പറഞ്ഞു പഴകിയ പ്രമേയം, അവതരണത്തിലെ പുതുമയിൽ ‘ഹായ് നാന’; റിവ്യു
Mail This Article
പറഞ്ഞു പഴകിയ പ്രമേയമെങ്കിലും അവതരണത്തിലെ പുതുമ കൊണ്ടും താരങ്ങളുടെ പ്രകടനം കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സിനിമയാണ് ‘ഹായ് നാനാ’ എന്ന തെലുങ്ക് ചിത്രം. നാനിയും മൃണാൾ ഠാക്കൂറും മുഖ്യ കഥാപാത്രങ്ങളായെത്തിയ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസിനെത്തി. മധുരതരമായ പ്രണയചിത്രങ്ങൾ നിർമിക്കുന്ന കാര്യത്തിൽ ടോളിവുഡിനെ കടത്തിവെട്ടാൻ മറ്റൊരു ഇൻഡസ്ട്രിക്കും ആകില്ലെന്ന് ഒരിക്കൽക്കൂടി ‘ഹായ് നാനാ’ തെളിയിക്കുന്നു.
മുംബൈയിലെ ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് വിരാജ്. മകൾ ആറുവയസ്സുകാരിയായ മഹിക്കും അച്ഛനുമൊപ്പമാണ് വിരാജിന്റെ താമസം. ജന്മനാ തന്നെ സിസ്റ്റിക് ഫൈബ്രോസിസ് എന്ന അവസ്ഥയുള്ള മാഹിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടതാണ്. മുത്തച്ഛനും അച്ഛനും വളർത്തു നായ പ്ലൂട്ടോയും വിരാജിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ജസ്റ്റിനുമുണ്ടെങ്കിലും തന്റെ ലോകത്ത് അമ്മ മാത്രം എന്താണ് ഇല്ലത്തതെന്ന് മഹി ചിന്തിക്കാറുണ്ട്. എന്നും രാത്രി കഥപറഞ്ഞുറക്കുന്ന അച്ഛനോട് എന്റെ അമ്മയുടെ കഥ പറയാമോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് വിരാജിന്റെ പതിവ്.
പക്ഷേ ഒരുദിവസം അച്ഛനോട് പിണങ്ങി മഹി പ്ലൂട്ടോയുമൊത്ത് വീടുവിട്ടിറങ്ങുന്നു. പ്ലൂട്ടോയുടെ പിന്നാലെ ഓടിയ മഹിക്ക് വഴിയിൽ തുണയായി യഷ്‌ന എന്ന പെൺകുട്ടി എത്തുന്നു. മഹിയെത്തേടി എത്തിയ വിരാജിന് ഇനിയും മഹിയുടെ അമ്മയുടെ കഥ മറച്ചു വയ്ക്കാൻ കഴിയുന്നില്ല. അങ്ങനെ മകളുടെയും അപരിചിതയായ യഷ്‌ന എന്ന പെൺകുട്ടിയുടെയും മുന്നിൽ വിരാജ് തന്റെ പ്രണയകഥയുടെ മനോഹരമായ ഏടുകൾ മറിക്കുകയാണ്. ഒരു കഥ കേൾക്കുമ്പോൾ മഹി ഈ കഥാപാത്രമായി താൻ ആരെ ചിന്തിക്കണം എന്ന് അച്ഛനോട് ചോദിക്കാറുണ്ട്. ഇത്തവണ ഞാൻ ഈ ആന്റിയെ അമ്മയായി മനസ്സിൽ കണ്ടോട്ടെ എന്ന് മഹി ചോദിക്കുമ്പോൾ വിരാജ് സമ്മതം മൂളുന്നു. പക്ഷേ പിന്നീട് അപ്രതീക്ഷിതമായ സംഭവങ്ങളാണ് മഹിയുടെയും വിരാജിന്റെയും യഷ്‌നയുടേയും ജീവിതത്തിൽ അരങ്ങേറുന്നത്.
