ഇത് പാർട്ട് 2; ഒറ്റ കാഴ്ചയല്ല ‘ഒറ്റ്’; റിവ്യു
Mail This Article
രണ്ട് എവർഗ്രീൻ റൊമന്റിക്ക് ഹീറോസ് ഒന്നിച്ചാൽ ബോക്സ്ഓഫിസിൽ എന്തു സംഭവിക്കും? അവിടെയൊരു എവർഗ്രീൻ റൊമാന്റിക്ക് സിനിമ സംഭവിക്കുമെന്നാണ് ഉത്തരമെങ്കിൽ അത്തരം ധാരണകളെയും പ്രതീക്ഷകളെയും തിയറ്ററിനു പുറത്ത് നിർത്തി ‘ഒറ്റി’നു ടിക്കറ്റ് എടുക്കുന്നതാണ് ഉചിതം. ഒറ്റ് ഫ്ലവറല്ല ഫയറാണ്, തീവണ്ടിയെന്ന റൊമന്റിക്ക് കോമഡി സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ടി.പി. ഫെല്ലിനി സിൽവർ സ്ക്രീനിൽ തീപടർത്തുന്ന കാഴ്ചക്കാണ് തിരുവോണ നാളിൽ ബോക്സ്ഓഫിസ് സാക്ഷിയായത്. രണ്ടാം ഇന്നിങ്സിൽ കൂടുതൽ പ്രവചനാതീതരായ അഭിനേതാക്കളായി മാറിയ അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും മത്സരിച്ചു അഭിനയിക്കുമ്പോൾ മലയാളത്തിലെ ലക്ഷണമൊത്ത ഗ്യാങ്സ്റ്റർ മ്യൂവിയായി ഒറ്റു മാറുന്നു.
മലയാളത്തിനൊപ്പം ‘രണ്ടകം’ എന്ന പേരിൽ തമിഴിലും റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഭൂമിക മുംബൈയാണ്. പേരു സൂചിപ്പിക്കുന്നതു പോലെ ‘ഒറ്റ്’ വിശ്വാസ വഞ്ചനയുടെയും പ്രതികാരത്തിന്റെയും കഥയാണ്. ‘ഒറ്റ്’ ചാപ്റ്റർ രണ്ടാണ് ഇപ്പോൾ റിലീസായിരിക്കുന്നത്. അതുകൊണ്ടു തന്നെ ചിത്രത്തിനൊരു ഫ്ലാഷ്ബാക്ക് സ്റ്റോറിയും ഒരു ക്ലൈമാക്സ് സ്റ്റോറിയും കൂടി പറയാനുണ്ടെന്നു തീർച്ച.
കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു എന്ന ചോദ്യമായിരുന്നു ‘ബാഹുബലി’യുടെ രണ്ടാം ഭാഗത്തെ ഉദ്വേഗഭരിതമാക്കിയതെങ്കിൽ ദാവൂദ് എന്തിനാകും അസൈനാറെന്ന തന്റെ ആശാനെ ചതിച്ചതെന്ന ചോദ്യം പ്രേക്ഷകരിൽ അവശേഷിപ്പിച്ചാണ് ചിത്രം തിരശീല താഴ്ത്തുന്നത്. അതിനുള്ള ഉത്തരം നൽകേണ്ട ചാപ്റ്റർ ഒന്നിലേക്കുള്ള കാത്തിരിപ്പിന്റെ ദൂരം തന്നെയാണ് ഒറ്റിനെ ആവേശഭരിതമാക്കുന്നത്. ക്ലീഷേയെന്നു തോന്നിക്കുന്ന ആദ്യ പകുതിയിൽ നിന്ന് പതുക്കെ പതുക്കെ ശക്തി പ്രാപിച്ച് ക്ലൈമാക്സിൽ വിശ്വരൂപം പുറത്തെടുക്കുന്ന സ്ലോ പോയിസണാണ് ഒറ്റ്.
