ADVERTISEMENT

ചലച്ചിത്രഗാനങ്ങളെ പൊതുവെ പിന്നണിഗാനങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത്. നിശ്ശബ്ദചിത്രങ്ങളിൽ നിന്നും ശബ്ദചിത്രങ്ങളിലേക്ക് ചലച്ചിത്രമേഖല പുരോഗമിച്ച് വൈകാതെ തന്നെ പിന്നണിഗാനസമ്പ്രദായവും സജീവമായി. 

പിന്നണിയിലുള്ളവരുടെ മുന്നണികളെ മാത്രമാണ് ജനം അറിയാറുള്ളത് -മുഖ്യമായും ഗായകർ, സംഗീതസംവിധായകർ, ഗാനരചയിതാക്കൾ എന്നിങ്ങനെ. അടുത്ത കാലം മുതൽ,  പ്രധാനമായും എ.ആർ.റഹ്‌മാന്റെ വരവോടുകൂടിയാണ് സംഘഗായകരുടെയും ഉപകരണസംഗീതം കൈകാര്യം ചെയ്തവരുടെയും ശബ്ദലേഖകരുടേയുമൊക്കെ പേരുകൾ കസെറ്റിന്റെയും സിഡികളുടേയുമൊക്കെ ലേബലിൽ വന്ന് തുടങ്ങിയത്. 

vincent-musician2
സംഗീതജ്ഞൻ എം.എം.കീരവാണിക്കൊപ്പം കെ.ഡി.വിൻസെന്റ്

അവിടെയും അധികം സ്ഥാനം പിടിക്കാതെപോകുന്നൊരു വിഭാഗമാണ് ഒരു കാലത്ത് 'ഇൻ ചാർജ്' എന്നറിയപ്പെട്ടിരുന്ന 'ആർട്ടിസ്റ്റ് കോഓർഡിനേറ്റർ.പിന്നണിഗാനരംഗത്തുള്ള എല്ലാവർക്കും ഏറ്റവും വേണ്ടപ്പെട്ടവരിലൊരാളും, മറ്റുള്ളവരാരും തന്നെ അറിയാതെ പോവുകയും ചെയ്യുന്നവരാണവർ. 

എന്നാൽ ഒരു കാലത്ത് ഓരോ പാട്ടിന്റെയും ആലോചനയുടെ കാലം മുതൽ അത് ശ്രോതാക്കളിലെത്തുന്നത് വരെയുള്ള മിക്കവാറും എല്ലാ കാര്യങ്ങളിലും ആർട്ടിസ്റ്റ്  കോഓർഡിനേറ്ററിന്റെ അധ്വാനവുമുണ്ടാകും. 

vincent-musician1
ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിനൊപ്പം കെ.ഡി.വിൻസെന്റ്.

ഒരു പാട്ടിന്റെ രചനയും ഈണവും തയ്യാറായിക്കഴിയുമ്പോഴാണ് പ്രധാനമായും ഇവരുടെ ജോലി ആരംഭിക്കുന്നത്. സംഗീതസംവിധായകൻ  ആവശ്യപ്പെടുന്ന ഗായകർ, ഉപകരണസംഗീതവിദഗ്ധർ, റെക്കോർഡിങ് സ്റ്റുഡിയോ, സമയക്രമീകരണങ്ങൾ 

എന്നിവയുടെയെല്ലാം ഏകോപനം ആർട്ടിസ്റ്റ് കോഓർഡിനേറ്റർമാണ് ചെയ്യുന്നത്. 

vincent-musician3
സംഗീതസംവിധായകരായ അൽഫോൻസ് ജോസഫ്, എം.ജയചന്ദ്രൻ എന്നിവർക്കൊപ്പം കെ.ഡി.വിൻസെന്റ്.

