 10 തരത്തിലുള്ള റെഡിമെയ്ഡ് ഷർട്ടുകൾ ഉണ്ട്. എല്ലാം കൈത്തറിയിലാണ് ചെയ്തിരിക്കുന്നത്.

യുവതലമുറ കൈത്തറി ഇടുമ്പോൾ അതൊരു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആണ്. ഡിസൈൻ എന്നുള്ള രീതിയിൽ വർക്ക് ചെയ്യാനുള്ള കൂടുതൽ സാധ്യത ഉണ്ട്.
കൂടുതൽ ഡിസൈൻ ഇന്റർപ്രട്ടേഷനോടു കൂടിയും എംബ്രോയ്ഡിറിയോടും യുവതലമുറയ്ക്ക് കണക്ട് ചെയ്യാൻ കഴിയുന്ന ഡിസൈനുകൾ ഷർട്ടിന്റെ പാറ്റേണിൽ ഇറക്കാനുള്ള പരിശ്രമം ആണ്.