ആദ്യാവസാനം സിനിമയുടെ രസചരടു പൊട്ടാതെ സൂക്ഷിച്ചും രണ്ടും മൂന്നും ഭാഗങ്ങളിലേക്കുള്ള വ്യക്തമായ സൂചനകൾ നൽകിയും സിനിമയെ സജീവമാക്കി നിലനിർത്തുന്നതാണ്
എസ്. സജീവിന്റെ തിരക്കഥ. ഡേവിഡിന്റെ മറവിക്കും ഭൂതകാലത്തിനും ഇടയിൽ ഒളിഞ്ഞു കിടക്കുന്ന നിഗൂഡതകളിലേക്കുള്ള അന്വേഷമാണ് സിനിമ. മുംബൈ-മംഗളൂരു റൂട്ടിലെ സ്വർണ്ണ കടത്തും ഗ്യാങ്സ്റ്റർ വാറും ചതിയുമൊക്കെയാണ് സിനിമയുടെ പ്രധാന പ്ലോട്ട്.
വിഖ്യാത ഇറ്റാലിയൻ സംവിധായകൻ ഫെഡറിക്കോ ഫെല്ലിനിയോടുള്ള ഇഷ്ടത്തിന്റെ പേരിലാണ് അച്ഛൻ, മകനു ഫെലിനി എന്ന പേരു നൽകിയത് എന്ന് കേട്ടിട്ടുണ്ട്. അച്ഛൻ ഫെല്ലിനിയുടെ ആരാധകനായിരുന്നെങ്കിൽ മകൻ ടി.പി. ഫെല്ലിനി സ്പാഗെറ്റി വെസ്റ്റേണ്‍ ജോണർ സിനിമകളുടെ തലതൊട്ടപ്പനായ ഇറ്റാലിയൻ സംവിധായകൻ സെർജിയോ ലിയോണിന്റെ ആരാധകനാണ്. അമേരിക്കയിലെ ആഭ്യന്തര യുദ്ധ കാലത്ത് കാണാതായ സ്വർണ്ണത്തിനു വേണ്ടി മൂന്നു പേർ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന അദ്ദേഹത്തിന്റെ ‘ദ് ഗുഡ്, ദ് ബാഡ് ആൻഡ് അഗ്ലി’ എന്ന ക്ലാസിക്കിന്റെ ടൈറ്റിൽ റഫറൻസോടെയാണ് ഒറ്റ് കഥ പറഞ്ഞു തുടങ്ങുന്നത്. പ്രധാന കഥാപാത്രങ്ങൾ മലയാളികൾ ആണെങ്കിലും സിനിമയുടെ കഥാപശ്ചാത്തലത്തിലും കഥാപാത്ര പരിചരണത്തിലും മലയാളിത്തമില്ല.
വെസ്റ്റേൺ ഗ്യാങ്സ്റ്റാർ സിനിമകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടു നിർമ്മിക്കപ്പെട്ടിട്ടുള്ള സമകാലിക തമിഴ് സിനിമകളുടെ ഛായയാണ് ‘ഒറ്റി’നുള്ളത്. മുംബൈയാണ് കഥയുടെ പശ്ചാത്തലം. മുംബൈയിൽ നിന്ന് ഗോവ വഴി മംഗുളുരുവിലേക്കുള്ള യാത്രയിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ അടിയും വെടിയും തീർക്കുന്ന സ്ഥിരം മാസ് ആക്ഷൻ സിനിമകളുടെ വഴിയിൽ നിന്ന് മാറി സഞ്ചരിക്കുകയാണ് ‘ഒറ്റ്’. മാസിനും ആക്‌ഷനുമൊപ്പം വൈകാരികമായ ഒട്ടേറെ അടരുകളും ചേർന്നതാണ് ഒറ്റിന്റെ ടോട്ടൽ മേക്കിങ്. ചിലപ്പോൾ ഒറ്റ് ഒരു പ്രണയ സിനിമയാണെന്നും തോന്നും മറ്റുചിലപ്പോൾ ഇമോഷനൽ ഡ്രാമയാണെന്നും റോഡ് മ്യൂവിയുടെ ഘടകങ്ങളുമുണ്ട് സിനിമയ്ക്ക്. ക്ലൈമാക്സിൽ തികഞ്ഞ ആക്‌ഷൻ ത്രില്ലർ സിനിമയുമാകുന്നു. ഇങ്ങനെ വ്യത്യസ്തമായ ഒട്ടേറെ സിനിമാറ്റിക്ക് ജോണറുകളെ കയ്യടക്കത്തോടെ അവതരിപ്പിച്ചു സംവിധായകൻ കയ്യടി നേടുന്നു.