മലയാളചലച്ചിത്രപിന്നണിഗാനരംഗത്തെ സംബന്ധിച്ചിടത്തോളം ഈ രംഗത്ത് ഏറ്റവും പ്രമുഖനായതും ഇന്നും സജീവമായി ഇതേ മേഖലയിൽ തന്നെ തുടരുന്നതുമായി ഒരേ ഒരാൾ മാത്രമാണുള്ളത് - കെ.ഡി.വിൻസെന്റ്. നാൽപ്പത്തഞ്ച് വർഷങ്ങളായി ആർട്ടിസ്റ്റ് കോഓർഡിനേറ്ററായി പ്രവർത്തിക്കുന്ന അദ്ദേഹത്തോളം പരിചയസമ്പത്തുള്ള മറ്റാരും ഇന്നില്ല. പിന്നണിഗാനസംഗീതത്തിന്റെ ആദ്യതലമുറയിൽപ്പെട്ട വി.ദക്ഷിണാമൂർത്തി മുതൽ ഏറ്റവും പുതിയ സംഗീതസംവിധായകനായ അമൃത് രാംനാഥ് വരെയുള്ള നൂറിലേറെ സംഗീതസംവിധായകർക്കൊപ്പമാണ് തൃശൂർ എൽത്തുരുത്ത് സ്വദേശിയായ വിൻസെന്റ് പ്രവർത്തിച്ചിട്ടുള്ളത്. 

അതിൽ ഭാഷാഭേദമന്യേയുള്ള പ്രമുഖരെല്ലാവരുമുണ്ട്. വി.ദക്ഷിണാമൂർത്തി, ജി.ദേവരാജൻ, ബി.എ.ചിദംബരനാഥൻ, എം.കെ.അർജുനൻ, കണ്ണൂർ രാജൻ, രവീന്ദ്ര ജെയിൻ, ശ്യാം, രവീന്ദ്രൻ, ജോൺസൻ, എം.ജി.രാധാകൃഷ്ണൻ, ജെറി അമൽദേവ്, രഘുകുമാർ, രാജാമണി, ഔസേപ്പച്ചൻ എന്ന് തുടങ്ങി എസ്.ബാലകൃഷ്ണൻ, ശരത്, എം.എം.കീരവാണി, എം.എം.ശ്രീലേഖ, ബേർണി ഇഗ്‌നേഷ്യസ്, എം.ജയചന്ദ്രൻ, സുരേഷ് പീറ്റേഴ്സ്, സലിം സുലൈമാൻ, വിശാൽ ശേഖർ രമേശ് നാരായണൻ, എന്നിവരിലൂടെ ദീപക് ദേവ്, ബിജിബാൽ, രാഹുൽ രാജ്, അൽഫോൻസ് ജോസഫ്, ഗോപി സുന്ദർ, ജാസ്സി ഗിഫ്റ്റ്, സ്റ്റീഫൻ ദേവസ്സി, ഹിഷാം അബ്ദുൾ വഹാബ്, ഷാൻ റഹ്‌മാൻ, ജേക്സ് ബിജോയ്, സുഷിൻ ശ്യാം, ജസ്റ്റിൻ വർഗീസ്, വിഷ്ണു വിജയ് എന്നീ പുതിയ തലമുറ വരേയ്ക്കുമുള്ള സംഗീതസംവിധായകരുടെയൊപ്പവും വിൻസെന്റ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇവരുടെ ഓരോരോ പാട്ടുകളുടെയും പിന്നണിയുടെ ചരിത്രത്തിലെ എത്രയോ മുഹൂർത്തങ്ങൾക്ക് അദ്ദേഹവും സാക്ഷിയാണ്.

vincent-musician6
സംഗീതസംവിധായകൻ ജെറി അമൽദേവിനൊപ്പം കെ.ഡി.വിൻസെന്റ്.

