‘ലക്ഷ്മിയെ കല്ലെറിയുന്നവർക്ക് ആ നെഞ്ചിലെ തീക്കനൽ കാണാൻ കഴിയില്ല; അവർ പറയുന്നത് സ്വന്തം ജീവിതം’
Mail This Article
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ വിമർശിക്കുന്നവരോടു രൂക്ഷമായി പ്രതികരിച്ച് സംഗീതസംവിധായകനും ഗായകനും ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുമായ ഇഷാൻ ദേവ്. ലക്ഷ്മി പറയുന്നത് അവരുടെ ജീവിതമാണെന്നും ആ നെഞ്ചിലെ തീക്കനൽ കാണാൻ എല്ലാവർക്കും സാധിച്ചേക്കില്ലെന്നും ഇഷാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ലക്ഷ്മി മനോരമയ്ക്കു നൽകിയ അഭിമുഖം പ്രക്ഷേപണം ചെയ്യാനിരിക്കവെയാണ് ഇഷാന്റെ പ്രതികരണം.
‘ലക്ഷ്മി ബാലഭാസ്കർ പറയുന്നത് ബാലഭാസ്കർ എന്ന ഭർത്താവിനെയും മകളെയും അവർ നേരിട്ട, നേരിടുന്ന ജീവിതത്തെയും ആണ്. നിങ്ങൾക്കു വേണ്ടത് ചിലപ്പോൾ ഇതിൽ ഉണ്ടാവില്ല. അവർക്കു പറയാനുള്ളത് ബാലു എന്ന ഭർത്താവിനെ ഇഷ്ടപ്പെടുന്നവരോടാണ്, അവരുടെ ജീവിതത്തെ ബഹുമാനിക്കുന്ന സൗഹൃദങ്ങളോടാണ്. കല്ലെറിഞ്ഞു രസിക്കുന്നവർക്ക്, വാർത്തകളും വാചകങ്ങളും കൊണ്ട് കഥ മെനഞ്ഞവർക്ക് നെഞ്ചിലെ തീക്കനൽ കാണാൻ കഴിഞ്ഞെന്നു വരില്ല. ഞാനും എന്റെ കുടുംബവും അന്നും ഇന്നും അവരോടൊപ്പം തന്നെ ആണ്. ഞങ്ങളുടെ ബാലു അണ്ണന്റെ ഭാര്യയുടെ കൂടെ.
കല്ലെന്നറിഞ്ഞവർ എന്നെയും ചേർത്തുതന്നെ എറിയുന്നുണ്ട്. അതൊക്കെ ഏറ്റുവാങ്ങുമ്പോഴും എന്റെ സ്വന്തം സഹോദരന്റെ ഭാര്യയ്ക്ക് കൊടുക്കേണ്ട ബഹുമാനവും സ്നേഹവും പേടിച്ചു മാറ്റി വയ്ക്കാൻ ഞാനും എന്റെ ഭാര്യയും തയ്യാറായില്ല. അത് ബാലു അണ്ണൻ അത്രത്തോളം സ്നേഹിച്ച ഭാര്യയോട് ഞങ്ങൾക്കുള്ള കടപ്പാടും സ്നേഹവും ബഹുമാനവുമാണ്.
കേസ് പോലീസും സിബിഐയും ഒക്കെ അതിന്റെ നിമയപരമായുള്ള എല്ലാ സാധ്യതകളിലും അന്വേഷികുമ്പോഴും കുറെ ഹൃദയങ്ങൾ വെന്തുരുകുന്നത് കാണുന്നവർ അതിലും പക്ഷപാതം കാണിച്ചു, ചെളിവാരി തേച്ചു രസിച്ചു. മെനഞ്ഞ കഥകൾകൊണ്ട് ഒരു സിനിമകഥപോലെ വില്ലനും നായകനും ഒക്കെ ആക്കി. ഇപ്പുറത്തുള്ളവർക്കും ജീവിതം ഉണ്ട് അത്രയും ബഹുമാനം പോലും കാണിച്ചില്ല. കുറ്റമല്ല, ആത്മഗതം പറഞ്ഞതാണ്.
ബാലഭാസ്കർ പറഞ്ഞുതന്ന അറിവ് മാത്രമേ ഞങ്ങൾക്കും അദ്ദേഹത്തിന്റെ ബന്ധുക്കളെക്കുറിച്ചും ബന്ധങ്ങളെ കുറിച്ചുമുള്ളു. ബാക്കി ഒക്കെ ഒരു പരിധിവരെ കണ്ട് അറിഞ്ഞത്, ജീവിച്ചറിഞ്ഞതും. Live and Let Live എന്ന സാമാന്യമായ നീതിയിൽ എല്ലാവരോടും പെരുമാറാൻ പഠിപ്പിച്ച സൗഹ്ര്യദങ്ങളും കുടുംബവും മാത്രമേ ഞങ്ങൾക്കുള്ളു. ബാലഭാസ്കർ എന്ന കലാകാരനുപരി അദ്ദേഹം തന്ന സ്നേഹത്തിനും സൗഹൃദത്തിനും പൂർണ ബഹുമാനം ഹൃദയത്തിൽ നിന്നുതന്നെ അർപ്പിച്ചു കൊണ്ട് നിർത്തുന്നു. നിങ്ങൾക്ക് ചിലപ്പോൾ ഇതൊക്കെ ഇതൊരു രസകരമായ കഥയാകാം, ഞങ്ങക്ക് ജീവിതവും. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ’, ഇഷാൻ കുറിച്ചു.
2018 സെപ്റ്റംബർ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടത്. ഏകമകൾ തേജസ്വിനി സംഭവദിവസം തന്നെ മരിച്ചു. ചികിത്സയിൽ കഴിയവേ ഒക്ടോബർ 2ന് ബാലഭാസ്കറും മരണത്തിനു കീഴടങ്ങി. അപകടത്തിൽ ലക്ഷമിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഭർത്താവും ഏകമകളും തന്നെ തനിച്ചാക്കി പോയതിന്റെ വേദന തിന്നു ജീവിക്കുമ്പോഴും വിവാദങ്ങളും വേട്ടയാടിയിട്ടുണ്ട് ലക്ഷ്മിയെ. ഇതാദ്യമായാണ് വിഷയത്തിൽ ലക്ഷ്മി പ്രതികരിക്കാൻ തയ്യാറാകുന്നത്.