അരങ്ങേറ്റത്തിലും ഇടവേളയ്ക്കു ശേഷമുള്ള രണ്ടാം വരവിലും വിസ്മയിപ്പിച്ച രണ്ട് അഭിനേതാക്കളാണ് അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും. ആദ്യ വരവിൽ എവർഗ്രീൻ റൊമന്റിക്ക് ഹീറോ പരിവേഷമുണ്ടായിരുന്നു ഇരുവരും രണ്ടാം വരവിൽ അത്തരം ഇമേജുകളുടെ തടവറയിൽ നിന്ന് സ്വയം പുറത്തു കടക്കാൻ സദാ ജാഗ്രത പുലർത്തിയിരുന്നു. രണ്ടാം വരവിൽ റൊമന്റിക്ക് ഹീറോയിൽ നിന്ന് ലക്ഷണമൊത്ത പ്രതിനായകനായിയുള്ള അരവിന്ദ് സ്വാമിയുടെ വേഷപകർച്ച വിസ്മയകരമായിരുന്നു. ‘തനി ഒരുവനി’ലെയും ‘ബോഗനി’ലെയും അദ്ദേഹത്തിന്റെ മാസ് വില്ലൻ വേഷങ്ങൾ ഒരേ സമയം അദ്ദേഹത്തിനു പ്രേക്ഷക-നിരൂപക പ്രശംസങ്ങൾ നേടി കൊടുത്തു. നായകനേക്കാൾ വില്ലനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടു പോകുന്ന മാന്ത്രികത സ്വാമിയുടെ സ്വതസിദ്ധമായ അഭിനയ ശൈലിയിൽ ഉണ്ടായിരുന്നു. പ്രതിനായകനായും സ്വാഭവ നടനായും അരവിന്ദ് അരങ്ങ് തകർക്കുന്ന കാഴ്ചക്കാണ് പിന്നിട് തമിഴകം സാക്ഷിയായത്.
കുഞ്ചാക്കോ ബോബനാകട്ടെ രണ്ടാം വരവിലും ചെറുതും വലുതുമായ വേഷകളിലൂടെ കൃത്യമായ ഇടവേളകളിലൂടെയാണ് തന്റെ ആക്റ്റിങ് ഗ്രാഫ് ഉയർത്തിയത്. അഭിനയ ജീവിതത്തിൽ സുവർണ ജൂബിലി ആഘോഷിക്കുന്ന ചാക്കോച്ചൻ ഇതിനോടകം 2022 ലെ ബോക്സ് ഓഫിസിൽ തരംഗമായി മാറി കഴിഞ്ഞു. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം ഒരു ക്ലാസ് ആക്ഷേപഹാസ്യ സിനിമയായിരുന്നെങ്കിൽ തനിക്ക് അപ്രാപ്യമെന്നു കരുതിയ ഒരു മാസ് ഹീറോയിലേക്കുള്ള ചാക്കോച്ചന്റെ ട്രാക്ക് മാറ്റത്തിനാണ് ‘ഒറ്റ്’സാക്ഷിയാകുന്നത്. രണ്ടാം വരവിൽ സ്വാമിയും ചാക്കോച്ചനും കൂടുതൽ പ്രവചനാതീതരായ അഭിനേതാക്കളായി മാറി കഴിഞ്ഞു. ഈ പ്രവചനാതീത സ്വാഭവം തന്നെയാണ് ഒറ്റിനെ കൂടുതൽ ഉദ്വേഗഭരിതവും രസകരവുമാക്കി തീർക്കുന്നത്. അരവിന്ദ് സ്വാമിക്കും കുഞ്ചാക്കോ ബോബനുമൊപ്പം സ്ക്രീനിലെത്തുന്ന ബോളിവുഡ് താരം ജാക്കി ഷ്റോഫ്, തെന്നിന്ത്യൻ താരങ്ങളായ ആടുകളം നരേൻ, ഈഷാ റേബാ, ജിൻസ് ഭാസ്ക്കർ, അമൽഡാ ലിസ് എന്നിവരെല്ലാം അവരവരുടെ വേഷങ്ങൾ ഭംഗിയായി ചെയ്തിട്ടുണ്ട്.