പത്ത് മക്കളുള്ള കുടുംബത്തിലെ ഇരട്ടസഹോദങ്ങളായിരുന്നു വിൻസെന്റും ജോസും. സംഗീതതല്പരരായിരുന്ന ആ വീട്ടിലെ ഏറ്റവും മുതിർന്ന ജ്യേഷ്ഠൻ കെ.ഡി.ഫ്രാൻസിസ് കൊൽക്കത്തയിൽ റെയിൽവേ ബാൻഡ് മാസ്റ്ററായിരുന്നു. ആ ബാൻഡിനൊപ്പം ചേരുവാൻ തബലിസ്റ്റ് കൂടിയായ ജോസ് നടത്തിയ ശ്രമങ്ങളാണ് ജോസിനെയും വിൻസെന്റിനെയും ഒരുമിച്ച് മലയാളപിന്നണിരംഗത്തെത്തിച്ചത്. കൊൽക്കത്തയിൽ ജോലിക്ക് വേണ്ടിയുള്ള കാലതാമസത്തിൽ മടുപ്പ് തോന്നിയ ജോസ് അവിടെ പരിചയപ്പെട്ടൊരു തമിഴ്നാട്ടുകാരനൊപ്പം സിനിമാസംഗീതത്തിലൊരു കൈ നോക്കുവാൻ മദ്രാസിലെത്തുകയും അക്കാലത്ത് അവസരങ്ങൾക്കായി പരിശ്രമിച്ചുകൊണ്ടിരുന്ന കുളത്തൂപ്പുഴ രവിയെന്ന രവീന്ദ്രനെ പരിചയപ്പെടുകയും ചെയ്തു. പിന്നീട് രവിയോടൊപ്പം പല പാട്ടുകളിലും ജോസും കോറസ് പാടിയിട്ടുണ്ട്. അധികം വൈകാതെ അന്നത്തെ പ്രമുഖനടനായ രവികുമാറിന്റെ സ്ഥിരം ഡബ്ബിങ് ആർട്ടിസ്റ്റായി രവീന്ദ്രൻ പതിയെ മെച്ചപ്പെട്ടുതുടങ്ങിയ സമയങ്ങളിലാണ് വിൻസെന്റ് ചെന്നൈയിലെത്തുന്നത്. 

ജോസിനോടൊപ്പം വിൻസെന്റും ആദ്യകാലത്ത് ഒരുപാട് പാട്ടുകളിൽ സംഘഗായകനായിരുന്നു. കൂടാതെ കുറെയേറെ സിനിമകളിൽ വാദ്യകലാകാരന്മാരായി ഇരുവരും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിൽ പ്രേംനസീർ, ജയൻ, നെടുമുടി വേണു ; തമിഴിൽ രജനീകാന്ത്, കമലഹാസൻ; ഹിന്ദിയിൽ രാജേഷ് ഖന്ന, ഹേമമാലിനി എന്നിവരുടെയെല്ലാമൊപ്പം അവരിരുവരും അഭിനയിച്ചിട്ടുണ്ട്. മനുഷ്യമൃഗം, താരാട്ട്, പാലാട്ട് കുഞ്ഞിക്കണ്ണൻ എന്നിങ്ങനെയുള്ള പല ചിത്രങ്ങളിലെയും ഗാനരംഗങ്ങളിൽ ഈ ഇരട്ടസഹോദരങ്ങളെ കാണാം. 

vincent-musician5
ഗായകൻ പി.ജയചന്ദ്രൻ, സംഗീതസംവിധായകൻ ശരത് എന്നിവർക്കൊപ്പം കെ.ഡി.വിൻസെന്റ്.

യേശുദാസിന്റെ ശുപാർശയോടുകൂടി രവീന്ദ്രൻ സംഗീതസംവിധായകനായി അരങ്ങേറിയ ആദ്യചിത്രം 'ചൂള'യുടെ താളവാദ്യവിഭാഗത്തിൽ ഇരുവരുമുണ്ടായിരുന്നു. പിന്നീട് 'തേനും വയമ്പും' പോലെ രവീന്ദ്രൻ ഈണമിട്ട മിക്ക ചിത്രങ്ങളുടെയും സംഗീതപിന്നണിയിൽ ജോസും വിൻസെന്റുമുണ്ടായിരുന്നു. 

കണ്ണൂർ രാജൻ സംഗീതം നൽകിയ 'കാര്യം നിസ്സാര'ത്തിലൂടെയാണ് വിൻസെന്റ് ആർട്ടിസ്റ്റ് കോഓർഡിനേറ്ററായി കളം മാറിയത്. ചുരുങ്ങിയ കാലം കൊണ്ട് ഇൻഡസ്ട്രിയിൽ നിന്നും നേടിയെടുത്ത അനുഭവജ്ഞാനവും ബന്ധങ്ങളിലെ നയചാതുര്യവും ആ രംഗത്ത് വിൻസെന്റിനെ ഒന്നാം നിരയിലെത്തിച്ചു. മറ്റു ഭാഷകളിൽ മിക്കവാറും ഓരോ സംഗീതസംവിധായകർക്കും ഓരോ ആർട്ടിസ്റ്റ് കോഓർഡിനേറ്റർമാരുണ്ടായപ്പോൾ മലയാളത്തിൽ മിക്കവരും പിൽക്കാലത്ത് വിൻസെന്റിനെത്തന്നെയായിരുന്നു സമീപിച്ചിരുന്നത്. 