നാനി എന്ന നടന്റെ മികച്ച പെർഫോമൻസ് ആണ് സിനിമയിൽ ഉടനീളം കാണാനാകുന്നത്. വ്യത്യസ്തമായ ദേശകാലങ്ങളിൽ ജീവിക്കുന്ന സങ്കീർണമായ വിരാജ് എന്ന കഥാപാത്രം നാനിയിൽ ഭദ്രമായിരുന്നു. സൗന്ദര്യവും മികച്ച് അഭിനയശൈലി പ്രകടിപ്പിക്കുന്ന മൃണാൾ ഠാക്കൂറിന്റെ സാന്നിധ്യം സിനിമയ്ക്ക് ജീവൻ പകർന്നു. സീതാരാമം പോലെത്തന്നെ മൃണാലിന്റെ മികച്ച മറ്റൊരു കഥാപത്രമാണ് ഈ ചിത്രത്തിലെ യഷ്‌ന. മൃണാൽ താക്കൂറിൽ നിന്ന് പ്രേക്ഷകന് കണ്ണെടുക്കാൻ കഴിയില്ല, അത്ര സൂക്ഷമമായി സ്റ്റൈൽ ചെയ്ത കഥാപാത്രമാണ് യഷ്‌ന. മകൾ മഹിയായി വേഷമിട്ട കിയാര ഖന്നയും മികച്ചു നിന്നു. മലയാള താരം ജയറാമിന് ചിത്രത്തിൽ ഏറെ പ്രധാനമായ ഒരു വേഷമാണ്. ജയറാം വളരെ നല്ല രീതിയിൽ തന്നെ ആ വേഷം കൈകാര്യം ചെയ്തിരിക്കുന്നു.
കേട്ടുമറന്ന കഥയെങ്കിലും അത്യാവശ്യം കുഴപ്പമില്ലാതെ തിരക്കഥ ഒരുക്കി ശക്തമായ കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുത്ത് വളരെ മനോഹരമായി സംവിധാനം ചെയ്ത ഒരു സിനിമയാണ് ഹായ് നാനാ. അപ്രതീക്ഷിതമായ ട്വിസ്റ്റ് ആണ് സിനിമയിലേക്ക് പ്രേക്ഷകനെ ആകർഷിക്കുന്ന മറ്റൊരു ഘടകം. ക്യാമറയും, മേക്കിങ്ങും, പ്രകടനങ്ങളും ഏറെ നന്നായിട്ടുണ്ട്. മലയാളി സംഗീത സംവിധായകൻ ഹിഷാം അബ്‌ദുൾ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ഇമോഷനൽ ഡ്രാമ ആയതുകൊണ്ട് തന്നെ ഒരു കമേഴ്യസ്യൽ ചിത്രത്തിന് വേണ്ട അതിഭാവുകത്വവും പ്രവചനാത്മകതയും ഉണ്ടെങ്കിലും ഒരിടത്തുപോലും ലാഗ് അനുഭവപ്പെടുന്നില്ല. വിവിധ ഭാഷകളിലുള്ള ഡബ്ബ് വളരെ വൃത്തിയായി ചെയ്തിട്ടുണ്ട്.
അതിമനോഹര ഫ്രൈമുകളോടുകൂടിയ വളരെ മനോഹരമായ ഒരു പ്രണയ ചിത്രമാണ് ഹായ് നാനാ. ഹൃദയസ്പർശിയായ വികാരങ്ങളുടെ ഒരു റോളർകോസ്റ്റർ റൈഡ് ആണ് ഈ ചിത്രം വാഗ്ദാനം ചെയ്യുന്നത്. കണ്ടുതീരുമ്പോൾ പ്രേക്ഷകരുടെ മുഖത്ത് മനോഹരമായ പുഞ്ചിരി വിടർത്താൻ പ്രാപ്തിയുള്ള ഈ ചിത്രം ഉറപ്പായും മടുപ്പിക്കില്ല. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ സിനിമ ആസ്വദിക്കാം.