നായകനും പ്രതിനായകനും റോളുകൾ മാറിമാറി അണിയുമ്പോൾ ‘ഒറ്റ്’ കൂടുതൽ സങ്കീർണമാകുന്നു. സ്ഥിരം മാസ് മസാല എന്റർടെയിനർ സിനിമയുടെ ട്രാക്കിലല്ല സിനിമയുടെ സഞ്ചാരം എന്നതുകൊണ്ടു തന്നെ ഒറ്റ കാഴ്ചയിൽ ‘ഒറ്റ്’ പ്രേക്ഷകർക്കു സ്വീകാര്യമാകണമെന്നില്ല. എന്നാൽ തീർച്ചയായും ഇനി വരാനിരിക്കുന്ന ഒട്ടേറെ സിനിമകൾക്കു പ്രചോദനമാകുന്ന സാങ്കേതിക തികവുളള മേക്കിങിൽ കയ്യടക്കമുള്ള പവർഫുളായ സിനിമ തന്നെയാണ് ഒറ്റെന്നു നിസംശയം പറയാം. ‘ഒറ്റി’നെ മികച്ച സിനിമാറ്റിക്ക് അനുഭവമാക്കി മാറ്റുന്നതിൽ ഫെലിനിക്കൊപ്പം അണിനിരന്ന സാങ്കേതിക പ്രവർത്തകർ വഹിച്ച പങ്കും വലുതാണ്. പാട്ടിലും പശ്ചാത്തല സംഗീതത്തിലും ഒരുപോലെ മികവ് പുലർത്തുന്നു അരുൾരാജ് കെന്നഡി. ഒരു മാസ് എന്റർടെയിനറിനു വേണ്ട എല്ലാ ചേരുവകളും നിറഞ്ഞതാണ് അരുളിന്റെ സംഗീതം. ക്ലൈമാക്സിൽ അത് കൂടുതൽ ശക്തി പ്രാപിക്കുന്നുമുണ്ട്. രംഗനാഥ് രവിയും (സൗണ്ട് ഡിസൈനർ) തപാസ് നായകും (സൗണ്ട് മിക്സിങ്) ഒരിക്കൽ കൂടി പിന്നണിയിൽ മികവ് ആവർത്തിക്കുന്നു. ഛായാഗ്രാഹകൻ ഗൗതം ശങ്കർ, ചിത്രസംയോജകൻ അപ്പു എൻ. ഭട്ടതിരി, കലാസംവിധായകൻ സുഭാഷ് കരുൺ തുടങ്ങി ചിത്രത്തിന്റെ അണിയറ പ്രവർത്തകരെല്ലാം ചിത്രത്തിന്റെ ടോട്ടൽ മൂഡിനെ ഉയർത്തുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.
ഡേവിഡിന്റെയും അസൈനാരുടെയും ഭൂതകാലം പറയുന്ന ചാപ്റ്റർ ഒന്നിനും ഡേവിഡും അസൈനാരും കണക്കുകൾ തീർക്കുന്ന ചാപ്റ്റർ മൂന്നിനുമുള്ള കാത്തിരിപ്പാണ് ഇനി. തെന്നിന്ത്യൻ സിനിമയിൽ മറ്റൊരു സമാന്തര യൂണിവേഴ്സായി ഒറ്റ് പരിണമിക്കുമെന്നു കരുതാം. കാത്തിരിക്കാം ഡേവിഡിന്റെ ഭൂതകാലത്തിനും ഭാവിക്കുമായും. ഇതുവരെ കേൾക്കാത്ത അറിയാത്ത അവരുടെ അധോലോകത്തിലെ നിഗൂഡമായ കഥകൾക്കായി….