ആർട്ടിസ്റ്റ് കോഓർഡിനേറ്ററായി തുടരുമ്പോഴും 'കമ്പോസിങ് സിങ്ങർ' എന്നൊരു ജോലിയും വിൻസെന്റ് വളരെ താൽപര്യത്തോടെ ചെയ്തുപോന്നു. ഇക്കാലത്ത് സംഗീതസംവിധായകർ അവർക്ക് തോന്നുന്ന ഓരോരോ ഈണങ്ങളും അപ്പപ്പോൾ പാടി കയ്യിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലോ, അല്ലെങ്കിൽ മൊബൈലിലോ റെക്കോർഡ് ചെയ്ത് സൂക്ഷിക്കാനുള്ള സൗകര്യങ്ങളുണ്ടല്ലോ. തൊണ്ണൂറുകൾ വരെയും മ്യൂസിക് ഡയറക്ടർ ഒരു പാട്ടിനു വേണ്ടി കംപോസ് ചെയ്യുന്ന പല  ഈണങ്ങളും ഓർത്തുവയ്ക്കേണ്ടത് 'കമ്പോസിങ് സിങ്ങറു'ടെ പണിയായിരുന്നു. സംവിധായകനെയും നിർമാതാവിനെയുമൊക്കെ കേൾപ്പിച്ച് ട്യൂൺ ഓക്കേയാവുന്നതുവരെയുള്ള ഈ ജോലി വളരെ കൃത്യമായ ഓർമയും സൂക്ഷ്മതയും ആവശ്യപ്പെട്ടുന്ന ഒന്നായിരുന്നു. ഇപ്പോഴും സൂപ്പർഹിറ്റായിട്ടുള്ള പല പാട്ടുകൾക്കും സംഗീതസംവിധായകൻ നൽകിയ മറ്റുള്ള ഈണങ്ങൾ വിൻസെന്റിന് മനഃപാഠമാണ്. 

vincent-musician8
ഗായകൻ കെ.ജെ.യേശുദാസിനൊപ്പം കെ.ഡി.വിൻസെന്റ്.

പ്രശസ്തരായ പല സംഗീതസംവിധായകരുടെയും കരിയറുകളിൽ ഒരു നിമിത്തം പോലെ വിൻസെന്റിന്റെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ജെറി അമൽദേവിന്റെ റെക്കോർഡിങ്ങുകളിൽ വൈബ്രഫോൺ വായിച്ചിരുന്ന വിദ്യാസാഗർ തനിക്ക് ഒരു മ്യൂസിക് കണ്ടക്ടർ ആകണമെന്ന ആഗ്രഹം വിൻസെന്റിനോട് പറയുകയുണ്ടായി. വിൻസെന്റിന്റെ നിർദ്ദേശപ്രകാരമാണ് കണ്ണൂർ രാജൻ സംഗീതം നൽകിയ 'സ്വന്തം ശാരിക' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ആദ്യമായി ഒരു ഗാനത്തിന്റെ ഓർക്കസ്‌ട്രേഷൻ കമ്പോസിങ്ങും കണ്ടക്റ്റിങ്ങും വിദ്യാസാഗർ ചെയ്യുന്നത്. പിന്നീട് 'ചിത്രം' എന്ന സിനിമയിലെ പാട്ടുകളുടെ പശ്ചാത്തലസംഗീതത്തിന് വേണ്ടി പ്രിയദർശന്റെയടുത്ത് വിദ്യാസാഗറിനെ നിർദ്ദേശിച്ചതും വിൻസെന്റ് തന്നെ.  ('ചിത്ര'ത്തിലെ പ്രശസ്തമായ 'പാടം പൂത്ത കാലം' എന്ന പാട്ടിന്റെ തുടക്കത്തിലെ ക്യാമറക്ലിക്കിൽ വരുന്ന 'കബാസ' വായിച്ചിരിക്കുന്നതും വിൻസെന്റ് ആണ്)

അതുപോലെ 'പൂവിന് പുതിയ പൂന്തെന്നൽ' എന്ന ചിത്രത്തിലെ പാട്ടുകളുടെ പിന്നണിസംഗീതത്തിന് ഈണമൊരുക്കി റെക്കോർഡിങ് കണ്ടക്റ്റ് ചെയ്യുവാനായി എസ്.പി.വെങ്കിടേഷിനെ കൊണ്ടുവന്നതും വിൻസെന്റ് ആണ്. റെക്കോർഡിങ്ങുകളിൽ മാൻഡലിൻ വായിച്ചിരുന്ന വെങ്കിടേഷ് ആ സമയത്ത് കന്നഡയിലും തെലുങ്കിലും മ്യൂസിക് കണ്ടക്റ്ററായി ചെറിയ തോതിൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയിരുന്നു. 'പൂവിന് പുതിയ പൂന്തെന്നന്ന'ലിലെ പാട്ടുകൾ കേട്ടിട്ടാണ് സംവിധായകൻ ബാലചന്ദ്രമേനോൻ 'വിവാഹിതരേ ഇതിലേ' എന്ന തന്റെ ചിത്രത്തിന്റെ പശ്ചാത്തലസംഗീതമൊരുക്കാൻ എസ്.പി.വെങ്കിടേഷിനെ വിളിപ്പിക്കുന്നത്.

ആലാപനരംഗത്ത് അവസരം തേടി ചെന്നൈയിലെത്തിയ പലരുടെയും തുടക്കകാലത്ത് തന്നാലാവുന്ന വിധത്തിലുള്ള സഹായങ്ങൾ വിൻസെന്റ് ചെയ്തിട്ടുണ്ട്. സംഗീതസംവിധായകൻ ശരത്തിന്റെയും ഗായിക സ്വർണലതയുടേയുമൊക്കെ ആദ്യത്തെ പ്രൊഫഷണൽ റെക്കോർഡിങ് എം.ജി.ആർ.മരണാസന്നനായി ചികിത്സയിൽ കഴിയുമ്പോൾ അദ്ദേഹത്തിനെ പുകഴ്ത്തിക്കൊണ്ട് എച്ച്.എം.വി.കണ്ണൻ സംഗീതമൊരുക്കിപുറത്തിറക്കിയ ഒരു തമിഴ് കസെറ്റായിരുന്നു. ശരത്തിനെയും സ്വർണലതയെയും ആ ആൽബത്തിലേക്കു നിർദേശിച്ചത് വിൻസെന്റ് ആയിരുന്നു.  

ഒരുകാലത്ത് മറ്റ് സംഗീതസംവിധായകർക്കുവേണ്ടി സംഗീതോപകരണങ്ങൾ വായിക്കുവാൻ താൻ വിളിക്കാറുണ്ടായിരുന്ന പലരും പിന്നീട് വലിയ സംഗീതസംവിധായകരായി മാറുന്നത് വളരെ സന്തോഷത്തോടെ വിൻസെന്റ് കണ്ടിട്ടുണ്ട്. എ.ആർ.റഹ്‌മാൻ, ദീപക് ദേവ്, ഗോപി സുന്ദർ, മണി ശർമ, സുഷിൻ ശ്യാം എന്നിങ്ങനെ പലരും അതിലുണ്ട്. അവരിലെ മിക്കവരുടെയും കോ ഓർഡിനേറ്ററായി വിൻസെന്റ് ഇപ്പോഴും തുടരുന്നു. 

പല മലയാളചിത്രങ്ങളുടെയും പശ്ചാത്തലസംഗീതത്തിന്റെ (Background Score) ചീഫ് സൗണ്ട് എൻജിനീയറായും വിൻസെന്റ് പ്രവർത്തിച്ചിട്ടുണ്ട്. അവയിലേറെയും രാജാമണി ഈണമൊരുക്കിയ ചിത്രങ്ങളാണ്. ട്വന്റി ട്വന്റി, ചിന്താമണി കൊലക്കേസ്, ഈ പട്ടണത്തിൽ ഭൂതം, ദി കിംഗ് ആൻഡ് കമ്മീഷണർ, പ്രജ എന്നിങ്ങനെ ആ ചിത്രങ്ങളുടെയും ലിസ്റ്റ് നീളും. 

മലയാളസിനിമ ചെന്നൈ വിട്ട് പൂർണ്ണമായും കേരളത്തിലേക്ക് ചേക്കേറിയപ്പോൾ നാൽപ്പത് വർഷത്തെ ചെന്നൈ ജീവിതം മതിയാക്കി വിൻസെന്റും കൊച്ചിയിലെത്തി. കൊച്ചിയിലിരുന്നുകൊണ്ടു തന്നെയാണ് കീരവാണിയെപ്പോലെയുള്ളവരുടെ അന്യഭാഷാപദ്ധതികളുമായി ഇപ്പോഴും സഹകരിക്കുന്നതും.

vincent-musician9

ഒരു പ്രഫഷനൽ കീബോർസ്‌ഡിസ്റ്റാണെങ്കിലും, കരിയറിൽ പപ്പയുടെ തന്നെ പാത പിന്തുടരുന്ന മകൻ ഡോൺ വിൻസെന്റിനോടൊപ്പം കളമശ്ശേരിയിലാണ് വിൻസെന്റ് ഇപ്പോൾ താമസിക്കുന്നത്. (1995ൽ പുറത്തിറങ്ങിയ 'ദേവരാഗം' എന്ന ചിത്രത്തിലെ 'ശശികല ചാർത്തിയ ദീപാവലയ'ത്തിൽ നാം കേൾക്കുന്ന 'നം തനനനം' എന്ന കുട്ടിയുടെ ശബ്ദം ഡോൺ വിൻസെന്റിന്റേതാണ്)

പ്രായം എഴുപതിലെത്തിയെങ്കിലും ഇപ്പോഴും ഈ രംഗത്ത് സജീവമായി നിൽക്കുവാൻ വിൻസെന്റിനെ പ്രേരിപ്പിക്കുന്നത് സംഗീതരംഗത്തുനിന്ന് കിട്ടുന്ന സന്തോഷം കൊണ്ടാണ്. പുതിയ തലമുറയോടൊപ്പം പ്രവർത്തിക്കുന്നതിൽ നിന്നും ലഭിക്കുന്ന ഊർജസ്വലതയോടെയാണ് ഓരോ ദിവസവും ഓരോ പുതിയ പാട്ടിനെ സമീപിക്കുന്നത്. കടന്നുപോയവരിൽ നിന്നും കിട്ടിയിട്ടുള്ള, ഇന്നും കൂടെയുള്ളവരിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന അനുഭവങ്ങളെയെല്ലാം ഏറ്റവും സ്നേഹത്തോടെ ആസ്വദിച്ച്‍ സംഗീതരംഗത്തുള്ള പുതിയ പ്രവണതകളെയും മാനിച്ച് പ്രവർത്തനമേഖലയിൽ ഏറ്റവും ഉത്തരവാദിത്വത്തോടെത്തന്നെ വിൻസെന്റ് തുടരുന്നു. 

നാം കാണുകയും കേൾക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന പല ചരിത്രങ്ങളുടെയും ഏടുകളിൽ നാം ഒരിക്കലും അറിയുകപോലുമില്ലാത്ത പല മുഹൂർത്തങ്ങളും കാണും. മുന്നേറിനിന്നവരുടെ മുദ്രകളും വാഴ്ത്തപ്പെടാതെപോയ വിജയികളും (Unsung Hero) വീഴ്ത്തപ്പെട്ടുപോയവരുടെ വേദനകളും മായ്ക്കപ്പെട്ടുപോയ ഖണ്ഡികകളും ഒക്കെ ചേരുന്നതാണല്ലോ ചരിത്രം. മലയാളസിനിമയുടെ സംഗീതചരിതം പഴയതും പുതിയതുമായി കാലം വേർതിരിക്കുമ്പോഴും ഇരുകാലങ്ങളിലും ചേർന്നുനിൽക്കുന്നൊരു ചരിത്രത്താളാണ് കെ.ഡി.വിൻസെന്റ്.

English Summary:

Career journey of Artist coordinator Vincent

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com